Wednesday, July 25, 2018

ഉപനിഷത്തിലൂടെ -208
Thursday 26 July 2018 2:59 am IST
സാമത്തിന്റെ പ്രാണസുവര്‍ണ്ണമായ ഉദാത്തം മുതലായ സ്വരഭേദങ്ങളെ അറിയുന്നയാള്‍ക്ക് സുവര്‍ണ്ണമുണ്ടാക്കും. ശരിയായ ഉച്ചാരണം അഥവാ സ്വരം തന്നെയാണ് സുവര്‍ണ്ണം. സാമത്തിന്റെ ഈ സുവര്‍ണ്ണത്തെ അറിയുന്നയാള്‍ക്ക് സ്വര്‍ണ്ണമുണ്ടാകും.
ഉദ്ഗീഥ ദേവത പ്രാണനാണ് എന്ന് വ്യക്തമാക്കാന്‍ ഒരു ആഖ്യാനത്തെ പറയുന്നു. ചികിതാനന്റെ പൗത്രനായ ബ്രഹ്മദത്തന്‍ സോമത്തെ കഴിക്കുമ്പോള്‍ പറഞ്ഞു  അയാസ്യനായ ആങ്ഗിരസന്‍ വാക്കിനോടു കൂടിയ പ്രാണനില്‍ നിന്ന് അന്യദേവതയെ കൊണ്ടാണ് ഉദ്ഗാനം ചെയ്തതെങ്കില്‍ ഈ സോമം അസത്യം പറഞ്ഞ എന്റെ തല വീഴ്ത്തട്ടെയെന്ന്.
 അതുകൊണ്ട് അയാള്‍ തീര്‍ച്ചയായും വാക്കുകൊണ്ടും പ്രാണനെ കൊണ്ടുമാണ് ഉദ്ഗാനം ചെയ്തത് എന്നറിയണം. പണ്ട് സത്രത്തിലെ ഉദ്ഗാതാവ് മുഖ്യപ്രാണന്റ ഉപാസകനായതിനാല്‍ അയാസ്യനായ ആങ്ഗിരസന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആ ഉദ്ഗാതാവ് വാക്കിനോട് ചേര്‍ന്ന പ്രാണനെ കൊണ്ടല്ല ഉദ്ഗാനം ചെയ്തതെങ്കില്‍ ബ്രഹ്മദത്തന്‍ അസത്യവാദിയാകും. അതുകൊണ്ടാണ്  തന്റെ ശിരസ്സ് വീണുപോകട്ടെ എന്ന് അയാള്‍ പറയുന്നത്. തല വീഴാത്തതു കൊണ്ട് ഉദ്ഗാതാവ് വാക്കും പ്രാണനുമാകുന്ന ദേവതയെ കൊണ്ടാണ് ഉദ്ഗാനം ചെയ്തതെന്ന് മനസ്സിലാക്കണം.
തസ്യ ഹൈ തസ്യ സാമ് നോ യ: 
സ്വം വേദ ഭവതി ഹാസ്യ സ്വം...
സാമത്തിന്റെ പ്രാണധനത്തെ അറിയുന്നയാള്‍ക്ക് നല്ല ധനമുണ്ടാകും.. അയാള്‍ക്ക് മധുരമായ സ്വരം തന്നെയാണ് ധനം. ഇക്കാരണത്താല്‍ ഋത്വിക്കിന്റെ കര്‍മ്മം ചെയ്യാനാഗ്രഹിക്കുന്നവര്‍ സ്വരത്തിന് മാധുര്യമുണ്ടാക്കണം. സുസ്വരത്തോടു കൂടിയ വാക്ക് കൊണ്ട് ഋത്വിക് കര്‍മ്മം ചെയ്യണം. ധനമുള്ളവരെ കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതു പോലെ മധുരമായ സ്വരമുള്ളവരേയും നന്നായി സ്വരിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലുന്നവരേയും കാണാന്‍ ഇഷ്ടപ്പെടും.
സാമത്തിന്റെ ഈ ധനത്തെ അറിയുന്നവര്‍ക്ക് ധനമുണ്ടാകും.
തസ്യ ഹൈതസ്യ സാമ് നോ യ: സുവര്‍ണ്ണം വേദ....
സാമത്തിന്റെ പ്രാണസുവര്‍ണ്ണമായ ഉദാത്തം മുതലായ സ്വരഭേദങ്ങളെ അറിയുന്നയാള്‍ക്ക് സുവര്‍ണ്ണമുണ്ടാക്കും. ശരിയായ ഉച്ചാരണം അഥവാ സ്വരം തന്നെയാണ് സുവര്‍ണ്ണം. സാമത്തിന്റെ ഈ സുവര്‍ണ്ണത്തെ അറിയുന്നയാള്‍ക്ക് സ്വര്‍ണ്ണമുണ്ടാകും.
നേരത്തേ പറഞ്ഞ ബാഹ്യമായ സ്വരമാധുര്യമാണ്. ഉദാത്തം അനുദാത്തം മുതലായവ തെറ്റുകൂടാതെ ഉച്ചരിക്കുന്നതാണ് സ്വരം. സ്വരം വേണ്ടവിധത്തിലല്ലെങ്കില്‍ ചിലപ്പോള്‍ അര്‍ത്ഥം മാറാനും സാധ്യതയുണ്ട്.
തസ്യ ഹൈതസ്യ സാമ്‌നോ യ: 
പ്രതിഷ്ഠാം വേദ പ്രതി ഹ തിഷ്ഠതി...
ഈ സാമത്തിന്റെ പ്രതിഷ്ഠയെ അറിയുന്നയാള്‍ പ്രതിഷ്ഠയെ പ്രാപിക്കും. ഈ സാമത്തിന് പ്രതിഷ്ഠ വാക്ക് തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ പ്രാണന്‍ വാക്കില്‍ പ്രതിഷ്ഠിതനായിട്ടാണ് ഗാനം ചെയ്യുന്നത്. അന്നത്തില്‍ പ്രതിഷ്ഠിതനായിട്ടെന്നും ചിലര്‍ പറയുന്നു.
പ്രാണന്റെ പ്രതിഷ്ഠാ ഗുണത്തെയാണ് ഇവിടെ വ്യക്തമാക്കിയത്. ജിഹ്വാമൂലീയം, ഉരസ്സ്, ശിരസ്സ്, കണ്ഠം, ദന്തം ഓഷ്ഠം, നാസിക, താലു എന്നിങ്ങനെ എട്ട് സ്ഥാനങ്ങളെയാണ് ഇവിടെ വാക്ക് എന്ന് പറയുന്നത്. ഈ എട്ട് സ്ഥാനങ്ങളില്‍ പ്രതിഷ്ഠിതനായിട്ടാണ്  പ്രാണന്‍ ഗീതി ഭാവത്തെ പ്രാപിക്കുന്നത്. ഈ പ്രതിഷ്ഠാ ഗുണത്തെ അറിയുന്നയാള്‍ ലോകത്തില്‍ പ്രതിഷ്ഠിതനാകും. അയാള്‍ പേരും പെരുമയും നേടും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment