Monday, August 13, 2018

ഗുരുപരമ്പര പകര്‍ന്നുനല്‍കിയ അറിവുകള്‍ ഔഷധക്കൂട്ടാക്കി മാറാരോഗങ്ങളെ തുരത്തുകയാണ് ഒരു ആചാര്യന്‍. നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി ഗുരുമന്ദിരത്തില്‍ സ്വാമി രാജേന്ദ്ര ഗുരുവെന്ന ഈ ആധ്യാത്മികാചാര്യന് വൈദ്യവും വഴങ്ങുമെന്നത് കാലം തെളിയിച്ച സത്യം. 
നാലുപതിറ്റാണ്ടായി സ്വാമിയെ തേടിയെത്തിയത് ആയിരക്കണക്കിന് രോഗികള്‍. ഇവര്‍ക്കെല്ലാം പച്ചിലകള്‍ ഉരകല്ലിലുരച്ച് മരുന്നുണ്ടാക്കി സൗജന്യചികിത്സ നല്‍കി ഈ താപസന്‍. ആചാര്യന്‍ മരുന്നുരച്ചു നല്‍കിയാല്‍ മാറാരോഗങ്ങള്‍ മാറുമെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. നാട്ടുവൈദ്യവും ഒറ്റമൂലിയും ഒരുപോലെ പ്രയോഗിക്കുന്ന സ്വാമിക്ക് വൈദ്യം കച്ചവടമാക്കാന്‍ ഉദ്ദേശമില്ല. ഗുരുക്കന്മാര്‍ ഉപദേശിച്ച മന്ത്രമാണതെന്ന് സ്വാമി.
അഞ്ഞൂറോളം പച്ചിലമരുന്നുകളും അവയുടെ ഔഷധ ഗുണവും മനഃപാഠമാണ് സ്വാമിക്ക്. സോറിയാസിസെന്ന മാറാരോഗത്തിന് അപൂര്‍വ ഔഷധക്കൂട്ടുണ്ടാക്കിയ സന്തോഷത്തിലാണ് അദ്ദേഹം. ആറ് തരത്തിലുള്ള സോറിയാസിസുകളെ പൂര്‍ണമായി സുഖപ്പെടുത്താനാകുമെന്ന് സ്വാമി പറയുന്നു. ദിവ്യങ്ങളായ ഒറ്റമൂലി പച്ചിലകള്‍ക്കൊപ്പം ഗന്ധകതൈലം, കടുംജീരകം തുടങ്ങി ഒട്ടനവധി മരുന്നുകള്‍ ചേര്‍ത്ത് സൂര്യപ്രകാശത്തില്‍ സ്ഫുടം ചെയ്‌തെടുക്കുന്നതാണ് ഔഷധക്കൂട്ട്. ഓമല്ലൂര്‍ ശിവപ്രഭാകരസിദ്ധയോഗി, തിരുവണ്ണാമല രാം സൂരത് കുമാര്‍, കൃഷ്ണഗിരി സിദ്ധാര്‍ഥപാദര്‍ എന്നീ ഗുരുക്കന്മാരില്‍ നിന്ന് ആയുര്‍വേദത്തിന്റെയും പ്രചീന നാട്ടുവൈദ്യത്തിന്റെയും പ്രാക്തന അറിവുകള്‍ ഹൃദിസ്ഥമാക്കിയ യോഗീവര്യനാണ് സ്വാമി രാജേന്ദ്ര ഗുരു.
jaanmabhumi

No comments:

Post a Comment