Monday, July 23, 2018

ഭക്തരേ, ഉണരുവിന്‍

തീര്‍ത്ഥബിന്ദുക്കള്‍
Tuesday 24 July 2018 3:06 am IST
എല്ലാം ഈശ്വരനാണ്, ഈശ്വരമയമാണ്. മംഗളസ്വരൂപിയാണ് ഈശ്വരന്‍, അവിഭാജ്യനാണ്, ഏകനും സ്വയംപ്രകാശകനുമാണ്. ഈശ്വരനില്‍നിന്ന് അന്യമായി ഒന്നുമില്ല. എന്നുവരുമ്പോള്‍ ചരാചരാത്മകമായ പ്രപഞ്ചം ഈശ്വരരൂപമാണ്, അതില്‍പ്പെട്ട താനും. അതായത് ഏതുനേരത്തും ദശയിലും, ലോകമോ ലോകവസ്തുക്കളോ താനോ ഈശ്വരമയമല്ലാതാകരുത്. അതെങ്ങനെ അറിവാകും? ഈശ്വരലക്ഷണമായ മംഗളത അനുഭവപ്പെടുന്നുണ്ടോ എന്ന പരിഗണനയില്‍ നിന്ന്. എല്ലായ്‌പ്പോഴും താനോ ലോകവസ്തുക്കളോ അമംഗളമോ അമംഗളസൂചനയോ നല്‍കാതിരിക്കണം. 
ലോകത്തിനും തനിക്കും രണ്ടവസ്ഥകളുണ്ട്. അനങ്ങാതെ അതാതിന്റെ നിലയില്‍ നില്‍ക്കുന്നതൊന്ന്, പല തരത്തിലും ചലിക്കുന്നതു മറ്റൊന്ന്. ചലിക്കാത്ത വായു, ചലിക്കുന്ന വായു. സൗമ്യചലനം മന്ദമാരുതനാണ്, ഭയങ്കരചലനം കൊടുങ്കാറ്റും. ഭംഗിയില്‍ച്ചമച്ച മണ്‍പ്രതിമകള്‍ ആഹ്ലാദകരമാണ്, ചളിരൂപത്തിലുള്ളത് അനാസ്വാദ്യവും. ഇങ്ങനെയുള്ള വിവിധഭാവങ്ങളില്‍ ഒന്നിലുംതന്നെ അനഭിരുചിയോ ഹീനത്വമോ ഭയാനകതയോ തോന്നരുത്. അചരവസ്തുക്കളിലാണ് ഇതെല്ലാം പ്രത്യക്ഷപ്പെടുന്നത്. 
ചരവസ്തുക്കളാണ് ജീവികള്‍. പക്ഷിമൃഗാദികള്‍, മനുഷ്യര്‍ എല്ലാം ഇതില്‍പ്പെടും. ഇവയുടെ ചലനങ്ങളാണ് പ്രവൃത്തികള്‍. പ്രവര്‍ത്തിക്കാതെ അവരവരുടെ സ്ഥിതികളില്‍ ഇരിക്കുന്നവരുണ്ട്, പലതരത്തിലും പ്രവര്‍ത്തിക്കുന്നവരും. നാം കാണാത്ത നിരവധി കള്ളന്മാരും ദുര്‍ന്നടപ്പുകാരുമുണ്ട്. അവരുടെ ചില കളവുകള്‍ നമുക്കറിവായേക്കാം. നാം അറിയാത്തപ്പോഴും അവര്‍ എവിടെയെങ്കിലും കക്കുന്നുണ്ടാവും. അവര്‍ നിങ്ങളുടെ സ്‌നേഹിതന്റെ വീട്ടില്‍ കളവു നടത്തിയാല്‍മാത്രം, അതില്‍ ഒരു പുതുമയും മ്ലാനത യും തോന്നുന്നതെന്തിന്? ഇതേമാതിരിതന്നെ കൊലയിലും കവര്‍ച്ചയിലും തോന്നുന്നതും. 
സ്‌നേഹിതനിലെന്നപോലെ, നമ്മുടെ വീട്ടിലും കളവുനടക്കുമ്പോള്‍ നമുക്കു വിഷമം. എന്താണത്? അതിനു മുമ്പും അവരുടെ വൃത്തി മറ്റുള്ളവരെ വിഷമിപ്പിച്ചുകൊണ്ടിരുന്നില്ലേ? എല്ലാം ഈശ്വരനായനുഭവപ്പെടുമ്പോള്‍, അമംഗളതയെവിടെ? അനിഷ്ടസംഭവങ്ങളില്‍ ഈശ്വരമയതത്വത്തെ കാണുന്നില്ലെന്നര്‍ഥം. നമ്മളില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന ലോകത്തില്‍, അചരങ്ങളിലോ ചരങ്ങളിലോ, അവ എന്തുതന്നെ പ്രവര്‍ത്തിച്ചാലും, അതിലൊന്നും വ്യഥ തോന്നാതിരിയ്ക്കണം. ഇതാണ് ഭക്ത്യാദര്‍ശത്തിന്റെ ഒരു ഭാഗം.
വേറൊരംശമാണ് ഭക്തരെപ്പറ്റിയുള്ളത്. വാസ്തവത്തില്‍ ലോകത്തിലുള്ള ചരാചരങ്ങളില്‍പ്പെടുന്നവനാണ് താനുമെന്നു ഭക്തന്നു തോന്നുന്ന പക്ഷം, പ്രത്യേകിച്ചൊന്നും ഇക്കാര്യത്തില്‍ പറയാനില്ല. സാധാരണയായി ലോകമെന്നു പറയുമ്പോള്‍ താനൊഴികെ എന്നാണ് എല്ലാവരും ധരിയ്ക്കുക. എല്ലാറ്റിനുമുള്ളതുപോലെയുള്ള സ്ഥാനം തനിക്കും നല്‍കാന്‍ സാധിച്ചാല്‍, അതില്‍ എല്ലാം പരിസമാപിച്ചു. 
