ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
അദ്ധ്യാത്മരാമായണത്തിലൂടെ/സത്യാനന്ദ സുധ-30/ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Wednesday 15 August 2018 1:05 am IST
ശ്രീരാമന്‍ പരമാത്മാവാണെന്ന് ആദ്യമേ വ്യക്തമാക്കിയല്ലൊ. അദ്ദേഹം നിര്‍വഹിക്കുന്ന പ്രപഞ്ചലീലയാണു രാമായണം. പരിധികളേതുമില്ലാത്ത അഖണ്ഡ സച്ചിദാനന്ദാസ്വാദനമാണ് അതിന്റെ ഫലം. അതാണു രസം. അവന്‍ രസമാകുന്നു എന്ന് തൈത്തിരീയ ഉപനിഷത്. അനാദിയും അനന്തവുമായ പ്രപഞ്ചലീലയുടെ വൈപുല്യം നിര്‍ണയിക്കാന്‍ ബ്രഹ്മാവിനുപോലും ശേഷിയില്ല. ആ നിലയ്ക്കു നിസ്സാരമായ മാനുഷജന്മംകൊണ്ട് അതു പൂര്‍ണമായി ഗ്രഹിക്കുന്നതിനെപ്പറ്റി സങ്കല്‍പിക്കുകപോലും സാധ്യമല്ല. നാമറിയുന്നത് രാമകഥയുടെ ഒരുതെല്ലു മാത്രം.
ഭൂലോകത്തുണ്ടായ ആദികാവ്യമായാണു നാം രാമായണത്തെ കരുതുന്നത്. പക്ഷേ അതിന്റെ സൃഷ്ടി ആദ്യം സംഭവിച്ചത് ഭൂലോകത്തല്ല. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം വാല്മീകി മഹര്‍ഷി മനുഷ്യര്‍ക്കുവേണ്ടി അതു രചിക്കും മുന്‍പ് രാമായണ നിര്‍മിതി സത്യലോകത്തു നടന്നുകഴിഞ്ഞിരുന്നു. അതിന്റെ രചയിതാവാകട്ടെ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മം നിര്‍വഹിക്കുന്ന ബ്രഹ്മാവും. അങ്ങനെ നമുക്കു സങ്കല്‍പിക്കാനാവുന്നതിനപ്പുറം അതിപുരാതനമാണു രാമായണം. സത്യലോകത്തുണ്ടായ രാമായണത്തിന്റെ വലിപ്പത്തിനും വ്യത്യാസമുണ്ട്. നൂറുകോടി ഗ്രന്ഥങ്ങളാണ് അതിന്റെ വലിപ്പം. വാല്മീകി നമുക്ക് അത് പകര്‍ന്നു നല്‍കുമ്പോള്‍ ഗ്രന്ഥസംഖ്യ ഇരുപത്തിനാലായിരമായി ചുരുങ്ങി. എഴുത്തച്ഛനാണ് രാമായണകാവ്യത്തിന്റെ രചനയിലന്തര്‍ഭവിച്ച ഈ അലൗകിക മാനങ്ങള്‍ നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്. വസ്തുസ്ഥിതി ഇതൊക്കെയാണെങ്കിലും നാം വസിക്കുന്ന ഭൂമണ്ഡലത്തിലെ ആദികാവ്യമാണു രാമായണമെന്നതിനു തര്‍ക്കം വേണ്ട. എന്തുകൊണ്ടെന്നാല്‍ ഭൂലോകത്തിലുണ്ടായ ആദ്യത്തെ കാവ്യം വാല്മീകി രാമായണമാകുന്നു. കാവ്യഗുണംകൊണ്ട് ഒന്നാം സ്ഥാനമര്‍ഹിക്കയാലും അത് ആദികാവ്യം.
