എഴുത്തച്ഛന്‍ അദ്വൈതിയാണ്. അത് ആ മഹാപുരുഷനു ബൗദ്ധികജ്ഞാനം മാത്രമായിരുന്നില്ല. നേരിട്ടുള്ള അനുഭവമായിരുന്നു. എഴുത്തച്ഛന്‍ ഈ ഭൂമിയില്‍ ഇതരമനുഷ്യരോടൊപ്പം ജീവിച്ചിരുന്ന ആളാണെങ്കിലും സ്ഥിതിചെയ്തിരുന്നത് ആദ്ധ്യാത്മികമായ ഔന്നത്യങ്ങളിലാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ മഹത്വമാണ് എഴുത്തച്ഛനെന്ന് ആദരപൂര്‍വം വിളിക്കാന്‍ ലോകരെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. ആ മഹാഗുരു നിലകൊണ്ടിരുന്ന മഹൗന്നത്യത്തെ വീണ്ടും സ്പഷ്ടമാക്കുന്ന വരികളാണ് സുരസംഹതി പതി തദനു സ്വാഹാപതി... എന്നാരംഭിക്കുന്നത്. അദ്വൈതി പ്രപഞ്ചത്തെ കാണേണ്ടതും പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കേണ്ടതും എങ്ങനെയെന്ന് അത് വ്യക്തമാക്കിത്തരുന്നു.
ബ്രഹ്മസത്യം ജഗന്മിഥ്യ എന്നതാണല്ലൊ അദ്വൈതാദര്‍ശം. അതിന്‍പ്രകാരം ഉള്ള വസ്തു ബ്രഹ്മം മാത്രമാണ്. പരമാത്മാവെന്നും ശ്രീരാമനെന്നും നേരത്തെ പ്രതിപാദിച്ചിട്ടുള്ള തത്ത്വത്തെയാണു ബ്രഹ്മമെന്നും പറയുന്നത്. അണുവിനെക്കാള്‍ അണുവായി അത്യന്തസൂക്ഷ്മമായിരിക്കുന്ന ആ തത്ത്വം വലുതായ ലോകമായി വളരുന്നതിനാലാണ് ബ്രഹ്മമെന്നു പേര്‍ കൊണ്ടിട്ടുള്ളത്. അത് നീയാകുന്നു-തത്ത്വമസി- ഇതാണ് വേദാന്തവിദ്യയുടെ സിംഹനാദം. അതു പ്രത്യക്ഷാനുഭൂതിയായിത്തീരുന്നതാണ് അദ്വൈതാനുഭവം. ദ്വൈതം വിശിഷ്ടാദ്വൈതം തുടങ്ങിയ ദര്‍ശനപദ്ധതികള്‍ കൂടി ഇതിനോടു ചേര്‍ന്നിട്ടുണ്ട്. എഴുത്തച്ഛന്‍ അവയ്ക്കും യഥായോഗ്യം അദ്ധ്യാത്മരാമായണത്തില്‍ സ്ഥാനം നല്‍കിക്കാണുന്നു. എന്നാല്‍ ആസ്തിക ദര്‍ശനങ്ങളും അദ്വൈതത്തില്‍ കലാശിക്കുകയാല്‍ എഴുത്തച്ഛന്റെ നിലപാടും അതുതന്നെയായിത്തിര്‍ന്നിട്ടുണ്ട്.
ബ്രഹ്മം ഒന്നുമാത്രമേ സത്യമായിട്ടുള്ളൂ എങ്കിലും നാം നില്‍ക്കുന്നത് നാനാത്വങ്ങളുടെ നടുവിലാണ്. ഈ പ്രപഞ്ചാനുഭവം ഇല്ലാത്തതാണെന്നു പറഞ്ഞു തള്ളിക്കളയാന്‍ തക്കവണ്ണം നാം വളര്‍ന്നു കഴിഞ്ഞിട്ടുമില്ല. അദ്വൈതാനുഭവമാണ് ഏതൊരു ജീവന്റെയും പരമലക്ഷ്യം. അക്കാര്യത്തില്‍ സംശയത്തിനു വകയില്ല. പക്ഷേ അതിലേക്കുള്ള യാത്ര ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നുതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. ഏകമേവ അദ്വിതീയം- ഒന്നുമാത്രം രണ്ടില്ലാത്തത്- എന്നു ഉപനിഷത്തുക്കള്‍ പരിചയപ്പെടുത്തിത്തരുന്ന ബ്രഹ്മതത്ത്വം നാനാത്വം നിറഞ്ഞ ലോകമായി അനുഭവപ്പെടുന്നതിനിടയ്ക്ക് അനുഭവങ്ങളുടെ തലങ്ങള്‍ പലതുണ്ട് എന്ന കാര്യം മറന്നുകൂടാ. അവയെയാണു ഭുവര്‍ലോക സ്വര്‍ലോകാദി ഉപരിലോകങ്ങളായി പുരാണങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അതെല്ലാം കടന്നുവേണം ഏതൊരു സാധകനും പരമലക്ഷ്യത്തിലെത്തിച്ചേരാന്‍. അത്തരം അനുഭവതലങ്ങളില്‍ ഒന്നുപോ
ലും നമുക്കു തടസ്സം സൃഷ്ടിക്കരുത്. നമ്മെ ബന്ധിക്കരുത്. അത്തരം തടസ്സങ്ങള്‍ ലക്ഷ്യപ്രാപ്തിക്കു വൈഷമ്യങ്ങള്‍ ഏറെയുണ്ടാക്കും. അതിനാല്‍ അവയുടെയെല്ലാം ആനുകൂല്യം എഴുത്തച്ഛന്‍ പ്രാര്‍ത്ഥിക്കുകയും അതേ മാര്‍ഗത്തിലൂടെ നമ്മെ നടത്തുകയും ചെയ്യുന്നതിനു സാംഗത്യമുണ്ട്.
