Tuesday, August 21, 2018

ഭഗവദ്ഗീത യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് രണ്ടാം അദ്ധ്യായം 11 ാം ശ്ലോകത്തില്‍ നിന്നാണ്. ശങ്കരാചാര്യസ്വാമികള്‍ തന്‍റെ ഭാഷ്യം ആരംഭിക്കുന്നത് അവിടെ നിന്നാണ്. സര്‍വ്വജ്ഞനായ ഭഗവാന്‍റെയടുത്ത് ജ്ഞാനം പറയുകയും, താന്‍ ചെയ്യേണ്ടത് എന്താണെന്ന് വാദിക്കുകയും,  എന്നാല്‍ ഒപ്പം തന്നെ ബന്ധുമിത്രാദികളുടെ മരണത്തെക്കുറിച്ചാലോചിച്ച് കരയുകയും ചെയ്യുന്ന അര്‍ജ്ജുനന്‍റെ മൂഢത ഭഗവാന്‍ തുറന്നു കാണിക്കുന്നു. അര്‍ജ്ജുനന്‍റെ മാത്രമല്ല, നമ്മുടെയെല്ലാം കേവലമായ പാണ്ഡ്യത്തിന്‍റെ പൊള്ളത്തരമാണ് ഗീത അവിടെ വ്യക്തമാക്കുന്നത്. കൂടാതെ യഥാര്‍ത്ഥ ജ്ഞാനിയുടെ ലക്ഷണം, ഗീതയുടെ ലക്ഷ്യം എല്ലാം ആ ശ്ലോകത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

ڇഅശോച്യാനന്വശോചസ്ത്വംപ്രജ്ഞാവാദാംശ്ച ഭാഷസേ   
ഗതാസൂനഗതാസൂംശ്നാനുശോചന്തി പണ്ഡിതാഃڈ
(ആരെക്കുറിച്ചാണോ ദുഃഖിക്കാന്‍ പാടില്ലാത്തത് അവരെക്കുറിച്ച് ദുഃഖിക്കുകയും പണ്ഡിതനെ പോലെ സംസാരിക്കുകയും ചെയ്യുന്നു. ജ്ഞാനി മരിച്ച് പോയവരെക്കുറിച്ചാലോചിച്ചോ ജീവിച്ചിരിക്കുന്നവരെക്കുറിച്ചാലോചിച്ചോ ദുഃഖിക്കില്ല. ഗീത 2/11)
മരിച്ചവരും, മരിക്കാത്തവരും- ഈ രണ്ടു കൂട്ടരെ ലോകത്തുള്ളു. ഗീത പറയുന്നു- ജ്ഞാനി ഈ രണ്ടു കൂട്ടരെക്കുറിച്ചാലോചിച്ചും കരയില്ല! അതായത് മരണത്തെക്കുറിച്ചാലോചിച്ചും കരയില്ല, മരിക്കാത്തവരുടെ ജീവിതത്തിലെ വിവിധ ദുഃഖങ്ങളിലും ജ്ഞാനി കരയില്ല. മനുഷ്യന്‍റെ ഏറ്റവും വലിയ ദുഃഖമാണ് മരണദുഃഖം, മനുഷ്യന്‍റെ ഏറ്റവും വലിയ ഭയമാണ് മരണഭയം. ഈ ലോകം ഇത്രയും ആയുധക്കൂമ്പാരമായിരിക്കുന്നതിന്‍റെ മുഖ്യകാരണം പരിശോധിച്ചാല്‍ മനസ്സിലാകും, മരണഭയമാണ്. കൊല്ലപ്പെടുമെന്നുള്ള ഭയത്താലാണ് വ്യക്തികളും രാജ്യങ്ങളും ആയുധമുണ്ടാക്കുന്നത്. ഗീത വ്യക്തമായി പറയുന്നു, ജ്ഞാനി മരണത്തില്‍ ഭയപ്പെടില്ല, ദുഃഖിക്കില്ല. ഇനി ജീവിച്ചിരിക്കുന്നവരുടെ ദുഃഖമോ? ജീവിതത്തില്‍ ധാരാളം ദുഃഖങ്ങള്‍ നമ്മളൊക്കെ കാണുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്ക് മാറാരോഗങ്ങള്‍, ദാരുണമായ അപകടങ്ങള്‍, പ്രതീക്ഷിക്കാത്ത വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങള്‍, പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടപ്പെടുന്ന മനുഷ്യരും ജീവികളും. നിരപരാധികള്‍ എന്നു തോന്നുന്നവര്‍ പോലും വളരെയധികം കഷ്ടപ്പെടുന്നതു കാണുമ്പോള്‍ സാധാരണക്കാരും അറിവുള്ളവര്‍ പോലും ചിന്തിക്കാറുണ്ട്, എന്താ സത്യത്തിന് വിലയില്ലേ, ഈശ്വരനുണ്ടായിട്ടും എന്തുകൊണ്ടിങ്ങനെ? ഗീത ആശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നു, ഈവക ദുഃഖങ്ങള്‍ കണ്ട് ജ്ഞാനി കരയില്ല! ദുഃഖിക്കുന്നവരെ സഹായിക്കേണ്ടായെന്നോ അവരോട് ദയവു കാണിക്കണ്ടായെന്നോ ഗീത പറയുന്നില്ല.  