Thursday, August 09, 2018

ഉപനിഷത്തിലൂടെ -230/ബൃഹദാരണ്യകോപനിഷത്ത്- 28/ സ്വാമി അഭയാനന്ദ
Friday 10 August 2018 1:02 am IST
മരണകാലത്ത് എല്ലാ കര്‍ത്തവ്യങ്ങളും മകനെ ഏല്‍പ്പിച്ചയാളുടെ വാക്കിനെപ്പറ്റി പറയുന്നു.
പൃഥൈ്വ ചൈന മഗ്‌നേശ്ച ദൈവീ വാഗാവിശതി
പൃഥ്വിയില്‍ നിന്നും അഗ്‌നിയില്‍ നിന്നും അധിദേവതാത്മകമായ വാക്ക് അയാളെ ആവേശിക്കുന്നു. പറഞ്ഞാല്‍ അങ്ങനെ തന്നെ സംഭവിക്കുന്നതാണ് ദൈവീ വാക്ക്.
എല്ലാവരുടേയും വാക്കിന് ആധാരമാണ് പൃഥ്വി, അഗ്‌നി ലക്ഷണമായ ദൈവീ വാക്ക്.
 അറിവില്ലാത്തവര്‍ക്ക് സംഗദോഷമുണ്ടാകും. എന്നാല്‍ മകനെ ചുമതല ഏല്‍പ്പിച്ചയാള്‍ക്ക് ദോഷങ്ങളില്ലാത്തതിനാല്‍ വാക്ക് ശുദ്ധമായി പ്രകാശിക്കും.
 ദിവശ്ചൈനമാദിത്യാച്ച ദൈവം മന ആവിശതി 
അതുപോലെ ദ്യോവില്‍ നിന്നും ആദിത്യനില്‍ നിന്നും ദൈവമായ മനസ്സ് ഇങ്ങനെ ആവേശിക്കുന്നു.
എപ്പോഴും ആനന്ദമുള്ളവനായിരിക്കുകയും ഒരിക്കലും ദുഃഖമില്ലാത്തതുമാണ് ദൈവമനസ്സ്. സ്വഭാവത്താല്‍ ശുദ്ധമായതുകൊണ്ടാന്ന് ദൈവമനസ്സില്‍ ദുഃഖമില്ലാത്തത്.
അദ്ഭ്യശ്ചൈനം ചന്ദ്രമസശ്ച ദൈവഃ പ്രാണ 
ആവിശതി
അതുപോലെ അപ്പുകളില്‍ നിന്നും ചന്ദ്രനില്‍ നിന്നും അധിദൈവമായ പ്രാണനും ഇയാളില്‍ ചേരുന്നു. എല്ലാ ജീവജാലങ്ങളിലും സഞ്ചരിച്ചാലും ഇല്ലെങ്കിലും ദുഃഖമില്ലാത്തതും നാശമില്ലാത്തതുമാണ് അധിദൈവമായ പ്രാണന്‍.
വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയുടെ ഈ ആത്മദര്‍ശനത്തെ അറിയുന്നയാള്‍ എല്ലാ ഭൂതങ്ങളുടേയും ആത്മാവായിത്തീരും.
ഹിരണ്യഗര്‍ഭ ദേവതയെ പൂജിക്കുന്നതു പോലെ തന്നെ അറിഞ്ഞയാളേയും പൂജിക്കും. ഈ പ്രജകള്‍ ഏതിനെക്കുറിച്ചാണോ ദുഃഖിക്കുന്നത് അതിന്റെ കാരണം അവരുടെ കൂടെയുണ്ട്. ഇവ മൂന്നിന്റേയും ആത്മ ദര്‍ശനത്തെ നേടുന്നയാള്‍ക്ക് പുണ്യം മാത്രമേ ഉണ്ടാകൂ. പാപം തീണ്ടുകയില്ല.
അഥാതോ വ്രത മീമാംസ; പ്രജാപതിര്‍ഹ കര്‍മാണി സസൃജേ
ഇനി വ്രതമീമാംസയെ പറയുന്നു. അതായത് ഉപാസനാ കര്‍മത്തെക്കുറിച്ച് വിചാരം ചെയ്യുന്നു.
 കാണുക തുടങ്ങിയ കര്‍മങ്ങള്‍ക്കുള്ള ഇന്ദ്രിയങ്ങളെ സൃഷ്ടിച്ചു. അപ്പോള്‍ അവ കലഹിച്ചു. ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമെന്ന് നാക്കും, കണ്ടു കൊണ്ടിരിക്കുമെന്ന് കണ്ണും, കേട്ടുകൊണ്ടിരിക്കുമെന്ന് കാതും വാശി പി
ടിച്ചു. മറ്റ് കരണങ്ങളും ഇങ്ങനെ നിര്‍ബന്ധം പുലര്‍ത്തി. അപ്പോള്‍ മൃത്യു ശ്രമമായിത്തീര്‍ന്ന് അവയെ സമീപിച്ചു, പ്രാപിച്ചു, ആക്രമിച്ചു. അതോടെ വാക്കും കണ്ണും കാതും തളര്‍ന്നു.
മുഖ്യ പ്രാണനെ മാത്രം മൃത്യു പ്രാപിച്ചില്ല. ഇന്ദ്രിയങ്ങള്‍ മുഖ്യ പ്രാണനെ അറിയാന്‍ നോക്കി. സഞ്ചരിച്ചാലും ഇല്ലെങ്കിലും ക്ഷീണിക്കാതെയും നശിക്കാതെയും ഇരിക്കുന്ന പ്രാണനാണ് നമ്മുടെയിടയില്‍ ശ്രേഷ്ഠന്‍. നമുക്ക് പ്രാ
ണന്റെ രൂപമാകണം. ഇന്ദ്രിയങ്ങള്‍ പ്രാണന്റെ രൂപമായി. അതിനാല്‍ ഇവ പേര് കൊണ്ട് പ്രാണന്‍ എന്ന് പറയുന്നു.
ഇങ്ങനെ അറിയുന്നയാള്‍ ഏത് വംശത്തിലാണോ ജനിക്കുന്നത് ആ വംശം അയാളുടെ പേര് കൊണ്ട് പ്രശസ്തമായിത്തീരും. ഇങ്ങനെയുള്ളവരോട് കലഹിക്കുന്നവര്‍ക്ക് ശരീര ശോഷണവും മരണവുമാകും ഉണ്ടാവുക. ഇതാണ് അദ്ധ്യാത്മമായ പ്രാണദര്‍ശനം.

No comments:

Post a Comment