Friday, August 03, 2018

ശ്രീരാമന്റെ യജ്ഞാനുഷ്ഠാനം – ഭാഗവതം (205)

നമോ ബ്രഹ്മണ്യദേവായ രാമായാകുണ്ഠമേധസേ
ഉത്തമശ്ലോകധുര്യായ ന്യസ്തദണ്ഡാര്‍പ്പിതാങ്ഘ്രയേ (9-11-7)
സ്ത്രീപുംപ്രസംഗ ഏതാദൃക്സര്‍വത്രൈ ത്രാ ദയാവഹ
അപീശ്വരാണാം കിമുത ഗ്രാമ്യസ്യ ഗൃഹചേതസഃ (9-11-17)
ശുകമുനി തുടര്‍ന്നുഃ
ഭഗവാന്‍ രാമന്‍ തന്റെ ആത്മപ്രസാദത്തിനുവേണ്ടി ഒരു വിശുദ്ധയാഗം നടത്തി. രാമന്‍ വിഷ്ണു ഭഗവാന്‍തന്നെയാണല്ലോ. യാഗാവസരത്തില്‍ തനിക്കുണ്ടായിരുന്നുതെല്ലാം അദ്ദേഹം ദാനം ചെയ്തു. രാജ്യവും സമ്പത്തുമുഴുവനും രാജ്യം ഭരിക്കാന്‍ യോഗ്യതയുളള മഹാത്മാക്കള്‍ക്കു മാത്രം നല്‍കി. സ്വന്തമായി ഉടുവസ്ത്രം മാത്രമെ അദ്ദേഹത്തിന് ഉണ്ടായിരുന്നുളളൂ. സീതയും രാമനെ പിന്തുടര്‍ന്നു്‌ എല്ലാം ദാനം ചെയ്തു.
രാമന്റെ സല്‍ക്കര്‍മ്മങ്ങളില്‍ സംതൃപ്തരായ മഹാത്മാക്കള്‍ രാജ്യം രാമന്‌ തിരിച്ചു നല്‍കി. എന്നിട്ടിങ്ങനെ പ്രാര്‍ത്ഥിച്ചു. “ഭഗവാനെ ഞങ്ങള്‍ നമസ്കരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ച്‌ അജ്ഞാനത്തെ തുടച്ചു മാറ്റുന്നത്‌ അവിടുന്നത്രെ. വിജ്ഞാനത്തിന്റെ ഉറവിടവും അതിപ്രശസ്തനും അഹിംസാവാദികളായ മഹാത്മാക്കള്‍ വണങ്ങുന്ന പാദങ്ങളോടുകൂടിയവനുമായ ഭഗവാനെ ഞങ്ങള്‍ നമിക്കുന്നു.”
രാമന്‍ വേഷപ്രച്ഛന്നനായി തലസ്ഥാനത്ത്‌ ജനഹിതമറിയാന്‍ നടക്കാറുണ്ടായിരുന്നു. ഒരു രാത്രിയില്‍ ഒരാള്‍ തന്റെ ഭാര്യയെ തിരസ്കരിക്കുന്നുത്‌ അദ്ദേഹം കണ്ടു. അയാള്‍ പറഞ്ഞു. “നീ മറ്റൊരാളുടെ വീട്ടില്‍ താമസിച്ചവളാണ്‌. സീതപോലും അങ്ങനെ ചെയ്തിട്ടുണ്ട്‌. രാമന്‍ തന്റെ ഭാര്യയോടുളള അതീവസ്നേഹം കൊണ്ട്‌ അതില്‍ തെറ്റൊന്നും കാണുന്നില്ലായിരിക്കാം. പക്ഷേ ഞാനങ്ങനെയല്ല. എനിക്ക്‌ നിന്നെ സ്വീകരിക്കാന്‍ വയ്യ. ജനഹിതം മാനിച്ച്, സ്വീകരിക്കാന്‍ ബുദ്ധിമുട്ടുളളതെങ്കിലും രാമന്‍ കഠിനമായ ഒരു