അനേകര്‍ ചുറ്റും കൂടി നില്‍ക്കുമ്പോഴും ആരുടെയും സഹായം കിട്ടാതെ അപകടത്തില്‍ പെട്ടയൊരാള്‍ രക്തം വാര്‍ന്ന് മരിച്ച സംഭവങ്ങള്‍ നമ്മള്‍ വായിക്കാറുണ്ട്. സമൂഹമനസ്സില്‍ നിന്ന് ദയ വറ്റിപ്പോയെന്നാണ് അത് കാണിക്കുന്നത്. അത് ഗീത വായിച്ചതു കൊണ്ടുണ്ടായ കുഴപ്പമല്ല. ഈ നാട്ടില്‍ ഏതാണ്ട് ആരും തന്നെ മനുസ്മൃതി വായിച്ചിട്ടില്ല. പക്ഷേ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ڇന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിچچ എന്ന് മനുസ്മൃതിയില്‍ എഴുതിവച്ചതു കൊണ്ടാണെന്ന് പലരും പ്രസംഗിക്കുന്നതു പോലെയിരിക്കുമത്. ഈ ദയാരാഹിത്യമല്ല ഗീത പറയുന്നത്. സഹായിച്ചോളുക, ദയവു കാണിച്ചോളുക, പക്ഷേ ആരുടെയും ദുഃഖം ഏറ്റെടുക്കാനൊന്നും വൃഥാ ശ്രമിക്കേണ്ട, ഒരാളുടെ ദുഃഖത്തില്‍ വേറൊരാള്‍ ദുഃഖിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഗീതയുടെ ആത്യന്തിക ലക്ഷ്യമിതാണ്, ഭഗവാന്‍റെ അവതാരോദ്ദേശ്യമിതാണ്- കരയാത്ത ഒരു പിടി മനുഷ്യരെ വാര്‍ത്തെടുക്കണം. അയ്യപ്പന്‍റെയും മുരുകന്‍റെയും ദേവിയുടെയും മുഖത്ത് കരച്ചിലില്ല. സദാ പുഞ്ചിരിയാണ് അവരുടെയെല്ലാം മുഖത്ത്. കരയാത്ത ഒരു ജനത ഇവിടെയുണ്ടായിരുന്നു. കാലത്തിലൂടെയുള്ള യാത്രയില്‍ അവര്‍ കരയുന്നവരായി പോയി. കൊച്ചു കാര്യത്തിനു പോലും അവര്‍ കരയും, വിതുമ്പും. സ്വന്തം ദുഃഖം ആലോചിച്ചു മാത്രമല്ല, മറ്റുള്ളവരുടെ വേദനയെക്കുറിച്ചാലോചിച്ചു പോലും കരയുന്ന തികച്ചും ദുര്‍ബ്ബലരായി പോയി അവര്‍. ഒരിക്കല്‍ അവര്‍ അമരന്മാരായിരുന്നു, മരണഭയമില്ലാത്തവരായിരുന്നു. ഇന്ന് ബന്ധുമിത്രാദികളുടെ മരണത്തെക്കുറിച്ചാലോചിച്ച്, ലോകത്തിലെ ദുഃഖങ്ങള്‍ കണ്ട് ഏറ്റവും കൂടുതല്‍ കരയുന്നവരായി അവര്‍ മാറിയിരിക്കുന്നു! ഗുരുക്കന്മാരുടെയും ബന്ധുക്കളുടെയും മരണത്തെക്കുറിച്ചാലോചിച്ചാണ് അര്‍ജ്ജുനന് തളര്‍ച്ച വന്നത്.  ഈ കരയുന്ന അര്‍ജ്ജുനന്മാരെ കരയാത്തവരാക്കി മാറ്റണം, കരയാത്ത ഒരു ജനതയെ വീണ്ടും വാര്‍ത്തെടുക്കണം, അതാണ് ഗീതയുടെ ലക്ഷ്യം. ഒരു കൂട്ടക്കുരുതിയുടെയും കൂട്ടക്കരച്ചിലിന്‍റേയും വക്കിലാണ് ഗീത ഈ ലക്ഷ്യം നമുക്ക്  നല്‍കുന്നതെന്ന് തിരിച്ചറിയണം.
