Friday, June 01, 2018

Q:ഈ ഭൂമിയ്ക്ക് മേൽ വന്നിരിയ്ക്കുന്ന തിന്മയെ ഞാൻ പൂർണ്ണമായും തുടച്ചുമാറ്റട്ടെ (ഋഗ്വേദം 1: 26 ) എല്ലാം ഈശ്വരൻ ആണെങ്കിൽ തിന്മയും ഈശ്വരൻ ആണല്ലോ? എന്തിനാണ് അത് തുടച്ചു നീക്കുന്നത്?
Ans:തിന്മകൾ അകന്നു പോകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നത് വ്യാവഹാരിക തലത്തിൽ ആണ്.
അവിടെ ദ്വൈതം ഉണ്ട്. എല്ലാം ഈശ്വരൻ എന്നത് പാരമാർത്ഥിക തലത്തിൽ ആണ് ,
അഥവാ അദ്വൈത തലത്തിൽ ആണ്. ആദ്യത്തേതിൽ പ്രപഞ്ചം സത്യമായി മുന്നിൽ
ഉണ്ട്. അദ്വൈത തലത്തിൽ ഈശ്വരൻ മാത്രം. അതാണ് എത്തിപ്പെടേണ്ട തലം.
മറ്റേത് അതിലേക്കുള്ള പാത ആണ്, അവിടെ പാപവും തിന്മയും ഒക്കെ ഉപേക്ഷിയ്ക്കപ്പെടേണ്ടതാണ്. എല്ലാം ഈശ്വരൻ ആണ് എന്ന ജ്ഞാന തലത്തിൽ നിൽക്കുന്ന വ്യക്തിയ്ക്ക്‌ നന്മയും തിന്മയും പുണ്യവും പാപവും ധർമ്മം പോലും ഇല്ല. തനിയ്ക്ക് പാപവും പുണ്യവും തമ്മിൽ വ്യത്യാസമില്ലെന്നു ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്നു. ഉപദേശത്തിന്റെ അവസാന അദ്ധ്യായത്തിൽ സർവ ധർമ്മവും പരിത്യജിയ്ക്കാൻ പറയുന്നു. അവിടെ ധർമ്മവും അധർമ്മവും എല്ലാം പെടും. തലങ്ങൾ തമ്മിൽ കൂട്ടിക്കുഴച്ചത് ആണ് താങ്കളുടെ ചോദ്യത്തിന് അടിസ്ഥാനം.
Q: അദ്വൈത തലത്തില്‍ ആണു എത്തി ചേരേണ്ടത്‌ എന്നു സ്പഷ്ടമായി പറഞ്ഞു കൊടുക്കുകയല്ലേ വേണ്ടത് അര്‍ജുനന് ? വ്യാവഹാരിക തലത്തില്‍ നിന്നും ഉയരണം എങ്കില്‍ എന്തിനാണ് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ ? പുണ്യവും പാപവും ധര്‍മവും അധര്‍മവും ഇല്ല എന്നു അറിയുന്ന ഒരാള്‍ എന്തിനാണ് ധര്‍മ്മ സംസ്ഥാപനത്തിനായി അവതരിക്കും എന്നു പറയുന്നത് ? എല്ലാരും അദ്വൈത തലത്തില്‍ എത്തിയാല്‍ പുണ്യവും പാപവും ഇല്ലെന്നു മനസ്സിലാക്കിയാല്‍ എല്ലാം ഈശ്വരന്‍ ആണെന്ന് അറിഞ്ഞാല്‍ പിന്നെ ലോകത്തിന്‍റെ സാമൂഹ്യ സ്ഥിതി മോശമവാനെ തരമുള്ളൂ , കാരണം എന്തും ചെയ്യാം എല്ലാം ഈശ്വരനാണ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുന്നവനും, കള്ളനും കൊള്ളക്കാരനും തെമ്മാടിയും സാമൂഹ്യ വിരുദ്ധനും എല്ലാം ഈശ്വരനാണ് . ഇതൊക്കെ അറിയാവുന്ന ഒരാള്‍ ആരു ആരോട് യുദ്ധം ചെയ്യാനും ജയിക്കനുമാണ് പറയുന്നത് ? സത്യം അറിയാമെങ്കില്‍ ജയവും തോല്‍വിയും ഈശ്വരനാണ് നീ നിന്റെ ഇഷ്ടം പോലെ ചെയ്യുക എന്നല്ലേ പറയേണ്ടത് ? അപ്പൊ എന്തിനാ ഈ കുറെ തലങ്ങള്‍ ഒക്കെ .?
