Friday, August 31, 2018

ഓത്തൂട്ട് അഥവാ ഓത്തുകൊട്ട്".
തൃശ്ശൂർ ജില്ലയിൽ പെരുവനം ഗ്രാമത്തിൽ
മിത്രാനന്ദപുരം ക്ഷേത്രത്തിൽ, ഈ കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ തുടങ്ങിയ യുജർവേദ സംഹിതായജ്ഞം ഒകടോബർ 30 ന് അവസാനിക്കും .
1500 വർഷങ്ങളോളമായി മുടങ്ങാതെ നടന്നു വരുന്ന യജുർവ്വേദ സംഹിതായജ്ഞം. മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിലാണ് നടക്കുന്നത്. ഒരു കാലത്തു കേരളത്തിലെ 27 ക്ഷേത്രങ്ങളിൽ നടന്നു വന്നിരുന്ന ഈ മഹായജ്ഞം ഇപ്പോൾ മൂന്ന് വർഷത്തിലൊരിക്കൽ മിത്രാനന്ദപുരത്തും 6 വർഷത്തിലൊരിക്കൽ രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായി തീർന്നിരിക്കുന്നു .
കേരളത്തിൽ പുരാതന കാലം മുതൽക്കേ നിലനിൽക്കുന്ന ഒരു ആചാരമാണ് ഓത്തുകൊട്ട്. ഷോഡശക്രിയാവൃത്തിയിൽ വ്യത്യസ്തത പുലർത്തുന്ന ഋഗ്വേദികളും സാമവേദികളും യജുർവേദികളും വേദ സംരക്ഷണത്തിനായി ഈ ചടങ്ങ് നടത്തുന്നു . വേദസാഹിത്യത്തെ അതിന്റെ ഗുണവും രസവും നിലനിർത്തി സംരക്ഷിച്ച്‌ പോരും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്‌ ഓത്ത്കൊട്ടിലൂടെ പ്രകടമാകുന്നത്‌. ഓത്ത്കൊട്ടിൽ സംഹിത, പദം, കൊട്ട്‌ എന്നീ മൂന്ന്‌ വിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്‌. ഇതിൽ സംഹിത സ്വരനിയമത്തോടെ, മാത്രനിയമത്തോടെ കൂട്ടിച്ചേർത്ത്‌ ആലപിക്കുന്നു. ഇതിനെ സ്വരത്തിൽ ചൊല്ലുക എന്നാണ്‌ പറയപ്പെടുന്നത്‌. ഒരാൾ സംഹിതയിലെ ഒരു പങ്ങാതി (അമ്പത്‌ പദങ്ങൾ അടങ്ങുന്ന ഖണ്ഡിക) സ്വരത്തിൽ ചൊല്ലുകയും മറ്റുള്ളവർ അത്‌ അഞ്ചുതവണ സ്വരത്തോടുകൂടിയോ അല്ലാതേയോ ചൊല്ലുന്നു. അതുപോലെ വ്യാകരണ നിയമമനുസരിച്ച്‌ ക്രോഡീകരിച്ച്‌ പദങ്ങൾ സ്വരത്തിൽ ചൊല്ലുകയും അത്‌ മറ്റുള്ളവർ സ്വരത്തോടുകൂടിയോ സ്വരമില്ലാതേയോ അഞ്ച്‌ തവണ ചൊല്ലുന്നു. സംഹിതയിലൂടെ സ്വരത്തിനും പദത്തിലൂടെ വ്യാകരണ ശാസ്ത്രത്തിനും ഇതിലൂടെ പ്രാധാന്യം വരുന്നു എന്നാണ്‌ ഓത്തുകൊട്ടിന്റെ ഒരു സവിശേഷത. പാണ്ഡിത്യത്തിന്റെ പ്രകടനം കൂടിയാണ്‌ ഓത്തുകൊട്ട്‌. സാധാരണയായി സന്ധ്യാസമയത്താണ്‌ ഇത്‌ നടത്താറുള്ളത്‌. ഇതിൽ ഒരാൾ പരീക്ഷക്ക്‌ ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ മുന്നിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത്‌ നാലുപദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്ന്‌ തവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശേഷണത്തിലും പിഴവ്‌ കൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ഇതിലൂടെ 44 ചർച്ചം കൃഷ്ണ യജുർവേദം പതിനാറ്‌ ആവർത്തി ആലാപനം ചെയ്യുന്നതാണ്‌ ഓത്തുകൊട്ട്‌. വൈദീക സമ്പത്ത്‌ എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയിൽ ആശങ്കയിലായ വേദപണ്ഡിതർ പരമശിവനെ തപസ്സ്‌ ചെയ്യുകയും ഒടുവിൽ ജഢാധാരിയായ ഒരു മഹർഷിയുടെ രൂപത്തിൽ പരമശിവൻ പ്രത്യക്ഷപ്പെടുകയും പണ്ഡിതർക്കായി ഓത്തുകൊട്ടിന്റെ അനുഷ്ഠാന രീതി ഉപദേശിച്ചുകൊടുക്കുകയും ചെയ്തതായാണ്‌ ഐതിഹ്യം
