Thursday, August 30, 2018

താമസത്തെ രാജസം കൊണ്ട് ജയിക്കണം. രാജസത്തെ സാത്വിക ഗുണംകൊണ്ടും നിയന്ത്രിക്കണം.
ഒരാള്‍ നമ്മെ പറ്റിച്ചു ചതിച്ചു എന്നും പറഞ്ഞ് കരഞ്ഞ് നിരാശപ്പെട്ട് ജീവിതത്തെ നെഗറ്റീവ് ചിന്തകളാല്‍ സമീപിക്കുന്നതിനേക്കാള്‍ ഉര്‍ജ്ജസ്വലമായ് പ്രതികരിക്കുന്നതാണ് നല്ലത്. കാരണം തമോഗുണം നമ്മെ നശിപ്പിക്കുന്നു. എന്നാല്‍ രജോഗുണത്തെയും മനസ്സില്‍ വച്ചു പൊറുപ്പിക്കാന്‍ പാടില്ല. ഒരാളോടുള്ള ദേഷ്യമോ പ്രതികാരമോ ദുഃഖമോ നാം മനസ്സില്‍ എത്രകാലം വച്ചിരിക്കുമോ അത്രയും കാലം നാം തന്നെയാണ് നശിക്കുക. മനസ്സില്‍ എന്താണോ ഇരിക്കുന്നത് അതാണല്ലോ നമ്മുടെ സുഖത്തിനും ദുഃഖത്തിനും കാരണം. എന്നതിനാല്‍ എപ്പോഴും മനസ്സിനെ ശുദ്ധമാക്കിവയ്ക്കേണ്ടതിന്‍റെ ആവശ്യകത നമുക്കുതന്നെയാണ്. ഈശ്വരാരാധനയിലൂടെ മനസ്സിന് സാത്വിക ഭാവം വരും, അതായത് ശുദ്ധമാകുന്നു.
പരമഹംസര്‍ പാമ്പിന്‍റെ കഥ പറയുന്നതു പോലെ. എല്ലാപേരെയും ഉപദ്രവിച്ചുകൊണ്ടിരുന്ന പാമ്പിനോട് നീ ആരെയും ഉപദ്രവിക്കരുത് എന്ന് മഹര്‍ഷി ഉപദേശിക്കുന്നു. എന്നാല്‍ പാമ്പ് അതനുസരിച്ചപ്പോള്‍ വഴിയേ പോയ കുട്ടികള്‍ അതിനെ കല്ലും കമ്പും എല്ലാം വലിച്ചെറിഞ്ഞ് മര്‍ദ്ദിച്ച് അവശനാക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അതുവഴി വന്ന മഹര്‍ഷി കാര്യം മനസ്സിലാക്കിയിട്ട് പറഞ്ഞു- നിന്നോട് ആരെയും ഉപദ്രവിക്കരുതെന്നല്ലേ പറഞ്ഞുള്ളു. നിന്നെ ഉപദ്രവിക്കാന്‍ വന്നവരെ നീ നിന്‍റെ പത്തി ഉയര്‍ത്തി ചീറ്റി ഭയപ്പെടുത്തി ഓടിക്കാത്തതെന്താണ്?
ഇതു പോലെ നാം രജോഗുണത്തെ ഉപയോഗിച്ച് പലപ്പോഴും ജീവിതത്തിലെ നമ്മുടെ നിരാശകളെയും ദുഃഖങ്ങളെയും അലസതയെയും മറികടക്കേണ്ടതുണ്ട്. തമോഗുണത്തെ വളര്‍ത്തുന്നതിനേക്കാള്‍ നല്ലത് ആ സമയം രജോഗുണത്തെ എടുക്കുന്നതാണ്. ഹനുമാന് രാമനില്ലാതെതന്നെ ലങ്കേശനായ രാവണനെ തന്‍റെ ശക്തികാണിക്കാന്‍ കൊല്ലാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ ഭയപ്പെടുത്തിയതേയുള്ളു. സ്വന്തം ശരീരത്തെയും മനസ്സിനെയും വേണ്ടതുപോലെ നിയന്ത്രിക്കുവാന്‍ മാരുതിക്ക് സാധിക്കും. അതുപോലെ നമ്മുടെ മനസ്സിനെ ദുഃഖത്തിനും പ്രതികാരത്തിനും വിട്ടുകൊടുത്ത് നശിപ്പിക്കാതെ നിയന്ത്രണവിധേയമാക്കി ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. 
krishnakumar

No comments:

Post a Comment