Sunday, August 26, 2018

ഈ പ്രപഞ്ചസൃഷ്ടി ഭഗവാന്റെ ഇച്ഛയനുസരിച്ച് ഉണ്ടായി എന്നും, ബ്രഹ്മാവു സൃഷ്ടിക്കുകയും വിഷ്ണു സംരക്ഷിക്കുകയും രുദ്രന്‍ സംഹരിക്കുകയും ചെയ്യുന്നു എന്നുമുള്ള മൂര്‍ത്തിത്രയധര്‍മം പല വിദ്വാന്മാരും അംഗീകരിക്കുന്നില്ല. ഇക്കാര്യം വേദവ്യാസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
''ഇത്ഥം ഭാവേന കഥിതോ ഭഗവാന്‍ 
ഭഗവത്തമഃ
നേത്ഥം ഭാവേന ഹി പരംദ്രഷ്ടുമര്‍ഹന്തിസൂരയഃ''   
ബ്രഹ്മാണ്ഡം മുഴുവനും അതിനപ്പുറവും നിറഞ്ഞുനില്‍ക്കുന്ന (ഭീമാകാരനെന്ന് അല്‍പമായ വിശേഷണം) ബൃഹത്തായ ഒരു രൂപമാണ് ഭഗവാന്റേത് എന്ന് പറയുന്നു. ശാന്താകാരനായി, ഭുജഗശയനനായി, അനന്തശയ്യയില്‍ കിടക്കുന്നവനാണ്  ഭഗവാനെന്നു പറയുന്നു. യശോദയുടെ ഒക്കത്തിരുന്ന് കിന്നരിക്കുന്നവനായിപ്പറയുന്നു. കാളിയസര്‍പ്പത്തെ മര്‍ദിക്കുന്നവനായും പറയുന്നു. ഒരു വിരല്‍ കൊണ്ട് ഗോവര്‍ധന പര്‍വതത്തെ ഉയര്‍ത്തിയവനെന്നും കേള്‍ക്കുന്നു. ഉമ്മറപ്പടിയിലിരുന്ന് ഹിരണ്യകശിപുവിനെ മടിയില്‍ കിടത്തി കൈനഖം കൊണ്ട് വധിച്ചവനാണെന്നും പറയുന്നു. ഇങ്ങനെ ഭഗവാനെ പല രൂപത്തിലും വര്‍ണിച്ചിട്ടുണ്ട്. ആകാശംപോലെ പരന്നുകിടക്കുന്നവനുമാണ്. കാര്‍മേഘവര്‍ണനാണ്, കമലനയനനാണ്, ധ്യാനത്തില്‍ യോഗിമാരുടെ മനസ്സില്‍ കയറിയിരിക്കുന്നവനാണ്. പീതാംബരധാരിയാണ്, ശുക്ലാംബരധാരിയാണ്. ശശിവര്‍ണമുള്ളവനാണ്. ചതുര്‍ഭുജനാണ്. കരുണാസമുദ്രമാണ്. ഇങ്ങനെ പലതരത്തില്‍ ഭഗവാനെ വര്‍ണിക്കുന്നു. അതേസമയം, ഭഗവാന്‍ അരൂപിയുമാണ്. അവ്യക്തനുമാണ്.
ഭഗവാന്‍ നിര്‍ഗുണനാണ്. അതിനാല്‍തന്നെ സൃഷ്ട്യാദി വാസനകളുമില്ല. വാസനകളില്ലാത്തതിനാല്‍ കര്‍തൃത്വവും ഭഗവാനില്‍ നിക്ഷിപ്തമല്ല.
മൂലപ്രകൃതിയുടെ നിശ്ചയപ്രകാരം സൃഷ്ട്യാദി കര്‍മങ്ങള്‍ നടന്നു.
