അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലേക്കു കടക്കാം. ശ്രീമഹാദേവന്‍ പറഞ്ഞു: ''ഹേ പാര്‍വതീ, ഇഷ്ടംപോലെ രൂപം ധരിക്കുന്നവനും മായാവിയുമായ ആ രാക്ഷസനെ വധിച്ചശേഷം രാമന്‍ ആശ്രമത്തിലേക്കു പറുപ്പെടാന്‍ തുടങ്ങിയപ്പോള്‍ ദൂരത്തുനിന്നും അത്യന്തം ദീനനും മ്ലാനമുഖനുമായി ലക്ഷ്മണന്‍ വരുന്നതു കണ്ടു. രഘുനാഥന്‍ മനസ്സില്‍ ചിന്തിക്കാന്‍ തുടങ്ങി. 'ഞാന്‍ മായാമയിയായ സീതയെ നിര്‍മ്മിച്ചകാര്യം ലക്ഷ്മണനറിഞ്ഞുകൂടാ. ലക്ഷ്മണനില്‍നിന്ന് അക്കാര്യം മറച്ചുവച്ച് സാധാരണ മനുഷ്യരെപ്പോലെ ദുഃഖിക്കും. ഞാന്‍ വിരതനായി ആശ്രമത്തിലൊരിടത്തിരുന്നാല്‍ കോടിക്കണക്കിന് രാക്ഷസരെ നശിപ്പിക്കുന്നതെങ്ങനെ? ഞാന്‍ സീതയെപ്പറ്റി ദുഃഖാതുരനായി കാമിയെപ്പോലെ ദുഃഖിക്കുകയാണെങ്കില്‍ ക്രമേണ സീതയെ അനേ്വഷിച്ചുകൊണ്ട് രാവണന്റെ അടുത്തെത്താന്‍ കഴിയും. അവനെ കുലത്തോടെ വധിച്ച് സ്വയം അഗ്നിയില്‍ സ്ഥാപിതയായ സീതയെ വീണ്ടെടുത്ത് അയോദ്ധ്യയിലേക്കു മടങ്ങാം. ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനയനുസരിച്ച് ഞാന്‍ മനുഷ്യാവതാരമെടുത്തു. കുറെക്കാലംകൂടി മനുഷ്യനായി, ഭൂമിയില്‍ നിലകൊളളും. മായാമാനവനായ എന്റെ കഥ കേള്‍ക്കുന്ന ഭക്തിപാരായണന്മാരായ മനുഷ്യര്‍ക്ക് അനായാസമായി മുക്തി ലഭിക്കും. ഇങ്ങനെ നിശ്ചയിച്ചുകൊണ്ട് രാമന്‍ ഒന്നുമറിയാത്തവനെപ്പോലെ ലക്ഷ്മണനോടു ചോദിച്ചു. ''ലക്ഷ്മണാ, പര്‍ണശാലയില്‍ സീതയ്ക്കാരാണു തുണ? ജാനകിയെ തനിച്ചുവിട്ട് നീയെന്തിനിങ്ങോട്ടുപോന്നു? അവളെ രാക്ഷസന്മാര്‍ പിടിച്ചുകൊണ്ടുപോകുകയോ ഭക്ഷിച്ചുകളയുകയോ ചെയ്യില്ല? ദുഷ്ടജാതികള്‍ എന്തുചെയ്യാനും മടിക്കില്ല.'' ലക്ഷ്മണന്‍ കൈകൂപ്പി തൊഴുതുകൊണ്ട് സീതയുടെ ദുര്‍വാക്യങ്ങള്‍ കേള്‍പ്പിച്ചു. ''രാക്ഷസന്‍ ഹാഹാ ലക്ഷ്മണാ രക്ഷിക്കണേയെന്നു കരയുന്നതുകേട്ട് അതങ്ങയുടെ ശബ്ദമാണെന്നുധരിച്ച് ദേവി അങ്ങയെവന്ന് രക്ഷിക്കാന്‍ പറഞ്ഞു.