 ഭാരതം നശിക്കില്ല എന്ന് നാമെല്ലാം അഭിമാനിക്കാറുണ്ട്. എന്തുകൊണ്ടാണെന്ന് അധികമാരും ചിന്തിക്കാറില്ല. മരിക്കാന്‍ പഠിച്ച നാടായതു കൊണ്ടാണ് ഭാരതം മരിക്കാത്തത്!  മരണത്തെക്കുറിച്ച് ഗവേഷണം ചെയ്തവരാണ് ഭാരതീയ ഋഷികള്‍. ഉപനിഷത്തുകള്‍, പ്രത്യേകിച്ച് കഠോപനിഷത് മരണത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധമാണ്. ഗീതയും ആദ്യം ചര്‍ച്ച ചെയ്യുന്നത് മരണത്തെക്കുറിച്ചാണ്. രണ്ടാം അദ്ധ്യായം 11 ാം ശ്ലോകത്തില്‍ ലക്ഷ്യം വ്യക്തമാക്കി തരുന്ന ഗീത, രണ്ടാമദ്ധ്യാം 12 ാം ശ്ലോകത്തില്‍ നിന്ന് ജ്ഞാനം ആരംഭിക്കുന്നു. ആത്മാവിന്‍റെ അമരത്വത്തിന്‍റെ ശംഖനാദം മുഴക്കിക്കൊണ്ടാണ് ഗീത അവിടെ നിന്ന് ആരംഭിക്കുന്നത്.

ڇന ത്വേവാഹം ജാതു നാസം നത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരംڈ
(ഞാനും നീയും ഈ യുദ്ധക്കളത്തിലുള്ള രാജാക്കന്മാരുമെല്ലാം ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, മേലിലും നാമാരും ഇല്ലാതാകുകയുമില്ല 2-12)
അര്‍ജ്ജുനന്മാരായ നമ്മള്‍ കാണുന്നത് നശ്വരമായ ശരീരങ്ങളേയാണ്, തൃക്കണ്ണനായ അമരനാഥന്‍ കാണുന്നത് അനശ്വരനായ ആത്മാവിനേയാണ്. ജ്ഞാനത്തിന്‍റെ തൃക്കണ്ണ് മാനവന് നല്‍കാനാണ് ത്രംബേകശ്വരനായ ഭഗവാന്‍ അവതരിക്കുന്നത് തന്നെ. ജീവിതത്തില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് څഞാന്‍چ څഞാന്‍چ എന്നാണ്. എന്നാല്‍ څഞാന്‍چ ആരാണ്? പുറമേ കാണുന്ന ശരീരമാണ് ഞാന്‍ എന്നാണ് നാമെല്ലാം ധരിക്കുന്നത്. നിങ്ങള്‍ ആരാണ്? ആരാണ് നിങ്ങളുടെ അച്ഛന്‍? ആരാണ് അമ്മ? ആരാണ് ബന്ധു? നമ്മുടെ മനസ്സില്‍ വരുന്നത് ദേഹങ്ങളാണ്. ദേഹത്തിന്‍റെ രൂപം, നാമം, നിറം, ദേഹം പിറന്ന ജാതി, ദേശം ഇതെല്ലാമാണ് നമ്മുടെയെല്ലാവരുടെയും മനസ്സില്‍ തെളിയുന്നത്. ഈ ശവബോധമാണ് എല്ലാ ദുഃഖത്തിന്‍റെയും പ്രശ്നങ്ങളുടെ മൂലം. ദേഹം ദഹിച്ചു പോകുന്ന സാധനമാണ്. ദേഹമാണ് څഞാന്‍چ എന്ന ബോധത്തിന്‍റെ നിഴലാണ് മരണഭയം. അതിനാല്‍ മരണഭയമില്ലാതാക്കണമെങ്കില്‍ ദേഹബോധം അകറ്റണം.