ശ്രീരാമന്‍ പരമാത്മാവാണെന്ന് ആദ്യമേ വ്യക്തമാക്കിയല്ലൊ. അദ്ദേഹം നിര്‍വഹിക്കുന്ന പ്രപഞ്ചലീലയാണു രാമായണം. പരിധികളേതുമില്ലാത്ത അഖണ്ഡ സച്ചിദാനന്ദാസ്വാദനമാണ് അതിന്റെ ഫലം. അതാണു രസം. അവന്‍ രസമാകുന്നു എന്ന് തൈത്തിരീയ ഉപനിഷത്. അനാദിയും അനന്തവുമായ പ്രപഞ്ചലീലയുടെ വൈപുല്യം നിര്‍ണയിക്കാന്‍ ബ്രഹ്മാവിനുപോലും ശേഷിയില്ല. ആ നിലയ്ക്കു നിസ്സാരമായ മാനുഷജന്മംകൊണ്ട് അതു പൂര്‍ണമായി ഗ്രഹിക്കുന്നതിനെപ്പറ്റി സങ്കല്‍പിക്കുകപോലും സാധ്യമല്ല. നാമറിയുന്നത് രാമകഥയുടെ ഒരുതെല്ലു മാത്രം. നമുക്കു ലഭ്യമായിട്ടുള്ളതും അല്‍പം തന്നെ. അതുപോലും നേരേ മനസ്സിലാക്കുകയെന്നുള്ളത് അതീവ ശ്രമകരമാണെന്നതിനു തര്‍ക്കം വേണ്ട. ഋഗ്‌യജ്ജുസാമാഥര്‍വങ്ങളുടെ സാരസര്‍വസ്വമാണു രാമായണം. രാമായണമുള്‍ക്കൊള്ളുന്ന അര്‍ത്ഥതലങ്ങള്‍ എത്രയോ സൂക്ഷ്മമാണെന്ന് ഇതില്‍നിന്ന് ഊഹിച്ചുകൊള്ളണം. അവയെല്ലാം ബൗദ്ധികമായി ഗ്രഹിക്കുക പോലും എളുപ്പമല്ലല്ലൊ. അതും കടന്ന് അവയുടെ പ്രത്യക്ഷാനുഭൂതി കൈവന്നാലേ ലോകത്തുള്ള രാമായണമെങ്കിലും അറിഞ്ഞു എന്നു കരുതാനാവൂ. രാമായണത്തെ അറിഞ്ഞു എന്നഭിമാനിക്കുന്നവര്‍ അധികവും അതിനെ മനസ്സിലാക്കിയിട്ടില്ലെന്നതാണു വാസ്തവം. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാവ്യാഖ്യാനം വായിക്കുമ്പോള്‍ ഈ മഹാഗ്രന്ഥത്തിന്റെ വൈപുല്യമാര്‍ന്ന സ്വരൂപം വ്യക്തമായിത്തീരും. അപ്പോഴാണു രാമായണത്തെപ്പറ്റി അറിയാന്‍ ഏറെ അവശേഷിക്കുന്നുണ്ട് എന്ന തിരിച്ചറിവുണ്ടാവുക. ശ്രീരാമായണത്തെ അറിയാന്‍ ആരംഭിക്കുന്നതും അപ്പോള്‍ മുതല്‍ക്കായിരിക്കും. രാമായണത്തെ മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. അതില്‍ അറിയാന്‍ ഇനിയും ഏറെയുണ്ടെന്നാണ് സൂചന. രാമായണത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാനാകും. ശ്രദ്ധയും ഭക്തിയും പരിശ്രമശീലവും ഗുരുപാദങ്ങളിലുള്ള സമര്‍പണവും ഉള്ളവര്‍ക്ക് ആര്‍ക്കും രാമായണം ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഭൂലോകത്തു ലഭ്യമായ രാമായണം മാത്രമല്ല സത്യലോകത്തുള്ള വിപുലരാമായണം വരെ സ്വാനുഭൂതിയാക്കി മാറ്റാന്‍ സാധിക്കും. അപ്പോള്‍ രാമായണ പഠിതാവ് ശ്രീരാമന്‍ തന്നെ ആയിക്കഴിഞ്ഞിരിക്കുകയും ചെയ്യും.
