Thursday, July 26, 2018

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
എല്ലാവരും അവനവന്റെ ധര്‍മ്മങ്ങള്‍ ശാസ്ത്രവിധിപ്രകാരവും കുടുംബപാരമ്പര്യം അനുസരിച്ചും സ്വാര്‍ത്ഥമോഹങ്ങളേതും കൂടാതെയും നിര്‍വ്വഹിക്കേണ്ടതാണ്‌. ഇത്‌ മനസ്സിനെ ശുദ്ധീകരിക്കുന്നു. സംശുദ്ധമായ മനസ്സിന്‌ ജീവിതത്തെ സമ്യഗ്ഭാവത്തോടെ നേരിടാനാവും. ഈ ലോകത്ത്‌ വിജ്ഞാനിയായവന്‍ കഷ്ടപ്പെടുകയും വിഡ്ഢികള്‍ക്ക്‌ സമ്പല്‍സമൃദ്ധി കൈവരുകയും ചെയ്യുന്നതായി കാണുന്നു. സന്തോഷവും ദുഃഖവും എല്ലാവര്‍ക്കും ഉളളതാണ്‌.
ഒരുവന്‍ ആരോഗ്യവാനും സന്തുഷ്ടനുമായി കാണപ്പെടുന്നുവെങ്കിലും മരണത്തെ ഒഴിവാക്കുവാന്‍ അവനു കഴിയുകയില്ല. അപ്പോള്‍പ്പിന്നെ സുഖമെന്നാലെന്താണ്‌? എല്ലായ്പ്പോഴും മരണമെന്ന പേടി കൂടെയുളളപ്പോള്‍ എല്ലാ സുഖങ്ങളും മാഞ്ഞുപോകുന്നു. അപ്പോള്‍ സുഖം പോലും നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നില്ല. അതുപോലെ തന്നെ സ്വര്‍ഗ്ഗവും മായികമത്രെ. ശാസ്ത്രവിധിപ്രകാരമുളള യാഗകര്‍മ്മാദികള്‍ നടത്തി ഒരുവന്‍ ദേവതകളെ പ്രീതിപ്പെടുത്തി സ്വര്‍ഗ്ഗം നേടുന്നു. അവിടെ വിമാനങ്ങളില്‍ സഞ്ചരിക്കുന്ന സുന്ദരികളാല്‍ സേവിക്കപ്പെട്ട്‌ സുഖിക്കുന്നു. സ്വയം ആരോഗ്യവാനും സുന്ദരനും ആയിത്തീരുന്നു. എന്നാല്‍ ഈ ഒഴിവുകാലവും ഉടനേ അവസാനിക്കുന്നതാണ്‌. ആര്‍ജ്ജിതപുണ്യം മുഴുവന്‍ ചെലവഴിച്ചു കഴിയുമ്പോള്‍ ജീവന്‍ നശ്വരജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നു.
ഒരുവന്‍ ക്രൂരവും നിന്ദ്യവും ആയ പ്രവൃത്തികള്‍ ചെയ്ത്‌ നരകം പൂകുന്നു. അവിടെ കൃമികീടങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ജീവന്‌ ഒരു ശരീരവസ്ത്രം ഉളളിടത്തോളവും നാനാത്വമെന്ന മായികബോധമുളള കാലത്തോളവും ഈ പോക്കുവരവു തുടര്‍ന്നു പോകും.
ഇതെല്ലാം കണ്ട്‌ ജ്ഞാനിയായവന്‍ എന്റെ നേര്‍ക്കു തിരിയുന്നു. എന്റെ ഭക്തന്‍ നിവൃത്തികര്‍മ്മങ്ങളിലേര്‍പ്പെടേണ്ടതാണ്‌. അത്തരം കര്‍മ്മങ്ങള്‍ അയാളെ ലൗകികതയില്‍ നിന്നും അകറ്റിക്കൊണ്ടു പോകുന്നു. അയാള്‍ പ്രവൃത്തികര്‍മ്മങ്ങള്‍ (ലൗകികമായവ) ഉപേക്ഷിക്കുന്നു. അയാള്‍ എന്നെക്കുറിച്ചുളള അന്വേഷണത്തിന്റെ ആഴത്തില്‍ കര്‍മ്മസംബന്ധിയായ എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിക്കണം.
അയാള്‍ ചിലപ്പോഴൊക്കെ വ്രതം നോക്കുകയും ആചരിക്കുകയും ഗുരുസേവ ചെയ്യുകയും വേണം. ഗുരുവെന്നാല്‍ ഞാന്‍ തന്നെ. അരണികടഞ്ഞു തീയുണ്ടാക്കുന്നതുമായി ഈ ബന്ധത്തെ താരതമ്യപ്പെടുത്താം. ഗുരു താഴത്തെയും ശിഷ്യന്‍ മുകളിലത്തെയും അരണിയത്രെ. മുകളിലത്തെ അരണിയാണ്‌ കൂടുതല്‍ ചടുലമായിട്ടുളളത്‌. ശിഷ്യന്റെ അന്യേഷണത്വരയ്ക്കു‌ ഗുരുവില്‍നിന്നു കിട്ടുന്ന പ്രതികരണം അരണികടഞ്ഞു കിട്ടുന്ന അഗ്നിയെപ്പോലെ അറിവിനെയുണര്‍ത്തുന്നു. അങ്ങനെ പൂര്‍ണ്ണമായും ഉണര്‍ന്ന ശിഷ്യന്‍ സംശുദ്ധമായ ഈ അറിവ്‌ ഗുരുവില്‍ നിന്നും സ്വീകരിച്ച്‌ നാനാത്വങ്ങള്‍ കാണപ്പെടുന്നത്‌ സത്യമല്ലെന്നും സത്യമായത്‌ ഒന്നുമാത്രമെന്നും അതാണ്‌ സത്യമെന്നും സ്വയം സാക്ഷാത്കരിക്കുന്നു. വൈവിധ്യങ്ങള്‍ ഭയഹേതുവും എല്ലാം ഒന്നെന്ന അറിവ്‌ ഭയനാശകവും. അങ്ങനെ അയാള്‍ ഞാന്‍ മാത്രമാണ്‌ സമയമായും ആത്മാവായും വേദങ്ങളായും ലോകമായും പ്രകൃതിയായും ധര്‍മ്മമായും പ്രകടിതമാവുന്നത്‌ എന്നു മനസ്സിലാക്കുന്നു. പ്രകൃതിയുടെ ഗുണസംതുലിതാവസ്ഥയ്ക്കു ഭഞ്ജനമുണ്ടാവുമ്പോഴാണ്‌ വൈവിധ്യബോധമുണ്ടാകുന്നത്‌.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

No comments:

Post a Comment