 ആദ്യം ദേഹത്തെക്കുറിച്ച് നന്നായി മനനം ചെയ്യണം. നന്നായി മനനം ചെയ്യാതെ സ്വീകരിക്കുന്ന ജ്ഞാനം സമയത്ത് ഉപയോഗപ്പെടില്ല. നമ്മളില്‍ പലരും കേള്‍ക്കുക മാത്രമേ ചെയ്യുന്നുള്ളു. കേട്ടതിനെക്കുറിച്ച് മനനം ചെയ്യണം. അതിന്‍റെ സ്വരൂപമാകാന്‍ ശ്രമിക്കണം. ഈ പരിശ്രമം അഥവാ സാധനയുടെ കുറവു കൊണ്ടാണ് ഇത്രയേറെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുണ്ടായിട്ടും മനുഷ്യര്‍ ദുര്‍ബ്ബലരായിരിക്കുന്നത്. څഅഭ്യാസേന തു കൗന്തേയچ എന്ന് ഗീതയും, څകരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണ് വണങ്ങിയോതിടേണംچ എന്ന് ആത്മോപദേശ ശതകവും ആദ്ധ്യാത്മികതയിലെ അഭ്യാസത്തിന്‍റെ ആവശ്യകത ഊന്നി പറയുന്നു. കഴിച്ച ആഹാരം ദഹിച്ചാലെ രക്തമാകൂ, അതില്‍ നിന്നേ ആരോഗ്യമുണ്ടാകൂ. അപ്രകാരം ജ്ഞാനം കേള്‍ക്കുന്നത് കഴിക്കല്‍ മാത്രമാണ്. എന്നാല്‍ മനനത്തിലൂടെ മാത്രമേ ജ്ഞാനം ദഹിച്ച് മനസ്സിന്  ആരോഗ്യം കൈവരൂ. ഈ ശരീരം എങ്ങനെയുണ്ടായി- ഒന്നു ചിന്തിച്ചു നോക്കൂ. അമ്മയുടെ ഗര്‍ഭത്തില്‍ ഇത് ഭ്രൂണമായിരുന്നു. ആ ഭ്രുണം എങ്ങനെ രൂപപ്പെട്ടു? അച്ഛന്‍റെ ബീജവും അമ്മയുടെ അണ്ഡവും ചേര്‍ന്ന്! അന്ന് നമ്മളുണ്ടായിരുന്നോ? ഇല്ലായിരുന്നു. നമ്മോടു ചോദിച്ചിട്ടാണോ ആ പ്രക്രിയ നടന്നത്? ചോദിക്കാന്‍ അന്ന് നമ്മളില്ലായിരുന്നല്ലോ? പ്രപഞ്ചനാടകത്തിന്‍റെ തിരക്കഥക്കനുസരിച്ച് ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്‍റെ ബീജവും ചേര്‍ന്നതാണ് ഇന്ന് നാം അഭിമാനത്തോടുകൂടി കാണുന്ന ശരീരത്തിന്‍റെ തുടക്കം. അമ്മയുടെ ഗര്‍ഭത്തില്‍ ആ ഭ്രൂണം വളര്‍ന്നു. എങ്ങനെ വളര്‍ന്നു? അമ്മ കഴിച്ച ആഹാരത്തില്‍ നിന്ന്! അമ്മക്ക് ആഹാരം നല്‍കിയത് ആരാണ്? ഭൂമി! 10 മാസം പൂര്‍ത്തിയാക്കി ആ പിണ്ഡം പുറത്തു വന്നു,  നാമകരണം ചെയ്തു. ആ കുഞ്ഞ് ശരീരം എങ്ങനെ ഇത്ര വലിയ ശരീരമായി മാറി. നാം കഴിച്ച ആഹാരത്തില്‍ നിന്ന്. ഈ ആഹാരം എവിടെ നിന്ന് എടുത്തു. ഭൂമിയില്‍ നിന്ന്. അതേ,  പ്രകൃതിയാകുന്ന അമ്മയില്‍ നിന്നെടുത്ത ആഹാരവും വെള്ളവും വായുവും സൂര്യപ്രകാശവുമാണ് നമ്മളെല്ലാവരുടെയും ശരീരം. നോക്കൂ, ഗീതാരഥം ഭഗവാന്‍ നിര്‍ത്തിയിരിക്കുന്നത് മഹാഭാരതയുദ്ധക്കളത്തിന്‍റെ മദ്ധ്യത്തിലാണ്. ڇസേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമംڈ. അവിടെ നിന്ന് നോക്കിയാലെ ഗീതയുടെ പൊരുള്‍ പിടി കിട്ടൂ. ഇന്ന് നമ്മുടെ ഭൂമിയില്‍ ഏതാണ്ട് 750 കോടിയിലേറെ മനുഷ്യരുണ്ട്. അനേക പേരുകളില്‍- രാഷ്ട്രത്തിന്‍റെ, മതത്തിന്‍റെ, ജാതിയുടെ, നിറത്തിന്‍റെ, വിശ്വാസങ്ങളുടെ, രാഷ്ട്രീയത്തിന്‍റെ എല്ലാറ്റിന്‍റേയും പേരില്‍ അടിച്ചു മരിക്കാനും കൊല്ലാനുമായി ആണവായുധങ്ങള്‍ വരെ നിരത്തി വെല്ലുവിളിച്ചു കൊണ്ട് നില്‍ക്കുന്ന സേനകളുടെ മദ്ധ്യത്തില്‍ നിന്ന് പ്രകൃതിപതിയായ ഭഗവാന്‍ അര്‍ജ്ജുനനോട്, നമ്മളോട് ചോദിക്കുകയാണ്- ഹേ അര്‍ജ്ജുന! ഈ എന്‍റെ, എന്‍റെ എന്ന് പറയുന്ന നിന്‍റെ ശരീരത്തില്‍ നിന്‍റെതായിട്ട് എന്തുണ്ട്? ഒന്നുമില്ല ഭഗവാനെ, എല്ലാം പ്രകൃതിയുടെ ദാനം മാത്രം.  ഹേ പാര്‍ഥ! അടിച്ചു മരിക്കാനായി അനേക കോടി മനുഷ്യര്‍ ഇവിടെ നില്‍പ്പുണ്ടല്ലോ. ഇവരുടെയെല്ലാം ദേഹങ്ങള്‍ എവിടെ നിന്നുണ്ടായതാണ്. ഒരേ ഭൂമിയില്‍ നിന്ന് ഭഗവാനേ! ഒരേ പ്രകൃതിയുടെ പഞ്ചതത്വങ്ങില്‍ നിന്നുണ്ടായതാണ് ഈ ശരീരങ്ങളെല്ലാം. എങ്കില്‍ ഹേ അര്‍ജ്ജുന! ഒന്നില്‍ നിന്നുണ്ടായ, ഒന്നിന്‍റെ ഭാഗമായ ഇതെല്ലാം പിന്നെന്തിന് ഞാനും നീയും എന്ന് പറഞ്ഞ് അടിച്ചു മരിക്കുന്നു. ഭഗവാനെ മനസ്സിലാകുന്നില്ല. അതാണ് കുഞ്ഞേ അജ്ഞാനം, അന്ധത്വം, വിവരമില്ലായ്മ. അതേ എല്ലാ യുദ്ധങ്ങളും ഈ മഹാഭാരതയുദ്ധവും ഉണ്ടായത് മനുഷ്യന്‍റെ വിവരക്കേടില്‍ നിന്ന്, പരിധിയാല്ലാത്ത വിവരക്കേടില്‍ നിന്നാണ്. ദുര്‍ബുദ്ധിയായ, അന്ധനായ മനുഷ്യനുണ്ടാക്കിയ ഈ വിവരക്കേടില്‍ ഭഗവാന്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് ഈ വിവരക്കേടിന്‍റെ ഭാഗമാകുമെന്ന് നാം തെറ്റിദ്ധിരിക്കരുത്. പകരം ഒഴിവാക്കാന്‍ വയ്യാത്ത, കാലാനുസൃതമായി നടക്കേണ്ടുന്ന ഈ മഹാക്കുട്ടക്കുരുതിയില്‍ നിന്ന് കുറച്ച് പേരെയെങ്കിലും മുക്തമാക്കാനാണ് ഭഗവാന്‍ വരുന്നതും ഗീതാജ്ഞാനം നല്‍കുന്നതും. ഈ കൂട്ടക്കുരുതിയുടെ ഭയാനകത മനസ്സിലാക്കണമെങ്കില്‍ ഗീതയുടെ 11 ാം ആദ്ധ്യായം വായിച്ചാല്‍ മതിയാകും.
 എന്ന് ഞാന്‍ മരിക്കും, എന്ന് എന്‍റെ ബന്ധുക്കള്‍ മരിക്കും? ആധിയാണ്. മനുഷ്യന്‍റെ ഈ ആധിയാണ് ഇന്ന് ഇത്രയും ആശുപത്രികളേയും മരുന്നിനേയും സൃഷ്ടിച്ച് മനുഷ്യനെ കൊല്ലാതെ കൊല്ലുന്നത്. ഈശ്വരനോടു ചോദിക്കൂ- ദൈവമേ ഞാന്‍ എന്ന് മരിക്കും. നിന്‍റെ ജന്മം തീരുമാനിച്ചത് നീയാണോ? അല്ല! എങ്കില്‍ നിന്‍റെ മരണവും തീരുമാനിക്കുന്നത് നീയല്ല. നോക്കൂ, ജനനവും മരണവും പ്രകൃതിയുടെ തീരുമാനിച്ച് നടക്കുന്ന കാര്യങ്ങളാണ്. ആരുടെ മരണവും ഒരു നിമിഷം പോലും മാറ്റി വയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഈ സത്യം മനസ്സിലാക്കി, മരണത്തെക്കുറിച്ച് കൂടുതല്‍ ചിന്താകുലനാകാതെ മരിക്കുന്നതു വരെ നന്നായി ജീവിക്കാന്‍ പഠിക്കണം.

ڇജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേളര്‍ഥേന ത്വം ശോചിതുമര്‍ഹസി ڈ
(ജനിച്ചവന് മരണവും മരിച്ചവന് ജനനവും ഉറപ്പാണ്, പരിഹാരമില്ലാത്ത ഈ കാര്യത്തെ കുറിച്ച് ദുഃഖിക്കരുത്- ഗീത 2: 27)
 ഗീതയിലൂടെ ഭഗവാന്‍ നല്‍കുന്ന ഈ സ്വാന്തനം സ്വീകരിക്കണം. മരിക്കും എന്ന കാര്യം ഉറപ്പായതു കൊണ്ട് ജനിച്ച എല്ലാവരും ആദ്യം പഠിക്കേണ്ടത് മരിക്കാനാണ്. സന്തോഷമായി, സമാധാനമായി മരിക്കാന്‍ പഠിച്ചാല്‍ സന്തോഷമായി, സമാധാനമായി ജീവിക്കാന്‍ പറ്റും. ഈ ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മരിക്കാനുള്ള പഠനത്തിന്‍റെ കുറവാണ്. മരണമില്ലാതെയാക്കാന്‍ പറ്റുമെന്ന വിചാരത്തില്‍ മരുന്നിന്‍റെ പുറകെയുള്ള ഓട്ടം, മരിക്കുന്നതിനു മുമ്പ് ഏതു വിധേനയും പരമാവധി സമ്പത്ത് ഉണ്ടാക്കാനുള്ള നെട്ടോട്ടം, മറ്റുള്ളവര്‍ കൊല്ലുമെന്ന് ഭയന്ന് അവരെ കൊല്ലാനായി കുന്നുകൂട്ടിക്കൊണ്ടിരിക്കുന്ന ആയുധങ്ങള്‍- ഇതെല്ലാമാണ് ഇന്ന് ലോകം നേരിടുന്ന മഹാപ്രശ്നങ്ങള്‍. ഗീത പറയുന്നു- ജ്ഞാനി കൊല്ലുകയുമില്ല, കൊല്ലിക്കുകയുമില്ല. ജ്ഞാനി ആരുടെ മരണത്തിലും കരയുകയുമില്ല.