നാം വസിക്കുന്ന ഈ ഭൂഗോളം ഏതൊരു ബ്രഹ്മാണ്ഡത്തിന്റെ ഭാഗമായിരിക്കുന്നുവോ ആ ബ്രഹ്മാണ്ഡത്തിന്റെ സ്രഷ്ടാവാണ് പുരാണങ്ങളില്‍ സാധാരണ പരാമര്‍ശിക്കപ്പെടുന്ന ബ്രഹ്മാവ്. പരബ്രഹ്മസ്വരൂപനായ ശ്രീരാമചന്ദ്രന്റെ അഥവാ വിഷ്ണുവിന്റെ നാഭി കമലത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പരമാത്മാവായ രാമനെപ്പറ്റി ബ്രഹ്മാവിനുള്ള ജ്ഞാനം മനുഷ്യരായ നമ്മുടെ ജ്ഞാനത്തേക്കാള്‍ അനന്തവിസ്തൃതമാണെങ്കിലും അപൂര്‍ണമാണെന്നേ പറയാനാകൂ. അനന്തകോടി ബ്രഹ്മാക്കളും അവര്‍ സൃഷ്ടിച്ച അനന്തകോടി ബ്രഹ്മാണ്ഡങ്ങളും പരമാത്മാവിലുള്ള ഒരാള്‍ മാത്രമാണ് നമ്മുടെ ബ്രഹ്മാവ്. മറ്റു ബ്രഹ്മാണ്ഡങ്ങളെപ്പറ്റിയോ ബ്രഹ്മാക്കളെപ്പറ്റിയോ അറിവില്ലാത്ത നമ്മുടെ ബ്രഹ്മാവിന് സര്‍വാധാരമായ (എല്ലാത്തിനുമാധാരമായി) രാമനെപ്പറ്റി പൂര്‍ണജ്ഞാനമുണ്ടെന്നു പറയാന്‍ പറ്റുകയില്ലല്ലൊ. നൂറു ബ്രഹ്മവര്‍ഷം കഴിഞ്ഞാല്‍ ബ്രഹ്മാവും ലയിച്ചുപോകുമെന്നതിനാല്‍ അതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റിയും ബ്രഹ്മാവ് ജനിക്കുന്നതിനുമുന്‍പുള്ള കാര്യങ്ങളെപ്പറ്റിയും അദ്ദേഹത്തിനു വ്യക്തമായ ജ്ഞാനം ഉണ്ടാവുകയില്ല. അനാദ്യനന്തമായി അനേകകോടി ബ്രഹ്മാണ്ഡങ്ങളിലൂടെയും മൂര്‍ത്തിത്രയങ്ങളിലൂടെയും പരമാത്മാവ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചലീലയാകുന്ന രാമായണത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമ്മുടെ ബ്രഹ്മാവിനുമറിയൂ. അതുപോലും അദ്ദേഹത്തിന് വാഗ്‌രൂപത്തില്‍ രചിക്കാന്‍ നൂറുകോടി ഗ്രന്ഥങ്ങള്‍ വേണ്ടിവന്നു. അത്രയുമുണ്ട് അതിന്റെ വിസ്തൃതി. അനുഷ്ടുപ് ഛന്ദസ്സിലുള്ള ഒരു ശ്ലോകമാണ് ഒരു ഗ്രന്ഥം. നൂറുകോടി ശ്ലോകങ്ങളില്‍ ബ്രഹ്മാവ് രാമായണം രചിച്ചു എന്നു സാരം. മുപ്പത്തിരണ്ടക്ഷരമാണ് ഒരു ഗ്രന്ഥത്തിലുണ്ടാവുക. അതിനാല്‍ മുപ്പത്തിരണ്ടക്ഷരമാണ് ഒരു ഗ്രന്ഥത്തിലുണ്ടാവുക. അതിനാല്‍ അനുഷ്ടുപ്പല്ലാത്ത ശ്ലോകങ്ങളില്‍ കാവ്യം രചിക്കുമ്പോള്‍ മുപ്പത്തിരണ്ടക്ഷരം ഒരു ഗ്രന്ഥമെന്ന തോതില്‍ ഗ്രന്ഥസംഖ്യ നിര്‍ണയിക്കുന്ന രീതി പണ്ടേ പ്രചാരത്തിലുള്ളതാണ്.
