Saturday, August 25, 2018

കൃഷ്ണദ്വൈപായന വ്യാസന്‍ 'കലിയുഗ'ത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് ഹരിവംശത്തിലെ ഭവിഷ്യപര്‍വ്വത്തില്‍നിന്നും ഇങ്ങനെ അക്കമിട്ടെഴുതാം. 1. കലിയുഗത്തില്‍ ഭരണകര്‍ത്താക്കള്‍ ബലമായി നികുതി പിരിച്ചെടുക്കും. പ്രജാക്ഷേമത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം കാര്യങ്ങൡലാവും അവരുടെ ശ്രദ്ധ. 2. ചോരന്മാര്‍ വര്‍ധിക്കും. അവര്‍ കക്കാനും വഴിയാത്രക്കാരെ കൊള്ളയടിക്കാനും തുടങ്ങും. സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാവില്ല. 3. സ്ത്രീകള്‍ സൗന്ദര്യത്തെ പ്രധാനമായി കണക്കാക്കി അതു വര്‍ധിപ്പിക്കുവാന്‍ പല കൃത്രിമമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പുരുഷന്മാര്‍ കുറവായും സ്ത്രീകള്‍ അധികമായും ഉണ്ടാവും. 4. ശ്രാദ്ധാദികാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബബന്ധങ്ങളെല്ലാം ശിഥിലമാകും. പിതാക്കന്മാരെക്കൊണ്ട് മക്കള്‍ പണിയെടുപ്പിക്കും. 5. ഗുരുശിഷ്യബന്ധം ആരും നോക്കുകയില്ല. ശിഷ്യന്മാര്‍ ഗുരുനാഥന്മാരെ കൂക്കിവിളിക്കും. വിശാലബുദ്ധിയായ വേദവ്യാസന്‍ ശുഭാപ്തിവിശ്വാസിയാണ്. പ്രത്യാശയുടെ ചില വെള്ളിവരകള്‍ ഋഷികവി കാണുന്നുണ്ട്. ചില മനുഷ്യര്‍ വിഷയാസക്തിയില്‍ വൈരാഗ്യം വന്ന് ആധ്യാത്മികതയില്‍ അഭിരുചിയുള്ളവരാകും. അവരുടെ സംഖ്യ കാലക്രമത്തില്‍ വര്‍ധിച്ച് ശുശ്രൂഷയും ദാനവും സത്യവും പ്രാണരക്ഷയും ചേര്‍ന്ന് നാലുകാലില്‍ നില്‍ക്കുന്ന ധര്‍മ്മത്തെ ആശ്രയിച്ച് ശ്രേയസ്സ് വര്‍ധിപ്പിക്കുന്നതാണ്. ഇങ്ങനെ ഋഷികവി രാജാവിനെ ആശ്വസിപ്പിച്ചു. കലി പിറക്കുന്ന കാലമോര്‍ത്ത് ഭയന്ന് ഋഷിമാര്‍ ബ്രഹ്മാവിനെ സമീപിച്ചു. കലി പിറന്നാല്‍? അത്യാപത്തുകള്‍, പ്രകൃതിക്ഷോഭങ്ങള്‍, ജനദുരിതങ്ങള്‍. എന്താണ് പരിഹാരം? ഒരു നേമി (ചക്രം) കൊടുത്തുകൊണ്ട് ബ്രഹ്മാവ് പറഞ്ഞു: 'ആദ്യപരാശക്തിയും ലോകമാതാവുമായ ദേവിയെ മനസ്സില്‍ ധ്യാനിച്ച് നേമി ഉരുട്ടുക. ആ സ്ഥലത്ത് കലിബാധയുണ്ടാവില്ല. ഋഷിമാര്‍ മടങ്ങി. ഗോമതീതീരത്തെത്തി. അവിടെയുള്ള ആരണ്യകത്തില്‍ ചക്രമുരുട്ടി. നേമി പതിച്ച സ്ഥലം നൈമിശാരണ്യം. അവിടെ കലികലഹങ്ങളുണ്ടാവില്ല. ആധ്യാത്മികവിചാരത്തിലെ സൗമ്യവും ദീപ്തവുമായ രൂപകമത്രെ നൈമിശാരണ്യം. ദുഷ്ടബാധകളില്ലാത്ത വനസ്ഥലി. വ്യാസശിഷ്യനായ സൂതന്‍ സമസ്തപുരാണങ്ങളും നമ്മള്‍ക്കായി പറഞ്ഞുതന്നത് നൈമിശാരണ്യത്തില്‍വച്ച്. സൂതന്‍ പറഞ്ഞ പല കഥകളിലൊന്ന് ദേവീമാഹാത്മ്യമായി; മാര്‍ക്കണ്‌ഡേയപുരാണമായി. ദേവീമാഹാത്മ്യത്തില്‍ ഇരുപതു വട്ടം ഇങ്ങനെയൊരു പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു: 'രൂപം ദേഹി ജയം ദേഹി/യശോ ദേഹി ദ്വിഷോ ജഹി.' അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും. എന്റെ വൈരികളെ കൊന്നാലും. മാനസിക സൗന്ദര്യമായ വിനയമാണ് രൂപം. ഇന്ദ്രിയവിജയമാണ് ജയം. സദാചാരജനിതമായ ഖ്യാതിയാണ് യശസ്സ്. കാമാദികളാണ് വൈരികള്‍. കലിയുഗം പിറന്നുവെന്നു തോന്നുന്ന അമ്മമാര്‍ പെണ്‍മക്കളുമൊത്ത് രാവിലെയും വൈകിട്ടും ഇതു പ്രാര്‍ത്ഥിക്കുക. നാടും വീടും പ്രശാന്തിയുടെ നൈമിശാരണ്യമാവണം. പുതിയ കാലത്തിലിരുന്ന് പഴയ പുരാണങ്ങള്‍ സൂതന്‍ വീണ്ടും വീണ്ടും പറയുന്നു.

No comments:

Post a Comment