അങ്ങയുടെ ശബ്ദമല്ലെന്നും രാക്ഷസന്മാരുടെ മായയാണെന്നും അല്പസമയം പൊറുക്കണമെന്നും ഞാനപേക്ഷിച്ചു. പിന്നീട് ദേവി പറഞ്ഞ വാക്കുകള്‍ എനിക്കങ്ങയോടു പറയാന്‍പോലും പറ്റില്ല. ഞാന്‍ ചെവിയും പൊത്തിക്കൊണ്ട് ഇങ്ങോട്ടോടി.'' ഉദ്ദേശിച്ചകാര്യം നടന്നുവെന്നു രാമനു ബോദ്ധ്യമായി. എങ്കിലും ലക്ഷ്മണനെ ചെറുതായെന്നു കുറ്റപ്പെടുത്തണമല്ലോ. ''അതൊക്കെയാണെങ്കിലും നീ അവളെ വിട്ടുപോന്നതു ശരിയായില്ല. യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ ദോഷനെത്രയുമെന്നു നീയറിയുന്നതല്ലേ? കഷ്ടം! സീതയെ രാക്ഷസന്മാര്‍ കൊണ്ടുപോയോ? ഭക്ഷിച്ചുകളഞ്ഞോയെന്തോ! എന്നുപറഞ്ഞ് രാമന്‍ ദുഃഖഭാവത്തില്‍ കരയാന്‍ തുടങ്ങി. ഇവിടെ ശ്രീരാമന്‍ ലക്ഷ്മണനെ വിഡ്ഢിയെന്നാണു പറഞ്ഞത്. സ്ത്രീകളുടെ വാക്ക് സത്യമെന്നുധരിച്ച് എടുത്തുചാടുന്ന പുരുഷന്‍ വിഡ്ഢിയെന്ന് എഴുത്തച്ഛന്‍ രാമാവാക്യത്തിലൂടെ വ്യക്തമാക്കുന്നു. വാല്‍മീകി അല്പംകൂടി കടുത്തവാക്കുകളിലാണ് ലക്ഷ്മണനെ കുറ്റപ്പെടുത്തുന്നത്. ''രാക്ഷസന്മാരെ നശിപ്പിക്കാന്‍ എനിക്കു ശക്തിയുണ്ടെന്നറിഞ്ഞിട്ടും മൈഥിലി കോപിച്ചു പറഞ്ഞ വാക്കുകള്‍കേട്ട് നീ പോന്നുവല്ലോ. ദേഷ്യപ്പെട്ടവളും സ്ത്രീയുമായ ജാനകിയുടെ പരുഷവാക്കുകേട്ടിട്ട് നീ വന്നതുകൊണ്ട് ഞാന്‍ ഒട്ടും സന്തോഷിക്കുന്നില്ല. സീതയുടെ വാക്കുകേട്ട് നീ എന്റെ കല്പന തെറ്റിച്ചുവന്നത് ഒരുവിധത്തിലും നന്നല്ല. എന്നെ അകറ്റിക്കൊണ്ടുവന്ന രാക്ഷസന്റെ ശവം ഇതാ കിടക്കുന്നു. ഇവന്‍ മരിക്കാന്‍ നേരത്തു വിളിച്ചു പറഞ്ഞതുകേട്ട് നീ സീതയെ തനിയെ വിട്ടിട്ട് ഇങ്ങോട്ടുപോന്നൂ!'' ശ്രീരാമന്റെ വാക്കുകള്‍ പുരുഷന്മാര്‍ക്ക് ഒരു മുന്നറിയിപ്പല്ലേ? സ്ത്രീകള്‍ ദേഷ്യപ്പെട്ട് പലതും പറയും. അതുകഴിഞ്ഞ് തണുക്കുമ്പോള്‍ മയക്കാനായി പഞ്ചാരവാക്കു പറയും. രണ്ടും കാര്യമാക്കാതിരുന്നാല്‍ കുടുംബകലഹം ഒഴിവാക്കാം
No comments:
Post a Comment