Tuesday, July 24, 2018

രാമായണസുഗന്ധം-5/ വി.എന്‍.എസ്. പിള്ള
Wednesday 25 July 2018 1:05 am IST
ണ്ടൊരിക്കല്‍ ഒരു ദേവാസുരയുദ്ധത്തില്‍ ഇന്ദ്രനെ സഹായിക്കുവാനായി ദശരഥ മഹാരാജാവ് തിമിധ്വജന്‍ ജീവിക്കുന്ന ദണ്ഡക വനത്തിലുള്ള വൈജയന്തയെന്ന നഗരത്തിലേക്ക് പട നയിക്കുകയുണ്ടായി. അദ്ദഹത്തോടൊപ്പം രാജ്ഞിയായ കൈകേയിയും ഉണ്ടായിരുന്നു. യുദ്ധത്തില്‍ ദശരഥന് മുറിവേല്‍ക്കുകയും അദ്ദേഹം ബോധരഹിതനാവുകയുമുണ്ടായി. രാജ്ഞി ദശരഥനെ യുദ്ധമുഖത്തുനിന്ന് പുറത്തേക്കു കൊണ്ടുപോവുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.
ശംബരനെന്നുകൂടി അറിയപ്പട്ടിരുന്ന തിമിധ്വജന്‍ യുദ്ധത്തില്‍ മായാപ്രയോഗങ്ങള്‍ ചെയ്യുന്നതില്‍ വിരുതനായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റ സേനാംഗങ്ങളെ രാത്രിയിലെത്തി എടുത്തുകൊണ്ടുപോയി കൊല്ലുകയായിരുന്നു അവന്റെ രീതി. മുറിവേറ്റ് അബോധാവസ്ഥയിലായ ദശരഥനെ യുദ്ധരംഗത്തുനിന്നും മാറ്റുകവഴി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയാണ് കൈകേയി ചെയ്തത്. ഇപ്രകാരം രണ്ടവസരങ്ങളില്‍ ചെയ്ത അമൂല്യസേവനത്തിന്നു പ്രത്യുപകാരമായിട്ടാണ് മഹാരാജാവ് കൈകേയിക്കു രണ്ടു വരങ്ങള്‍ നല്‍കിയത്. ആ വരങ്ങള്‍ ഇനിയൊരിക്കല്‍ ആവശ്യപ്പെട്ടുകൊള്ളാമെന്ന് രാജ്ഞി പറയുകയും ചെയ്തു. ഇത് ദശരഥന്‍ അംഗീകരിച്ചു. കുറേക്കാലം മുമ്പ് കൈകേയിതന്നെ മന്ഥരയോടു പറഞ്ഞ ഈ സംഗതി ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത മന്ഥര ഈ വാഗ്ദാനത്താല്‍ ബന്ധിതനായ ദശരഥനെക്കൊണ്ട് അഭിഷേകത്തിനു വിഘ്‌നമുണ്ടാക്കുകയാണു വേണ്ടതെന്ന് കൈകേയിയെ ഉപദേശിച്ചു.
ആവശ്യപ്പടേണ്ട വരങ്ങളില്‍ ഒന്ന് തന്റെ പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയെന്നതും മറ്റേത് രാമന്‍ പതിനാലുവര്‍ഷം വനവാസം ചെയ്യേണമെന്നതും. ഈ പതിന്നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരതന്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊള്ളും. രാജ്ഞി ക്രോധാഗാരം പ്രവേശിച്ചുകൊള്ളൂ. മഹാരാജാവ് വരുമ്പോള്‍ കണ്ണീരൊഴുക്കി, ദുഃഖിതയായി, ഒന്നും പറയാനില്ലാത്തതുപോലെ കഴിയണം. സത്യത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ ഭയക്കുന്ന മഹാരാജാവിനെക്കൊണ്ട് നിന്റെ  ആഗ്രഹങ്ങള്‍ നിറവേറ്റുകയാണു വേണ്ടത്. ഇങ്ങനെപോയി മന്ഥരയുടെ ഉപദേശം.
'ഒന്നുകില്‍ ഭരതന്റെ അഭിലാഷപൂര്‍ത്തീകരണത്തിനായി രാമന്‍ വനത്തില്‍പോകും അല്ലെങ്കില്‍ ഞാനീലോകം വിട്ട് മരണത്തെ പൂകും', കൈകേയിയുടെ നിശ്ചയം ദൃഢമായിരുന്നു. തന്റെ മരണം മഹാരാജാവിനോടു പറയുവാന്‍ അവര്‍ മന്ഥരയെ ചുമതലപ്പെടുത്തുകയും ചെയ്തു. ക്രോധാഗാരത്തില്‍ തന്റെ ആഭരണങ്ങള്‍ വലിച്ചറിഞ്ഞ് അവര്‍ നിലത്തുകിടന്നു. രാമന്റെ അഭിഷേക കാര്യം കൈകേയിയോട് പറയാനെത്തിയ മഹാരാജാവ് രാജ്ഞിയെ അന്തഃപുരത്തില്‍ കാണാതെ അന്വേഷിച്ചപ്പോള്‍ അവര്‍ ക്രോധാഗാരത്തലാണെന്നറിഞ്ഞു.
(തുടരും)
pillaivnsreekaran@gmail.com

No comments:

Post a Comment