തന്റെ ദേഹത്തില്‍ വരുന്ന ദശാഭേദങ്ങള്‍, മറ്റു വികാരങ്ങള്‍, എല്ലാംതന്നെ ഈശ്വരമയമായിത്തോന്നണം. മനസ്സിലുണ്ടാകുന്ന ചലനങ്ങളും വികാരങ്ങളും അതുപോലെതന്നെയാകണം. എന്തുതന്നെ വിചാരമോ ചിന്തയോ പുറപ്പെടുമ്പോഴും, അവ ഇന്ദ്രിയങ്ങളിലൂടെ കര്‍മങ്ങളായി പ്രകടമാകുമ്പോഴും, അതിലൊന്നുംതന്നെ സംശയമോ സങ്കടമോ തോന്നിപ്പോകരുത്. ഇതൊക്കെ നല്ലതും ചീത്തയുമായി ഇടകലര്‍ന്നിരിക്കും. 
ഒരു ഭക്തനില്‍ അവ കൂടുതലും മംഗളകരമായേ തീരൂ, മറിച്ചാകില്ല. എങ്ങാനും ഒരു ദുഷ്പ്രവൃത്തി വന്നുപോയാലോ എന്നുദ്ദേശിച്ചിട്ടാണ്, ചീത്തയായാലും എന്നു പറയുന്നത്. മറ്റുള്ളവര്‍ക്ക് അവരുടെ പൂര്‍വസംസ്‌കാരം മൂലം ദുഷ്പ്രവൃത്തിയില്‍ പ്രേരണ തോന്നുന്നതു പോലെയാണ്, ഭക്തനും അനിവാര്യമായി ചിലപ്പോള്‍ അസഭ്യം ചെയ്യാന്‍ തോന്നുന്നത്. 
അങ്ങനെ വല്ലതും സംഭവിച്ചുപോയാല്‍, അതില്‍ നിര്‍ല്ലേപനായിരിയ്ക്കയാണ് വേണ്ടത്. ഇനിയൊരുവന്റെ ദുഷ്പ്രവൃത്തിയില്‍ നമുക്ക് ഉത്തരവാദിത്തമില്ലെന്നതാണല്ലോ ദു:ഖം ബാധിക്കാതിരിക്കാന്‍ കാരണം. അതേമാതിരി തന്നെക്കുറിച്ചും തനിക്കു പൂര്‍ണമായ നിയന്ത്രണശക്തിയില്ലെന്നുള്ള ദാസഭാവം അങ്ങേയറ്റത്തേതാണ്. അത്രമാത്രമുള്ള ഈശ്വരഭാവനയെയാണ് ഇതു കുറിയ്ക്കുന്നത്.ഈ ഭാവം ഇങ്ങനെ ഉറപ്പിക്കുന്ന പക്ഷം അതു ഭക്തന്ന് അധര്‍മം പ്രവര്‍ത്തിയ്ക്കാനൊരു കാരണമാകില്ലേ എന്ന സംശയമുണ്ടായേക്കാം.
 ഒരിക്കലുമില്ല. എന്തുകൊണ്ടെന്നാല്‍, ഈശ്വരാന്വേഷണം അധര്‍മിക്ക് സംഭവ്യമേ അല്ല. അധര്‍മത്തില്‍നിന്നു വിരമിച്ചവനാണ് ധര്‍മി. അധര്‍മം അസഹ്യമാകുന്ന അവസ്ഥയാണ് ധര്‍മാനുഷ്ഠാനത്തിനു കാരണംതന്നെ. നാവില്ലാത്തവന്‍ സ്വാദുള്ള ഭക്ഷണത്തിന്നു കൊതിക്കുമോ? നാവാണ് സ്വാദിന്റെ വൈഭവത്തെപ്പറ്റി അറിയിക്കുന്നതു തന്നെ. നാവു കെട്ടുപോയ ഒരുവന്  സ്വാദില്‍ താത്പര്യമുണ്ടാവില്ല. ഇതുപോലെതന്നെയാണ്, അധര്‍മം വേണ്ടെന്നുവെച്ചവനേ ധര്‍മാതീതമായ ഈശ്വരഗവേഷണത്തിന്നു പുറപ്പെടൂ എന്നതും.
മംഗളരൂപനാണ് ഈശ്വരനെന്നു പറഞ്ഞുവെച്ചു. മഴക്കാറും മറ്റുമാലിന്യങ്ങളും നീങ്ങി കണ്ണുകുളിര്‍പ്പിക്കുന്ന നീലനിറമുള്ള ആകാശത്തെ കണ്ടാലുണ്ടാകുന്നതുപോലെ, മംഗളത അനുഭവപ്പെടുമ്പോഴും അതിന്റേതായ ഒരു പ്രത്യേക ശാന്തി സ്വയം അറിവാകും. ശാന്തിയാണ് ഈശ്വരാനുഭവത്തിന്റെ തെളിവ്. ശാന്തിയുണ്ടെങ്കില്‍ അതീശ്വരന്റേതാണ്; ഈശ്വരനില്‍ നിന്നാണ്, ഈശ്വരദര്‍ശനത്തില്‍ നിന്നാണ്. തര്‍ക്കമറ്റ വിഷയമാണത്..
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments:

Post a Comment