Saturday, July 28, 2018

(അധ്യായം 18-29, ശ്ലോകം)
ഇങ്ങനെ നാം അനുഷ്ഠിക്കേണ്ടുന്ന കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും കര്‍മകര്‍ത്താക്കളുടെയും സാത്ത്വിക-രാജസ താമസഗുണങ്ങളെ വിവരിച്ചു. ഇനി ബുദ്ധിയുടെയും (ധൃതി) ധൈര്യത്തിന്റെയും ത്രിഗുണഭേദങ്ങളെ വിവരിക്കുന്നു. അന്തിമവും ഉറച്ചതുമായ തീരുമാനമെടുക്കാനുള്ള മനസ്സിന്റെ കഴിവിനെയാണ് ബുദ്ധി എന്ന് പറയുന്നത്. എന്ത് വിഷമങ്ങളും തടസ്സങ്ങളും നേരിട്ടാലും അവയെ പരാജയപ്പെടുത്തി വിജയിക്കാനുള്ള കഴിവിനെയാണ് ധൈര്യം എന്നു പറയുന്നത്. ഈ രണ്ട് മനോവൃത്തികളുടെയും ത്രിഗുണങ്ങളെ അനുസരിച്ചുള്ള ഭേദങ്ങള്‍ മുഴുവനും
 ഞാന്‍ പറഞ്ഞുതരാം. അവ വേറിട്ടു മനസ്സിലാക്കാന്‍ വേണ്ടിതന്നെ പറയാം, കേള്‍ക്കൂ, ധനജ്ഞയാ! എന്ന് ഭഗവാന്‍ പറയുന്നു.
സാത്ത്വികഗുണപൂര്‍ണായ ബുദ്ധിയുടെ ലക്ഷണം പറയുന്നു
(അധ്യായം 18-30-ാം ശ്ലോകം)
1. പ്രവൃത്തിം ച നിവൃത്തിം ച
ധര്‍മവും അര്‍ഥവും ലഭിക്കാന്‍ വേണ്ടി ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുള്ള രീതി അനുസരിച്ചുതന്നെ പ്രവര്‍ത്തിക്കണം. അതുപോലെ ബ്രാഹ്മണര്‍ മുതലായ വര്‍ണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ വര്‍ണധര്‍മ്മം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം. ബ്രഹ്മചര്യം മുതലായ ആശ്രമങ്ങള്‍ സ്വീകരിച്ചവര്‍ ആശ്രമധര്‍മ്മം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം- അതാണ് പ്രവൃത്തി എന്ന് പറഞ്ഞത്.
ശാസ്ത്രവിധിക്ക് വിപരീതമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണം. വര്‍ണാശ്രമ ധര്‍മങ്ങള്‍ക്ക് വിരുദ്ധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറണം. ഇതാണ് പ്രവൃത്തിയും നിവൃത്തിയും. ഈ പ്രവൃത്തിയും നിവൃത്തിയും ഏതൊരു ബുദ്ധികൊണ്ടാണോ അറിയുന്നത്. ആ ബുദ്ധി സാത്വികമായ ബുദ്ധിയാണ്.
2. കാര്യാ കാര്യേ- ചെയ്യേണ്ട കാര്യങ്ങളും ചെയ്യാതിരിക്കേണ്ട കാര്യവും. ഈ ദേശത്ത് ഈ കാര്യം ചെയ്യേണ്ടതുണ്ട്. ഈ ദേശത്തുള്ള കാര്യം ചെയ്യേണ്ടതില്ല. ഈ പ്രത്യേക സമയത്ത് ഇക്കാര്യം ചെയ്യണം; ഈ പ്രത്യേക കാലത്ത് ഇക്കാര്യം ചെയ്യരുത്. ധര്‍മാര്‍ത്ഥകാമങ്ങള്‍ക്കുവേണ്ടി കര്‍മങ്ങള്‍ അനുഷ്ഠിക്കണം. മോക്ഷത്തിനുവേണ്ടി അത്തരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ല. ഇങ്ങനെ വേര്‍തിരിച്ച് അറിയുന്നത് ഏതു ബുദ്ധികൊണ്ടാണോ ആ ബുദ്ധി സാത്വികിയാണ്.
3. ഭയാഭയോ- ദുഷ്പ്രവൃത്തി ചെയ്താല്‍ ഭയാ ഭയം ഉണ്ടാവും. സല്‍പ്രവൃത്തി ചെയ്താല്‍ അഭയം ഉണ്ടാകും. അര്‍ത്ഥത്തിനും കാമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗര്‍ഭത്തില്‍ വസിക്കേണ്ടിവരും. മരിക്കേണ്ടി വരികയും ചെയ്യും. രണ്ടും ഭയംതന്നെ. ആ പ്രവൃത്തികളില്‍നിന്ന് പിന്മാറിയാല്‍ അഭയം ഉണ്ടാവും. ഈ അറിവ് ഏതൊരു ബുദ്ധികൊണ്ടാണോ നേടുന്നത് ആ ബുദ്ധിയും സാത്വികബുദ്ധിയാണ്.
4. ന ബന്ധം മോക്ഷം ച
ഭൗതികസുഖങ്ങളോടുള്ള അതിസ്‌നേഹമാണ്, ഭൗതിക പ്രപഞ്ചവുമായി നമ്മെ കെട്ടിയിടുന്നത്. ഭൗതികസുഖത്തോടുള്ള വിരക്തിയാണ് നമ്മെ ആ ബന്ധത്തില്‍നിന്ന് മോചിപ്പിക്കുന്നത്.  ലൗകിക ജീവിതരീതിയാണ് നമ്മുടെ അജ്ഞാനത്തിന് കാരണം. ആത്മീയ ജീവിതരീതി ജ്ഞാനത്തിനുംമോക്ഷത്തിനും കാരണമായിത്തീരും. സാത്ത്വികഗുണപൂര്‍ണമായ ബുദ്ധിയുടെ നാലു ലക്ഷണങ്ങളാണ് ഞാന്‍ വിശദീകരിച്ചത്. പാര്‍ത്ഥാ, അനേകം ജന്മങ്ങളില്‍ ചെയ്ത പുണ്യകര്‍മങ്ങളുടെ സത്ഫലംകൊണ്ടാണ് നമുക്ക് സത്ത്വഗുണം ഉണ്ടാകുന്നത്; ബുദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്നതും എന്ന് മനസ്സിലാക്കണം.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment