Saturday, July 28, 2018

ആയിരത്താണ്ടുകളിലൂടെ വികസിച്ച നമ്മുടെ സംസ്‌കാരത്തിന്റെ കണ്ണാടിയാണ് രാമായണം. ജീവിതമൂല്യങ്ങളുടെ സമഗ്രദര്‍ശനം അതില്‍ നമുക്കു കാണാം. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ഉദാത്തമായ ബന്ധം, സ്വാര്‍ത്ഥതയില്ലാത്ത സഹോദര സ്‌നേഹം, ത്യാഗപൂര്‍ണ്ണമായ ദാമ്പത്യജീവിതം, ഉത്തമമായ ഗുരുശിഷ്യബന്ധം, ക്ഷീണമെന്തെന്നറിയാത്ത സേവകഭാവം ഇവയെല്ലാം രാമായണത്തില്‍ തെളിഞ്ഞുകാണാം. ജ്ഞാനവും ഭക്തിയും കര്‍മ്മവും യോഗവും എല്ലാം വേണ്ടവിധം അതില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഈ വിധം അനേകമൂല്യങ്ങളുടെ ഒരു കലവറ തന്നെയാണ് രാമായണം.
രാമായണത്തിലെ ഓരോ കഥാപാത്രത്തില്‍ നിന്നും, നമുക്കു പഠിക്കുവാനുണ്ട്. നന്മ തിന്മകളും ധര്‍മ്മാധര്‍മ്മങ്ങളും അവരുടെ ജീവിതത്തിലൂടെ നമ്മള്‍ വേര്‍തിരിച്ചറിയുന്നു. ഒരര്‍ത്ഥത്തില്‍ രാമായണത്തിലെ രാമനും ലക്ഷ്മണനും ഭരതനും സീതയും രാവണനും
 ബാലിയുമെല്ലാം നമ്മുടെ ഉള്ളില്‍ തന്നെയാണ്. ഉത്തമരായ  വ്യക്തികള്‍പോലും അവിവേകം മൂലം എങ്ങനെ അധഃപതിക്കുന്നുവെന്ന് ദശരഥന്‍ കൈകേയി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വ്യക്തമാകുന്നു. നമ്മുടെ ഉള്ളിലെ ശ്രേഷ്ഠവും നീചവുമായ ഈ ഭാവങ്ങളെ തിരിച്ചറിഞ്ഞു ശരിയായ മാര്‍ഗത്തിലൂടെ മുന്നേറുക എന്നതാണു നമ്മുടെ ധര്‍മം. അതിനുള്ള മാര്‍ഗ്ഗദര്‍ശിയാണു രാമായണം. അങ്ങനെ ലോകജീവിതത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്ത് എങ്ങനെ പരമപദം പൂകാമെന്ന് നമ്മെ പഠിപ്പിക്കുന്ന മഹദ്ഗ്രന്ഥം കൂടിയാണ് രാമായണം.
രാമായണത്തില്‍ ആദര്‍ശ കഥാപാത്രങ്ങള്‍ നിരവധിയാണ്.  അവയില്‍ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഹനുമാന്റേത്. രാമഭക്തന്മാരില്‍ ഒന്നാമനും ഹനുമാന്‍ തന്നെയാണ്. ഹനുമാന്റെ വീര്യം, ഉത്സാഹം, പാണ്ഡിത്യം, വിവേകം എല്ലാം അതുല്യം തന്നെ. എന്നിട്ടും, ഹനുമാനില്‍ ഞാനെന്ന ഭാവം ലവലേശമില്ല. തന്റെ ശരീരവും മനസ്സും സര്‍വ്വശക്തികളും ഹനുമാന്‍ രാമനുവേണ്ടി സമര്‍പ്പിച്ചു. രാമകാര്യത്തിനുവേണ്ടി പ്രയത്‌നിക്കുമ്പോള്‍ വിശ്രമം എന്ന വാക്കുതന്നെ ഹനുമാന്‍ മറക്കുന്നു. രാമനാമം ജപിക്കാനും രാമകഥ കേള്‍ക്കാനുംവേണ്ടി മാത്രം ഹനുമാന്‍ ഇന്നും ചിരഞ്ജീവിയായി കഴിയുന്നുവെന്നാണ് വിശ്വാസം. 
