Friday, July 27, 2018

അഹന്താനിരാസത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ധ്യാത്മ രാമായണ കര്‍ത്താവായ തുഞ്ചത്ത് എഴുത്തച്ഛന്‍. മലബാറില്‍ പണ്ടത്തെ വെട്ടത്തുനാട്ടില്‍ തിരൂരിലാണ് അദ്ദേഹം വസിച്ചിരുന്ന തുഞ്ചന്‍ പറമ്പ്. അതിനു സമീപമാണ് പ്രസിദ്ധമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം. അദ്ദേഹത്തിന്റെ മഹാസമാധി ചിറ്റൂര്‍ ഗുരുമഠത്തിലുമായിരുന്നു. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, ഭാരതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. അനേകം അന്തേവാസികളുള്ള രാമനെന്ന ആചാര്യന്‍ തനിക്കു ജ്യേഷ്ഠനും ഗുരുവുമാണെന്നു അദ്ധ്യാത്മരാമായണാദിയില്‍ സ്തുതിച്ചിരിക്കുന്നത് എഴുത്തച്ഛന്റെ ഗുരുപാരമ്പര്യം തിരിച്ചറിയാന്‍ പ്രയോജനപ്പെടും. ശ്രീനീലകണ്ഠനെന്നുപേരായ ഗുരു തനിക്കുണ്ടെന്ന ഹരിനാമ കീര്‍ത്തനത്തില്‍ പറഞ്ഞിട്ടുള്ളതും അങ്ങനെയാകുന്നു. ആ മഹാചാര്യനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ. അച്ഛനമ്മമാരെക്കുറിച്ചോ തന്നെക്കുറിച്ചോ യാതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സ്വന്തം പേരുപോലും അദ്ദേഹം മൂടിവച്ചുകളഞ്ഞു. പിന്നെ നാമറിയുന്നതെല്ലാം ഐതിഹ്യങ്ങള്‍ മാത്രമാണ്. അതില്‍ അധികവും അയഥാര്‍ത്ഥമാണെന്നു പ്രഥമദൃഷ്ട്യാതന്നെ തിരിച്ചറിയാനാകും. ശേഷിച്ചവയുടെ കാര്യത്തില്‍ യാതൊരുറപ്പുമില്ല. അവയ്‌ക്കൊന്നിനും തെളിവുകളുമില്ല. തെറ്റും ശരിയും അതില്‍ പല അളവില്‍ കലര്‍ന്നിരിപ്പുണ്ടാകും.
പേരും പ്രശസ്തിയും സമ്പത്തുമൊക്കെയാണ് മനുഷ്യരെല്ലാം സാധാരണ ആഗ്രഹിക്കുന്നത്. അതു നേടിയെടുക്കാനായി ഓരോരുത്തരും കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ നിരവധിയാണ്. വ്യക്തിമനസ്സുകളെയും ബാഹ്യജഗത്തിനെയും അതു മലീമസവും കലാപഭരിതവുമാകുന്നു. എന്നാല്‍ ആധുനിക മലയാളഭാഷയുടെ പി
താവും ഭാഷകവിതയ്ക്കു കരുത്തുറ്റ പുത്തന്‍ സരണി നല്‍കിയ മഹാചാര്യനുമായ എഴുത്തച്ഛന്‍ പേരിനെയും പ്രശസ്തിയെയും പൂര്‍ണമായും തള്ളിക്കളഞ്ഞ ആര്‍ഷവ്യക്തിത്വമാണ്. തന്റെ പേരുപോലും പുറത്തുപറയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അച്ഛനമ്മമാരിട്ട പേര് അദ്ദേഹത്തിനുണ്ടാകുമെന്നതു തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ ഈശ്വരനല്ലാതെ മറ്റൊന്നും ഈ ലോകത്തിലില്ലെന്നു അനുഭവിച്ചറിഞ്ഞ ആ ഋഷിവര്യന്‍ ലോകരീതിയനുസരിച്ചു രക്ഷിതാക്കള്‍ ബാല്യത്തിലിട്ട പേരിനെപ്പറ്റിപോലും നിശ്ശബ്ദത പാലിച്ചു. എഴുത്തച്ഛനെന്ന പേര് നാട്ടുകാര്‍ ആ മഹാഗുരുവിന്റെ പാദങ്ങളില്‍ ആദരപൂര്‍വം സമര്‍പ്പിച്ച നാമമാണ്. അത് അന്വര്‍ത്ഥകവുമാണ്. എഴുത്തിന്റെ അഥവാ അക്ഷരവിദ്യയുടെ പിതാവാണ് അദ്ദേഹം. കുട്ടികളെ അക്ഷരവിദ്യ പഠിപ്പിക്കുന്ന നാട്ടാശാന്മാര്‍ പഴയകാലത്ത് എല്ലായിടവുമുണ്ടായിരുന്നു. എഴുത്തച്ഛന്‍ അത്തരമൊരു അദ്ധ്യാപകനായിരുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേരു പതിഞ്ഞതെന്നു പല നിരൂപകന്മാരും എഴുതിവിട്ടിട്ടുണ്ട്. അത് അബദ്ധമാണെന്നതിനു സംശയമില്ല. അദ്ദേഹം വിരാജിച്ചിരുന്ന ആദ്ധ്യാത്മികമായ മഹൗന്നത്യം തിരിച്ചറിഞ്ഞ അക്കാലത്തെ പ്രബുദ്ധരായ നാട്ടുകാരുടെ വീക്ഷണ മഹത്വം ഇന്നു പലര്‍ക്കും കൈമോശം വന്നുവെന്നേ പറഞ്ഞുകൂടൂ. അഹന്തയെ പൂര്‍ണമായും നിരസിച്ച് അദ്വൈത സാക്ഷാത്കാരം നേടിയ മഹാത്മാവിന്റെ ഉണ്മയെ വ്യക്തമാക്കുന്ന പേരാണത്.
ജനനമരണങ്ങളില്ലാത്ത അക്ഷരമായ ബ്രഹ്മമാണ് ശബ്ദതത്ത്വം. ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രനായി അദ്ധ്യാത്മരാമായണത്തില്‍ വര്‍ണിച്ചിരിക്കുന്നത് അതിനെയാകുന്നു. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വിവിധ പദാര്‍ത്ഥങ്ങളായി വികസിക്കുന്നത് ഈ പറഞ്ഞ ശബ്ദതത്ത്വം തന്നെ. ലോകം രാമനില്‍ ഉണ്ടാകുന്നു. ലോകം രാമനില്‍ നിലനില്‍ക്കുന്നു. ലോകം രാമനില്‍ ലയിക്കുന്നു എന്നു നേരത്തെ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുമല്ലോ. ഇക്കാണായതെല്ലാം ശ്രീരാമചന്ദ്രന്റെ വിവിധരൂപങ്ങള്‍ മാത്രം. ഇതു പ്രത്യക്ഷമായി അനുഭവിച്ചറിയുമ്പോള്‍ താനും ശ്രീരാമചന്ദ്രന്‍ തന്നെയാണെന്ന് വ്യക്തമായിത്തീരും. മനുഷ്യര്‍ മൃഗങ്ങള്‍ പക്ഷികള്‍ വൃക്ഷങ്ങള്‍ സൂര്യചന്ദ്രനക്ഷത്രാദികള്‍ മണല്‍ത്തരികള്‍ മഹാസമുദ്രങ്ങള്‍  മഹാപര്‍വതങ്ങള്‍ തുടങ്ങി സമസ്തവും ഞാന്‍ തന്നെയാണെന്നു സൂര്യതുല്യം പ്രകാശിക്കും. അവയില്‍നിന്നും രാമനില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് തനിയ്ക്കില്ലാത്തതുകൊണ്ട് വേര്‍തിരിച്ചുകാണിക്കാനുള്ള പേരും ആവശ്യമില്ലെന്നു വരും. ഭഗവാന്‍ വേറെ ഞാന്‍ വേറെ എന്ന വിചാരമാണല്ലൊ അഹന്ത. സാധനകളിലൂടെ അതു ലയിച്ചടങ്ങിയാല്‍ ആനന്ദസ്വരൂപനായ ഞാനല്ലാതെ വേറെയാതൊന്നുമില്ലെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ പേരിനെന്തര്‍ത്ഥം? പ്രശസ്തിക്കെന്തര്‍ത്ഥം? സ്ഥാനമാനങ്ങള്‍ക്കെന്തര്‍ത്ഥം. ഭഗവാന്റെ  ആനന്ദപൂര്‍ണമായ ഈ പ്രപഞ്ചലീലയില്‍ പങ്കെടുക്കുകയല്ലാതെ പിന്നെ മറ്റൊന്നും അവശേഷിക്കുകയില്ല. അതാണ് എഴുത്തച്ഛനില്‍ സംഭവിച്ചത്.