Ans: ചോദ്യം : അദ്വൈത തലത്തില്‍ ആണു എത്തി ചേരേണ്ടത്‌ എന്നു സ്പഷ്ടമായി പറഞ്ഞു കൊടുക്കുകയല്ലേ വേണ്ടത് അര്‍ജുനന് ?
ഉത്തരം : അദ്വൈത തലത്തിൽ സാധാരണയായി ക്രമമായേ എത്താറുള്ളൂ. അതിനു ആദ്യം ഞാൻ ദേഹമാണ് എന്ന അജ്ഞത അകലണം. അതാണ് സാംഖ്യയോഗത്തിൽ ചെയ്യുന്നത്. ആത്മീയ തലത്തിൽ നിന്നും ഭഗവാൻ പലപ്പോഴും അർജുനന്റെ തലത്തിലേയ്ക്ക് ഇറങ്ങി വന്നു കൈപിടിച്ചുയർത്തുന്നതും കാണാം. അശാന്ത മനസ്കൻ ആയിരുന്ന അർജുനന്റെ അശാന്തതയ്ക്കുള്ള കാരണം ഞാൻ എന്നും എന്റേത് എന്നും ഉള്ള ഭാവം ആണ് എന്ന് മനസ്സിലാക്കിക്കൊണ്ട്
(എന്റെ ബന്ധുക്കളോട് എങ്ങിനെ യുദ്ധം ചെയ്യും എന്നതായിരുന്നു അർജുനന്റെ പ്രശ്നം ) ഭഗവാൻ ഞാൻ എന്റേത് എന്ന ഭാവം ഇല്ലാത്തവൻ ശാന്തിയെ പ്രാപിയ്ക്കും എന്ന് പറയുന്നു. മനസ്സ് ശാന്തമായാലും കർമ്മ വാസന ഒടുങ്ങില്ല. കർമ്മം കൊണ്ട് വീണ്ടും വിഷയ ആസക്തി ഉണ്ടാകും. ആസക്തി മനസ്സിനെ കലുഷം ആക്കും. വീണ്ടും സംസാരത്തിലേയ്ക്ക് വീണുപോകും . അതുകൊണ്ടാണ് പിന്നീട് കർമ്മയോഗം അഥവാ നിഷ്കാമ കർമ്മം ഉപദേശിയ്ക്കുന്നത്. ഇനി നിഷ്കാമ കർമ്മം പറ്റില്ല എങ്കിൽ ധ്യാനവും ഭക്തിയും ഉപദേശിയ്ക്കുന്നു. ഏതു മാർഗ്ഗത്തിലൂടെയും അദ്വൈത തലത്തിൽ എത്താം. ഗീത അര്ജുനന് മാത്രം ഉപദേശിച്ചത് അല്ല, അര്ജുനനിലൂടെ എല്ലാവർക്കുമായി ആണ്.
ചോദ്യം :വ്യാവഹാരിക തലത്തില്‍ നിന്നും ഉയരണം എങ്കില്‍ എന്തിനാണ് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌ ?