ബ്രഹ്മാവിന്റെ രാമായണം തപോലോക ജനലോക മഹര്‍ലോക സ്വര്‍ലോക ഭുവര്‍ ലോകങ്ങള്‍ കടന്ന് ഭൂലോകത്തിലെത്തുമ്പോള്‍ ഇരുപത്തിനാലായിരം ഗ്രന്ഥങ്ങളായി ചുരുങ്ങിപ്പോകുന്നു. നൂറുകോടി ഗ്രന്ഥങ്ങള്‍ ഭൂമിയിലില്ലെന്ന് എഴുത്തച്ഛന്‍ പറഞ്ഞത് അതുകൊണ്ടാണ്. സത്യലോകം മുതല്‍ മഹര്‍ലോകം വരെ അതിനു കുറവൊന്നും സംഭവിക്കുന്നില്ല. മഹര്‍ലോകത്തു ബോധത്തെ ഉറപ്പിച്ച വാല്മീകിയും വ്യാസനും എഴുത്തച്ഛനുമെല്ലാം നൂറുകോടി ഗ്രന്ഥങ്ങളുള്ള രാമായണം കണ്ടവരാണ്. ശബ്ദത്തെക്കുറിച്ചു പ്രതിപാദിച്ചവേളയില്‍ മധ്യമാ ശബ്ദത്തിന്റെ ഉപരിമണ്ഡലമായ മഹര്‍ലോകത്തുനിന്നുകൊണ്ടു മഹര്‍ഷിമാര്‍ പശ്യന്തീശബ്ദത്തെ കാണുമെന്നു പറഞ്ഞിട്ടുള്ളത് ഓര്‍ക്കുമല്ലൊ. അവര്‍ ശ്രീരാമായണത്തിന്റെ പൂര്‍ണദര്‍ശനം നേടിയ പരമഭാഗ്യവാന്മാരാണ്. മഹര്‍ലോകത്തുനിന്ന് സ്വര്‍ലോകത്തേക്കു കടക്കുന്നതോടെ അറിവിന്റെ വിസ്തൃതിയും അഗാധതയും തീക്ഷ്ണതയും പ്രസന്നതയും ചുരുങ്ങിത്തുടങ്ങുന്നു. ഭുവര്‍ലോകത്തിലേക്കും ഭൂലോകത്തിലേക്കുമെത്തുമ്പോള്‍ നന്നേ ചുരുങ്ങിപ്പോകുന്നു. പ്രപഞ്ചാധാരമായ പരമാത്മാവാണു ഞാനെന്ന യാഥാര്‍ത്ഥ്യം മറന്നു ഞാന്‍ ശരീരം മാത്രമാണെന്ന അബദ്ധധാരണയിലാണല്ലൊ ഭൂലോകവാസികളധികവും കഴിയുന്നത്. ആനന്ദസ്വരൂപനായ ജീവന്മാര്‍ ദുഃഖമൂര്‍ത്തികളായി മത്സരിക്കുകയും കലഹിക്കുകയും ചെയ്യുന്നതാണ് നിരന്തരം ഇവിടെ കാണപ്പെടുന്നത്. അതിനുള്ള സിദ്ധൗഷധമാണ് ബ്രഹ്മലോകത്തു നിന്നുദ്ഭവിച്ചു ഭൂലോകം വരെ പ്രവഹിച്ചെത്തിയിരിക്കുന്ന ശ്രീരാമായണ മഹാഗംഗ.
ഭൂലോകത്തെ രാമായണം ഇരുപത്തിനാലായിരം ഗ്രന്ഥങ്ങള്‍ മാത്രമായി ചുരുങ്ങിയപ്പോയതില്‍ ഖേദംവേണ്ട. അത് ആകണ്ഠം പാനം ചെയ്യുക. അതിന്റെ അര്‍ത്ഥതലങ്ങളില്‍ ഹൃദയംകൊണ്ടുലയിക്കുക. അനുഭൂതിയുടെ ഉപരിമണ്ഡലങ്ങളിലേക്ക് അതിലൂടെ കയറിച്ചെല്ലുക. ശരീരം ഭൂമണ്ഡലത്തില്‍ സജീവമായി കുടികൊള്ളവെ തന്നെ ഭുവര്‍ലോക സ്വര്‍ലോകങ്ങളിലുള്ള താരതമ്യേന വിപുലമായ രാമായണങ്ങളെ അനുഭവിച്ചു സന്തുഷ്ടരായി മഹര്‍ലോകത്തെത്തി നൂറുകോടി ഗ്രന്ഥവിസ്തൃതമായ രാമായണം സാക്ഷാത്കരിച്ച് ശ്രീരാമന്റെ പ്രപഞ്ചലീലയില്‍ രാമായണത്തില്‍ പങ്കാളികളാവാം; ശ്രീരാമനായിത്തീരാം.
No comments:
Post a Comment