Saturday, August 18, 2018

കേരളത്തിന്റെ വെള്ളപ്പൊക്കക്കെടുതിക്ക് അടിയന്തര സഹായമായി 500 കോടി രൂപകൂടി നല്‍കുമെന്നറിയിച്ച പ്രധാനമന്ത്രി സംസ്ഥാനത്തിന് നല്‍കിയത് ഒട്ടേറെ. പലരും സഹായധനത്തിന്റെ പേരില്‍ വിവാദവും പരിതാപവും പറയുമ്പോള്‍ അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങള്‍ക്ക് തീരുമാനമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. 
1. സമയബന്ധിതമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു.

2. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജനയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായം എത്രയും വേഗം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശംനല്‍കി.

3. ദേശീയ പാതകള്‍ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.

4. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയവയോട് സംസ്ഥാന സര്‍ക്കാരിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

5. ഗ്രാമങ്ങളിലെ തകര്‍ന്ന താല്‍ക്കാലിക വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണന കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.

6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി കേരള പുനര്‍ നിര്‍മാണത്തിന് അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു.

7. ഹോര്‍ട്ടി കള്‍ചര്‍ സംയേജിത വികസന പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് നശിച്ചുപോയ വിളകളുടെ പുനഃകൃഷിക്ക് ധന സഹായം നല്‍കും. 
പ്രധാനമന്ത്രി ദല്‍ഹിയില്‍ ചെന്നശേഷം കേരളക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്‍പ്പെടെ ആഭ്യന്തരമന്ത്രിയുമായി യോഗം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കാണ് കേന്ദ്രത്തിന്റെ ധന സഹായം വേണ്ടത്. അതിന് ഒരു കുറവും വരുത്തില്ലെന്ന് കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 janmabhumi dated 18.8.2018

No comments:

Post a Comment