ഭഗവാന്‍ നിര്‍ഗുണനും അവ്യക്തനും വിരാട്‌രൂപനും രൂപരഹിതനുമൊക്കെയായതിനാല്‍ രൂപങ്ങളെല്ലാം സങ്കല്‍പമാത്രത്താല്‍ ഉണ്ടായതാണ്. അതിനാല്‍ തന്നെ ആദിനാരായണന്റെ സ്വരൂപം-ഭഗവാന്റെ സ്വരൂപം ശൈവമോ വൈഷ്ണവമോ ശാക്തേയമോ എന്നതൊന്നും വിഷയമേയല്ല. ഇതില്‍ ഏതു രൂപമായാലും ധ്യാനിക്കാനുള്ള സൗകര്യത്തിനായി സങ്കല്‍പിക്കപ്പെട്ടതാണ്. ശൈവമതത്തില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍ ശിവനാണ് ആദിമൂലം എന്നവകാശപ്പെടുന്നു. വൈഷ്ണവത്തില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍ വിഷ്ണു തന്നെയാണ് എല്ലാം എന്നു വിശ്വസിക്കുന്നു. ശാക്തേയ മതക്കാര്‍ ഇതെല്ലാം ദേവി പരാശക്തിയുടെ ലീലാവിലാസങ്ങളായിക്കാണുന്നു. ക്രിസ്തുമതം, ഇസ്ലാം മതം, പാഴ്‌സി മതം, സിക്കു മതം ഇത്യാദി ഓരോ മതക്കാരും ഓരോരോ അവകാശവാദങ്ങളുമായി മുന്നോട്ടു വരുന്നു. എന്നാല്‍ ഭഗവാന്‍ വേദവ്യാസന്റെ അഭിപ്രായത്തില്‍ ഇതിലേതായാലും ഒരു ചൈതന്യത്തിന്റെ തന്നെ വിവിധങ്ങളായ നാമാവലിയായിക്കാണുന്ന ചില വിദ്വാന്മാരുണ്ട് എന്നുതന്നെയാണ്.
ഏതു പേരുപറഞ്ഞ് സേവിച്ചാലും മരുന്ന് കഴിക്കുന്ന രോഗിയുടെ രോഗം ഭേദമാകുന്നതുപോലെയാണ് ഏതു പേരു പറഞ്ഞു വിളിച്ചാലും ഭഗവാന്‍ പ്രസാദിക്കുന്നത്.  സമര്‍പണബുദ്ധിയോടെ നാം ചെയ്തുവരുന്ന കര്‍മങ്ങളെല്ലാം തന്നെ ഒരേ ചൈതന്യത്തിലേക്കാണ് അര്‍പ്പിക്കപ്പെടുന്നത്. ധ്യാനിക്കാന്‍ സൗകര്യത്തിനുവേണ്ടിമാത്രമാണ് രൂപങ്ങള്‍.
ഇതുപറയുമ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്‍മയില്‍ വരുന്നു. സ്‌കന്ദഹോരാവിതാനത്തില്‍ അഗസ്ത്യ സുബ്രഹ്മണ്യസംവാദത്തില്‍ അഗസ്ത്യന്‍ മുരുകനോട് ചോദിക്കുന്ന അനേക സംശയങ്ങളില്‍ ഒന്നാണ് രംഗം. വിഷ്ണു, ശിവന്‍, ദേവി, ഗണപതി, ശാസ്താവ് തുടങ്ങി പല പേരുകളില്‍ നാം പൂജകള്‍ ചെയ്യുന്നു. ഇതെല്ലാം എവിടെച്ചെന്നു ചേരുന്നു എന്നായിരുന്നു ചോദ്യം.
ഇതെല്ലാം എന്റെ അമ്മാവന് വിഷ്ണുവിലേക്കാണ് എത്തിച്ചേരുന്നത്. ഇതെല്ലാം, മറ്റു ദേവതകളുടെ പങ്ക് അതതു ദേവതകളെ ഏല്‍പ്പിക്കുന്നത് അമ്മാവനാണ്. ഈ ഫലങ്ങളെല്ലാം പങ്കുവയ്ക്കാനായി അമ്മാവനെ ഏല്‍പ്പിക്കുന്ന ചുമതല മാത്രമാണ് അഗ്നിദേവനും മറ്റുമുള്ളത്.

No comments:

Post a Comment