Friday, August 31, 2018

'എന്റെ സംശയങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു.ഞാനിതാ അങ്ങയുടെ വാക്കുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍സന്നദ്ധനായിരിക്കുന്നു.'' ''സ്ഥിതോസ്മി ഗത സന്ദേഹ, കരിഷ്യേ വചനം തവ''എന്നിങ്ങനെ ഭഗവത് ഗീതയുടെ അവസാനത്തില്‍ കാണാം. ഉപദേശങ്ങളെല്ലാം ശ്രവിച്ച് അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നതാണീ വാക്കുകള്‍ ഇത് ഉദാത്തമായ ഒരവസ്ഥയാണ്. ഇതിനൊരു മറുവശമുണ്ട്. ''നിങ്ങള്‍ക്കൊരു സംശയവും വേണ്ട. എന്റെ വാക്കനുസരിച്ചു ഞാന്‍ആവശ്യപ്പെട്ടതു തന്നില്ലെങ്കില്‍നിങ്ങളുടെ മുന്നില്‍ വച്ചുതന്നെ ഞാന്‍ ആത്മഹത്യചെയ്യും.'' എന്ന് ഒരാള്‍ പറയുന്നു.രാമായണം കഥയിലെ കൈകേയി. ഭര്‍ത്താവായ ദശരഥനോടു പറയുന്നതാണിങ്ങിനെ. ദശരഥന്‍ ആകെ തളര്‍ന്നുപോകുന്നു. ഇതൊരു ദുരവസ്ഥയാണ്. എന്നുടെ ജീവനെ ഞാന്‍ കളഞ്ഞീടുവന്‍ മന്നവന്‍ മുന്നില്‍ നിന്നില്ലൊരു സംശയം. ഉറച്ചരീതിയിലുള്ള ഈവാക്കുകളിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ലോകത്തിലെ ആദ്യ സ്ത്രീയായിരിക്കുന്നുകൈകേയി. ഒരു സംശയവും വേണ്ട എന്നു പറയുമ്പോള്‍ത്തന്നെമനസ്സിലാക്കാം, അതിനുപിന്നില്‍ സംശയങ്ങളും ഉണ്ടെന്ന്.സംശയത്തെ അകമ്പടി സേവിക്കാന്‍ ഭയമുണ്ട്,സ്വാര്‍ത്ഥതയുണ്ട്., അധികാരമോഹമുണ്ട്, അഹങ്കാരവും അസൂയയും അങ്ങിനെ പലതുമുണ്ട്. ദശരഥനു രാമനോടുള്ള വാത്സല്ല്യക്കൂടുതലും അതിന്‍ പ്രകാരം എടുത്ത തീരുമാനവും ന്യായമായതായിരുന്നു. പക്ഷ മന്ഥരയുടെ ദുഷ്‌പ്രേരണയില്‍ കൈകേയിയില്‍ സംശയം വളര്‍ന്നു. ഭയവും അസൂയയും വളര്‍ന്നു.രാജാവായാല്‍ രാജമാതാവ് എന്നസ്ഥാനം കൗസല്ല്യക്കാവും ലഭിക്കുക. അപ്പോള്‍ ദശരഥനു തന്നോടുള്ളസ്‌നേഹം കുറയാനും താന്‍ രണ്ടാം സ്ഥാനക്കാരിയാവാനും സാദ്ധ്യതയുണ്ട്. ഇപ്പോള്‍ അനുഭവിക്കുന്ന ഒന്നാം സ്ഥാനക്കാരിയെന്ന അഹങ്കാരം തുടരാന്‍ ഒന്നേ മാര്‍ഗമുള്ളൂ തന്റ മകന്‍ ഭരതനെ രാജാവാക്കുക. സ്വാര്‍ത്ഥമോഹവും അധികാര തൃഷ്ണയും കൈകേയിയുടെ മനസ്സില്‍ പത്തി വിടര്‍ത്തി. ആമുഖത്തു ക്രൗര്യം തെളിഞ്ഞു; വാക്കുകളില്‍ വിഷം വമിച്ചു. ഒരിക്കല്‍ പ്രാണനേപ്പോലെ സ്‌നേഹിക്കയും പോര്‍ക്കളത്തില്‍ വിജയം വരിക്കാന്‍സാഹസികമായി തേരോടിക്കുകയുംചെയ്ത കൈകേയി സ്വഭര്‍ത്താവിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ തന്നെ തയ്യാറായി. വാസ്തവത്തില്‍ രാമന്‍ യുവരാജാവാവുന്നതുകൊണ്ടു കൈകേയിക്ക് ഒരു കുഴപ്പവും സംഭവിക്കുമായിരുന്നില്ല. കുഴപ്പം സംഭവിക്കുമെന്നതു അവരുടെ വെറും തോന്നലായിരുന്നു. ഭയാശങ്കകള്‍ ഉണ്ടാവുന്നതു സ്വാര്‍ത്ഥതയില്‍ നിന്നാണ്. ഇതെന്റേത്, എനിക്കു കിട്ടേണ്ടത് എന്ന ചിന്ത സ്വയം പ്രതാപത്തിനും അധികാരത്തിനും കോട്ടം തട്ടരുത് എന്ന ചിന്ത ഒരുവ്യക്തിയെ മതി ഭ്രമത്തിലേക്കു നയിച്ചേക്കാം.ആര്‍ക്ക് എന്തു സംഭവിച്ചാലും ഒരു കുഴപ്പവുമില്ല, തന്റെ സ്ഥാനം നിലനില്‍ക്കണം,തന്റെ കാര്യങ്ങള്‍ നടക്കണം, തനിക്കുഒരു നഷ്ടവും ഉണ്ടാകരുത് എന്നൊക്കൊയേ അവര്‍ക്കുതോന്നൂ. അങ്ങനെയാണ് ഭരതന്റെ ഇഷ്ടം പോലും നോക്കാതെ ഭരതനെ രാജാവാക്കണം എന്ന നിര്‍ബന്ധം കൈകേയിക്കുണ്ടായത്. ഒപ്പം ഭരതനു യാതെരുവിധ ഭീഷണിയും ഇല്ലാതിരിക്കാന്‍ രാമനെ കാട്ടിലയക്കാനും നിര്‍ബന്ധിക്കുന്നു. അന്നുവരെ ഭരതനേക്കാള്‍ തനിക്കു പ്രിയപ്പെട്ടവനാണെന്നു പറഞ്ഞ രാമനെകാട്ടിലെ കല്ലിലും, മുള്ളിലും, ദുഷ്ട മൃഗങ്ങള്‍ക്കിടയിലും അലയാന്‍ വിടുന്നതില്‍  കൈകേയി ഒട്ടും മടിച്ചില്ല. സ്വശരീരത്തിന്റേയും മനസ്സിന്റേയും ഭാഗമായിനിന്ന ഭര്‍ത്താവിനെ മരണ ഗര്‍ത്തത്തിലേക്കു തള്ളിവിടാനും കൈകേയി മടിച്ചില്ല. ലോകത്തില്‍ തന്നെയൊഴിച്ചു മറ്റൊന്നിനേയും സ്വാര്‍ത്ഥിയായ ഒരാള്‍ കാണുകയില്ല. എന്നാണ് ഇതു വ്യക്തമാക്കുന്നത്. ''സംശയാത്മാ വിനശ്യതി''എന്ന ഒരുവാക്യം കൂടി ഭഗവഗദ് ഗീതയിലുണ്ട്.സംശയിക്കുന്നയാള്‍സ്വയം നശിക്കുന്നു. എന്നാണ്  ഇതിന്നര്‍ത്ഥം. മറ്റൊരര്‍ത്ഥം കൂടി അതില്‍ കാണേണ്ടതുണ്ട്. സംശയിക്കുന്നയാള്‍ മറ്റു പലരേയും നശിപ്പിക്കുന്നു എന്ന വസ്തുതയാണത്. ദശരഥന്റെ മരണത്തിനുമാത്രമല്ല, സീതാ രാമ ലക്ഷമണന്മാരുടേയും മറ്റു അമ്മമാരുള്‍പ്പെടുന്ന അന്തപ്പുരവാസികളുടേയും അയോദ്ധ്യയിലെ പൗരാവലിയുടേയും  തീവ്രദു:ഖത്തിനും കൈകേയി കാരണക്കാരിയാകുന്നുണ്ടല്ലോ. ഈ അവസ്ഥ നമ്മേ ചിന്തിപ്പിക്കേണ്ടതാണ്. നമുക്കു അഭികാമ്യം ഭഗവദ്ഗീതയിലെ പരിസമാപ്തിയാണ്.മോഹങ്ങളും സന്ദേഹങ്ങളുമെല്ലാം നീങ്ങി, ഉറച്ച ബുദ്ധിയോടെ ഭഗവാന്റെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധത നേടലാവണം ലക്ഷ്യം. അതിനു അര്‍ജുനന്‍ ചെയ്തതു പോലെ,   സകല വിധമായ അഹങ്കാരങ്ങളേയും ത്യജിച്ചു ആത്മ സമര്‍പ്പണം ചെയ്യേണ്ടതാണ്...JANMABHUMI

No comments:

Post a Comment