Thursday, July 26, 2018

''യസ്യ സ്മരണ മാത്രേണ
ജ്ഞാനമുദ്പദ്യതേ സ്വയം
സ ഏവ സര്‍വ്വസംപത്തിഃ
തസ്മാദ് സംജുയേദ് ഗുരും''-ഗുരുഗീത
ഏതൊരാളെ സ്മരിക്കുന്നത് കൊണ്ടുമാത്രം ജ്ഞാനം ഉണ്ടാകുന്നുവോ സകല സമ്പത്തുകളും അവന്‍ തന്നെയാണ്. അതുകൊണ്ട് സദ്ഗുരുവിനെ നല്ലവണ്ണം പൂജിക്കുക.
ഭാരതീയമായ ശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത് സകല ഉപനിഷത്തുകളിലും വിളങ്ങുന്നത് ഗുരുവിന്റെ പാദകമലങ്ങള്‍ തന്നെയാണ് എന്നാണ്. അതായത് ഈശ്വരന്റെ പ്രത്യക്ഷ സ്വരൂപമായാണ് ഓരോ ഭക്തനും ശിഷ്യഗണങ്ങളും തങ്ങളും ഗുരുവിനെ കാണുന്നത്. ഈശ്വരനും ഗുരുവും മൂര്‍ത്തഭേദമില്ലാത്തതായും ശാസ്ത്രം പറയുന്നു. ആയതിനാല്‍ സാക്ഷാത് പരമശിവനില്‍ നിന്നും ആരംഭിച്ച ഗുരുപരമ്പര മധ്യത്തില്‍ ശ്രീശങ്കരാചാര്യരും, തുടര്‍ന്ന് 'അസ്മാദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം' എന്ന് പറയുന്നു. ആര്‍ഷഭാരത പരമ്പരയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ദിവസമായിട്ടാണ് ഗുരുപൂര്‍ണിമാദിനം ആഘോഷിക്കപ്പെടുന്നത്. ആഷാഢമാസത്തിലെ ഗുരുപൂര്‍ണ്ണിമാ ദിനം ശ്രീവേദവ്യാസ ജയന്തിയായും ആചരിച്ചുവരുന്നു.
ഇന്നത്തെ ശാസ്ത്രയുഗത്തില്‍ തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു ഗുരുവിന്റെ ആവശ്യകത തിരിച്ചറിയാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തില്‍ ധര്‍മ്മവും സനാതനമൂല്യങ്ങളും നഷ്ടമായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഗുരു നമ്മെ നയിക്കുന്നത് ജീവിതത്തിന്റെ പരിപൂര്‍ണ്ണതയിലേയ്ക്കാണ്. നന്മയിലേയ്ക്കാണ്. ഈശ്വര സാക്ഷാത്കാരത്തിലേക്കാണ്. ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍ മൂന്ന് കാര്യങ്ങള്‍ ജീവിതത്തില്‍ അതീവ ദുര്‍ലഭമായിപ്പറയുന്നു. മനുഷ്യത്വം, മുമുക്ഷത്വം, മഹാപുരുഷ സംശ്രയം, മഹാപുരുഷ സംശ്രയം തന്നെയാണ് ജീവിതത്തില്‍ സദ്ഗുരു ലാഭം. ജീവിതത്തിലെ ഓരോ വാക്കും ചിന്തയും പ്രവൃത്തിയും ഗുരു കടാക്ഷത്തിനുള്ള യത്‌നങ്ങളായാല്‍ ജീവിത വിജയം ഉറപ്പിക്കാന്‍ സാധിക്കും. മനുഷ്യമനസ്സുകളില്‍ ജന്മാന്തരങ്ങളായുള്ള അജ്ഞാനമാകുന്ന അന്ധകാരത്തെ മാറ്റി തത്വജ്ഞാനമാകുന്ന വെളിച്ചം പ്രദാനം ചെയ്യുകയാണ് ഗുരുവിന്റെ ധര്‍മ്മം. ഗുരു വ്യക്തിയല്ല. ഒരു പ്രതീകമാണ്. മാതാ അമൃതാനന്ദമയി പറയുന്നു. ''ജീവിതമാകുന്ന മഹത്ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്ന അറിവിന്റെ രൂപമാണ് ഗുരു. ആ അറിവിന്റെ ആഴവും പ്രേമത്തിന്റെ മാധുര്യവും ചേര്‍ന്നൊഴുകുന്നതാണ് ഗുരു-ശിഷ്യബന്ധം. ഗുരുവിന്റെ മഹാസാന്നിദ്ധ്യവും അതില്‍ നിറയുന്ന ആത്മസൗന്ദര്യവും നുകരാന്‍ വെമ്പുന്ന മനസ്സിന്റെ ഭാവമാണ് ഗുരുപൂര്‍ണ്ണിമ എന്നും അമ്മ പറയുന്നു.