ശരിയായ ഗുരുശിഷ്യബന്ധം എങ്ങനെയായിരിക്കണം എന്നു കാണിക്കുന്ന ഒരു സംഭവം ഹനുമാന്റെ ജീവിതത്തിലുണ്ട്. ഒരിക്കല്‍ ഒരു ഋഷി നദിയിലിറങ്ങി നിന്ന് കയ്യില്‍ നദീജലമെടുത്ത് സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു ഗന്ധര്‍വ്വന്‍ താഴേയ്ക്ക് തുപ്പി. അതു ഋഷിയുടെ കൈക്കുമ്പിളിലെ വെള്ളത്തില്‍ വീണു. ഋഷിക്ക് ദുഃഖവും അമര്‍ഷവും തോന്നി. അദ്ദേഹം ശ്രീരാമന്റെ അടുക്കല്‍ച്ചെന്ന്, തന്നെ അപമാനിച്ച ഗന്ധര്‍വ്വനെ വധിച്ച് നീതി നടപ്പാക്കണമെന്ന് അപേക്ഷിച്ചു. രാമന്‍ ഋഷിയുടെ അപേക്ഷ കൈക്കൊണ്ടു. ഇതറിഞ്ഞ ഗന്ധര്‍വ്വന്‍ ഉടനെ ഹനുമാന്റെ അമ്മയെ ശരണം പ്രാപി
ച്ച് കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു, ''അമ്മേ, ഞാന്‍ ഒരാപത്തില്‍ പെട്ടിരിക്കുകയാണ്. അമ്മ എന്നെ രക്ഷിക്കണം. അമ്മ എനിക്കു വാക്കു തരണം.'' അഞ്ജനയുടെ മാതൃഹൃദയത്തിന് ആ അപേക്ഷ നിരസിക്കാനായില്ല. അവര്‍ ഹനുമാനോട് പറഞ്ഞു, ''മകനേ, ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തു. നീ എന്റെ വാക്ക് സത്യമാക്കണം''. അമ്മയുടെ വാഗ്ദാനം നിറവേറ്റാമെന്ന് ഹനുമാന്‍ ഏറ്റു. ഗന്ധര്‍വ്വനെ വധിക്കാനായി ശ്രീരാമന്‍ എത്തിച്ചേര്‍ന്നു. ഹനുമാന്‍ ഗന്ധര്‍വ്വനെ തന്റെ പുറകില്‍ നിര്‍ത്തിക്കൊണ്ട് അയാളോട് രാമനാമം ജപിക്കാന്‍ പറഞ്ഞു. ഹനുമാനും തൊഴുകൈയ്യുമായി രാമനാമം ജപിച്ചുകൊണ്ടിരുന്നു. ശ്രീരാമന്‍ ഗന്ധര്‍വ്വന്റെ നേരെ എയ്ത അമ്പുകളെല്ലാം തിരിച്ചുവന്ന് രാമന്റെ തന്നെ പാദത്തില്‍ പുഷ്പങ്ങളായി വീണു. ഒരമ്പുപോലും ഗന്ധര്‍വ്വനു കൊള്ളുന്നില്ല. ഹനുമാനും ഗന്ധര്‍വ്വനും രാമനാമം ജപിക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഹനുമാന്‍ ശ്രീരാമനോട് വിനയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു, ''ഭഗവാനേ, അവിടുന്ന് അനുവദിച്ചാല്‍ ഗന്ധര്‍വ്വന്‍ ഋഷിയോടു ക്ഷമ യാചിക്കുവാന്‍ തയ്യാറാണ്.'' ശ്രീരാമനും ഋഷിയും അതിനു സമ്മതിച്ചു. അങ്ങനെ അവരുടെ വഴക്ക് ഒത്തുതീര്‍പ്പായി. ഗന്ധര്‍വ്വന് പ്രാണഭയത്തില്‍ നിന്ന് മോചനവും കിട്ടി.  
ഒന്നുമറിയാതെയാണ്  ഹനുമാന്റെ അമ്മ ഗന്ധര്‍വന് വാക്കുകൊടുത്തത്. എന്നാല്‍ ത്രികാലജ്ഞാനിയായ ശ്രീരാമന് എല്ലാമറിയാമല്ലോ. എന്തിനാണ് അദ്ദേഹം ഋഷിക്ക് വാക്കുകൊടുത്തത്, എന്നു ഹനുമാന് ചിന്തിക്കാമായിരുന്നു. എന്നാല്‍ ഹനുമാന്‍ അങ്ങനെ ചിന്തിച്ചില്ല. ശ്രീരാമനോട് ഏറ്റുമുട്ടേണ്ടിവന്നപ്പോള്‍പോലും രാമനെയും രാമമന്ത്രത്തെയും ആശ്രയിക്കുക മാത്രമാണ് ഹനുമാന്‍ ചെയ്തത്. മാത്രമല്ല, മറ്റുള്ളവരെയും രാമഭക്തിയുടെ മാര്‍ഗത്തിലേയ്ക്കു നയിച്ചു. ഒരു ശിഷ്യന്റെ പരമമായ ധര്‍മമാണ് ഹനുമാന്‍ കാട്ടിത്തന്നത്. തന്റെ നേര്‍ക്ക് ശ്രീരാമന്‍ അമ്പയച്ചിട്ടുപോലും ഹനുമാന് രാമനിലുള്ള വിശ്വാസത്തിന് അല്‍പവും കോട്ടം തട്ടിയില്ല. ഹനുമാന്റെ  ഭക്തിയുടെ മഹിമ മൂലം ഗന്ധര്‍വനെ രക്ഷിക്കാനും കഴിഞ്ഞു. ഇതെല്ലാം ഒരുപക്ഷേ ഭഗവാന്റെ  ലീലയായിരിക്കാം. ഹനുമാന് തന്നില്‍ എത്രമാത്രം ഭക്തിയും വിശ്വാസവുമുണ്ടെന്ന് അളക്കാന്‍ ശ്രീരാമന്‍ സൃഷ്ടിച്ച ഒരു സാഹചര്യമായിരിക്കാം. എന്തായാലും ഹനുമാനെപ്പോലെ ഒരു ഉത്തമശിഷ്യന്‍ വേറെ കാണില്ല. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment