Sunday, July 01, 2018

ര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റുമാനൂരിലെ കുമാരനല്ലൂരില്‍ 'പുളിക്കല്‍ ചെമ്പകശ്ശേരി'   എന്നൊരു ഇല്ലമുണ്ടായിരുന്നു. ദരിദ്രയായൊരു അന്തര്‍ജനവും അവരുടെ ഉണ്ണിയുമാണ് ഇല്ലത്തുണ്ടായിരുന്നത്. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി, വേദാധ്യയനം നടത്തുകയായിരുന്നു ഉണ്ണി. ഒരിക്കല്‍ കുമാരനല്ലൂരില്‍ ആയുധപാണികളായ അഞ്ഞൂറോളം നായന്മാരെത്തി. കോഴിക്കോടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തില്‍ തോറ്റോടിയ ഭടന്മാരായിരുന്നു അവര്‍. വിശന്നു പരവശരായ അവര്‍ 'അല്പം ഭക്ഷണം കിട്ടുമോ?' എന്ന്  അവിടെക്കണ്ട ഉണ്ണി നമ്പൂതിരിമാരോട് ചോദിച്ചു. അവര്‍ പരിഹാസത്തോടെ ചെമ്പകശ്ശേരി ഇല്ലത്തെ ഉണ്ണിയെ കാട്ടി , അദ്ദേഹത്തോടു ചോദിക്കൂ, വയറു നിറയെ ഭക്ഷണം കിട്ടും എന്നു പറഞ്ഞു. ഭടന്മാര്‍ അതു പ്രകാരം ചെമ്പകശ്ശേരി ഉണ്ണിയെ കണ്ട് സങ്കടമറിയിച്ചു. തന്റെ ദാരിദ്ര്യമറിയുന്ന സഹപാഠികളില്‍ ചിലര്‍ തനിക്ക് വേലപണിതതാണെന്ന് ഉണ്ണി നമ്പൂതിരിക്ക്  ബോധ്യമായി. അദ്ദേഹം തന്റെ കഴുത്തിലണിഞ്ഞ പുലിനഖമോതിരം അവര്‍ക്ക് നല്‍കിയ ശേഷം അത് വിറ്റ് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടു. തിരിച്ചു വന്ന് തന്നെ കാണാതെ പോകുതെന്നും പറഞ്ഞു. മൃഷ്ടാന്നം കഴിഞ്ഞെത്തിയ ഭടന്മാര്‍, ഞങ്ങള്‍ ഇനി അങ്ങയുടെ സേവകരാണെന്നും ചെയ്യേണ്ടതെന്തെന്ന് കല്‍പ്പിക്കണമെന്നും ഉണ്ണി നമ്പൂതിരിയെ അറിയിച്ചു. സഹപാഠികളുടെ പരിഹാസത്തിന് പകരം വീട്ടാന്‍ ഇതൊരു അവസരമായിക്കണ്ട നമ്പൂതിരി, അങ്ങനെയെങ്കില്‍ നിങ്ങളെ എന്റെയടുക്കലേക്കയച്ചവരുടെ ഇല്ലങ്ങള്‍ കൊള്ളയടിച്ചു വരൂ എന്നാവശ്യപ്പെട്ടു.  ഇല്ലം കൊള്ളയടിച്ച് അളവറ്റ ധനവുമായി ഭടന്മാര്‍ തിരികെയെത്തി. 
 പുളിക്കല്‍ ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരിക്കല്‍ ദേശാധിപനായിരുന്ന തെക്കുംകൂര്‍ രാജാവിനെ കാണാന്‍ ചെന്നു. താന്‍ ദരിദ്രനാണെന്നും താമസിക്കാന്‍ ഒരു സ്ഥലം വേണമെന്നും രാജാവിനെക്കണ്ട് അറിയിച്ചു. ' ഉണ്ണിക്ക് ഒരു ദിവസം കൊണ്ട് വെട്ടിയെടുക്കാവുന്ന വിസ്താരത്തില്‍  രാജ്യത്തിനകത്തു നിന്ന് ഒരു പുരയിടം എടുത്തുകൊള്ളൂ' എന്നായിരുന്നു രാജകല്പന. എങ്കിലത് പ്രമാണമാക്കിത്തരണമെന്ന് ഉണ്ണി നമ്പൂതിരി രാജാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിലെ അപകടം മനസ്സിലാക്കിയ മന്ത്രി, വാമനന് ഭൂമി അളന്നെടുക്കാന്‍ മഹാബലി അനുമതി നല്‍കിയതു പോലെ ആകരുതെന്ന് ഉപദേശിച്ചു. രാജാവത് ഗൗനിക്കാതെ നീട്ടെഴുതി ഒപ്പിട്ട് ഉണ്ണിക്ക് നല്‍കി. പിറ്റേന്നാള്‍, ഉടവാളുമായി പുറപ്പെട്ട ഉണ്ണി നമ്പൂതിരി കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗമെന്ന പ്രദേശത്തിനു ചുറ്റും  വാളുകൊണ്ട് ഓരോന്ന് വെട്ടിയെടുത്ത് ആ പ്രദേശത്തെ പ്രദക്ഷിണം വെച്ച് രാജാവിനെ കാണാനെത്തി. 