Saturday, July 28, 2018

ഹൈന്ദവ സമാജത്തിന് മാത്രം നിയമം കര്‍ക്കശമാക്കുന്ന നിലപാട് അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ പറഞ്ഞു. വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ക്ഷേത്രങ്ങളെക്കുറിച്ച്  വിശ്വാസികളല്ലാത്തവരും സംഘടനകളും വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ ഇത് പ്രചരിപ്പിക്കുകയുമാണ്. ആരാധനയ്ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. താന്ത്രിക വിധികളില്‍ നിന്ന്  മാറിയാല്‍ അത് ക്ഷേത്രങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ശബരിമല സ്ത്രീ പ്രവേശന വിവാദം  പരാമര്‍ശിച്ച് സ്വാമി സത്സ്വരൂപാനന്ദ പറഞ്ഞു. 
വിശ്വാസങ്ങളെയും സ്ത്രീ സമൂഹത്തെയും  മാധ്യമങ്ങളും  പുരോഗമനവാദികളെന്ന് പറയുന്നവരും   അപമാനിക്കുന്നതിനെ  ശക്തമായി നേരിടണമെന്ന് അധ്യക്ഷത വഹിച്ച വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. ഹൈന്ദവ സംഘടനകള്‍ ആദ്ധ്യാത്മിക പരിപാടികളില്‍ ദേശഭക്തി പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പറഞ്ഞു. 
വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലന്‍ പരാന്തേ, സ്വാമി പ്രേമാന്ദ, സ്വാമി ശങ്കര വിശ്വാസാനന്ദ സരസ്വതി, ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.എം.നാഗരാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.കെ.ഭാസ്‌കരന്‍, സരള എസ്.പണിക്കര്‍, വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍.ഭാസ്‌കരന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍.ബാബു, സ്വാഗത സംഘം അധ്യക്ഷന്‍ അഡ്വ.മാങ്കോട് രാമകൃഷ്ണന്‍, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.രാജശേഖരന്‍, ജില്ലാ സെക്രട്ടറി എസ്.സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ 600ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 
janmabhumi

No comments:

Post a Comment