ഈ അവസരത്തിൽ സവിശേഷമായ വഴിപാടുകളിൽ ചിലതു, സന്താന സൗഭാഗ്യം നെയ്യ്,മംഗല്ല്യ സൗഭാഗ്യം നെയ്യ്, ബുദ്ധിക്കും വിദ്യക്കും നെയ്യ്, ഓത്ത് കേട്ട നെയ്യ് എന്നിവയൊക്കെയാണ്. ഭാരിച്ച ചിലവുള്ള ഈ സദ്കർമ്മത്തിനു സഹായങ്ങൾ അയക്കുന്നതു ശ്രീ വാമനമൂർത്തീടെ അനുഗ്രഹത്തിനും വഴിയൊരുക്കും !!
ഈ സന്ദർഭത്തിൽ ഞാൻ എന്റെ മുത്തശ്ശനെ സ്മരിക്കുവാൻ ആഗ്രഹിക്കുന്നു.
പുരാതന പെരുവനം ഗ്രാമത്തിൽ ഒലൂക്കര ദേശത്ത് ഉള്ള ഒരു ഇല്ല മാണ് ഞങ്ങളുടെ തറവാട് .ഈ ഇല്ലത്തിന്റെ പഴയ പേര് തടത്തിൽ ചെറുമുഖം എന്നായിരുന്നുവെങ്കിലും പിന്നീട് പടിഞ്ഞാറെ തടം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
വേദത്തിൽ വളരെ നിപുണനായ എന്റെ മുത്തശ്ശൻ (പരമേശ്വരൻ നമ്പൂതിരി ) "ഓത്തൻ പാച്ചു "എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പെരുവനം ഗ്രാമത്തിൽ ഓത്തൂട്ട് ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് പൂതൃക്കോവിൽ വിഷ്ണു ക്ഷേത്രം .ആറ് ഇല്ലക്കാരായിരുന്നു ആ ക്ഷേത്രത്തിന്റെ ഉടമസ്ഥന്മാർ .( ക്ഷേത്രങ്ങളുടെ ഉടമസ്ഥന്മാരെ ഊരാളന്മാർ എന്നാണ് പറയുക ) ഞങ്ങളുടെ ഇല്ലക്കാരും ആ ക്ഷേത്രത്തിന്റെ ഊരാളരിൽ ഉൾപ്പെട്ടവരാണ്.
ആ ക്ഷേത്രത്തിൽ ഓത്തു കൊട്ടിക്കുന്നതിൽ വേദപണ്ഡിതനായ മുത്തശ്ശൻ പ്രധാനിയായിരുന്നു. അക്കാലത്ത് വേദങ്ങളിൽ ആർക്കെങ്കിലും വല്ല സംശയവും ഉണ്ടായാൽ മുത്തശ്ശന്റെ അടുത്ത് ചെന്ന് സംശയം തീർക്കുമായിരുന്നു.
ഇതിനു പുറമെ ഇല്ലത്ത് കുളപ്പുര (കുളത്തിന്റെ അടുത്ത് ഉള്ള പുരയെ കുളപ്പുര എന്നാണ് പറയുക ) യുടെ മുകളിൽ മുത്തശ്ശൻ വേദപാഠശാല നടത്തിയിരുന്നു. അതോടെ അദ്ദേഹത്തിന് ഒരുപാട് ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു.
ഈ സന്ദർഭത്തിൽ ഞാൻ ചിന്തിക്കുകയാണ് അക്കാലത്ത് വേദരത്നം, പത്മശ്രീ, പത്മഭൂഷൺ മുതലായ ബഹുമതികൾ ഉണ്ടായിരുന്നെങ്കിൽ മുത്തശ്ശൻ തീർച്ചയായും അതിന് അർഹത നേടിയേനെ.
എന്നാൽ അതി ബുദ്ധിമാന് അൽപ്പായുസ്സ് എന്ന് പറഞ്ഞ പോലെ അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ (42-ാം വയസ്സിൽ ) വിഷ്ണു പാദം പൂകി.
മുത്തശ്ശന് സാഷ്ടാംഗ പ്രണാമം ചെയ്ത് ഈ ലേഖനം സമർപ്പിക്കുന്നു.
പി . എം . എൻ . നമ്പൂതിരി .

No comments:

Post a Comment