Wednesday, August 01, 2018

സത്യവാദിയായ രാമനോട് കൈകേയി ദാരുണവും ക്രൂരവുമായ വാക്കുകളാണു പറഞ്ഞത് 'പണ്ട് ദേവാസുരയുദ്ധത്തില്‍ നിന്റെ പിതാവിന്റെ ജീവന്‍ രക്ഷിച്ചതിന് അദ്ദേഹം എനിക്കു രണ്ടുവരങ്ങള്‍ നല്‍കിയിരുന്നു. ആ വരങ്ങള്‍ ഇന്നാണ് ഞാന്‍ വരിച്ചത്. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യേണമെന്നും നീ ദണ്ഡകവനത്തിലേക്കു പോകേണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. നീയും നിന്റെ പിതാവും തങ്ങളുടെ പ്രതിജ്ഞയില്‍ ദൃഢചിത്തരാണ് എന്നു തെളിയിക്കുവാന്‍ നീ പതിന്നാലുവര്‍ഷം വനത്തില്‍ ജീവിക്കണം. നിന്റെ അഭിഷേകത്തിനായിട്ടുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഭരതന്റെ അഭിഷേകം നടത്തേണം. ഭരതന്‍ ചക്രവര്‍ത്തിയായി ഭരിക്കട്ടേ. രാജാവിന്റെ പ്രതിജ്ഞയെ നിറവേറ്റി അദ്ദേഹത്തെ ഈ വിഷമസന്ധിയില്‍നിന്നും രക്ഷിക്കൂ'.
ഏറ്റവും അസുഖകരവും മൃത്യുതുല്യവുമായ ഈ വാക്കുകള്‍ കേട്ട രാമന്‍ ദുഃഖിതനാകുകയുണ്ടായില്ല, മറിച്ച്, അങ്ങനെയാകട്ടെയെന്നാണ് പ്രതികരിച്ചത്. 'രാജാവിന്റെ പ്രതിജ്ഞ നിറവേറ്റുവാനായി ഞാന്‍ ജടാധാരിയായി വനംപൂകാം. പിതാവ് എന്നോടെന്തേ ഭരതന്റെ അഭിഷേകത്തേപ്പറ്റി പറയാതിരിക്കുന്നത് എന്നാണ് എന്റെ ദുഃഖം. ഭരതനുവേണ്ടി ഞാന്‍ രാജ്യം മാത്രമല്ല എന്റെയെല്ലാ സ്വത്തുക്കളും എന്റെ സീതയേയും ഉപേക്ഷിക്കാം. പിതാവിന്റെ ആജ്ഞയോടെ ഏറ്റവും വേഗമേറിയ അശ്വങ്ങളുമായി ഭടന്മാരെ കേകയത്തിന് അയയ്ക്കണം ഭരതനെ കൊണ്ടുവരുവാനായി. ദണ്ഡകാരണ്യത്തില്‍ പതിന്നാലുവര്‍ഷം ജീവിക്കുവാനായി ഞാനിതാ പുറപ്പെടുകയായി'. ഇങ്ങനെയാണ് രാമന്‍ പ്രതികരിച്ചത്.
ഇപ്പോള്‍ത്തന്നെ അശ്വാരൂഢരായ സന്ദേശവാഹകര്‍ കേകയത്തിലേക്കു പുറപ്പെടും. നീ വനത്തിലേക്കു പൊയ്‌ക്കൊള്ളൂ. നീ നഗരത്തില്‍നിന്നും പോകാതിരിക്കുന്നിടത്തോളം രാജാവ് സ്‌നാനം ചെയ്യുകയോ പ്രഭാതഭക്ഷണം കഴിക്കുകയോ ഇല്ല, കൈകേയി പറഞ്ഞു. ഇതുകേട്ട രാജാവ്, 'ലജ്ജാകരം, ദുഃഖകരം' എന്നാക്രോശിച്ച് ദുഃഖിതനായി തളര്‍ന്ന് ബോധരഹിതനായി തന്റെ മഞ്ചത്തില്‍ വീഴുകയുണ്ടായി. 
ക്രൂരവാക്കുകള്‍ പറഞ്ഞ കൈകേയിയോടായി രാമന്‍ പറഞ്ഞു 'എനിക്ക് ഭൗതികസുഖങ്ങളില്‍ യാതൊരു താത്പര്യവുമില്ല എന്നു മനസ്സിലാക്കൂ. ഋഷിമാരെപ്പോലെ നീതിയുക്തനായി കഴിയണമെന്നാണെന്റെ ആഗ്രഹം. എന്റെ പിതാവ് എന്താഗ്രഹിക്കുന്നുവോ അതു ഞാന്‍ നിറവേറ്റും. ഈ നിസ്സാരമായ ആവശ്യം പിതാവിനോടുണര്‍ത്തിച്ച് അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പകരം എന്നോടു നേരിട്ടു പറയാമായിരുന്നില്ലേ? എന്റെ മാതാവിന്റെയും (കൗസല്യ) സീതയുടേയും സമ്മതത്തോടെയേ ഞാന്‍ വനത്തിലേക്കു പോവുകയുള്ളൂ. അത്ര നേരം ക്ഷമിക്കൂ. ഭരതന്‍ രാജ്യം സംരക്ഷിക്കയും പരിപാലിക്കയും പിതാവിനെ ശുശ്രൂഷിക്കയും ചെയ്യുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതാണ് സനാതനധര്‍മം'.
പിതാവിനേയും രാജ്ഞിയേയും പ്രദിക്ഷണം ചെയ്ത് നമസ്‌കരിച്ച ശേഷം രാമന്‍ അന്തഃപുരത്തിനു പുറത്തിറങ്ങി. അവിടെ രാമന്‍ തന്റെ മിത്രങ്ങളെ കാണുകയുണ്ടായി. ലക്ഷ്മണന്‍ രാമനോടൊപ്പം കൂടി. എല്ലാ ഭാഗ്യവിപര്യയങ്ങളേയും ഉള്ളിലൊതുക്കി ഇന്ദ്രിയവിജയിയായ രാമന്‍ യാതൊരു ഭാവ പകര്‍ച്ചയും കാണിക്കാതെ മാതാവായ കൗസല്യാദേവിയുടെ അരികത്തേക്ക് ലക്ഷ്മണനോടൊപ്പം ഈ അപ്രിയ സത്യം അറിയിക്കുവാനായി പോവുകയുണ്ടായി.
വി.എന്‍.എസ്. പിള്ള

No comments:

Post a Comment