Thursday, July 26, 2018

വേദസ്തുതിയുടെ തുടര്‍ച്ച – ഭാഗവതം (313)

ന യദിദമഗ്ര ആസ ന ഭവിഷ്യദതോ നിധനാ
ദനുമിതമന്തരാ ത്വയി വിഭാതി മൃഷൈകരസേ
അത ഉപമീയതേ ദ്രവിണജാതിവികല്പപഥൈര്‍
വിതഥമനോവിലാസമൃതമിത്യവയന്ത്യബുധാഃ (10-87-37)
ത്വദവഗമീ ന വേത്തി ഭവദുത്ഥശുഭാശുഭയോര്‍
ഗുണവിഗുണാന്വയാംസ്തര്‍ഹി ദേഹഭൃതാം ച ഗിരഃ
അനുയുഗമന്വഹം സഗുണഗീതപരമ്പരയാ
ശ്രവണഭൃതോ യതസ്ത്വമപവര്‍ഗ്ഗഗതിര്‍മ്മനുജൈഃ (10-87-40)
വേദസ്തുതി തുടര്‍ന്നു:
അഗ്രാഹ്യമായ മായയുടെ മായികതയെപ്പറ്റി അറിയുന്ന വിവേകശാലികള്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. കാരണം അവിടുത്തേയ്ക്കു മാത്രമേ അവരെ ഈ വ്യാമോഹത്തില്‍ നിന്നു കരകയറ്റാനാവൂ. അവര്‍ക്കു മാത്രമെ ചഞ്ചലവും പൊതുവെ നിയന്ത്രണാതീതവുമായ മനസ്സിനെ ഒതുക്കി നിര്‍ത്താന്‍ കഴിയൂ. സ്വന്തം ഗുരുപാദങ്ങളെ പൂജിക്കാതെ തന്റെ ഇന്ദ്രിയങ്ങളെയും പ്രാണനെത്തന്നെയും പോരാടി മറ്റുളളവര്‍ ഒരു നൂറുകൂട്ടം ദുരിതങ്ങളെ വിളിച്ചുവരുത്തുന്നു. പരമാനന്ദമായി അവിടുന്ന് മനുഷ്യഹൃദയത്തില്‍ വസിക്കുമ്പോള്‍ സമ്പത്തും ഭാര്യയും കുട്ടികളുമൊക്കെ എന്തിനു വേണ്ടിയാണ്‌? അതുപോലെ തന്നിലധിവസിക്കുന്ന ആ സര്‍വ്വാന്തര്യാമിക്കു മാത്രമേ ശാശ്വതമായ സന്തോഷവും സുരക്ഷയും നല്‍കാന്‍ കഴിയൂ എന്നറിയാതെ ഭാര്യക്കും കുട്ടികള്‍ക്കും സമ്പത്തിനും പിന്നാലെ ഓടുന്നതുകൊണ്ടെന്താണു ഫലം? അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഭക്തരായ മഹാത്മാക്കള്‍ പുണ്യസ്ഥലങ്ങളിലും നദികളിലും അലയുന്നു. കാരണം, ഗൃഹസ്ഥാശ്രമജീവിത സുഖത്തിലും സുരക്ഷയിലും അവര്‍ക്ക്‌ താത്പര്യമില്ല.
അവിടുന്നു മാത്രമാണ്‌ പരമസത്ത. സൃഷ്ടികള്‍ക്ക്‌ അവയെ സൃഷ്ടിക്കും മുന്‍പ്‌ അസ്തിത്വമില്ല. സംഹാരത്തിനു ശേഷവും അവ നിലനില്‍ക്കുന്നില്ല. അതിനാല്‍ അവ ഇപ്പോഴും വാസ്തവത്തില്‍ നിലനില്‍ക്കുന്നില്ല എന്ന്‌ പറയാം. ഞങ്ങള്‍ വേദങ്ങള്‍ പലേവിധ ഉദാഹരണങ്ങളിലൂടെ ഈ സത്യം വെളിപ്പെടുത്തുന്നു. അജ്ഞാനിമാത്രമേ ഈ ലോകം ശാശ്വതമാണെന്നു കരുതുകയുളളു. അജ്ഞാനി ജനനമരണചക്രത്തില്‍ പെട്ടുഴറുന്നു. അജ്ഞാനിക്ക്‌ പ്രാപിക്കാവുന്നതിലുമകലെയാണ്‌ അവിടുന്ന്. ഇന്ദ്രിയങ്ങള്‍ക്കടിമയായ കപടയോഗികള്‍ക്കും അപ്രാപ്യനാണങ്ങ്‌.
അവിടുത്തെ സത്തയിലും ഉണ്മയിലും തിരിച്ചറിവുളള ഒരുവന്‍ നന്മതിന്മകള്‍ക്കതീതനാണ്‌. അജ്ഞാനജന്യമാണല്ലോ ഇവ. അങ്ങനെയുളളവര്‍ക്ക്‌ വേദശാസ്ത്രപ്രമാണങ്ങള്‍ ബാധകമല്ല. അവ ശരീരബുദ്ധിയാല്‍ പരിമിതമായ വികാസപരിണാമദിശയിലുളളവരെ നയിക്കാനുളളവയാണ്‌. അവരും അവസാനം തലമുറ തലമുറകളായി പാടിക്കേട്ട വേദശാസ്ത്രാദികളുടെ സഹായം കൊണ്ട്‌ പരമശാന്തിയടയുന്നു.
ശുകമുനി പറഞ്ഞു;
ഈ സ്തുതി ദിവ്യര്‍ഷി നാരായണന്‍ നാരദമുനിയെ കേള്‍പ്പിച്ചു. നാരദന്‍ വ്യാസനെയും.
sreyas

No comments:

Post a Comment