Monday, August 27, 2018

ആത്മാവ് മധുവാണെന്ന് പറയുന്നു

ഉപനിഷത്തിലൂടെ -245
Tuesday 28 August 2018 2:45 am IST
ബൃഹദാരണ്യകോപനിഷത്ത്- 44
അയമാത്മാ സര്‍വേഷാം ഭൂതാനാം മധു, അസ്യാത്മനഃ സര്‍വാണി ഭൂതാനി മധുവിരാഡ് രൂപിയായ ആത്മാവ് എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആത്മാവിന് മധുവാണ്. ഈ ആത്മാവിലെ തേജോമയനും അമൃത മയനുമായ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ഈ പുരുഷന് മധുവാണ്. വ്യക്തികളിലിരിക്കുന്ന പൗ
രുഷം എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. ആത്മാവെന്നത് ഇത് തന്നെയാണ്. അമൃതത്വത്തെ നേടാനുള്ള ആത്മവിജ്ഞാനവും ഇത് തന്നെ. ഇതാണ് ബ്രഹ്മം. ഇതാണ് സര്‍വവുമായിത്തീര്‍ന്നത്. സര്‍വാത്മാവായ കാര്യകാരണ സംഘാതത്തെയാണ് വിരാഡ് രൂപിയായ ആത്മാവ് എന്ന് പറഞ്ഞത്. അദ്ധ്യാത്മം, ആധിദൈവം തുടങ്ങിയ വിശേഷങ്ങളൊന്നും ഇല്ലാത്തതാണിത്. എല്ലാ ഭൂതഗണങ്ങളോടും ദേവതാഗണങ്ങളോടും കൂടിയതുമാണ്. വിരാഡ് ശരീരത്തിലെ ലിംഗാത്മാവിനെയാണ് പിന്നെ പുരുഷനായി പറഞ്ഞത്.
സ വാ അയമാത്മാ സര്‍വേഷാം ഭൂതാനാമധിപതിഃ സര്‍വേഷാം ഭൂതാനാം രാജാ
ഇങ്ങനെ നേരത്തെ പറഞ്ഞതു പോലെയൊക്കെ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ച വിദ്വാന്‍ എല്ലാ ഭൂതങ്ങളുടേയും രാജാവാണ്. രഥചക്രത്തിലെ നാഭിയിലും പുറത്തെ വൃത്തത്തിലും ആരക്കാലു കള്‍ സമര്‍പ്പിച്ചിരിക്കുന്നതുപോലെ പരമാത്മാഭാവം പ്രാപിച്ച ബ്രഹ്മജ്ഞാനിയില്‍ എല്ലാ ഭൂതങ്ങളും ദേവന്‍മാരും ലോകങ്ങളും പ്രാണങ്ങളും ആത്മാക്കളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനി എല്ലാ ഭൂതങ്ങളേയും ഭരിക്കുന്ന രാജാവായിത്തീരുന്നു. സര്‍വസ്വതന്ത്രനായ ഭരണ കര്‍ത്താവാണ് ആത്മജ്ഞാനി എന്ന അര്‍ത്ഥത്തിലാണ് അധിപതി എന്നും രാജാവ് എന്നും പറഞ്ഞത്. ഇങ്ങനെയുള്ള മഹാത്മാവ് സര്‍വഭൂതാത്മാവായിത്തീരുന്നു. ഈ ലോകം മുഴുവന്‍ അദ്ദേഹത്തില്‍ സമര്‍പ്പിതമാണ്. ആത്മജ്ഞാനി സര്‍വാത്മാവും സര്‍വവുമായിത്തീരും.
മൈത്രേയിക്ക് അറിയേണ്ടിയിരുന്ന അമൃതത്വത്തെ നേടാനുള്ള ബ്രഹ്മവിദ്യയെ ഉപദേശിച്ചു കഴിഞ്ഞു.
ഇനി ബ്രഹ്മ വിദ്യയെ സ്തുതിക്കാനായി ഒരു ചരിതത്തെ പറയുന്നു.
 ഇദം വൈ തന്മധു ഭധ്യങാ ള ഥര്‍വണോശ്വിഭ്യാ മുവാച. തദേതദൃഷിഃ പശ്യന്നവോചത്
