Tuesday, August 28, 2018

നാം നമുക്ക് പുറത്തുള്ള സകലതും പഠിച്ചിട്ട് നമ്മെക്കുറിച്ച് മാത്രം പഠിക്കുന്നില്ല! 'ഞാന്‍' ആരാണെന്ന് നോക്കൂ എന്നാണ് ആചാര്യന്മാര്‍ എപ്പോഴും പറഞ്ഞിരുന്നത്.
അങ്ങനെ പഠിക്കാതെവിടുന്ന 'ഞാന്‍' എന്ന ഭാഗത്താണ് നമ്മുടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെയും അന്തിമ പരിഹാരം. ഞാന്‍ സകലതിനും ആധാരവും സര്‍വ്വസാക്ഷിയുമാണ്. അതിനാല്‍ നിത്യനായ ഞാന്‍ ആരാണെന്ന് അറിയാതെ അനിത്യതയില്‍ നിന്നുളവാകുന്ന ദുഃഖവും നിരാശയും ഭീതിയും ഒഴിയുന്നതെങ്ങനെ!
'അഹം ദ്രവ്യാസ്മി' എന്നു പറയുന്നവരുടെ കണ്ണുകളും വാക്കുകളും വാര്‍ദ്ധക്യത്തോടടുക്കുന്തോറും ഭീതിയുടെയും നിരാശയുടെയും നിഴല്‍ പരത്തുന്നുണ്ട്‌. 'അഹം ബ്രഹ്മാസ്മി' എന്നറിയുന്നവരുടെ കണ്ണുകളും വാക്കുകളും ശരീരനാശത്തിന്‍റെ അന്തിമനിമിഷത്തിലും ധീരവും പ്രസാദാത്മകവുമായിരിക്കുന്നുണ്ട്.
ഇരുവരും പ്രതിനിധാനം ചെയ്യുന്ന ദര്‍ശനങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും എന്താണ് വിശ്വാസ്യതയും നിശ്ചയവും എന്നുള്ളതിന് ഇരുവരില്‍നിന്നുള്ള ഈ അനുഭവങ്ങള്‍ തന്നെയാണ് നമുക്ക് സാക്ഷ്യം. ഉള്ളിലുള്ളത് സത്യം ആണെങ്കില്‍ അത് വ്യക്തമാകും. വിവേകാനന്ദസ്വാമികള്‍ പറയും - ''ആര്‍ക്കാണ് ധൈര്യം അന്ത്യനിമിഷത്തെ ലാളിക്കുവാന്‍, ദുരന്തദുഃഖങ്ങളെ നെഞ്ചോടണയ്ക്കുവാന്‍?''
ശരീരം നശിക്കുമ്പോള്‍ ഞാന്‍ ഇല്ലാതാകും എന്നു പറയുന്നവര്‍ ഞാന്‍ ദ്രവ്യമാണെന്നു പറയുകയും ജീവിതധര്‍മ്മം അറിയാതെ തോന്നിയപോലെ ജീവിക്കുകയും ഒടുവില്‍ പ്രതീക്ഷയറ്റ് ആത്മവിശ്വാസവുംകെട്ട് അധോഗതി പ്രാപിക്കുകയും ചെയ്യും. ശരീരം നശിച്ചാലും ഞാന്‍ നശിക്കുന്നില്ല എന്നറിയാവുന്നവര്‍ ഓരോ പ്രവൃത്തിയും ഭക്തിയോടെ നിര്‍ഭയരായി ആനന്ദത്തോടെ അനുഷ്ഠിക്കുകയും സല്‍ഗതി പ്രാപിക്കുകയും ചെയ്യും.
സത്യാന്വേഷികളായ നമ്മള്‍ ആശ്രയിച്ചിരിക്കുന്ന നമ്മുടെ ആചാര്യന്മാര്‍ നമുക്ക് മുന്നില്‍ വയ്ക്കുന്നത് ഭൗതികവിദ്യയോ ആത്മജ്ഞാനമോ ഏതുമാകട്ടെ അത് നിത്യമാണോ അനിത്യമാണോ എന്ന് അവരുടെ ആചരണത്തിലൂടെത്തന്നെ നാം എപ്പോഴായാലും തിരിച്ചറിയും. നിത്യതയിലെത്തുന്നതുവരെ അനിത്യമായതിലൂടെ സഞ്ചരിച്ച് അനുഭവംകൊണ്ട് അവിദ്യയെ നിരാകരിക്കേണ്ടതുണ്ടല്ലോ! 'നേതി നേതി', 'ഇതല്ല സത്യം, ഇതല്ല സത്യം' എന്നുള്ള യാത്ര. അത്രമാത്രം. ഞാന്‍ നിത്യാനന്ദസ്വരുപമാണെന്നറിയുമ്പോഴാണ് ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമായിരിക്കുന്നത്. 'ഉപനിഷദ് സാരമായ ആത്മജ്ഞാനമാകുന്ന അമൃത് നുകരാന്‍' നമുക്ക് സാധിക്കട്ടെ.
ഓം..krishnakumar

No comments:

Post a Comment