Monday, August 13, 2018


ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം (75)


ജൂലൈ 4, 1935
58. രങ്കനാഥന്‍ (ഐ. സി. എസ്‌)
സ്വധര്‍മ്മം നന്മക്ക്‌ നിദാനമാണ്‌. പരധര്‍മ്മം തിന്മക്കും. ഈ ഗീതാവാക്യത്തിന്റെ താല്‍പര്യമെന്താണ്‌.
ഉ: സാധാരണ സ്വധര്‍മ്മമെന്നത്‌ അതാത്‌ വര്‍ണ്ണാശ്രമങ്ങളുടെ കര്‍ത്തവ്യത്തെ കുറിക്കും. ഇവിടെ പലമാതിരി ദേശകാലാവസ്ഥകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
ചോ: സ്വധര്‍മ്മമെന്നത്‌ വര്‍ണ്ണാശ്രമധര്‍മ്മമാണെങ്കില്‍ അത് ഇന്‍ഡ്യയ്ക്കു മാത്രം യോജിക്കും. ഗീത എല്ലാവര്‍ക്കും പൊതുവേയുള്ള ജ്ഞാനഗ്രന്ഥമല്ലേ?
ഉ: ഒരു രൂപത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ വര്‍ണ്ണാശ്രമങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്‌. എന്നാലും ആ വാക്യത്തിന്റെ ആന്താരാര്‍ത്ഥം ആത്മാവിനെ പറ്റിനില്‍ക്കുന്നതായി പറയുന്നതാണുത്തമം. തന്റെ (ആത്മ) സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം. താന്‍ തന്നില്‍തന്നെ നിന്നാല്‍ വിക്ഷേപമേത്‌, ഭയമേത്‌? ആത്മാവിനെ കൂടാതെ വേറൊന്നുണ്ടെന്നു കരുതിയാല്‍ അനര്‍ത്ഥങ്ങളുണ്ടാകും. ഉള്ളത്‌ ആത്മാവൊന്നു മാത്രം എന്നുണര്‍ന്നാല്‍ വേറൊന്നും അവിടെ ഇല്ല. സത്യമിങ്ങനെയിരിക്കെ നാം അനാത്മധര്‍മ്മങ്ങളെ ആത്മാവിലാരോപിച്ചു ദുഃഖത്തിനു വശംഗതരാകുന്നു.
സ്വധര്‍മ്മം വര്‍ണ്ണാശ്രമധര്‍മ്മമായിരുന്നാലും ആ കര്‍ത്തവ്യങ്ങളെ കര്‍ത്തൃത്വബോധമന്യേ ഉള്ളില്‍ വര്‍ത്തിക്കുന്നത്‌ ഈശ്വരശക്തിയാണെന്ന്‌ ബോധിച്ചാല്‍ ഒരു കര്‍മ്മവും അവനെ ബാധിക്കുകയില്ല. വര്‍ണ്ണാശ്രമധര്‍മ്മമായാലും ലൗകികധര്‍മ്മമായാലും കര്‍ത്തൃത്വബുദ്ധി യില്ലാതെ ചെയ്യുന്നവനെ എന്തു ചെയ്യാനൊക്കും? ഇതിനെപ്പറ്റി സംശയങ്ങളുണ്ടാകാം. ഈ ക്ഷണിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍ സ്വധര്‍മ്മമെന്നത്‌ വൈദിക കര്‍മ്മങ്ങളാണെന്നു കരുതുന്നതനുയോജ്യമല്ല.
പുതുശ്ശേരിക്കാരനൊരാള്‍ ധര്‍മ്മങ്ങളെയെല്ലാം തള്ളീട്ട്‌ എന്നെ ശരണം പ്രാപിക്കുക (സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യമാമേകം ശരണം വ്രജ:) എന്ന ഗീതോപദേശത്തെ വ്യഖ്യാനിക്കുകയുണ്ടായി.
ഭഗവാന്‍: അവിടെ സര്‍വ്വധര്‍മ്മ: എന്നതിന്‌ അനാത്മധര്‍മ്മങ്ങള്‍ എന്നര്‍ത്ഥം കല്‍പ്പിക്കണം. ഏകനായ എന്നെ ശരണം പ്രാപിക്കണം എന്നു സാരം. എല്ലാം ഈശ്വരങ്കല്‍ അര്‍പ്പിച്ചവന്‌ മറ്റു ധര്‍മ്മങ്ങളുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഹൃദയത്തോടു ചേര്‍ന്നിരിക്കണമെന്നു താല്‍പര്യം.
ചോ: ഗീത വിശേഷമായിപ്പറയുന്നത്‌ കര്‍മ്മയോഗത്തെപ്പറ്റിയല്ലേ?
ഉ: ഗീത എന്തു പറയുന്നു? അര്‍ജുനന്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു. കൃഷ്ണന്‍: ‘ചെയ്യുകയില്ല എന്നു നീ പറയുന്നത്‌ ചെയ്യുന്നവന്‍ താനാണെന്ന വിചാരത്താലാണോ? ഒന്നു ചെയ്യാനും ചെയ്യാതിരിക്കാനും നിനക്കെന്തു സ്വാതന്ത്ര്യമിരിക്കുന്നു. കര്‍ത്താവ്‌ നീയാണെന്നു കരുതരുതേ! കര്‍ത്താവ്‌ താനാണെന്നു കരുതുന്നിടത്തോളം എന്തെങ്കിലും ചെയ്തുകൊണ്ടുതന്നെയിരിക്കും. നീ ഈശ്വരന്റെ ഉപകരണം മാത്രമാണ്‌. നീ വിസമ്മതിക്കുന്നതുതന്നെ നിനക്കു മേല്‍ ഒരു ശക്തിയുണ്ടെന്നു നീ അംഗീകരിക്കുന്നതിനു തെളിവാണ്‌. അതുകൊണ്ട്‌ നീ അഹന്തയെ വിട്ടിട്ട്‌ അവനെ അംഗീകരിക്കൂ’ എന്നുപദേശിച്ചു. ആത്മാവോടു ചേര്‍ന്നു നില്‍ക്കുകയാണ്‌ ഗീതയുടെ പൂര്‍ണ്ണതത്വം. അങ്ങനെ നില്‍ക്കുന്നവനു സംശയങ്ങളുദിക്കുകയില്ല.
ചോ: അങ്ങനെയാണെങ്കില്‍ ഒരു ജിജ്ഞാസുവിന്‌ ഈ ഉപദേശം കൊണ്ടുള്ള ഫലമെന്ത്‌?
ഉ: ഫലമില്ലെന്നില്ല. ഉപദേശിച്ചതു മേല്‍ക്കുമേല്‍ ദൃഢമാകും. നിശ്ചയം ഫലപ്പെടും.
sreyas

No comments:

Post a Comment