ഉത്തരം :യുദ്ധം അർജുനന്റെ സ്വതവേ ഉള്ള കർമ്മം (ഗുണ കർമ്മം അഥവാ സ്‌കിൽഡ് വർക്ക് )ആയതുകൊണ്ട് അത് ഫലേച്ഛ ഇല്ലാതെ
ചെയ്തു മനസ്സ് ശുദ്ധം ആക്കാൻ ആണ് ഭഗവൻ പറയുന്നത്. മനസ്സിനെ ബാധിയ്ക്കാത്ത എന്ത് കർമ്മവും
നിഷ്കാമവും പാപ രഹിതവും ആണ്. ഫലത്തിൽ ഉള്ള ഇച്ഛ ആണ് ഞാൻ എന്ന അഹങ്കാരവും എന്റേത് എന്ന ഭാവവും ഫലത്തിൽ ഉള്ള ആസക്തിയും, ഫലം അസുഖകരം ആകുമ്പോൾ ഉള്ള മനശ്ചാഞ്ചല്യവും എല്ലാം ഉണ്ടാക്കുന്നത്. മനസ്സ് തെളിഞ്ഞിരുന്നാലെ തെളിഞ്ഞ വെള്ളത്തിന്റെ അടിത്തട്ട് കാണുമ്പോലെ സത്യം മനസ്സിൽ പ്രതിഫലിയ്ക്കൂ. നിഷ്കാമ കർമ്മം, മനഃശുദ്ധി, സത്യാ സാക്ഷാത്ക്കാരം , ഇതാണ് കർമ്മയോഗത്തിന്റെ ക്രമം. അർജുനന്റെ കർമ്മം യുദ്ധം ആയതുകൊണ്ട് അത് നിഷ്കാമം ആയി ചെയ്യാൻ പറഞ്ഞു.
ചോദ്യം :പുണ്യവും പാപവും ധര്‍മവും അധര്‍മവും ഇല്ല എന്നു അറിയുന്ന ഒരാള്‍ എന്തിനാണ് ധര്‍മ്മ സംസ്ഥാപനത്തിനായി അവതരിക്കും എന്നു പറയുന്നത് ?
ഉത്തരം :എനിയ്ക്കു ഈ ലോകത്തിൽ ചെയ്യേണ്ടതായി ഒന്നുമില്ല എന്ന് ഭഗവവാൻ തന്നെ പറയുന്നു. മറ്റുള്ളവർ തന്റെ പാത പിന്തുടർന്ന് അകർമ്മതയിലേയ്ക്ക് (സന്യാസിയുടെ അകർമ്മത അല്ല, തമോഗുണത്തിന്റെ അകർമ്മതയിലേയ്ക്ക് ) ആളുകൾ പോകും എന്നുള്ളതുകൊണ്ടാണ് താൻ കർമ്മത്തിൽ ഏർപ്പെടുന്നത് എന്ന് പറയുന്നു. പുണ്യവും പാപവും തമ്മിൽ വ്യത്യാസം ഭഗവാന് ഇല്ല എന്നാണു പറഞ്ഞത്. ലൗകിക ജീവിതത്തിൽ ഉള്ളവർക്ക് ഇതെല്ലാം ഉണ്ടല്ലോ. അവിടെ അധർമ്മം ഇല്ലാതാക്കാൻ ഭഗവാൻ അവതരിയ്ക്കും എന്നാണു പറഞ്ഞത്.
ചോദ്യം :എല്ലാരും അദ്വൈത തലത്തില്‍ എത്തിയാല്‍ പുണ്യവും പാപവും ഇല്ലെന്നു മനസ്സിലാക്കിയാല്‍ എല്ലാം ഈശ്വരന്‍ ആണെന്ന് അറിഞ്ഞാല്‍ പിന്നെ ലോകത്തിന്‍റെ സാമൂഹ്യ സ്ഥിതി മോശമവാനെ തരമുള്ളൂ , കാരണം എന്തും ചെയ്യാം എല്ലാം ഈശ്വരനാണ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുന്നവനും, കള്ളനും കൊള്ളക്കാരനും തെമ്മാടിയും സാമൂഹ്യ വിരുദ്ധനും എല്ലാം ഈശ്വരനാണ് .
