Sunday, August 12, 2018

മനസ്സിന്റെ വലുപ്പം.ജഗദീശ്വരന്‍ എന്നത് അനുഭവമാണ്. നിസ്വാര്‍ഥ സ്‌നേഹത്തിലും കരുണയിലൂടെയുമാണ് പരമാത്മാവ് നമ്മളില്‍ കുടികൊള്ളുന്നത്. വിശ്വാസം എന്നത് ദേവീദേവന്മാരില്‍ മാത്രമുള്ള വിശ്വാസമല്ല. മറിച്ച് ഉള്ളിലെ ഉന്നതങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം ബലി കൊടുക്കാന്‍ കൂടി തയ്യാറാകുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. സ്‌നേഹം, കരുണ, ദയ, ക്ഷമ എന്നിവയാണ് ആ മൂല്യങ്ങള്‍. മയൂരധ്വജ രാജാവിന്റെ കഥ ഇതിന് ഉദാഹരണമാണ്. അദ്ദേഹം വലിയ ശ്രീകൃഷ്ണഭക്തനായിരുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ രാജാവായി. അതിനുശേഷം അശ്വമേധം നടത്തുവാന്‍ തീരുമാനിച്ച് കുതിരയെ അഴിച്ചുവിട്ടു. പാണ്ഡവന്മാരുടെ ബലം അറിയാമായിരുന്ന മറ്റ് രാജാക്കന്മാരാരും കുതിരയെ പിടിച്ചുകെട്ടിയില്ല. വേദപണ്ഡിതനായിരുന്ന മയൂരധ്വജ രാജാവിന്റെ നാട്ടിലെത്തിയപ്പോള്‍ അദ്ദേഹം അശ്വത്തെ പിടിച്ചുകെട്ടി. പണ്ഡിതനും ജ്ഞാനിയും പ്രജാതത്പരനുമായിരുന്നു അദ്ദേഹം. യുദ്ധംചെയ്ത് മയൂരധ്വജരാജാവിനെ പരാജയപ്പെടുത്താന്‍ അര്‍ജുനന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീകൃഷ്ണപരമാത്മാവിന്റെ നിര്‍ദേശപ്രകാരം അര്‍ജുനനും ശ്രീകൃഷ്ണനും വേഷംമാറി മയൂരധ്വജരാജാവിന്റെ രാജധാനിയിലെത്തി. ബ്രാഹ്മണരുടെ വേഷം ധരിച്ചെത്തിയ അവരെ രാജാവ് സ്വീകരിച്ചിരുത്തി. ശ്രീകൃഷ്ണഭഗവാന്‍ രാജാവിനോട് പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു സങ്കടം ബോധിപ്പിക്കാനുണ്ട്. അങ്ങയുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലെ കൊടുംകാട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ എന്റെ കൂട്ടുകാരന്റെ പുത്രനെ ഒരു കടുവ കടിച്ചുകൊണ്ടോടി. പിന്നാലെ ചെന്നപ്പോള്‍ കുട്ടിയുടെ പകുതി ശരീരം കടുവയുടെ ഉള്ളിലായിരുന്നു. കുട്ടിയെ രക്ഷിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. 'പക്ഷേ…', ശ്രീകൃഷ്ണന്‍ കഥ മുഴുമിച്ചില്ല….. 'എന്തായാലും ബാക്കി പറയൂ. സങ്കടനിവൃത്തി ഞാന്‍ വരുത്തും' രാജാവ് പറഞ്ഞു. ശ്രീകൃഷ്ണഭഗവാന്‍ തുടര്‍ന്നു: 'തന്റെ വായിലുള്ള കുട്ടിയുടെ പകുതികൂടി തിരിച്ചുതരാം. പക്ഷേ, ജീവനോടെ കുട്ടിയെ തരണമെന്നുണ്ടെങ്കില്‍ മയൂരധ്വജരാജാവിന്റെ പകുതി ശരീരം എനിക്ക് ലഭിക്കണം എന്നാണ്ആ ഹിംസ്രമൃഗം പറഞ്ഞത്.' ഉടന്‍ തന്നെ രാജാവ് ഒരുമടിയും കൂടാതെ തന്റെ ശരീരത്തിന്റെ പകുതി മുറിച്ച് കടുവയ്ക്ക് നല്‍കാന്‍ ആജ്ഞാപിച്ചു. വലിയവാള്‍ കൊണ്ടുവന്ന് രാജാവിനെ രണ്ടായി മുറിക്കാന്‍ തുടങ്ങുമ്പോള്‍ രാജാവിന്റെ ഇടത്തെകണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നത് ഭഗവാന്‍ കണ്ടു. 'വേണ്ട, വേദനയോടും വിഷമത്തോടും കൂടി രാജാവ് പകുതി ശരീരം ദാനം ചെയ്യരുത്'ഭഗവാന്‍ പറഞ്ഞു. ഉടന്‍ രാജാവിന്റെ മറുപടി വന്നു: 'ഇടത്തെ കണ്ണില്‍ നിന്ന് കണ്ണീര്‍ വന്നത് വേദനകൊണ്ടല്ല. ഉത്തമമായ ഒരു കാരണത്തിനാണ് വലതുഭാഗം ഉപയോഗപ്പെടുത്തുന്നത്. ഒരുകുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. പക്ഷേ, ഇടത്തെഭാഗംകൊണ്ട് ഒരു സത്കൃത്യവും നടത്താന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്താണ് ഇടതുപകുതി വിഷമിച്ചത്'. രാജാവിന്റെ ഈ വാക്കുകള്‍ അര്‍ജുനന്റെ കണ്ണ് തുറപ്പിച്ചു. ഭഗവാന്‍ കൃഷ്ണന്‍ തന്റെ ബ്രാഹ്മണവേഷം വെടിഞ്ഞ് രാജാവിനെ അനുഗ്രഹിച്ചു. അര്‍ജുനന്റെ യുദ്ധസാമര്‍ഥ്യത്തെക്കാള്‍ ഭഗവാന് സന്തോഷം നല്‍കിയത് സ്വയം സമര്‍പ്പിക്കാനുള്ള രാജാവിന്റെ ആത്മാര്‍ഥതയാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. പരമാത്മാവിനെ അറിയുന്നവരില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ സ്‌നേഹവും കരുണയും ക്ഷമയും ദയയുമാണ്. വിശ്വാസവും ആധ്യാത്മികതയും ലഘുവായ കാര്യങ്ങളല്ല. ഉന്നതമായ ആധ്യാത്മിക മൂല്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ മക്കള്‍ പകര്‍ത്തുമ്പോഴാണ് നിങ്ങള്‍ ഉത്തമരായ മനുഷ്യരാവുന്നത്. അവര്‍ക്ക് പരമാത്മാവില്‍ ഉറച്ചവിശ്വാസവും ഉണ്ടാവും. അത്തരം ആളുകള്‍ സമൂഹത്തില്‍ നന്മ വളര്‍ത്തും.


No comments:

Post a Comment