Monday, August 06, 2018

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക . ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
1 .പാദുകം
2 .ജഗതി
3 .കുമുദം
4 .ഗളം
5 .ഗളപ്പടി
6 .ലിംഗം
7.ഓവ്
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ
‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:

ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം.
sanathanadharmam

No comments:

Post a Comment