ഉത്തരം :അദ്വൈത തലത്തില്‍ എത്തിയ ഒരാൾ എങ്ങനെ ആയിരിയ്ക്കും എന്ന് ഗീത പറയുന്നുണ്ടല്ലോ. അവനു സുഖവും ദുഖവും ഇല്ല. ഒന്നിനോടും ആസക്തി ഇല്ല. അവൻ ആത്മാവിൽ ആനന്ദം കണ്ടെത്തുന്നു. ആനന്ദം എന്നത് ഇന്ദ്രിയ തലത്തിലെ സുഖത്തെക്കാൾ (ബാല പീഡനത്തെക്കാൾ ), മാനസിക തലത്തിലെ സന്തോഷത്തേക്കാൾ (ആശ നിറവേറ്റുമ്പോൾ കിട്ടുന്നത് ) മുകളിൽ ആണ്. ആ തലത്തിൽ നിൽക്കുന്ന വ്യക്തിക്കു എന്ത് മോഹം എന്ത് ശോകം എന്നാണു ഉപനിഷത്ത് പറയുന്നത്. അങ്ങനെ ഉള്ള ആൾ പ്രപഞ്ച സുഖത്തെ ജയിച്ചവൻ ആണ്. അവനെ ജിതേന്ദ്രിയൻ അഥവാ ഇന്ദ്രിയങ്ങളെ ജയിച്ചവൻ എന്ന് ഭഗവാൻ വിശേഷിപ്പിയ്ക്കുന്നു . അവനു ശത്രുവോ മിതമോ ഇല്ല എന്നും പറയുന്നു. അയാൾ എങ്ങനെ ആണ് താങ്കൾ പറഞ്ഞ പ്രകാരം ചെയ്യുന്നത്.
ചോദ്യം :ഇതൊക്കെ അറിയാവുന്ന ഒരാള്‍ ആരു ആരോട് യുദ്ധം ചെയ്യാനും ജയിക്കനുമാണ് പറയുന്നത് ?
ഉത്തരം :അദ്വൈത തലത്തില്‍ നിൽക്കുന്ന ഭഗവാൻ എന്തിനു യുദ്ധം ചെയ്യാൻ പറഞ്ഞു , ആരോട് പറഞ്ഞു എന്നാണു ചോദ്യം.
ഗീതയിൽ കൃഷ്ണൻ അര്ജുനനോട് ഉപദേശിയ്ക്കുന്ന ഏറ്റവും സ്വീകാര്യം ആയ മാർഗം കർമ്മയോഗം ആണ്. അത്ര കണ്ടു കർമ്മ വാസന ഉള്ള ആൾ ആണ് അർജ്ജുനൻ - ക്ഷത്രിയൻ, യുദ്ധവീരൻ. യുദ്ധം ചെയ്യുക എന്നത് അർജുനന്റെ ഗുണകർമ്മം ആണ് , അത് അന്തർലീനം ആണ്. എന്ത് കർമ്മവും ഫലേച്ഛയോടെ ചെയ്‌താൽ , ഫ ലത്തിൽ ആസക്തിയും അഹങ്കാരവും ഉണ്ടാകും. അത് പാടില്ല. ആഗ്രഹം ഇല്ലാത്ത കർമ്മത്തിലൂടെ (നിഷ്കാമ കർമ്മത്തിലൂടെയേ ) മനഃശുദ്ധി കൈവരുകയുള്ളൂ. അതാണ് കർമ്മയോഗം. ഇതാണ് ഭഗവാൻ ഉപദേശിയ്ക്കുന്നത്. അർജുനന്റെ ഗുണകർമ്മം യുദ്ധം ആയതുകൊണ്ട് യുദ്ധം ചെയ്യാൻ പറഞ്ഞു. ഒരു ചിത്രകാരൻ ആയിരുന്നു എങ്കിൽ ചിത്രം വരയ്ക്കാൻ പറയുമായിരുന്നു. ബാഹ്യമായ യുദ്ധം നിഷ്കാമമായി ചെയ്യുന്നതോടൊപ്പം ആന്തരികമായി മനസ്സിനെ ജയിക്കാനും കൃഷ്ണൻ പറയുന്നു. യുദ്ധം ചെയ്യൂ എന്ന് പറയുന്നു. കാമമാണ് ശത്രു, അവനെ ആണ് കൊല്ലേണ്ടത് എന്നും പറയുന്നു. ജ്ഞാനം ആകുന്ന വാൾ ഉപയോഗിയ്ക്കാനും പറയുന്നു.
ചുരുക്കത്തിൽ "ആര് ആരോട് യുദ്ധം ചെയ്യാൻ", എന്നാൽ അദ്വൈത തലത്തിൽ എത്താത്ത ഒരാൾ ബാഹ്യമായി അയാളുടെ ഗുണകർമ്മം (സ്‌കിൽഡ് വർക്ക് ) ഫലത്തിൽ ആസക്തി ഇല്ലാതെ, ഈശ്വരനിൽ സമർപ്പിച്ചു ചെയ്യക എന്നും ആന്തരികമായി ആണെങ്കിൽ ബ്രഹ്മ പാതയിൽ നിന്നും അകറ്റുന്ന കാമം ക്രോധം ലോഭം തുടങ്ങിയ ശത്രുക്കളെ
ജ്ഞാനം ആകുന്ന വാൾ കൊണ്ട് ഇല്ലാതാക്കുക എന്നും അർത്ഥം.(അർജുനൻ അദ്വൈത തലത്തിലേയ്ക്ക് എത്തിയിട്ടില്ലാത്തതിനാൽ ഭഗവാൻ ആ നിലയിലേയ്ക്ക് വന്നു ഉപദേശിയ്ക്കുന്നു )
ചോദ്യം :സത്യം അറിയാമെങ്കില്‍ ജയവും തോല്‍വിയും ഈശ്വരനാണ് നീ നിന്റെ ഇഷ്ടം പോലെ ചെയ്യുക എന്നല്ലേ പറയേണ്ടത് ?
ഉത്തരം : സത്യം അറിയാമെങ്കിൽ, എന്നാൽ ആർക്കു എങ്കിൽ. അറിയില്ലല്ലോ. കാണാടിയിൽ അഴുക്കു പുരണ്ടാൽ കാണാൻ പറ്റില്ല. വെറുതെ ഒന്ന് തുടച്ചാൽ എപ്പോഴും വ്യക്തം ആകില്ല., നനച്ചു തുടയ്‌ക്കേണ്ടി വരും. അതുപോലെ അർജ്ജുനന്റെ അജ്ഞാനവും. അത് കേവലം എല്ലാം ഈശ്വരൻ ആണ് എന്ന ശ്രവണത്തിലൂടെ മാറില്ല. അർജുനൻ അത് മനനം ചെയ്യണം. പിന്നീട് അത് ഇന്ദ്രിയ മനസ്സുകളിലൂടെ വെളിയിൽ വരണം. ശ്രവണം, മനനം, നിദിദ്ധ്യാസം , അതാണ് പാത. ഉപദേശത്തിന്റെ അവസാനത്തിൽ "യഥേച്ഛസി തഥാ കുരു", നന്നായി മനനം ചെയ്തു നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്നാണു പറയുന്നത്.
Q: ഭഗവാന് അദ്വൈത തലത്തിൽ ആണെന്നു പറഞ്ഞല്ലോ? അദ്വൈത തലത്തിൽ ഉള്ള ഭഗവാന് എല്ലാം ഒന്നാണ്, അർജുനൻ തളർന്നാലും അദ്ദേഹം ഇടപെടില്ല കാരണം തളർച്ചയും മടിയും ഈശ്വരൻ തന്നെയാണ്. ഉപദേശം കൊടുക്കലും കൊടുക്കാതിരിക്കലും ഈശ്വരൻ തന്നെയാണ്. കർമ്മധീരനായി കർമ്മം ചെയ്യൂ എന്നാണ് പറയുന്നത്. അകർമ്മവും ഈശ്വരനായിരിക്കെ എന്തുകൊണ്ടാണ് കർമ്മം ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്? ധർമ്മവും അധർമ്മവും തമ്മിൽ വ്യത്യാസം കാണാത്ത അദ്വൈത്തിൽ നിൽക്കുന്ന ഒരാൾ എന്തിനു ഉപദേശിക്കുന്നു? എല്ലാം ഒന്നാണല്ലോ? അർജ്ജുനന് അദ്വൈതം അറിയില്ല, അദ്ദേഹം ബന്ധുക്കളെ കൊല്ലാൻ കഴിയാതെ തളർന്നു നിൽക്കുമ്പോൾ അദ്വൈതിയായ ഒരാൾ എഴുന്നേറ്റു യുദ്ധം ചെയ്യൂ പറയുന്നത് വിരോധാഭാസം അല്ലേ? അദ്വൈതിയായ ഒരു ഭഗവാൻ എന്തിനാണ് ഭഗവാൻ തന്നെയായിരിക്കുന്ന രണ്ടു വിഭാഗം ജനങ്ങളെ യുദ്ധം ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാം ഭഗവാൻ ആണെങ്കിൽ ആര് ആരോട് യുദ്ധം ചെയ്യാനാണ് പറയുന്നത്?
A: മറുപടി പറഞ്ഞുകഴിഞ്ഞതാണ്. മറ്റൊരു രീതിയിൽ പറയാം. ഭഗവത്ഗീതയുടെ സാഹചര്യം യുദ്ധരംഗവും കൃഷ്ണൻ തേരാളി ആയി വന്നതും കൃഷ്ണൻ ഏതു തലത്തിൽ നിക്കുമ്പോഴാണ്. ദ്വൈതത്തിൽ. അദ്വൈതി സമാധി (ബുദ്ധി) വിട്ടു ഉണരുമ്പോൾ ഉള്ള ഒരു ദശ കൂടി ഉണ്ട്. വ്യൂഥാന ദശ എന്ന് പറയും. വ്യൂഥാന ദശയിൽ ഒരു ജ്ഞാനി ലൗകികനേപ്പോലെ തന്നെ തോന്നാം. (അയാൾ കർമ്മം ചെയ്യുന്നു എങ്കിലും ചെയ്യുന്നില്ല എന്ന് ഗീത പറയുന്നു ) അദ്വൈതജ്ഞാനി ആയ ഭഗവാൻ ദ്വൈത ദശയിൽ നിന്ന് അതെ ദ്വൈത ദശയിൽ ഉള്ള അജ്ഞാനിയായ അര്ജ്ജുനന് ജ്ഞാനം ഉപദേശിയ്ക്കുന്നു. "അർജുനൻ അദ്വൈത തലത്തിലേയ്ക്ക് എത്തിയിട്ടില്ലാത്തതിനാൽ ഭഗവാൻ ആ നിലയിലേയ്ക്ക് വന്നു ഉപദേശിയ്ക്കുന്നു" എന്ന് ഞാൻ നേരത്തെ മറുപടി പറഞ്ഞിരുന്നു.
അകർമ്മവും ഈശ്വരനായിരിക്കെ എന്തുകൊണ്ടാണ് കർമ്മം ചെയ്യാൻ ആഹ്വാനം ചെയ്യുന്നത് എന്ന് ചോദിച്ചല്ലോ. അകർമ്മവും കർമ്മവും എല്ലാം ഈശ്വരൻ ആകുന്നത് അദ്വൈതത്തിൽ ആണ്. ദ്വൈതത്തിൽ അത് പ്രപഞ്ചം അല്ലെങ്കിൽ ഗുണ സംഘാതം ആണ്. തമോഗുണ അകർമ്മം ആണ് അർജുനനെ ബാധിച്ചത്. അതിൽ നിന്നും രജോഗുണ കർമ്മത്തിലേയ്ക്കും പിന്നീട് സത്വഗുണ കർമ്മത്തിലേയ്ക്കും (നിഷ്കാമം ), വീണ്ടും ഗുണാതീത അവസ്ഥയിലേയ്ക്കും (പ്രപഞ്ചം മറഞ്ഞു ഈശ്വരൻ മാത്രം തെളിയുന്ന അവസ്ഥ ).അർജുനനെ കൊണ്ടുപോകേണ്ടതുണ്ട്. അത് പടി പടി ആയ പാത ആണ്. അദ്വൈതത്തിൽ മാത്രം ആണ് എല്ലാം ഈശ്വരൻ. അതാണ് പാരമാർത്ഥിക തലം. താങ്കൾ തലങ്ങൾ കൂട്ടിക്കുഴക്കുന്നു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു
Q: ധർമ്മവും അധർമ്മവും ഇല്ലാത്ത അദ്വൈതി തേരാളിയുടെ വേഷത്തിൽ താൻ തന്നെയായ അർജുനന് ധർമ്മം ഉപദേശിക്കുന്നത് വിരോധാഭാസം തന്നെയാണ്. അദ്വൈതത്തിൽ തലങ്ങൾ ഉൾപ്പെടെ എല്ലാം ഒന്നല്ലേ? പിന്നെ കൂട്ടി കുഴക്കേണ്ട ആവശ്യമുണ്ടോ?
