Saturday, August 04, 2018

ആത്മസാക്ഷാത്കാരം ==================================
രമണാശ്രമത്തിൽ സ്ഥിരമായി വരാറുള്ള ഒരു ഭക്തൻ, എപ്പോഴും മഹർഷിയും മറ്റുള്ളവരും തമ്മിൽ നടത്തുന്ന സംഭാഷണങ്ങൾ വളരെ താൽപര്യത്തോടെ കേൾക്കാറുണ്ടായിരുന്നു. ഒരു ദിവസം അയാൾ വളരെ വിനയത്തോടെ ഭഗവാനോട് ചോദിച്ചു "സ്വാമീ, പരമാത്മാവിന്റെ പ്രതീകമായ ഈശ്വരൻ, ചിന്തിക്കുന്ന ജീവാത്മാവായി പരിണമിക്കുന്നു. എന്താണ് അതിന്റെ അർത്ഥം?"
"ആത്മാവിന്റെ പ്രതിബിംബ ചൈതന്യമാണ് ഈശ്വരൻ. ആ ഈശ്വരന്റെ സങ്കൽപ്പ മാത്രമായ പ്രതിബിംബ ചൈതന്യമാണ് ജീവൻ".ഭഗവാൻ പറഞ്ഞു.
ഭക്തൻ: അത് എനിക്ക് വ്യക്തമായി.എന്നാൽ എന്താണ് ചിതാഭാസൻ?
ഭഗവാൻ: ചിതാഭാസൻ എന്നാൽ മാനസിക വൃത്തിയായി പരിലസിക്കുന്ന അവബോധമാണ്. ഒന്ന് മൂന്നായും, മൂന്ന് അഞ്ചായും, അഞ്ച് പലതായും മാറുന്നു. അതായത് ഏകമായ ആ സംശുദ്ധസത്വം, സമ്പർക്കം കൊണ്ട് സത്വരജസ്തമോഗുണങ്ങളായി മാറുന്നു. അത് മൂന്നും പിന്നീട് പഞ്ചഭൂതങ്ങളായി മാറുന്നു. ആത്മാവിലുള്ള പ്രതിബിംബത്തിനനുസൃതമായി അതിനെ മൂന്ന് ആകാശങ്ങളായി തിരിച്ചിട്ടുണ്ട്. "ചിദാകാശം" - ശുദ്ധ ബോധത്തിന്റെ അനന്ത വിഹായസ്സ്.
"ചിത്താകാശം" - മാനസിക അവബോധത്തിന്റെ അനന്ത വിഹായസ്സ്.
"ഭൂതാകാശം" - വസ്തുക്കളുടെ അനന്തമായ വിഹായസ്സ്.
മനസ്സിനെ - മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ അന്ത:കരണങ്ങളായി വിഭജിച്ചിട്ടുണ്ട്.കാല്, കൈ തുടങ്ങിയ മറ്റ് അവയവങ്ങളെല്ലാം ബാഹ്യകരണങ്ങളാണ്. അന്തഃകരണങ്ങളിലൂടെ വിളങ്ങുന്ന ആത്മബോധത്തെയാണ് ജീവാത്മാവ് എന്ന് പറയുന്നത്. ശുദ്ധബോധം മനോമണ്ഡലങ്ങളിലൂടെ വസ്തുക്കളെ ദർശിക്കുമ്പോൾ അതിനെ 'മനോമയ ആകാശം' എന്ന് വിളിയ്ക്കുന്നു. എന്നാൽ അത് ശുദ്ധ ബോധത്തെത്തന്നെ ദർശിക്കുമ്പോൾ 'ചിന്മയം' എന്ന് പറയുന്നു.അതു കൊണ്ട് മനസ്സ്തന്നെയാണ് മനുഷ്യന്റെ ബന്ധനത്തിനും മുക്തിക്കും ഹേതു എന്നു പറയുന്നു.(മന: ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയ:)
ഭക്തൻ: എങ്ങിനെയാണ് ആ മായ ഇല്ലാതാവുക?
ഭഗവാൻ: മുകളിൽ പറഞ്ഞ രഹസ്യം ആത്മാന്വേഷണത്തിലൂടെ കണ്ടെത്താനായാൽ അനേകമായതിനെ അഞ്ചെണ്ണമായും, പിന്നെ അതിനെ മൂന്നെണ്ണമായും, പിന്നീടതിനെ ഏകമായും ദർശിക്കാൻ സാധിക്കും.
ഭക്തൻ: എല്ലാ മനുഷ്യർക്കും ആത്മാന്വേഷണത്തിന്റെ പാതയിൽ സഞ്ചരിക്കാൽ കഴിയുമോ?
ഭഗവാൻ: അത് പക്വമായ മനസ്സുള്ളവർക്ക് മാത്രമേ സാധിക്കൂ.മന:ചഞ്ചലത്വമുള്ളവർക്ക് ജപം, പ്രാണായാമം, ജ്യോതിസ്തോമം തുടങ്ങിയയോഗ്മാർഗ്ഗങ്ങളുമാണ് അഭികാമ്യം. ആ സാധനകളിലൂടെ അവരുടെ മനസ്സ് പക്വമാവുകയും അതിനുശേഷം ആത്മാന്വേഷണത്തിലൂടെ ആത്മസാക്ഷാത്കാരം നേടുകയും ചെയ്യാം

No comments:

Post a Comment