Tuesday, August 28, 2018

മേനാദേവിയുടെ ഉത്കണ്ഠ തിരിച്ചറിഞ്ഞപ്പോള്‍ ഹിമവാന് മുഖത്ത് പ്രസാദവും പ്രയാസവും മാറി മാറി പ്രതിഫലിച്ചു.
തന്റെ മകള്‍ക്ക് ലോകേശ്വരനായ ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നതില്‍ സന്തോഷം. തന്റെ ആയുസ്സിനെക്കുറിച്ച് മേനാദേവിക്കുള്ള ആശങ്കകള്‍ അവള്‍ക്ക് തന്നോടുള്ള സ്‌നേഹത്തില്‍നിന്നും ഉണ്ടായതാണ് അതും സന്തോഷകരം. എന്നാല്‍ ആ ആശങ്കയുടെ വിഷയം ഭയാനകവും. ആ പ്രയാസവും ഉള്‍ക്കൊള്ളാതിരിക്കാനാകില്ലല്ലോ.
മനസ്സു വായിച്ചറിയുന്നതില്‍ മുനിമാര്‍ മിടുക്കന്മാരാണ്. അവരുടെ മുന്നില്‍ മൗനവും വാചാലമാകും. ഹിമവാനും ഭാര്യക്കും ഒരേപോലെ ആശ്വാസമരുളും വിധത്തിലാണ് അഗസ്ത്യമഹര്‍ഷിയുടെ വിശദീകരണം വന്നത്.
മഹര്‍ഷിയുടെ വിശദീകരണം മേനാദേവിക്കും ഹിമവാനും ഒരേപോലെ ആശ്വാസജനകമായി.
ഭഗവാനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷിച്ചു. അതും സപ്തര്‍ഷിമാരൊരുമിച്ച് വന്ന് അവരുടെ വക്താവെന്ന നിലയില്‍ അഗസ്ത്യമഹര്‍ഷിയുടെ വാക്കുകളില്‍ കൂടി അവതരിപ്പിച്ചു കേട്ടത് പരമാനന്ദകരം.
അതിനേക്കാള്‍ കൂടുതല്‍ ആനന്ദകരമായി മേനാ ദേവിക്കു തോന്നിയത് തന്റെ മകളെക്കുറിച്ചു പറഞ്ഞതാണ്. അവളുടെ പൂര്‍വജന്മവൃത്താന്തം അറിയാന്‍ കഴിഞ്ഞു. തന്റെ മകള്‍ സാക്ഷാല്‍ പരാശക്തിയാണത്രെ.
അമ്മേ എന്നു വിളിക്കേണ്ട പരാശക്തിയെയാണ് താന്‍ ഇതുവരെ മോളേ എന്നു സംബോധന ചെയ്തത്. ജഗത്തിന്റെ മുഴുവന്‍ അമ്മയായ ഈ പരാശക്തി ഇത്രയും കാലം തന്നെ അമ്മേ എന്നും ഹിമവാനെ അച്ഛാ എന്നും വിളിച്ച് ഞങ്ങളെ ആനന്ദിപ്പിച്ചു.
പാര്‍വതിയുടെ കുട്ടിക്കാലത്തെ വികൃതികളെക്കുറിച്ചും കളികളെക്കുറിച്ചുമെല്ലാം മേനാദേവി ഒരു നിമിഷം ഓര്‍ത്തുപോയി. പ്രപഞ്ചത്തെ മുഴുവന്‍ കൈവിരലില്‍ താലോലിക്കുന്ന ഈ രാജരാജേശ്വരിയെയാണല്ലോ കൊച്ചുകുഞ്ഞെന്നും, കരുതി താന്‍ തൊട്ടിലില്‍ കിടത്തി താലോലിച്ചതും താരാട്ടുപാടി കേള്‍പ്പിച്ചതും. ഹേയ്, ജഗദംബികേ ഞങ്ങളുടെ അറിവില്ലായ്മയോട് ക്ഷമിച്ചാലും.
ഹിമവാന് ചിരിവന്നു. ജഗത്തിനെ മുഴുവന്‍ പരിപാലിക്കുന്ന ശ്രീലളിതയെ കൈകളില്‍ പിടിച്ച് പിച്ച നടത്തിച്ച ആ രംഗം ഓര്‍ത്താല്‍ ആര്‍ക്കാണ് ചിരിവരാത്തത്. മോളേ, വീഴാതെ സൂക്ഷിച്ചു നടക്കണം എന്നുപറഞ്ഞ് അന്നുതാന്‍ ഉപദേശിച്ചത് സാക്ഷാല്‍ ശ്രീവിദ്യയെ. ഓര്‍ത്തപ്പോള്‍ അതെല്ലാം ഒരു കിനാവുപോലെ തോന്നി.
ജഗത്തിനെ മുഴുവന്‍ ഊട്ടിവളര്‍ത്തുന്ന സാക്ഷാല്‍ അന്നപൂര്‍ണാദേവിയുടെ വായിലാണ് ഞാന്‍ കൊച്ചുരുളകള്‍വച്ച് കൊടുത്ത് ഊട്ടിയതെന്നു തിരിച്ചറിഞ്ഞ മേനാദേവിയും തന്റെ ഇളിഭ്യത പുറത്തുകാട്ടാതിരിക്കാന്‍ പ്രയാസപ്പെട്ടു.
പാര്‍വതിയെ ശിവനു വിവാഹം കഴിച്ചുകൊടുക്കുന്നതില്‍ തനിക്ക് സന്തോഷമാണെന്നു മാത്രം പറഞ്ഞ് മേനാദേവി പെട്ടെന്ന് അകത്തേക്കോടി. അപ്പോഴതാ കള്ളച്ചിരിയുമായി പാര്‍വതി മുന്നില്‍ നില്‍ക്കുന്നു. അമ്മയുടെ ലജ്ജയും ഇളിഭ്യതയും കണ്ട് ശ്രീപാര്‍വതീ ദേവി അമ്മയെ കെട്ടിപ്പിടിച്ചു.

No comments:

Post a Comment