Tuesday, August 21, 2018

തന്ത്രവും വൈദ്യശാസ്ത്രവും

കെ.കെ.വാമനന്‍
Wednesday 22 August 2018 2:32 am IST
തന്ത്രം- ഈ ഗ്രന്ഥങ്ങളില്‍ ധാതുക്കളെ രസം, ഉപരസം, രത്‌നം, ലോഹം എന്നു നാലായി തരം തിരിച്ചിരിക്കുന്നു. അഭ്രം (മൈക്കാ), വൈക്രാന്തം, മക്ഷികാ (പൈറൈറ്റ്‌സ്), വിമലാ, അദ്രിജ (ബിറ്റുമെന്‍), സസ്യക, ചപല, രസക എന്നിങ്ങനെ എട്ടുതരം രസങ്ങളുണ്ടത്രേ. ഔഷധങ്ങളില്‍ രസം (മെര്‍ക്കുറി), ലോഹം എന്നീ രണ്ടിനെയും കുറിക്കാന്‍ രസശബ്ദം ഉപയോഗിച്ചു കാണുന്നു. സള്‍ഫര്‍, റെഡ്-ഓഷര്‍, വിറ്റ്രിയോള്‍, ആലം (തുരിശ്), ഓര്‍പിമെന്റ്, റിയല്‍ഗര്‍, അഞ്ജനം, കംകുഷ്ഠം എന്നിവയാണ് ആറ് ഉപരസങ്ങള്‍. വിവിധതരം രത്‌നങ്ങളെക്കൂടാതെ സ്വര്‍ണം, വെള്ളി, ഇരുമ്പ്, ടിന്‍, ബ്രാസ്സ്, ബെല്‍മെറ്റല്‍ തുടങ്ങിയ പലതരം ലോഹങ്ങളും അവയുടെ പ്രത്യേകതകളും ഉപയോഗങ്ങളും വിവരിച്ചിട്ടുണ്ട്. പരീക്ഷണ- നി
ര്‍മാണശാല (ലബോറട്ടറി- ഫാക്റ്ററി), ഉപകരണങ്ങള്‍, മൂശ നിര്‍മാണത്തിനുപയോഗിക്കേണ്ട വസ്തുക്കള്‍, മേല്‍പ്പറഞ്ഞ ദ്രവ്യങ്ങളുടെ ശുദ്ധിപ്രക്രിയ അഥവാ സംസ്‌കരണം തുടങ്ങിയ നിരവധി പ്രായോഗികവിഷയങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
രസത്തെ ശിവനായും ഗന്ധകത്തെ ശക്തിയായും കല്‍പ്പിച്ചിരിക്കുന്നു. താന്ത്രികദീക്ഷയ്ക്കു ശേഷമാണ് രസശാസ്ത്രം ശിഷ്യനെ പഠിപ്പിക്കുന്നത്. ആ ദീക്ഷാവിവരണവും ഗ്രന്ഥങ്ങളില്‍ കാണാം. ചൈനയുമായുള്ള സമ്പര്‍ക്കം വെളിവാക്കുന്ന കറുപ്പ് (ഓപ്പിയം), ചോപചീനി (ചൈനാറൂട്ട്) എന്നിവയുടെ ഉപയോഗവും ചില ഗ്രന്ഥങ്ങളില്‍ കാണാം. സള്‍ഫ്യൂരിക്ക് ആസിഡിന് ദാഹജലം എന്നാണത്രെ പറഞ്ഞിരിക്കുന്നത് (ഭട്ടാചാര്യ, ഹിസ്റ്ററി ഓഫ് താന്ത്രിക് റിലിജിയന്‍).
തന്ത്രവും വൈദ്യവും-  ഭാരതത്തില്‍ പൊതുവേ ഭൗതികശാസ്ത്രചിന്തകളെയും പരീക്ഷണ-നിരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിച്ചത് തന്ത്രം ആണെന്നാണ് ദേബീപ്രസാദ് ചട്ടോപാധ്യായ, നരേന്ദ്രനാഥ് ഭട്ടാചാര്യ തുടങ്ങിയ പണ്ഡിതന്മാരുടെ നിഗമനം. ഭാരതീയ രസതന്ത്രത്തിന്റെ വേരുകള്‍ തന്ത്രത്തിലാണെന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയുടെ അഭിപ്രാ
യം നാം കണ്ടു. ഭാരതീയ വൈദ്യശാസ്ത്രത്തിന്റെയും തുടക്കം കുറിച്ചത് താന്ത്രികാചാര്യന്മാര്‍ തന്നെ ആണെന്നാണ് ഭട്ടാചാര്യയും മറ്റും സമര്‍ത്ഥിക്കുന്നത്.
