Sunday, July 01, 2018

🙏  🔔  🕉  🔔  🙏


 *ഗർഗസംഹിതാ*
🌻🌹🌻🌹🌻🌹🌻

 
          *വൃന്ദാവനഖണ്ഡം*



 *അദ്ധ്യായം  -- 1*


          *വൃന്ദാവനഗമനം*

*സന്നന്ദൻ ഗോപൻമാർക്ക് വൃന്ദാവനത്തിലേക്ക് പോകാൻ സമ്മതം കൊടുക്കുന്നു , വ്രജമണ്ഡലമാഹാത്മ്യം.*



               എവിടെയാണോ കോകിലങ്ങളും ക്രീഡാശുകങ്ങളും വിവഹരിക്കുന്നത്, എവിടെയാണോ പുഷ്പിച്ച കുറ്റിച്ചെടികളും  ദേവദാരുക്കളും നിറഞ്ഞിരിക്കുന്നത്. ആ യമുനയിലും തീരത്തുമായി , ശംഖുപോലെ സുന്ദരമായ കഴുത്തുകളിൽ  അങ്ങോട്ടുമിങ്ങോട്ടും കൈകൾ കോർത്തുവെച്ചുകൊണ്ട് ചരിച്ചു കൊണ്ടിരിക്കുന്നവരും പരസ്പരം പ്രിയം നിറഞ്ഞവരുമായ രാധാകൃഷ്ണന്മാർ എനിക്ക് മംഗളം വരുത്തട്ടെ.

 
          ഞാൻ അജ്ഞാനമാകുന്ന തിമിരം ബാധിച്ചവനായിരുന്നു . ജ്ഞാനാഞ്ജനം കൊണ്ട് എൻറെ കണ്ണ് തുറപ്പിച്ച ഗുരുവിനെ ഞാൻ  നമസ്കരിക്കുന്നു.


          ഒരിക്കൽ നന്ദഗോപാർ വ്രജത്തിലെ നന്ദന്മാരെയും ഉപനന്ദന്മാരെയും വൃഷഭാനുമാരെയും മറ്റുള്ള വൃദ്ധരായ ഗോപന്മാരെയും വിളിച്ചു വരുത്തിയ സഭയിൽ വ്രജത്തിൽ വളരെയധികം അത്യാഹിതങ്ങൾ സംഭവിക്കുന്നു എന്താണ് ചെയ്യേണ്ടത് എന്ന് ആരാഞ്ഞു. 

       ഗോപന്മാരിൽ വിശേഷമന്ത്രകുശലനും വൃദ്ധനുമായ സന്നന്ദൻ പറഞ്ഞു. നമ്മൾ നമ്മുടെ സർവസ്വവും  എടുത്തു കൊണ്ട് ഇവിടെ നിന്നും പോയി വേറെ എവിടെയെങ്കിലും അത്യാഹിതങ്ങളില്ലാത്തിടത്ത്  താമസമാക്കണമെന്നു പറഞ്ഞു.  ഗോപകുലത്തിൻറെ  ദീപമായ ശ്രീകൃഷ്ണൻ  എല്ലാവർക്കും പ്രീയപ്പെട്ടവനാണ്. ആ ബാലകനുമേൽ പൂതന , ശകടാസുരനും , തൃണാവർത്തൻ എന്നിവരുടെ ആക്രമണമുണ്ടായതും  മരങ്ങൾ പൊട്ടിവീണതും.  അതിനാൽ നമ്മൾ നമ്മുടെ കുട്ടികളോടൊപ്പം  ഇവിടെ നിന്ന് വൃന്ദാവനത്തിൽ പോവുകയും ആപത്തുകളെല്ലാം ശമിച്ചാൽ  തിരിച്ച് വരികയും വേണം. അതു കേട്ട്  നന്ദൻ വൃന്ദാവനം എത്ര ദൂരത്തിലാണ് എന്നും  അത് എത്ര വിസ്തൃതമാണെന്നും അതിൻറെ ലക്ഷണങ്ങളെന്താണെന്നും പറഞ്ഞു തരാൻ ആവശ്യപ്പെട്ടു.


