Friday, August 24, 2018

എഴുത്തച്ഛന്‍ ഭാഗവതംകിളിപ്പാട്ടില്‍ വാമനന്‍ മഹാബലിയുടെ തലയില്‍ കാലുവച്ച് അനുഗ്രഹിച്ചുകൊണ്ട് സുതലത്തിലേക്ക് യാത്രയാക്കിയെന്നാണ് എഴുതിയിരിക്കുന്നത്. അതാകാം മഹാബലിയെ ചവുട്ടി പാതാളത്തിലേക്കു വിട്ടെന്ന പ്രചാരണത്തിനു കാരണമായി ഭവിച്ചത്. അദ്ദേഹം അയക്കപ്പെട്ടത് സുതലത്തിലേക്കാണ്. സുതലം ദേവലോകസമാനതയുള്ള വിഭൂതിഭരിത ലോകമാണ്. സുതലം വിരാട്പുരുഷനായ വിഷ്ണുവിന്റെ മുഖമാണ്. ഭഗവാന്റെ മുഖത്തു കുടികൊള്ളാനുള്ള ഭാഗ്യം ലഭിച്ചവര്‍ ദേവവംശത്തില്‍ പോലും കാണുകയില്ല. സര്‍വതത്ഭാവത്തോടെയുള്ള ഭഗവത്ഭക്തിപൂണ്ട, പ്രഹ്ലാദനോടൊപ്പം ഭഗവത് ഹൃദയത്തില്‍ പ്രതിഷ്ഠിതനായ മഹാബലി വിഷ്ണുഭക്തരില്‍ അഗ്രിമനാണ്. മഹാബലിക്ക് കേരളവുമായി ഒരു ബന്ധവുമില്ല. ഓലക്കുട ചൂടി ഓണത്തപ്പനായി വരാറില്ല. പാതാളത്തില്‍നിന്ന് എഴുെന്നള്ളത്തില്ല. വാമനന്‍ വിവേകക്കോടതിയുടെ പ്രതിക്കൂട്ടില്‍ കയറാറില്ല. എങ്ങനെയോ ഉടലെടുത്ത മിഥ്യാസങ്കല്‍പങ്ങളും മിഥ്യാചാരങ്ങളും മൂലം വ്യാസന്റെ ഉന്നതമായ സങ്കല്‍പശക്തിക്കും അതു രേഖപ്പെടുത്തുമ്പോഴുണ്ടായിരുന്ന ലക്ഷ്യത്തിനും കേരളത്തില്‍ പരിഹാസ്യമായ ഒരു അധമപ്രചാരമാണ് ലഭ്യമായത്. ആ ഉല്‍ക്കൃഷ്ട കഥാപാത്രങ്ങള്‍ പരിഹാസ്യരായിരിക്കുന്നു. വ്യാസന്റെ കഥാപാത്രങ്ങളെയും കലാസൃഷ്ടികളെയും അപഹസിക്കുന്നത് ആര്‍ഷമായ ഔന്നത്യങ്ങളെ അപമാനിക്കലാണ്.

No comments:

Post a Comment