Friday, August 31, 2018

ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നത്   അഹങ്കാരബുദ്ധിയാണ്.  അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികജീവിതത്തിലായാലും ലൗകികത്തിലായാലും  വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല. ഒരു കൊച്ചുകുഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകില്ല. നമ്മുടെ ഇഷ്ടത്തിനു കുഞ്ഞുനില്‍ക്കില്ല. അവനു നിര്‍ബ്ബന്ധബുദ്ധിയുണ്ട്. കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവന്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും അച്ഛനമ്മമാര്‍ ക്ഷമിച്ച് അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെ ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം നുകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു. ഹൃദയം പങ്കിടുമ്പോള്‍ മാത്രമാണ് കുടുംബത്തില്‍ സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്നത്. ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി കൈയ്യടക്കിയാല്‍ നമുക്ക് ആനന്ദം നുകരാന്‍ കഴിയില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്ക്കാം. ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്ക് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, അതു കുടുംബത്തില്‍ പ്രായോഗികമല്ല. ഓഫീസിലാണെങ്കല്‍ തന്നെയും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം.
ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടുവീഴ്ചയ്ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തോടെ അല്ല ബുദ്ധി പ്രവര്‍ത്തിക്കുന്നത്. അതിന്റെ കുറവാണ് ഇന്ന് പലരുടേയും ജീവിതത്തില്‍ കാണുന്നത്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണ്. വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്‍കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ സുഗമമായ യാത്രയ്ക്ക് വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിന്റെ ഭാവം വളര്‍ത്തിയാലേ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ട്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്ത് ഹൃദയത്തിനു സ്ഥാനം കൊടുക്കുക തന്നെ വേണം.
ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു. ആദ്ധ്യാത്മികത്തിന്റെ ലക്ഷ്യവും ഹൃദയത്തിന്റെ വികാസമാണ് കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. യുക്തിക്കും ബുദ്ധിക്കും അപ്പുറമാണ് ആത്മതത്ത്വം. അതനുഭവമാണ്. അത് സാക്ഷാത്കരിക്കണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.

No comments:

Post a Comment