     ബർഹിഷത്തിൽ നിന്ന് വടക്കുകിഴക്കും യദുപുരത്തിൽ നിന്നും തെക്കും ശോണപുരത്തുനിന്നും  പടിഞ്ഞാറും ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്തെ മഥുരണ്ഡലമെന്ന് പറയുന്നു. മഥുരാമണ്ഡലത്തിനകത്ത് ഇരുപതിലധികം യോജന ( 160 മൈൽ ) നീളത്തിലും ( 160 മൈൽ ) വീതിയിലും സ്ഥിതി ചെയ്യുന്ന ഭൂഭാഗത്തെ മനീഷികൾ ദിവ്യമഥുരാമമണ്ഡലം അഥവാ വ്രജം എന്ന് പറയുന്നു. ദിവ്യമഥുരാഖണ്ഡലത്തെ തീർത്ഥരാജനായ പ്രയാഗ് പൂജിച്ചതായി ഗർഗാചാര്യൻ പറഞ്ഞിരുന്നു.  മഥുരാമണ്ഡലത്തിൽ  ധാരാളം വനങ്ങളുണ്ടെങ്കിലും വൃന്ദാവനം ഭഗവാന് വളരെ ഇഷ്ടപ്പെട്ട ക്രീഡാസ്ഥലമാണ്. വൈകുണ്ഡം ഭൗതിക ലോകങ്ങളെക്കാൾ  ശ്രേഷ്ഠമാണെങ്കിലും വൃന്ദാവനം അതീവശ്രേഷാഠമാണ്. ഗോവർദ്ധനം എന്നു പേരുള്ള ഗിരിരാജൻ, കാളിന്ദീ, ബർസാന എന്ന പർവ്വതം,  നന്ദീശ്വരൻഗിരി, ഇരുപത്തിനാലുകോശം വിസ്തൃതമായ വനം, ഗോപ-ഗോപികമാർക്കും പശുക്കൾക്കും സേവനയോഗ്യമായിരിക്കുന്നതും ലതാനികുഞ്ജങ്ങളാൽ നിറഞ്ഞതുമായ മനോഹരമായ ഭൂപ്രദേശമാണ് വൃന്ദാവനം.

       തീർത്ഥരാജനായ പ്രയാഗ എപ്പോഴാണ് വൃന്ദാവനത്തെ പൂജിച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ നന്ദഗോപരോട് സന്നന്ദൻ പറഞ്ഞു.  പൂർവ്വകാലത്തെ നൈമിഷികപ്രളയകാലത്ത് ശംഖാസുരൻ എന്ന മഹാദൈത്യൻ ദേവന്മാരെയും തോല്പിച്ച് ബ്രഹ്മലോകത്തെത്തി ബ്രഹ്മാവിൽ നിന്നും വേദങ്ങളും കട്ടെടുത്തു  സമുദ്രത്തിൽ പോയി ഒളിച്ചു.  ഭഗവാൻ മത്സ്യാവതാരമെടുത്ത് ചക്രത്താൽ അസുരനെ വധിച്ചു.  ശേഷം ഭഗവാൻ ദേവന്മാരോടൊപ്പം പ്രയാഗിയിൽ ചെല്ലുകയും വേദങ്ങൾ ബ്രഹ്മദേവന് കൊടുക്കുകയും ചെയ്തു.   അതിനുശേഷം സമ്പൂർണ്ണ യജ്ഞം നടത്തുകയും പ്രായഗയുടെ അധിഷ്ടാവിന് തീർത്ഥരാജ എന്ന പദം നല്കുകയും ചെയ്തു.  സാക്ഷാൽ അക്ഷയവടത്തെയായിരുന്നു കടയായി ഉപയോഗിച്ചിരുന്നത്. മുനികന്യകയായ ഗംഗയും സൂര്യപുത്രിയായ യമുനയും തരംഗപൂപത്തിലുളള ചാമരം കൊണ്ട് പ്രയാഗിനെ സേവിച്ചു. ആ സമയം ജംബുദ്വീപിലെ എല്ലാ തീർത്ഥങ്ങളും തീർത്ഥരാജനെ വന്നു കണ്ടു ഉപഹാരങ്ങൾ നല്കി നമസ്ക്കരിച്ചു. ദേവന്മാരും മത്സ്യദേവനും തിരിച്ചു പോയതിനുശേഷം നാരദ മഹർഷി തീർത്ഥരാജനെ കണ്ടു പറഞ്ഞു.  തീർത്ഥങ്ങളുടെ രാജാധിരാജനായ   തീർത്ഥരാജനെ വ്രജത്തിലെ അഹങ്കാരികളായ വൃന്ദാവനനദീ തീർത്ഥങ്ങൾ വന്നു കണ്ടില്ല. അവർ തീർത്ഥരാജനെ തിരസ്ക്കരിച്ചിരിക്കുകയാണ്. അപ്പോൾ ക്രോധത്തോടെ തീർത്ഥരാജൻ മറ്റു തീർത്ഥങ്ങളോടൊപ്പം മത്സ്യദേവനെ പോയി കണ്ടു വൃന്ദാവനനദീ തീർത്ഥങ്ങൾ തന്നെ തിരസ്ക്കരിക്കുന്നതായി അറിയിച്ചു.  മത്സ്യദേവൻ തീർത്ഥരാജനോടു പറഞ്ഞു ഭൂമിയിലെ തീർത്ഥങ്ങളുടെ രാജാവാക്കിയെങ്കിലും ഹരിയുടെ സ്വന്തം ഗൃഹത്തിൻറെ രാജാവാക്കിയിട്ടില്ല. മഥുരാമണ്ഡലം മൂന്നു ലോകങ്ങൾക്കും അപ്പുറമാണ്. പ്രളയകാലത്ത് പോലെ നാശം വരാത്ത ഹരിയുടെ സ്വന്തം ധാമമാണ്.  അതിനാൽ തീർത്ഥരാജാ നീ തിരിച്ചു നിൻറെ സ്വന്തം ധാമത്തിലേക്ക് തന്നെ പോകൂ.  തീർത്ഥരാജൻ  ഭൂമിയിൽ വന്ന് വ്രജമണ്ഡലത്തെ പൂജിച്ച് പ്രദക്ഷിണം വച്ച് സ്വന്തം ധാമത്തിലേയ്ക്ക് പോയി.