‌ ആദ്യം നമുക്ക് ഈ ദേഹം ഭഗവാന് സമര്‍പ്പിക്കാം. ഈ ദേഹം പ്രകൃതി നല്‍കിയതാണ്. ഇതിന്‍റെ ഉടമസ്ഥാവകാശം പ്രകൃതിപതിയായ ഭഗവാനാണ്. നമ്മള്‍ സൂക്ഷിപ്പുകാര്‍ മാത്രമാണ്. അമേരിക്കയിലെ ഡോക്ടര്‍മാര്‍ ഈ ശരീരത്തിന് വിലയിട്ടു നോക്കി. ഏതാണ്ട് 220 കോടി രൂപ വരുമെന്നാണ് അവരുടെ കണക്ക്. അത് തീരെ കുറവാണ്. വാസ്തവത്തില്‍ ഈ ദേഹം മാസ്റ്റര്‍ പ്രപഞ്ചമാണ്. ഈ പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഈ ദേഹത്തിലുമുണ്ട്. എന്തായാലും വളരെ വലിയ വിലയുള്ള ഒരു സാധനമാണ് പ്രകൃതി നമുക്ക് നല്‍കിയിരിക്കുന്നത്. അതിനോടുള്ള ധര്‍മ്മമാണ് ആദ്യം മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മം. ശുദ്ധമായ, മിതമായ ആഹാരവും ലളിതമായ വ്യായാമവും, ശുദ്ധമായ, ശുഭമായ ചിന്തയുമുണ്ടെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ ചില സാഹചര്യങ്ങളില്‍ മരുന്നും ആഹാരമാക്കേണ്ടി വരും. ഇത്രയൊക്കെ മതി ആരോഗ്യമായി സന്തോഷമായി ജീവിക്കാന്‍. എന്നാല്‍ വൈദ്യനാഥനായ ഭഗവാന്‍ വരുന്നത് ദേഹത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കാനല്ല. പകരം ആത്മജ്ഞാനം നല്‍കാനാണ്.  ഈ ദേഹം യഥാര്‍ത്ഥത്തില്‍ ഞാനല്ല. എന്‍റെ ദേഹം എന്നാണ് നാമെല്ലാം പറയുന്നത്.  അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? എന്‍റെ വസ്ത്രമാണ്, ഞാന്‍ വസ്ത്രമല്ല. എന്‍റെ വീടാണ്, ഞാന്‍ വീടല്ല. എന്‍റെ കാറാണ്, ഞാന്‍ കാറല്ല. അപ്രകാരം ദേഹം എന്‍റെയാണ്, ഞാനല്ല. അപ്പോള്‍ ഞാന്‍ ആരാണ്? എന്‍റെ കണ്ണില്‍ കൂടി ഞാന്‍ കണ്ട കാര്യമല്ലേ. ഞാന്‍ എന്‍റെ കാതില്‍ കൂടി കേട്ട കാര്യമാണ്. ഇങ്ങനെയൊക്കെ നാം പറയാറുണ്ട്. എന്നാല്‍ എന്‍റെ കണ്ണില്‍ കൂടി കണ്ട ഞാന്‍ ആരാണ്? എന്‍റെ കാതില്‍ കൂടി കേട്ട ഞാന്‍ ആരാണ്? ഇത് വലിയ പ്രഹേളിയകയാണെങ്കിലും ഈശ്വരന്‍ വരുന്നതു തന്നെ ഈ പ്രഹേളികക്ക് ഉത്തരം നല്‍കാനാണ്, അതും വളരെ ലളിതമായി. ആത്മാവിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് നല്‍കി ആത്മാഭിമാനികളായ ഒരു ജനതയെ വാര്‍ത്തെടുക്കുവാനാണ് ആത്മനാഥനായ ഭഗവാന്‍ വരുന്നത്.

ഓം ശാന്തി:

No comments:

Post a Comment