ഗുരു പരമാര്‍ത്ഥത്തില്‍ ഒരു വ്യക്തിയെന്നതിലുപരി ഒരു 'തത്വം' കൂടിയാണ് ഇതിനെ നാം 'ഗുരുത്വം' എന്ന് പറയാറുണ്ട്. ഭക്തിമാര്‍ഗ്ഗത്തില്‍ ഭക്തന്  ഭഗവാനെ, ഗുരുവിനെ മനുഷ്യരൂപത്തില്‍ ആരാധിക്കുവാനാണ് താല്‍പ്പര്യം. യഥാര്‍ത്ഥത്തില്‍ ഗുരു ഒരു വ്യക്തിപ്രഭാവത്തിലുള്ളയാള്‍ മാത്രമല്ല.  ഗുരുതത്വത്തെ മനസ്സിലാക്കി ഗുരുവിനെ ആരാധിക്കുകയാണ് തത്വത്തിലെ ഭക്തി എന്ന് പറയുന്നത്. ഗുരു സാക്ഷാത് പരബ്രഹ്മം തന്നെയാണ് എന്ന് ആപ്തവാക്യം. സദ്ഗുരു ''അഹൈതുക ദയാസിന്ധുമായിട്ടാണ് വാഴ്ത്തപ്പെടുന്നത്. ഗുരുവിലും ശാസ്ത്രങ്ങളിലുള്ള വിശ്വാസത്തെയാണ് ഭാരതീയ ശാസ്ത്രങ്ങള്‍ ശ്രദ്ധ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ശ്രദ്ധ ശിഷ്യനില്‍ ആവേശിക്കപ്പെടണം. ഗുരുവിന്റെ സാമീപ്യത്തില്‍ കഴിഞ്ഞാലും ശിഷ്യന്റെ യോഗ്യത അനുസരിച്ചാണ് ഒരുവന്‍ ഗുരുകൃപയ്ക്ക് അര്‍ഹനാകുന്നത്. ശ്രീബുദ്ധന്റെ ജീവിതത്തിലെ ഒരു സംഭവം സ്മരണീയമാണ്. ഒരിക്കല്‍ ശ്രീബുദ്ധന്‍ തന്റെ നിരന്തര യാത്രയ്ക്കിടയില്‍ അളവി എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീബുദ്ധന്റെ വരവ് അറിഞ്ഞ് എല്ലാ ദിവസവും ഭക്തജനങ്ങള്‍ അങ്ങോട്ടേക്ക് ഒഴുകിയെത്തും. ദിവസവും ഭഗവാന്റെ ഗുരുവാക്യവും ഉണ്ടായിരിക്കും. ഒരു ദിവസം തൊട്ടടുത്ത ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ബുദ്ധന്റെ പ്രസംഗം കേള്‍ക്കുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്റെ കേള്‍ക്കുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്റെ കഠിനമായ കൃഷിവൃത്തികള്‍ മൂലം സമയത്തിന് അദ്ദേഹത്തിന് അളവിയില്‍ എത്താന്‍ വളരെ വൈകി. യഥാര്‍ത്ഥത്തില്‍ അന്നേദിവസം ശ്രീബുദ്ധന്‍ തന്റെ ധര്‍മ്മോപദേശം തുടങ്ങാതെ വളരെനേരം ആര്‍ക്കോവേണ്ടിയെന്നവണ്ണം കാത്തിരുന്നു. ഈ കര്‍ഷകന്‍ സദസ്സില്‍ വന്നിരുന്നതും ബുദ്ധന്‍ പ്രസംഗം ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ ശിഷ്യന്റെ ശ്രദ്ധയാണ് ശ്രീബുദ്ധനില്‍ പ്രതിഫലിച്ചതും. ഇത്തരം അനവധി ഉദാഹരണങ്ങള്‍ ഗുരുക്കന്മാരായ മഹാത്മാക്കളുടെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ കഴിയും.
ഗുരുപൂര്‍ണ്ണിമ ദിനം ഓരോ ഭക്തന്റെയും ശിഷ്യരുടെയും ഹൃദയത്തില്‍ ഗുരുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനുള്ള ദിവസമാണ്. പരമ്പരാഗത സന്ന്യാസാശ്രമങ്ങളില്‍ ആചാര്യന്മാര്‍ ചാതുര്‍മ്മാസ്യവൃതം ആരംഭിക്കുന്നത് ഗുരുപൂര്‍ണ്ണിമ ദിനത്തിലാണ്. ഗുരുവിനെ സ്മരിക്കുവാനും ആരാധിക്കുവാനുള്ള ഒരു ദിനമാണ് ഗുരുപൂര്‍ണ്ണിമ. യഥാര്‍ത്ഥത്തില്‍ നിരന്തര സ്മരണയാണ് വേണ്ടത്. നമ്മുടെ അനേക ജന്മങ്ങളിലായി സമ്പാദിച്ചിട്ടുള്ള കര്‍മങ്ങളുടെ ബന്ധനത്തിനെ ജ്ഞാനാഗ്നിയുടെ പ്രഭാവത്താല്‍ ദഹിപ്പിച്ച്, 'മുക്തി' പ്രദാനം ചെയ്യുന്നയാളാണ് സദ്ഗുരു 'എഴുത്തച്ഛന്‍ പറയുന്ന' 
തത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു-
മുക്തിക്കു തക്കൊരുപദേശം തരും,
ജനനമറ്റീടുമന്നവനു നാരായണായ നമഃ
devamritachaithanya

No comments:

Post a Comment