തന്ത്രത്തിന്റെ പിണ്ഡാണ്ഡ (ഭൗതികശരീരം) വും ബ്രഹ്മാണ്ഡ (ജഗത്ത്) വും തമ്മിലുള്ള ഐക്യം, രണ്ടിന്റെയും ചേരുവകള്‍ ഒന്നു തന്നെ എന്ന തത്ത്വം ആണ് ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ അടിത്തറ എന്നാണ് ഭട്ടാചാര്യ ( ഹിസ്റ്ററി ഓഫ് താന്ത്രിക് റിലിജിയന്‍) പറയുന്നത്. സാംഖ്യദര്‍ശനത്തിലും തന്ത്രത്തിലും കാണപ്പെടുന്ന പ്രകൃതിപു
രുഷതത്ത്വങ്ങള്‍, അവ്യക്തം വ്യക്തമാകുന്ന പരിണാമപ്രക്രിയ, തന്ത്ര-ഹഠയോഗശാസ്ത്രങ്ങളിലെ സുഷുമ്‌ന, ഇഡാ, പിംഗളാ തുടങ്ങിയ എഴുപത്തീരായിരം നാഡികളും പ്രാണാപാനാദിവായുക്കളും ചേര്‍ന്ന ശരീരഘടനാനിര്‍ണയം എന്നീ കല്‍പനകളും വൈദ്യശാസ്ത്രത്തിന്റെ താത്ത്വികവും മറ്റുമായ വളര്‍ച്ചയ്ക്കു വഴി തെളിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വൈദ്യശാസ്ത്രം വിവരിക്കുന്ന മിക്ക തന്ത്രഗ്രന്ഥങ്ങളും നാമാവശേഷമായി എന്നതും രസതന്ത്രവും രസായനചികിത്സയും ആയി ബന്ധപ്പെട്ട തന്ത്രഗ്രന്ഥങ്ങള്‍ മാത്രമാണ് ഇന്നു നമുക്കു കുറച്ചെങ്കിലും ലഭ്യമാകുന്നത് എന്നതുമാണ് ഇന്നത്തെ സ്ഥിതി എന്നും അദ്ദേഹം പറയുന്നു. ശരീരോല്‍പ്പത്തിക്രമം, ശരീരസ്ഥനാഡീനിര്‍ണയം, ഭൂതഗുണങ്ങള്‍, ശരീരസ്ഥവായുനിര്‍ണയം, ശരീരകോശവര്‍ണനം, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ തന്ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്നതായി ഭട്ടാചാര്യ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരകസംഹിതയും സുശ്രുതസംഹിതയും മൗലികമായി താന്ത്രികം ആണ്. ബൗദ്ധതത്വങ്ങളും ഇവയില്‍ വിവരിക്കുന്ന ആയുര്‍വേദപദ്ധതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഭട്ടാചാര്യ സൂചിപ്പിക്കുന്നു.
ഭട്ടാചാര്യയുടെ നിരീക്ഷണം അനുസരിച്ച് ശല്യതന്ത്രം (ശരീരത്തിന്റെ അധരാവയവങ്ങളുടെ മുറിവുകളും രോഗങ്ങളും മറ്റും ശസ്ത്രക്രിയാദികള്‍ വഴി ഭേദമാക്കല്‍), ശാലാക്യതന്ത്രം (ഊര്‍ദ്ധ്വാംഗചികിത്സ), കായചികിത്സാതന്ത്രം (ബാഹ്യവും ആന്തരവുമായ പൊതുചികിത്സ), ഭൂതവിദ്യാതന്ത്രം (മനോരോഗചികിത്സ), കൗമാരഭൃത്യതന്ത്രം (ബാലചികിത്സ), അഗദതന്ത്രം (വിഷവൈദ്യം), വാജീകരണതന്ത്രം, രസായനതന്ത്രം എന്നീ എട്ടു തരം വൈദ്യശാസ്ത്രശാഖകളില്‍ രസായനതന്ത്രവുമായി ബന്ധപ്പെട്ട ചില തന്ത്രഗ്രന്ഥങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഔപധേനവന്‍, ഔരഭ്രന്‍, പൗഷ്‌കലാവതന്‍ തുടങ്ങിയ ആചാര്യന്മാര്‍ ശല്യതന്ത്രസംബന്ധമായും ജനകന്‍, നിമി, കാങ്കായണന്‍, കൃഷ്ണാത്രേയന്‍ തുടങ്ങിയവര്‍ ശാലാക്യതന്ത്ര സംബന്ധമായും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്രേ. ഇവയൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗൗതമബുദ്ധന്റെ പ്രധാനവൈദ്യനും ബാലചികിത്സയില്‍ പ്രവീണനും ആയിരുന്ന ജീവക കുമാരഭൃത്യനുമായി ബന്ധപ്പെട്ടാണത്രേ കൗമാരഭൃത്യം എന്ന പേരു വന്നത്. 
അവധൗതികാ ചികിത്സ എന്ന ഒരു താന്ത്രിക ചികിത്സാപദ്ധതി ഉണ്ടെന്നും അതു കൈകാര്യം ചെയ്യുന്നവര്‍ ഇന്നും ഭാരതത്തില്‍ ഉണ്ടെന്നും ഭട്ടാചാര്യ വെളിപ്പെടുത്തുന്നുണ്ട്. പ്രധാനമായും രസം, സിന്ദൂരം, ഭസ്മം തുടങ്ങിയ നീറ്റുമരുന്നുകള്‍ ഉപയോഗിച്ചു ചികിത്സിക്കുന്നതിനാല്‍ താന്ത്രികവൈദ്യന്മാരെ രസവൈദ്യന്മാരെന്നാണത്രെ പറഞ്ഞുവരുന്നത്. രസേശ്വരദര്‍ശനം എന്നും കായതത്ത്വം എന്നും അറി
യപ്പെടുന്ന ഒരു പ്രത്യേകസിദ്ധാന്തം തന്നെ ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാദേവന്‍, ആദിനാഥന്‍, നിത്യനാഥന്‍, ചന്ദ്രസേനന്‍, ഗോരക്ഷനാഥന്‍, കപാ
ലി തുടങ്ങിയവരാണ് ഈ ചികിത്സാപദ്ധതിയുടെ പ്രധാന ആചാര്യന്മാര്‍. 
തമിഴകത്തെ സിദ്ധസമ്പ്രദായത്തിന് എസ്. ബി. ദാസ്ഗുപ്ത  (ഒബ്‌സ്‌ക്യുവര്‍ റിലിജിയസ് കള്‍ട്‌സ്) ചൂണ്ടിക്കാട്ടിയ ഭാരതത്തിലെ ആദ്ധ്യാത്മികതയുടെ നിഗൂഢപാരമ്പര്യവുമായി നാഭീനാളബന്ധം ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. ഇതിന്റെ പരമാചാര്യനായി കരുതപ്പെടുന്ന അഗസ്ത്യമഹര്‍ഷി ദക്ഷിണദേശത്തേക്കു വന്നു എന്നും ഈ സമ്പ്രദായത്തെ ഈ ഭാഗങ്ങളില്‍ പ്രചരിപ്പിച്ചു എന്നുമാണ് പല പണ്ഡിതന്മാരും കരുതുന്നത്. പ്രസിദ്ധമായ പളനിമുരുക ക്ഷേത്രവുമായി അഭേദ്യബന്ധം ഉള്ള ഭോഗര്‍, നവപാഷാണം കൊണ്ടു നിര്‍മിച്ചതാണ് അവിടുത്തെ വിഗ്രഹമെന്നും ആ വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത തീര്‍ത്ഥത്തിന് വലിയ ഔഷധഗുണമുണ്ട് എന്നും കരുതിവരുന്നു. ഭോഗര്‍ അവിടെ ശ്രീചക്രപ്രതിഷ്ഠയും നടത്തിയിട്ടുണ്ട് എന്നു കരുതപ്പെടുന്നു.  
ആനന്ദമാണു ബ്രഹ്മം. അതാകട്ടെ ദേഹനിഷ്ഠവുമാണ് (ആനന്ദം ബ്രഹ്മണോ രൂപം. തച്ച ദേഹേ വ്യവസ്ഥിതം- പരശുരാമകല്‍പസൂത്രം) എന്നതാണ് തന്ത്രത്തിന്റെ നിലപാട്. തന്മൂലം ആനന്ദാനുഭവത്തിനുതകുന്ന തരത്തില്‍ ദേഹത്തെ അരോഗവും ദൃഢവും ആക്കി ചിരകാലം നിലനിര്‍ത്തണം. അതിനാണ് നാഥ-തന്ത്ര സമ്പ്രദായം വ്യായാമം, രസതന്ത്രം, വൈദ്യം എന്നിവയെ വികസിപ്പിച്ചെടുത്തത്. ഭട്ടാചാര്യയും മറ്റു പല പണ്ഡിതന്മാരും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്.

No comments:

Post a Comment