അങ്ങനെയുള്ള ഈ മധുവിദ്യയെ ആഥര്‍വണനായ ദധ്യക്(ങ്) അശ്വിനീ ദേവന്മാര്‍ക്ക് ഉപദേശിച്ചു. ഇതിനെ കണ്ടുകൊണ്ട് ഋഷി പറഞ്ഞു, നര രൂപം ധരിച്ചിരിക്കുന്ന അശ്വിനികളെ... നിങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ക്രൂര കര്‍മം ചെയ്തു. അതിനാല്‍ കുതിരത്തല കൊണ്ട് നിങ്ങള്‍ക്ക് പറഞ്ഞ് തന്ന അതീവ രഹസ്യമായ ആത്മജ്ഞാനമാകുന്ന മധുവിനെ മേഘം മഴ പെയ്യിക്കുന്നതു പോലെ ഞാന്‍ വെളിപ്പെടുത്താം. ഈ ബ്രഹ്മവിദ്യ ഇന്ദ്രന്‍ രഹസ്യമായി സംരക്ഷിക്കുന്നതാണ്. ദേവന്മാര്‍ക്ക് പോലും കിട്ടാന്‍ പ്രയാസമുള്ളതാണ്. ദേവവൈദ്യന്മാരായ അശ്വിനി ദേവകള്‍ക്ക് പോ
ലും വളരെ പ്രയാസപ്പെട്ടാണ് ഇത് ലഭിച്ചത്. അതുകൊണ്ട് ഇതിനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്ന് ഉറപ്പിക്കാം.
ശതപഥ ബ്രാഹ്മണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.
ആത്മവിദ്യയാകുന്ന മധു നേടാന്‍ അശ്വിനി ദേവകള്‍ വളരെ കൊതിച്ചു. അവരുടെ ആഗ്രഹമനുസരിച്ച് അവര്‍ക്ക് അത് ഉപദേശിക്കാന്‍ ആചാര്യനായി ദധ്യക് അവിടെയെത്തി. ആചാര്യത്വം സ്വീകരിച്ച അദ്ദേഹം തനിക്ക് ഉപദേശിച്ചുതരുന്നതിലുള്ള തടസ്സം അവരോട് പറഞ്ഞു. ഈ അറിവ് മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുത്താല്‍ ഞാന്‍ നിന്റെ തലയെടുക്കുമെന്ന് ഇന്ദ്രന്റെ കല്‍പനയുണ്ട്. ഇതിനാല്‍ ഇന്ദ്രനെ ഭയമുണ്ട്, ഇന്ദ്രന്‍ എന്റെ തലയറുക്കില്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഉപനയിക്കാം.
 ഇന്ദ്രനില്‍ നിന്ന് രക്ഷിക്കാമെന്ന് അശ്വിനി ദേവതകള്‍ ഉറപ്പ് കൊടുത്തു. ഉപനയനം കഴിഞ്ഞയുടന്‍ ഞങ്ങള്‍ അങ്ങയുടെ തലയെടുത്ത് ഒരിടത്ത് സൂക്ഷിക്കാം. പകരം കുതിരത്തല വയ്ക്കാം. അത് വെച്ച് ബ്രഹ്മവിദ്യയെ ഉപദേശിച്ച് തന്നാല്‍ മതി. ഇന്ദ്രന്‍ ആ തല അറുക്കുമ്പോള്‍ യഥാര്‍ഥ തല വീണ്ടും വെച്ച് അങ്ങയെ പഴയ പടിയാക്കാം. ദേവവൈദ്യന്മാരായ അശ്വിനികളുടെ മാഹാത്മ്യം അറിയാവുന്ന ദധ്യക് അത് സമ്മതിക്കയും അവര്‍ പറഞ്ഞതു പോലെ ചെയ്യുകയും ചെയ്തു. വിദ്യ ഉപദേശിച്ചു കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍ വന്ന് ദധ്യങ്ങിന്റെ കുതിരത്തലയെ അറുത്തു. അശ്വിനി ദേവകള്‍ ശരിയായ തലയെ വീണ്ടും തിരിച്ചുനല്‍കി അദ്ദേഹത്തെ ജീവിപ്പിച്ചു.
ആത്മജ്ഞാന രൂപമായ മധുവിനെയാണ് ദധ്യക്ക് കുതിരത്തല കൊണ്ട് അശ്വിനികള്‍ക്ക് ഉപദേശിച്ചത്. വിദ്യയെ നേടാനായി അശ്വിനി ദേവന്മാര്‍ അതിക്രൂരമായ കര്‍മം ചെയ്യാന്‍ പോലും മടിച്ചില്ല എന്നത് ബ്രഹ്മവിദ്യയുടെ മഹത്വത്തെ കാണിക്കാനാണ്. അവര്‍ക്ക് അതുകൊണ്ട് ഒരു കോട്ടവും ഉണ്ടായില്ല.

No comments:

Post a Comment