ബ്രഹ്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാരുടെ പൊതുസ്വഭാവമാണിത്. വേദമന്ത്ര ദ്രഷ്ടാക്കളായ ഋഷിമാര്‍ അനേകം പേരുണ്ട്. ആരും സ്വന്തം പേര് പറഞ്ഞിട്ടില്ല. മന്ത്രാദിയില്‍ ഋഷിദേവത ഛന്ദസ്സ് എന്നിവ ചേര്‍ത്തുകാണും.  അതു ജപധ്യാനാദികള്‍ക്കായി ശിഷ്യപരമ്പര കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ്. അല്ലാതെ പ്രശസ്തിക്കായി മന്ത്രദ്രഷ്ടാക്കള്‍ എഴുതിപ്പിടിപ്പിച്ചതല്ല. പ്രാ
ചീനങ്ങളായ കാവ്യങ്ങളുടെ കാര്യത്തിലും ഈ സ്വഭാവമുണ്ട്. കാവ്യകാരന്മാരധികവും സ്വന്തം പേരുപറയാറില്ല. വ്യക്തിഗതമായ മറ്റു കാര്യങ്ങളും അവര്‍ നല്‍കിയിട്ടില്ല. രഘുവംശ കുമാരസംഭവ മേഘദൂതാദികള്‍ കാളിസാദന്റേതാണെന്നു നാമറിയുന്നത് പില്‍ക്കാലത്തുള്ളവരുടെ പരാമര്‍ശങ്ങളിലൂടെയാണ്. നാടകത്തില്‍ മാത്രമേ എഴുത്തുകാരന്‍ പേരു പറയൂ. അതും ദാസന്‍ വേണ്ടെന്നു വച്ചിരിക്കുന്നു. പേരുപറഞ്ഞിട്ടുള്ളവര്‍പോലും അതിലപ്പുറം യാതൊന്നും വ്യക്തമാക്കാന്‍ തയ്യാറാകാറില്ല. കീര്‍ത്തനങ്ങളുടെ അവസാനം മുദ്രയായി ഭഗവാന്റെയോ ഗുരുവിന്റെയോ പേരുവയ്ക്കുന്നതും ഈ സ്വഭാവത്തിന്റെ തുടര്‍ച്ചയാണ്.
പ്രപഞ്ചത്തിന്റെ തുഞ്ചത്ത് (അഗ്രഭാഗത്ത്) ഇരുന്നു പാടിയ അദ്ദേഹം എഴുത്തച്ഛനാണ് സംശയമില്ല. അദ്ദേഹം വെറുമൊരു നാട്ടാശാനല്ല. അക്ഷരവിദ്യയുടെ പിതാവാണ്. ആനന്ദസ്വരൂപനായ ശ്രീരാമനില്‍നിന്നാണ് ഈ ലോകം ഉണ്ടായതെന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ആശയവിനിമയത്തിനുപയോഗിക്കുന്ന ഭാഷ ഉണ്ടാകുന്നതും അവിടെനിന്നാകുന്നു. അക്ഷരം-എഴുത്ത്-അഥവാ ഭാഷ രാമനില്‍ നിന്നു പിറക്കയാല്‍ ശ്രീരാമനെ എഴുത്തിന്റെ പിതാവെന്നു പറയുന്നു. ഞാന്‍ രാമന്‍ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന തുഞ്ചത്തെ ആ മഹാചാര്യനെ അന്നുള്ളവര്‍ എഴുത്തച്ഛനെന്നു വിളിച്ചതിന്റെ തത്ത്വവും വേറൊന്നല്ല. അതിന് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ എല്ലാവിധത്തിലും ബലം പകരുന്നു. ആ മഹാഗുരുവിന്റെ ഉള്ളിന്റെ ഉള്ളില്‍നിന്നാണ് മധുരോദാരമായ രീതിയില്‍ അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍ ഉത്ഭവിക്കുന്നത്. മനുഷ്യമനസ്സിലും സമൂഹമനസ്സാക്ഷിയിലും ദൂരവ്യാപകമായ പരിവര്‍ത്തനങ്ങളുളവാക്കാന്‍ ആ കവിതയ്ക്കു സാധിച്ചത് ഈ നിഗമനത്തിന് അടിവരയിടുന്നു. എഴുത്തച്ഛന്റെ കാവ്യകലയ്ക്കു സമാനമായി ആ മഹാഗുരുവിന്റെ കാവ്യകല മാത്രമേ ഉള്ളൂ. അത് ആകണ്ഠം പാനം ചെയ്യാന്‍ കഴിയുന്നവര്‍ പരമഭാഗ്യവാന്മാര്‍.

No comments:

Post a Comment