ഏതൊരു സാധകനും തന്നെ ഒരു വ്യക്തിയായാണ് അറിയുന്നത്. വ്യക്തിത്വമാകട്ടെ പരിമിതകളോടു കൂടിയതുമാണ്. ശരീരത്തിന്റെ പരിമിതികളാണ് അക്കൂട്ടത്തില്‍ ആദ്യത്തേത്. നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായതും മരണധര്‍മത്തോടു കൂടിയതുമാണ് ഈ ശരീരം. മരണത്തെയും രോഗവാര്‍ദ്ധക്യാദികളെയും ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിലും അതൊഴിവാക്കാന്‍ ആര്‍ക്കും സാധിക്കുന്നുമില്ല. ഇതേവിധം അനേക പരിമിതികള്‍ മനോബുദ്ധ്യാദികളെയും വലയം ചെയ്തിരിക്കുന്നു. ദുഃഖ ദൗര്‍ബല്യാദികള്‍ക്കു കാരണം ഇത്തരം പരിമിതികളാണ്. അവയെ കടന്നുകയറിയാലേ ആനന്ദം അഖണ്ഡമായി ലഭിക്കൂ. ദുഃഖഹേതുവായ പരിമിതികളില്‍നിന്ന് ആനന്ദപൂര്‍ണമായ അപരിമിതത്വത്തിലേക്കുള്ള വളര്‍ച്ചയാണിത്. മറ്റു പ്രപഞ്ച പദാര്‍ത്ഥങ്ങളൊന്നും താനല്ലെന്ന് നിഷേധിച്ച് ശരീരമനോ
ബുദ്ധികളൊരുക്കുന്ന കൊച്ചുകോട്ടയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ ശ്രമിക്കാതെ സര്‍വപദാര്‍ഥങ്ങളും തന്റെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അവയെ എല്ലാം ഉള്‍ക്കൊണ്ട് വിശ്വമായി വളരലാണ് ആദ്യം വേണ്ടത്. പരിമിതമായ സത്വത്തില്‍ നിന്നും സ്വാര്‍ഥതയില്‍ നിന്നും അപരിചിതമായ നിസ്വാര്‍ഥതയിലേക്കുമുള്ള വളര്‍ച്ചയാണത്. തുടര്‍ന്നു പ്രപഞ്ച സീമകളും കടന്നു സര്‍വത്ര വ്യാപിച്ചുനില്‍ക്കുന്ന പരമാത്മാവുമായി- ശ്രീരാമചന്ദ്രനുമായി- ഒന്നായിത്തീരണം. അതാണ് അദ്വൈതാനുഭവം. ആദ്യപടി കൈവരിക്കുന്നതോടെ എനിക്ക് മരണമില്ലെന്നു ബോധ്യപ്പെടും. രണ്ടാമത്തെ ചുവടുകൂടിയാകുമ്പോള്‍ ആനന്ദസ്വരൂപനാണു താനെന്നു പ്രത്യക്ഷാനുഭവമുണ്ടാകും.
ആനന്ദചിന്മയഹരേ, ഗോപികാരമണ,
ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ
എന്ന് ഈ വളര്‍ച്ചയുടെ തത്ത്വം ഹരിനാമകീര്‍ത്തനത്തില്‍ ആ മഹാഗുരു പരിചയപ്പെടുത്തിത്തന്നിട്ടുമുണ്ട്. ചരാചരജാതികളില്‍ പെട്ടതായി ഈ ലോകത്ത് എന്തൊക്കെയുണ്ടോ അവയെല്ലാം അനുഗ്രഹിക്കേണമെന്ന പ്രാര്‍ത്ഥന അഖിലം ഞാനിതെന്നു തോന്നാന്‍ എല്ലാം ഞാന്‍ തന്നെയാണെന്നു വേണ്ടിയുള്ള സാധക തപസ്സാണ്.
ഭൗതികജഗത്തില്‍ നാം കാണുന്ന പദാര്‍ത്ഥങ്ങളെല്ലാം എട്ടും രണ്ടും എന്ന വിധത്തില്‍ പത്തു ദിക്കിലുമായി വ്യാപിച്ചുകിടക്കുന്നു. ഇപ്പോള്‍ ശരീരത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ബോധത്തെ അത്രത്തോളം വളര്‍ത്താന്‍ വേണ്ടിയാണ് ദിക്പാലകരെ ആദരിക്കുന്നത്. അവരുമായി ഒന്നായിത്തീരലാണ് അതിന്റെ ഫലം. കിഴക്കുദിക്കിന് ഇന്ദ്രനും
തെക്കുകിഴക്കിന് അഗ്നിയും തെക്കേദിക്കിനു യമനും തെക്കുപടിഞ്ഞാറിനു നിര്യതിയും പടിഞ്ഞാറെ ദിക്കിനുവരുണനും വടക്കുപടിഞ്ഞാറിനു നിര്യതിയും പടിഞ്ഞാറേ ദിക്കിനു വരുണനും
വടക്കുപടിഞ്ഞാറിനു വായുവും വടക്കേദിക്കിനു കുബേരനും വടക്കുകിