Wednesday, August 01, 2018

അഡ്വ. കൈലാസ നാഥപിള്ള (കേരളാ ക്ഷേത്ര സംരക്ഷണ സമിതി, മാതൃസമിതി, ശബരിമല അയ്യപ്പ സേവാ സമാജം, ദല്‍ഹിയിലെ നാല് അയ്യപ്പ ക്ഷേത്രങ്ങള്‍ എന്നിവരുടെ അഭിഭാഷകന്‍)
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇടപെടലുകള്‍ അയോധ്യാ പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. രാജ്യത്തിന്റെ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പുള്ള സമ്പ്രദായമാണ് ശബരിമലയിലേത്. ഇതിന് ഭരണഘടനാ സംരക്ഷണം ഉണ്ട്. വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വിശ്വാസങ്ങളിലേക്ക് കടന്നുകയറ്റം നടത്തരുത്. വിശ്വാസത്തെ ബാധിക്കുന്നതാവരുത് കോടതിയുടെ ഇടപെടലുകള്‍. ഏതെങ്കിലും ഒരു വിശ്വാസത്തെ ബാധിച്ചാല്‍ ബാക്കിയുള്ളതിനെയും ബാധിച്ചു തുടങ്ങും. ക്ഷേത്ര പ്രവേശനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ അത് ക്ഷേത്രത്തെ ബാധിക്കരുത്. ക്ഷേത്രത്തില്‍ കയറാന്‍ തയ്യാറാവുന്നവരേക്കാള്‍ എത്രയോ കോടി ഭക്ത ജനങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ തയ്യാറുണ്ട്. സമാധാനം കാംഷിക്കുന്നവരാണ് എല്ലാ വിശ്വാസികളും. എന്നാല്‍ വിശ്വാസത്തെ ബാധിക്കുന്ന സാഹചര്യങ്ങളാണ് അയോധ്യയ്ക്ക് കാരണമാകുന്നത്. 
സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ നടത്തുന്നത് ഒളിച്ചുകളിയാണ്. ശബരിമല ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും പ്രത്യേകതകള്‍ സംബന്ധിച്ച നിരവധിയായ പുരാണ രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും മറച്ചുവെയ്ക്കുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ വിലക്കിക്കൊണ്ടുള്ള സമഗ്രമായ ഹൈക്കോടതി വിധികള്‍ സുപ്രീംകോടതി പരിശോധിക്കണം. കോടിക്കണക്കായ വിശ്വാസികളുടെ മനസ്സ് കോടതി തിരിച്ചറിയണം.
 അഡ്വ. എം.ആര്‍. അഭിലാഷ് (ബ്രാഹ്മണ ഫെഡറേഷന്‍)
ശബരിമലയില്‍ പൊതുധനം ചെലവഴിക്കുന്നു എന്ന വാദം എത്ര ബാലിശമാണ്. സഞ്ചിത നിധിയില്‍ നിന്ന് വെറും 46 ലക്ഷം രൂപ മാത്രമാണ് ശബരിമലയിലേക്ക് നല്‍കുന്നത്. എന്നാല്‍ 2017ലെ തീര്‍ത്ഥാടക കാലത്ത് മാത്രം ശബരിമലയിലെ നടവരവ് 255 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 45 കോടി രൂപ അധികമാണത്. സഞ്ചിത നിധിയില്‍ നിന്ന് 290 എ പ്രകാരമുള്ള ദേവസ്വം ഫണ്ട് ക്ഷേത്ര ഭരണത്തിന് മാത്രമാണ്. എന്നാല്‍ ശബരിമലയില്‍ നിന്നുള്ള പണം ഉപയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കുകയാണ്. ശബരിമലയിലെ വരുമാനം ശബരിമലയ്ക്ക് പുറത്തേക്കാണ് നല്‍കുന്നത്. 
പുരുഷാധിപത്യം കൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകാന്‍ മടിക്കുന്നത് എന്ന തരത്തിലുള്ള കോടതിയുടെ പ്രതികരണങ്ങള്‍ ശരിയല്ല. ഹിന്ദു ആചാരങ്ങളുടെ ആത്മീയ വൈവിധ്യങ്ങളെ സാമാന്യവത്ക്കരിക്കരുത്. ശബരിമലയ്ക്ക് സമീപമുള്ള ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ദേവി രജസ്വലയാകുന്നതാണ് പ്രധാന ആഘോഷം. ദേവി രജസ്വലയാകുന്ന തുണി ഭക്തര്‍ വലിയ ആഘോഷത്തോടെ കൊണ്ടുപോയി പൂജിക്കുന്നു. മണ്ണാറശാലയിലെ നാഗദൈവതകളുടെ അമ്മയുടെ സ്ഥാനം ക്ഷേത്ര പുരോഹിതരുടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയ്ക്കാണ്. 
ഇത്തരത്തില്‍ സ്ത്രീ പ്രാധാന്യമുള്ള നൂറുകണക്കിന് ആചാരങ്ങളാണ് കേരളത്തില്‍ മാത്രമുള്ളത്. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദങ്ങള്‍ കൂടുതലായി എഴുതി നല്‍കും.
അഡ്വ. സായ് ദീപക്(പീപ്പിള്‍ ഫോര്‍ ധര്‍മ്മയുടെ അഭിഭാഷകന്‍)
ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന് നിയമ പരിരക്ഷയുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയും അയ്യപ്പനുണ്ട്. ജാതിമത ഭേദങ്ങള്‍ക്ക് അപ്പുറമാണ് അയ്യപ്പ ഭക്തര്‍ എന്ന വിഭാഗം. മൂര്‍ത്തിയിലുള്ള വിശ്വാസം മാത്രമാണ് ഇതിന്റെ അടിസ്ഥാനം. ക്ഷേത്രം പൊതു ആണ് എന്നത് വിഗ്രഹത്തിന്റെ സ്വഭാവം മാറ്റാനുള്ള ന്യായമല്ല. നൈഷ്ഠിക ബ്രഹ്മചര്യം പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്കുമുണ്ട്. ആചാരത്തിന്റെ ഭാഗമായി ഒരു വിഭാഗത്തിനുള്ള നിയന്ത്രണം ഒരുതരത്തിലുമുള്ള വിവേചനമായി കണക്കാക്കാനാവില്ല. ആര്‍ത്തവത്തെ അശുദ്ധമായി കണക്കാക്കുന്നുമില്ല. എന്നാല്‍ ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം വിലക്കുന്ന കേരള നിയമത്തിലെ വകുപ്പിലെ റൂള്‍ 3 ബി ശബരിമലയ്ക്ക് മാത്രമല്ല, എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്. ശബരിമലയുടെ കാര്യം പറഞ്ഞ് ആ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കാനാവില്ല. 
ശബരിമല ക്ഷേത്രം നടത്തുന്നത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിട്ടല്ല. വസ്തുതകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാനാവും. 
അഡ്വ. രാധാകൃഷ്ണന്‍(പന്തളം രാജകുടുംബത്തിന്റെ അഭിഭാഷകന്‍)
ഭരണഘടന നല്‍കുന്ന ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം അന്തിമമല്ല. പൊതുക്രമം, ആരോഗ്യം, ധാര്‍മ്മികത എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കാറില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയവര്‍ അവിശ്വാസികളാണ്. അയ്യപ്പഭക്തരല്ല ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ മഹത്വം നഷ്ടപ്പെടുത്താനാണു ഹര്‍ജിക്കാരുടെ ശ്രമം. ക്ഷേത്രത്തിന്റെ അടിസ്ഥാനത്തെയാണ് ഹര്‍ജികള്‍ ചോദ്യം ചെയ്യുന്നത്. ശിവന്റെയും ഭഗവതിയുടെയും മകനല്ല ഗണപതിയെന്ന് നാളെ ഇതേ ഹര്‍ജിക്കാര്‍ വേണമെങ്കില്‍ വാദിക്കും. 
ഭരണഘടനയുടെ 25,1 അനുച്ഛേദം ആരാധനാ സ്വാതന്ത്ര്യം വ്യക്തമാക്കുന്നതാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍ എന്നതിനാണ് ഏറ്റവും പ്രഥമ പരിഗണന നല്‍കേണ്ടത്. 
അഡ്വ. വി.ഗിരി(ശബരിമല തന്ത്രിയുടെ അഭിഭാഷകന്‍)
അയ്യപ്പ വിഗ്രഹത്തിന്റെ സ്വഭാവമെന്നത് നൈഷ്ഠിക ബ്രഹ്മചര്യമാണ്. ഓരോ പ്രതിഷ്ഠയ്ക്കും ഓരോ സ്വഭാവമാണ്. അതിനെ മാറ്റാനാര്‍ക്കുമാവില്ല. വിഗ്രഹാരാധന എന്നത് ഹിന്ദുമതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 
തന്ത്രി എന്നത് വിഗ്രഹത്തിന്റെ പിതാവും ഗുരുവുമാണ്. ഹൈക്കോടതി ശരിവെച്ചതാണ് ഇത്. ശൈവ ക്ഷേത്രങ്ങളിലെയും വൈഷ്ണവ ക്ഷേത്രങ്ങളിലെയും ആചാരങ്ങളും പൂജകളും മന്ത്രങ്ങളും വത്യാസപ്പെട്ടിരിക്കും. ഇത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നത്. വിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ അതിലേക്ക് പ്രവേശിക്കുന്ന ജീവനെ നിലനിര്‍ത്തുന്നത് പൂജകളും ആചാരങ്ങളും പാലിച്ചുകൊണ്ടാണ്. ക്ഷേത്ര ആചാരങ്ങളിലെ അന്തിമ വാക്ക് തന്ത്രിയുടേത് മാത്രമാണ്. ഞാനൊരു വിശ്വാസിയാണ്. വിഗ്രഹത്തെ ആരാധിക്കുന്ന വിശ്വാസിയാണ്. വിഗ്രഹാരാധന എന്റെ ആരാധനയുടെ അഭിവാജ്യ ഘടകമാണ്. അതിനെ സംരക്ഷിക്കപ്പെടേണം. 
പള്ളികളില്‍ പോകുന്നവര്‍ ഖുറാന്‍ വിശ്വസിക്കുന്നപോലെ ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തെയും വിശ്വസിക്കണം. വിശ്വാസമില്ലാതെ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കണം എന്നത് അംഗീകരിക്കാനാവില്ല. വിവരമുള്ള വീട്ടമ്മമാരും ആക്ടിവിസ്റ്റുകളുമെല്ലാം ശബരിമലയിലെ നിലവിലെ ആചാരങ്ങളെ അംഗീകരിക്കുന്നവരാണ്.

No comments:

Post a Comment