ഒരിടത്തൊരു രാജാവുണ്ടായിരുന്നു. ഭാഗവത കഥാശ്രവണത്താല്‍ പരീക്ഷിത് രാജാവ് സ്വര്‍ഗ്ഗം നേടിയ കഥ ആ രാജാവ് കേട്ടിരുന്നു. എന്തുകൊണ്ട് ഭാഗവത കഥ ശ്രവിച്ച് തനിക്കും സ്വര്‍ഗ്ഗത്തില്‍ പോയി കൂടാ, അതായിരുന്നു ആ രാജാവിന്റെ ചിന്ത. ഒരു ദിവസം രാജാവ് പണ്ഡിറ്റജിയെ വിളിച്ചുവരുത്തി തന്റെ ആഗ്രഹമറിയിച്ചു. പിറ്റേദിവസം തന്നെ നിശ്ചിത സമയത്ത് കഥാകഥനമാരംഭിച്ചു. അങ്ങനെ സപ്താഹം പൂര്‍ത്തിയായി. പിറ്റേദിവസം രാജാവ് പണ്ഡിറ്റജിയെ വിളിച്ചറിയിച്ചു: ' നോക്കൂ പണ്ഡിറ്റ് ജി, അങ്ങ് ഭാഗവത കഥ നല്ലതുപോലെ നമ്മെ കേള്‍പ്പിച്ചു. നാമാകട്ടെ അതീവ ശ്രദ്ധയോടെ അതുമുഴുവന്‍ ശ്രവിക്കുകയും ചെയ്തു. പക്ഷെ, ഇത്രയൊക്കെയായിട്ടും നമ്മില്‍ യാതൊരു മാറ്റവും വന്നുകാണുന്നില്ല. എന്താണതിന്റെ കാരണം'? അതുകേട്ട് പണ്ഡിറ്റ്ജി പറഞ്ഞു: 'രാജന്‍ അങ്ങയുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ ഈയുള്ളവനെക്കൊണ്ടാവില്ല. അടിയന്റെ ഗുരുവിന് മാത്രമേ അങ്ങയുടെ ഈ സംശയം ദൂരീകരിക്കാനാവൂ'. ' എങ്കില്‍ വേഗം ചെന്ന് അങ്ങയുടെ ഗുരുവിനെ വിളിച്ചുകൊണ്ടുവരൂ'. രാജാവ് അക്ഷമനായി. ' ശരി, തിരുമേനി. അടിയന്‍ ഉടന്‍ ഗുരുവിനേയും കൂട്ടിവരാം'. പണ്ഡിറ്റ്ജി യാത്ര പറഞ്ഞ് ഇറങ്ങി. ഒട്ടും താമസിയാതെ തന്നെ ശിഷ്യന്‍ ഗുരുവിനേയും കൂട്ടിവന്നു. രാജാവ് തന്റെ സംശയം ഗുരു സമക്ഷം അവതരിപ്പിച്ചു. അതുകേട്ട് ഗുരുദേവന്‍ പറഞ്ഞു. ' രാജന്‍ അല്‍പനേരത്തേയ്ക്ക് അധികാരം മുഴുവന്‍ നമുക്ക് വിട്ടുതരാമോ. എങ്കില്‍ അങ്ങയുടെ സര്‍വ്വ സംശയങ്ങളും ദൂരീകരിക്കാം. രാജാവ് സമ്മതിച്ചു. ' രാജാവിനേയും പണ്ഡിറ്റ്ജിയേയും ബന്ധനസ്ഥനാക്കൂ'. ഗുരുജി കല്‍പിച്ചു. ഭടന്മാര്‍ ഇരുവരേയും ബന്ധിച്ചു. അപ്പോള്‍ ഗുരുജി പണ്ഡിറ്റ്ജിയോട് രാജാവിന്റെ കെട്ടഴിച്ച് വിമുക്തനാക്കാന്‍ ആജ്ഞാപിച്ചു.അതുകേട്ട് പണ്ഡിറ്റ് ജി തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു. ' അതെങ്ങനെ ഗുരുദേവ്, എന്റെ കരങ്ങള്‍ ബന്ധിച്ചിരിക്കുകയല്ലേ. പിന്നെ ഞാന്‍ എങ്ങനെ രാജാവിന്റെ കെട്ടഴിക്കും?. അപ്പോള്‍ ഗുരു രാജാവിനോട്: പണ്ഡിത്ജിയുടെ കെട്ടഴിച്ച് സ്വതന്ത്രനാക്കൂ രാജന്‍. അതുകേട്ട് രാജാവ് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു. 'ഗുരുദേവ്! സ്വയം ബന്ധിതനായ നാമെങ്ങനെ അപരന്റെ കെട്ടഴിക്കും!'. അതുകേട്ട് ചിരിച്ചുകൊണ്ട് ഗുരുജി പറഞ്ഞു' അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം നാം നല്‍കി കഴിഞ്ഞു രാജന്‍'. ' എന്ത്? ഉത്തരം നല്‍കിയെന്നോ, നമുക്കൊന്നും മനസ്സിലാകുന്നില്ലല്ലോ'. രാജാവ് അറിയിച്ചു. 'നോക്കൂ രാജന്‍ സ്വയം ബന്ധിതനായ ഒരാള്‍ക്കും അന്യനെ സ്വതന്ത്രനാക്കാന്‍ ആവില്ല'. അപ്പോള്‍ രാജാവിന് കാര്യം പിടികിട്ടി. 'ഗുരുജി നമുക്ക് എല്ലാം മനസ്സിലായി. വളരെ സന്തോഷം. രാജാവ് അറിയിച്ചു'..janmabhumi
No comments:
Post a Comment