Sunday, August 12, 2018

ഉപനിഷത്തിലൂടെ -233/ബൃഹദാരണ്യകോപനിഷത്ത്- 31/സ്വാമി അഭയാനന്ദ
Monday 13 August 2018 1:05 am IST
രണ്ടാം അദ്ധ്യായം
ഒന്നാം ബ്രാഹ്മണം
ഗാര്‍ഗ്യനും അജാതശത്രുവെന്ന രാജാവും തമ്മിലുള്ള ആധ്യാത്മികമായ സംവാദവും അതിലൂടെ ബ്രഹ്മത്തെപ്പറ്റി നിരൂപണം ചെയ്യുകയുമാണ് ഇനി.
ഓം ദൃപ്ത ബാലാകിര്‍ഹാനൂചാനോ ഗാര്‍ഗ്യ ആസ, സ ഹോവാചാജാതശത്രും കാശ്യം ബ്രഹ്മ തേ ബ്രവാണീതി
ബലാകയുടെ മകനും അഹങ്കാരിയും വാഗ്മിയുമായ ഗാര്‍ഗ്യന്‍ എന്ന ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹം കാശി രാജാവായ  അജാതശത്രുവിന്റെ അടുത്തെത്തി. രാജാവേ ഞാന്‍ അങ്ങയ്ക്ക് ബ്രഹ്മത്തെപ്പറ്റി പറഞ്ഞ് തരാമെന്ന് പറഞ്ഞു. അതുകേട്ട  അജാതശത്രു ആ പറഞ്ഞ വാക്കിന് തന്നെ 1000 പശുക്കളെ വാഗ്ദാനം ചെയ്തു. ആളുകളെല്ലാം ജനകന്‍ എന്ന് പറഞ്ഞ് അങ്ങോട്ട് ഓടുകയാണ്.
വിദ്യാവിഷയമായ ആത്മജ്ഞാനത്തെ ലളിതമായി വിവരിക്കാനാണ് കഥാരൂപത്തില്‍ ഗാര്‍ഗ്യനും അജാതശത്രുവും തമ്മിലുള്ള സംവാദത്തെ രണ്ടാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.അവിദ്യാ വിഷയമായ അനാത്മാവിനെ ആത്മാവെന്ന് കരുതിയ ആളാണ് ഗര്‍വിതനും വാഗ്മിയുമായ ഗാര്‍ഗ്യന്‍. ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞ് തരാമെന്ന് ഗാര്‍ഗ്യന്‍ പറഞ്ഞപ്പോള്‍ രാജാവ് അതിനെ പ്രോ
ത്സാഹിപ്പിച്ചു. ജ്ഞാനിയായ ജനകനെ തേടിയാണ് ഏവരും പോകുന്നത്. അതിനാലാണ് എന്റെ അടുത്ത് വന്ന അങ്ങയ്ക്ക് 1000 പശുക്കളെ തരാമെന്ന് പറഞ്ഞത്. ബ്രഹ്മത്തെക്കുറിച്ചുള്ള അങ്ങയുടെ ഉപദേശം കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് രാജാവ് പറഞ്ഞു. ആത്മജ്ഞാനനിഷ്ഠനും വിനയമുള്ളവനുമായിരുന്നു രാജാവ്.
 സ ഹോവാച ഗാര്‍ഗ്യഃ യ ഏവാസാവാദിത്യേ പുരുഷ  ഏതമേവാഹം ബ്രഹ്മോപാസ ഇതി
ആദിത്യനിലെ പുരുഷനെയാണ് ഞാന്‍ ബ്രഹ്മമായി ഉപാസിക്കുന്നതെന്ന് ഗാര്‍ഗ്യന്‍ പറഞ്ഞു. ആ പുരുഷനെപ്പറ്റി പറയേണ്ട എന്ന് അജാതശത്രു പറഞ്ഞു. എല്ലാ ഭൂതങ്ങളേയും അതിക്രമിച്ച് നില്‍ക്കുന്ന എല്ലാത്തിന്റെയും ശിരസ്സും പ്രകാശസ്വരൂപനുമായ ആ പുരുഷനെ ഞാന്‍ ഉപാസിക്കുന്നുവെന്ന് രാജാവ് പറഞ്ഞു.
താന്‍ ഉപാസിക്കുന്ന ബ്രഹ്മത്തെ രാജാവും ഉപാസിക്കണമെന്നാണ് ഗാര്‍ഗ്യന്‍ ഉദ്ദേശിച്ചത്.
ഈ ബ്രഹ്മത്തെപ്പറ്റിയും അതിന്റെ ഉപാസനാ ഫലത്തെപ്പറ്റിയും തനിക്കറിയാമെന്നാണ് രാജാവ് സൂചിപ്പിച്ചത്. ഇതല്ലാതെ വേറെ ഏതെങ്കിലും ബ്രഹ്മമുണ്ടെങ്കില്‍ പറയുക, അതാണ് കേള്‍ക്കേണ്ടത്.
 പിന്നെ ഗാര്‍ഗ്യന്‍ ചന്ദ്രനിലെയും വിദ്യുത്തിലെയും ആകാശത്തിലേയും വായുവിലെയും അഗ്‌നിയിലേയും ജലത്തിലേയും കണ്ണാടിയിലേയും പദവിന്യാസത്തിലേയും ദിക്കുകളിലേയും തമസ്സിലേയും പ്രജാപതിയിലെയും ബ്രഹ്മരൂപി
യായ പുരുഷന്‍മാരെപ്പറ്റി പറഞ്ഞു. ഇവ ഓരോന്നിനേയും തനിക്ക് അറിയാമെന്നും താന്‍ ഉപാസിക്കുന്നതാണെന്നും അജാത ശത്രു പറഞ്ഞു. ഓരോന്നിനേയും ഉപാസിക്കുന്നവര്‍ അതാതിന്റെ ഗുണത്തോട് കൂടിയവരായി മാറുമെന്നും രാജാവ് പറഞ്ഞു.
 ബ്രഹ്മത്തെക്കുറിച്ച് പറയാന്‍ ഇത്ര മാത്രമാണോ ഉള്ളതെന്ന് അജാതശത്രു ചോദിച്ചു. എനിക്ക് ഇത്ര മാത്രമേ ബ്രഹ്മത്തെക്കുറിച്ച് അറിയുകയുള്ളൂ എന്ന് ഗാര്‍ഗ്യന്‍ പറഞ്ഞു. എന്നാല്‍ ഇതു കൊണ്ട് ബ്രഹ്മത്തെ അറിയുന്നില്ലെന്ന് രാജാവ് ചൂണ്ടിക്കാട്ടി. തനിക്ക് ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞ് തരണമെന്ന് ഗാര്‍ഗ്യന്‍ രാജാവിനോട് ആവശ്യപ്പെട്ടു.
 ഗാര്‍ഗ്യന്‍ പറഞ്ഞതെല്ലാം അവിദ്യാ വിഷയവുമായി ബന്ധപ്പെട്ട അപരബ്രഹ്മത്തെക്കുറിച്ചാണ് എന്നറിയാവുന്ന രാജാവ് ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കി. ശരിയായി പരബ്രഹ്മത്തെ അറിയാമോ എന്ന രാജാവിന്റെ ചോദ്യത്തിന് മുന്നില്‍ ഗാര്‍ഗ്യന് ഉത്തരം മുട്ടി. അയാളുടെ സകല ഗര്‍വും നീങ്ങി; ബ്രഹ്മത്തെ അറിയാന്‍ രാജാവിന്റെ ശിഷ്യനാവാന്‍ തയ്യാറായി.

No comments:

Post a Comment