         അതുപോലെ വരാഹദേവൻ ഭൂമിയെ തേറ്റപ്പല്ലുകൾക്ക് മുകളിൽ വച്ച് കാരണ സമുദ്രത്തിൽ നിന്നും പൊക്കിയെടുത്തു വരുമ്പോൾ പ്രളയജലം   നിറഞ്ഞിരിക്കുമ്പോൾ തന്നെ എവിടെയാണ് സ്ഥാപിക്കുകയെന്ന് ഭൂമി ചോദിച്ചു.  വൃഷങ്ങൾ അനേകം കാണപ്പെടുകയും ജലം   ഇളകിമറിയുകയും  ചെയ്യുന്നിടത്ത് പ്രതിഷ്ഠിക്കുമെന്ന് വരാഹദേവൻ മറുപടി നല്കി.  ധരണി വേറെയുണ്ടോ എന്ന് ചോദിച്ച ഭൂമി ,  വൃഷസമൂഹം കണ്ട് അഹംഭാവം നഷ്ടപ്പെട്ട് ഏത്  സ്ഥലമാണിതെന്ന് പറഞ്ഞു തരാൻ അപേക്ഷിച്ചു.  വൈകുണ്ഠത്തിലെ ഗോലോകധാമത്തിൽ നിന്നും അടർത്തി എടുത്തതും പ്രളയകാലത്തു പോലും നശിക്കാത്തതുമായ മഥുരാമണ്ഡലമാണ്.

         ഈ വ്രജമണ്ഡലം മുഴുവൻ ലോകങ്ങളെക്കാൾ മഹത്വമേറിയതാണ്. വ്രജത്തിൻറെ ഈ മാഹാത്മ്യം കേട്ടിട്ട് മനുഷ്യൻ ജീവൻമുക്തനായിത്തീരുന്നു. നിങ്ങൾ അതുകൊണ്ട് മഥുര- വ്രജമണ്ഡലങ്ങളെ തീർത്ഥരാജനായ പ്രയാഗയേക്കാളും വളരെ വളരെ ഉത്കൃഷ്ടമായി കരുതുക.


     *സർവ്വം കൃഷ്ണാർപ്പണമസ്തു*



✍ ശ്രീ പുനലൂർ



🍁🎷🍁🎷🍁🎷🍁🎷🍁🎷🍁

No comments:

Post a Comment