'ഒരു ദിവസം കൊണ്ട് വെട്ടിയെടുത്ത ഊര്'  എത്രയെന്ന് രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉടവാളുകൊണ്ട് വെട്ടിയെടുത്ത ഊരായതിനാല്‍ ആ പ്രദേശത്തിന് 'ഉടവാളൂരെ' ന്ന് പേരിട്ടു. കാലാന്തരത്തില്‍ അത് ഇന്നത്തെ 'കുടമാളൂരാ'യി.  ഉണ്ണി നമ്പൂതിരി പിന്നീട് അവിടെയൊരു ഭവനം പണിത്, ചുറ്റിലും കോട്ടകെട്ടി അമ്മയ്‌ക്കൊപ്പം താമസം തുടങ്ങി. ഭടന്മാര്‍ കൊള്ളയടിച്ചു കൊണ്ടുവന്ന ധനം ധാരാളമുള്ളതിനാല്‍ സമ്പാദ്യവും കുമിഞ്ഞു കൂടി. വൈകാതെ ആ ദേശത്തിന്റെ അധിപനായി, സൈന്യസമേതം രാജപദവിയോടെ വാണു. അങ്ങനെ ചെമ്പകശ്ശേരി നമ്പൂതിരി ചെമ്പകശ്ശേരി രാജാവായി തീര്‍ന്നു. വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറേക്കരയിലുള്ള അമ്പലപ്പുഴ നാട്ടുമ്പുറം ചെമ്പകശ്ശേരി രാജാവ് തന്റെ അധീനത്തിലാക്കി, രാജധാനി അങ്ങോട്ടു മാറ്റി. പക്ഷേ വിവാഹം കഴിച്ച് കുടിവെച്ചത് കുടമാളൂര്‍ മഠത്തിലായിരുന്നു. രാജാവിന്റെ ഭവനത്തിന് 'മഠ'മെന്നായിരുന്നു വിളിപ്പേര്. ഇല്ലപ്പേരിലുണ്ടായിരുന്ന 'പുളിക്കല്‍' എന്നത് പിന്നീട് ലോപിച്ചു പോയി. 
കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്‍മക്കാരനായിരുന്നു ചെമ്പകശ്ശേരി നമ്പൂതിരി.അദ്ദേഹം ഭടന്മാരെക്കൊണ്ട് കൊള്ളയടിപ്പിച്ച ഇല്ലങ്ങളിലെ നമ്പൂതിരിമാരും അവിടത്തെ ഊരാണ്‍മക്കാരായിരുന്നു.  ചെമ്പകശ്ശേരി നമ്പൂതിരി ചെയ്ത ദ്രോഹപ്രവര്‍ത്തികള്‍ കാരണം അവര്‍ അദ്ദേഹത്തെ ക്ഷേത്രത്തില്‍ കയറ്റാതെയായി. ചെമ്പകശ്ശേരി നമ്പൂതിരിക്ക് ക്ഷേത്രത്തോട് ചേര്‍ന്നുണ്ടായിരുന്ന മഠം അവര്‍ തീവെച്ചു നശിപ്പിച്ചു. നമ്പൂതിരിമാരോട് ചെയ്ത ദ്രോഹങ്ങള്‍ നിമിത്തം കുമാരനല്ലൂര്‍ ദേവിയുടെ അനിഷ്ടം കൂടി ഉണ്ടായതോടെ അദ്ദേഹത്തിന് പലതരം അനര്‍ത്ഥങ്ങളുണ്ടായി.  രാജാവായതിനു ശേഷം ,തെറ്റുകള്‍ക്ക്  വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യാനും ആനയെ നടക്കിരുത്താനും ക്ഷേത്രത്തില്‍ ചെന്നെങ്കിലും ഊരാണ്‍മക്കാരായ മറ്റു നമ്പൂതിരിമാര്‍ സമ്മതിച്ചില്ല. ഒടുവില്‍ അദ്ദേഹം മതില്‍ക്കെട്ടിനു പുറത്ത് നിന്ന് പ്രായശ്ചിത്തം ചെയ്ത്, ആനയ്ക്ക് പൊന്നും തലേക്കെട്ട് അണിയിച്ച് മതില്‍ക്കെട്ടിനകത്തേക്ക് കടത്തിവിടുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും ക്ഷേത്രഭണ്ഡാരത്തിലുണ്ട്. 'ചെമ്പകശ്ശേരി വക' എന്ന് രേഖപ്പെടുത്തിയ തലേക്കെട്ട്  ഇന്നും വിശേഷാവസരങ്ങളില്‍ പുറത്തെടുക്കാറുണ്ട്. ചെമ്പകശ്ശേരി രാജാവിന്റെ മകനായിരുന്നു പ്രസിദ്ധനായ അമ്പലപ്പുഴ 'പൂരാടം പിറന്ന തമ്പുരാന്‍'. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അമ്പലപ്പുഴ രാജ്യം തിരുവിതാംകൂറിനോടു ചേര്‍ന്നു..janmabhumi

No comments:

Post a Comment