Sunday, July 22, 2018

ഉപനിഷത്തിലൂടെ -213/ സ്വാമി അഭയാനന്ദ
Monday 23 July 2018 1:02 am IST
തേ ഹോചും ക്വ നു സോള ഭൂദ് യോ ന 
ഇത്ഥമസക്തേതി
നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവന്‍ എവിടെയെന്ന് ഇന്ദ്രിയങ്ങളായ ദേവന്‍മാര്‍ അന്വേഷിച്ചു.
ദേവത്വത്തെ പ്രാപിച്ച പ്രജാപതിയുടെ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ തങ്ങളെ സ്വാഭാവികമായ ആസംഗത്തില്‍ നിന്നും രക്ഷിച്ച ദേവന്‍ അഥവാ മുഖ്യ പ്രാണന്‍ എവിടെയാണ് എന്ന് അന്വേഷിക്കുന്നു. ആ ദേവന്‍ വായയുടെ ഉള്ളിലാണെന്ന് അവര്‍ കണ്ടുപിടിച്ചു.അതിനാല്‍ ആ പ്രാണന്‍ അയാസ്യനും ആങ് ഗിരസനുമാണെന്ന് പറയുന്നു. എന്തെന്നാല്‍ അങ്ഗങ്ങളുടെയെല്ലാം സാരമാണ് ആ ദേവന്‍. ഇന്ദ്രിയങ്ങളെ രക്ഷിച്ച ആ ദേവന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തേയും ആശ്രയിക്കാതെയിരിക്കുന്നതായി അവര്‍ കണ്ടെത്തി '.അയം ആസ്യേ ' എന്ന് കണ്ടു പിടിച്ചതിനാല്‍ അയാസ്യന്‍  എന്ന പേര് വന്നു.
 കാര്യ, കരണ സ്വരൂപത്തിലുള്ള അങ്ഗങ്ങളുടെയെല്ലാം രസം അഥവാ സാരം ആത്മാവ് ആയതിനാല്‍ അതിനെ ആങ്ഗിരസന്‍ എന്നും വിളിക്കുന്നു. പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം ദുര്‍ബലമായിത്തീരും. മുഖ്യ പ്രാണനെ തന്നെ ആത്മാവായി ഉപാസിക്കണമെന്ന് ഇവിടെ വ്യക്തമാക്കുന്നു.
സാ വാ ഏഷാ ദേവതാ ദൂര്‍ നാമ
ആ ദേവത 'ദൂര്‍ ' എന്ന പേരില്‍ പ്രസിദ്ധയാകുന്നു. എന്തെന്നാല്‍ മൃത്യു ഈ ദേവതയില്‍ നിന്ന് വളരെ ദൂരെയാണ്. ഇപ്രകാരം അറിയുന്നവരില്‍ നിന്ന് മൃത്യു ദൂരത്തിലാണ്.
വാക്ക് മുതലായവയുടെ ആത്മാവാണ് എന്ന് പറഞ്ഞതിനാല്‍ അവയ്ക്കുള്ള അശുദ്ധി പ്രാണന് ഉണ്ടാകുമോ എന്ന സംശയത്തെ നീക്കാനാണ് ഈ മന്ത്രം. 'ദൂര്‍ ' എന്ന പേര് തന്നെ പ്രാണന്റെ ശുദ്ധിയെ കുറിക്കുന്നു. വിഷയാസംഗ ദോഷമായ മൃത്യുവില്‍ നിന്നും പ്രാണന്‍ ദൂരെ ആയതിനാലാണ് ഈ പേര് പ്രസിദ്ധമായത്. ഇങ്ങനെ പ്രാണനെ അറിയുന്നവര്‍ക്കും ഉപാസിക്കുന്നവര്‍ക്കും വിഷയാസംഗ രൂപമായ മൃത്യു ഉണ്ടാകില്ല.
സാ വാ ഏഷാ ദേവതൈതാസാം ദേവതാനാം
ഈ ദേവത വാക്ക് മുതലായ ദേവതകളുടെ പാപ രൂപമാകുന്ന മൃത്യുവിനെ മാറ്റി ദിക്കുകളുടെ അവസാനം എവിടെയാണോ അവിടെ സ്ഥാപിച്ചു.
 അതുകൊണ്ട് അവിടെയുള്ള ആളുകളുമായി ബന്ധപ്പെടരുത്. ആ ദിക്കുകളുടെ അന്തത്തിലേക്ക് പോകയുമരുത്. പോയാല്‍ പാപ രൂപമായ മൃത്യു പിടികൂടും.
 അറിവില്ലായ്മ മൂലം വന്നു ചേരുന്ന ആസംഗമാണ് മൃത്യു രൂപമായ പാപം. വേദത്തേയും വേദം വിധിച്ച കര്‍മങ്ങളെയും നിഷേധിക്കുന്ന ആളുകള്‍ വസിക്കുന്ന സ്ഥലത്തെയാണ് ദിക്കുകളുടെ അന്തം എന്ന് പറയുന്നത്. അവിടുത്തെ ജനങ്ങളുമായി ഇടപഴകിയാല്‍ അറിവില്ലായ്മയില്‍ പെട്ടു പോകും.
സാ വാ ഏഷാ ദേവതൈതാസാം
 മൃത്യു മത്യവഹത്.
ഈ പ്രാണ ദേവത വാക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളുടെ പാപ രൂപമായ മൃത്യുവിനെ നശിപ്പിച്ച് അവരെ മൃത്യുവിനപ്പുറത്തെത്തിച്ചു.
അവരുടെ  ആസംഗ ദോഷത്തെ നശിപ്പിച്ച് അഗ്‌നി മുതലായ ദേവതാ സ്വരൂപത്തെ പ്രാപിപ്പിച്ചു.
സ വൈ വാചമേവ പ്രഥമാ മത്യവഹത്
ആ പ്രാണന്‍ പ്രധാനമായ വാഗിന്ദ്രിയത്തെ തന്നെ ആദ്യം മൃത്യുവിനെ കടത്തിവിട്ടു.പാപ രൂപമായ മൃത്യുവിനെ അതിക്രമിച്ചപ്പോള്‍ ആ വാക്ക് അഗ്‌നിയായിത്തീര്‍ന്നു.മൃത്യുവിനെ അതിക്രമിച്ച ഈ അഗ്‌നി മൃത്യുവിന് അപ്പുറം പ്രകാശമാനമായിരിക്കുന്നു.
ഉദ്ഗീഥ കര്‍മ്മത്തില്‍ മറ്റ് കരണങ്ങളേക്കാള്‍ കൂടുതല്‍ ഉപകരിക്കുന്നുവെന്നതാണ് വാക്കിന്റെ പ്രാധാന്യം. വാക്ക് അഗ്‌നി രൂപം തന്നെയായിരുന്നെങ്കിലും മുമ്പ് മൃത്യുവിന്റെ പിടിയിലായിരുന്നതിനാല്‍ പ്രകാശിച്ചിരുന്നില്ല. മൃത്യുവിനെ കടന്നപ്പോള്‍ അഗ്‌നി പോലെ വിളങ്ങി.

No comments:

Post a Comment