തീരുമാനമെടുത്തു. ഗര്‍ഭിണിയായ സീതയെ കാട്ടിലേക്കയച്ചു. അധികം താമസിയാതെ സീത രണ്ട്‌ ആണ്‍കുട്ടികളെ പ്രസവിച്ചു. ലവനും കുശനും. സീത അവരെ വാല്‍മീകിമുനിയുടെ സംരക്ഷണത്തിലാക്കിയിട്ട്‌ ഭൂമിക്കടിയിലേയ്ക്കു പോയി ഇഹലോകവാസം വെടിഞ്ഞു. ഈ വാര്‍ത്തയറിഞ്ഞ രാമന്‍ ദുഃഖാകുലനായി. രാമനും സീതയും ഈ ദിവ്യനാടകമരങ്ങേറിയത്‌ സ്ത്രീപുരുഷസംഗം എന്നും ദുഃഖവും കഷ്ടപ്പാടുകളും ഉണ്ടാക്കുന്നു എന്നു കാണിക്കാനായിട്ടത്രെ. ദേവന്‍മാര്‍ പോലും ഇതിനപവാദമല്ല.
ഇതിനുശേഷം രാമന്‍ പതിമൂവായിരം കൊല്ലം രാജ്യം ഭരിച്ചു. എന്നിട്ട്‌ തന്റെ ദിവ്യസവിധത്തിലേക്കു മടങ്ങി. ദുഷ്ടരേയും രാക്ഷസന്‍മാരേയും രാമന്‍ കൊന്നൊടുക്കിയതില്‍ അത്ഭുതമൊന്നുമില്ല. രാവണനുമായുളള യുദ്ധത്തില്‍ വാനരന്‍മാര്‍ (ഇവര്‍ ചില ഗോത്രവര്‍ഗ്ഗക്കാരായിരുന്നിരിക്കാം) രാമനു തുണ നല്‍കിയതും അത്ഭതമല്ല തന്നെ. കാരണം രാമന്‍ ഭഗവാന്‍ വിഷ്ണുതന്നെയാണല്ലോ. അവിടുത്തെ മഹിമ അപാരമത്രെ. രാമന്റെ അവതാരകാലത്ത്‌ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും പരമപദം പ്രാപിച്ചു. ദിവ്യമായ ഈ രാമകഥ തുടര്‍ച്ചയായി ആവര്‍ത്തിച്ചു കേള്‍ക്കുന്നുവര്‍ക്ക്‌ കര്‍മ്മബന്ധനത്തില്‍ നിന്നു മോചനം ലഭിക്കുന്നു.
കുശന്റെ പിന്തുടര്‍ച്ചയായി സൂര്യവംശത്തില്‍ ഹിരണ്യനാഭന്‍ പിറന്നു. ജൈമിനി മഹര്‍ഷിയുടെ ശിഷ്യനായിരുന്ന അദ്ദേഹം വലിയ യോഗിയായിരുന്നു. യാജ്ഞവല്‍ക്യന്‌ ആത്മജ്ഞാനമുപദേശിച്ചത് ഈ ഹിരണ്യനാഭനത്രെ. ഈ കുലത്തിലെ അവസാന കണ്ണി ബൃഹദ്ബലനാണ്‌. അദ്ദേഹം അങ്ങയുടെ അച്ഛന്‍ അഭിമന്യുവിനാല്‍ കൊല്ലപ്പെട്ടു. കലിയുഗമവസാനിക്കും വരെ ഈ കുലം നിലനില്‍ക്കും. സുമിത്രനായിരിക്കും അവസാനത്തെ രാജാവ്‌. അതുകഴിഞ്ഞ്‌ കാലാപഗ്രാമത്തില്‍ വസിക്കുന്ന ഉത്തമയോഗിയായ മരു സൂര്യവംശത്തെ പുനരുദ്ധരിക്കും.

No comments:

Post a Comment