A: കൃഷ്ണൻ അര്ജുനന് ഉപദേശിയ്ക്കുന്നു എന്ന് താങ്കൾക്കു തോന്നിയത് ദ്വൈതത്തിൽ അല്ലെ. മരുഭൂമിയിൽ നിൽക്കുന്ന കുട്ടിയ്ക്ക് വെള്ളം ഉണ്ട്. അത് കുട്ടിത്തത്തിൽ നിന്നും
നോക്കുമ്പോൾ. മുതിർന്ന ആൾ നോക്കുമ്പോൾ അത് മരുപ്പച്ച ആണ്. കുട്ടിയെ സംബന്ധിച്ച് അത് സത്യം ആണ്. അദ്വൈതത്തിൽ അർജുനനും ഇല്ല കൃഷ്ണനും ഇല്ല.
നാമരൂപങ്ങൾ ഒന്നും ഇല്ല. അപ്പോൾ ദ്വൈതത്തിലോ, എല്ലാം ഉണ്ട് എന്ന് തോന്നും. താങ്കൾ അദ്വൈത ദശയിൽ ആണ് ഇപ്പോൾ എങ്കിൽ കൃഷ്ണനും അർജുനനും ഇല്ല ,ഉപദേശവും ഇല്ല .ദ്വൈതത്തിൽ ആണെങ്കിൽ പ്രപഞ്ചം ഉൾപ്പെടെ എല്ലാം ഉണ്ടുതാനും. ഒരു സന്യാസി ഒരു സാധാരണക്കാരനെപ്പോലെ പെരുമാറുന്നതായി തോന്നാം,
സമാധിയിൽ നിന്നും ഉണരുമ്പോഴും. പക്ഷെ അതൊന്നും അയാളെ ബാധിയ്ക്കുന്നില്ല. കർമ്മങ്ങൾ അയാളെ കളങ്കപ്പെടുത്തുന്നില്ല. അയാൾ കർമ്മം ചെയ്താലും ചെയ്യുന്നില്ല.
കൃഷ്ണൻ ഉപദേശിയ്ക്കുമ്പോൾ അർജുനൻ ഉണ്ട്, യുദ്ധഭൂമി ഉണ്ട്, ഉപദേശം ഉണ്ട്.പരമാർത്തത്തിൽ ഈശ്വരൻ മാത്രം ഉണ്ട്. ഈ രണ്ടു സാഹചര്യവും രണ്ടാണ്. സ്വപ്നത്തിൽ എന്നോട് അച്ഛൻ സംസാരിച്ചു. കുറെ കാര്യങ്ങൾ പറഞ്ഞു. പറഞ്ഞതൊക്കെ സത്യമായിരുന്നു. പിന്നീട് ഞാൻ ഉണർന്നു ബോധതലത്തിൽ എത്തി. അപ്പോൾ ചിന്തിയ്ക്കുന്നു അച്ഛൻ സംസാരിച്ചോ. ഇല്ല. സത്യമല്ല. അച്ഛൻ എന്നേ മരിച്ചുപോയി. ഇവിടെ സ്വപ്നതലവും ബോധ തലവും കൂട്ടിക്കുഴക്കരുത്. സ്വപ്നത്തിൽ നിൽക്കുമ്പോൾ സ്വപ്നം സത്യമാണ്..
facebook....ഗീതാ തത്ത്വം

No comments:

Post a Comment