Monday, August 13, 2018

രാമായണസുഗന്ധം-23
Tuesday 14 August 2018 2:49 am IST
അസമഞ്ജസിനെ നാടുകടത്തിയതിന്റെ കാരണങ്ങള്‍ രാജാവിന്റെ മുഖ്യ മന്ത്രിയായിരുന്ന  സിദ്ധാര്‍ഥന്‍ വിശദീകരിച്ചു. രാമനെതിരെ രാജ്ഞിയുടെ അഭിപ്രായം വിലപ്പോകയില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജകീയസമ്പത്ത് രാമനില്‍ നിന്നും മാറ്റുവാന്‍ ആവില്ലെന്നും ജനവികാരം രാജ്ഞിക്കെതിരാകുന്നുവെന്നും സിദ്ധാര്‍ഥന്‍ സൂചിപ്പിക്കുകയും ചെയ്തു. 'ഈ കാര്യങ്ങള്‍ ശരിയാണെന്ന് രാജ്ഞിക്കു തോന്നുന്നില്ല എങ്കില്‍ താനും അയോധ്യയിലെ ജനങ്ങളും രാമനോടൊപ്പം പോവുകയാണ്. നിങ്ങള്‍ പുത്രനായ ഭരതനോടൊപ്പം രാജ്യം ആഹ്‌ളാദത്തോടെ ഭരിച്ചുകൊള്ളൂ' ദശരഥന്‍  പറഞ്ഞു.
മര്യാദാപുരുഷോത്തമനായ രാമന്റെ ചോദ്യം ഏറ്റവും യുക്തിഭദ്രവും അര്‍ത്ഥവത്തുമായിരുന്നു എല്ലാം ഉപേക്ഷിച്ച എനിക്ക് സേനയും മറ്റും എന്തിനാണുപകരിക്കുക. ഇതൊക്കെ ഭരതന്‍ ഉപയോഗിച്ചുകൊള്ളട്ടെ. രാമന്‍ കൈകേയിയുടെ ദാസിയോടായി പറഞ്ഞു, വനത്തില്‍ ധരിക്കുവാനുള്ള വസ്ത്രവും ഒരു കുട്ടയും മണ്‍വെട്ടിയും പോയി കൊണ്ടുവരൂ.
അപ്പോള്‍ കൈകേയി സ്വയം മരവുരികള്‍ രാമനു നല്‍കി. അവര്‍ക്ക് എല്ലാ മാന്യതയും നഷ്ടമായിരുന്നു. രാമനും ലക്ഷ്മണനും ആ മരവുരികള്‍ അവിടെവച്ചുതന്നെ ധരിക്കയും ചെയ്തു. സീതാദേവിയാകട്ടെ മരവുരി ധരിക്കുവാനറിയാതെ വിഷമിച്ചപ്പോള്‍ രാമന്‍ ദേവിയെ മരവുരി ധരിക്കുവാന്‍ സഹായിക്കുകയും ചെയ്തു. ഉത്തമകുലജാതയായ ജനകപുത്രിയുടെ ഈയവസ്ഥ കണ്ട അന്തഃപുരസ്ത്രീകള്‍ കണ്ണുനീര്‍വാര്‍ത്തു. ദേവിയുടെ ഈ ദര്‍ശനം തന്നെ തങ്ങള്‍ക്ക് വരുംകാലങ്ങളില്‍ പുണ്യമായി ഭവിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
കൈകേയിയുടെ കൈയില്‍നിന്നും മരവുരി വാങ്ങുമ്പോള്‍ സീതാദേവിയെ തടഞ്ഞുകൊണ്ട് നിറകണ്ണുകളോടെ കുലഗുരുവായ വസിഷ്ഠന്‍ കൈകേയിയോടു പറഞ്ഞു, 'ദുഷ്ടയായ നീ രാജാവിനെ വഞ്ചിക്കുകയും മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുകയുമാണ്. സീത വനത്തിലേക്കു പോകുന്നില്ല. സീത അയോദ്ധ്യയുടെ സിംഹാസനത്തിലിരുന്ന് വിശ്വത്തെ ഭരിക്കും. പത്‌നി ഗൃഹസ്ഥന്റെ സ്വത്വം തന്നെയാണ്. അതിനാല്‍ രാമനു പകരം സീത രാജപദവി വഹിക്കും. ഈ അന്തഃപുരത്തെ കാത്തുരക്ഷിക്കുന്ന ഭടന്മാര്‍ രാമനേയും സീതയേയും ചുറ്റിനില്‍ക്കും. കോസലമാകമാനം അയോദ്ധ്യയുള്‍പ്പെടെ രാമനോടും സീതയോടുമൊപ്പം പോകും. ഭരതനും ശത്രുഘ്‌നനും മരവുരി ധരിച്ച് തങ്ങളുടെ ജ്യേഷ്ഠനോടൊപ്പം പോകും. ജനങ്ങളില്ലാത്ത വൃക്ഷങ്ങള്‍ മാത്രമുള്ള രാജ്യം നീ ഏകയായി ഭരിച്ചുകൊള്ളൂ. രാമനില്ലാത്ത രാജ്യം നിലനില്‍ക്കയില്ല'.
വസിഷ്ഠന്‍ തുടര്‍ന്നു 'തന്റെ പിതാവ് വേണ്ടെന്നുവച്ച രാജ്യം ഭരതന്‍ സ്വീകരിക്കയില്ല. ഭരതന്‍ നിന്നോടൊപ്പം പുത്രനായും വസിക്കയില്ല. തന്റെ പുത്രനെതിരേയാണ് നിന്റെ ഈ പ്രവൃത്തികള്‍. മൃഗങ്ങളും സര്‍പ്പങ്ങളും എല്ലാം രാമനോടൊപ്പം പോകും. വൃക്ഷങ്ങള്‍പോലും രാമനോടൊപ്പം പോകുവാന്‍ ആഗ്രഹിക്കും. അതുകൊണ്ട് മകള്‍ക്ക് മരവുരി നല്‍കാതെ രത്‌നങ്ങള്‍ നല്‍കൂ. മരവുരി അവള്‍ക്ക് യോജിച്ചതല്ല. മഹാബ്രാഹ്മണനും ഗുരുവുമായ വസിഷ്ഠന്റെ വാക്കുകള്‍ ഫലം കണ്ടില്ല.
വി.എന്‍.എസ്. പിള്ള

No comments:

Post a Comment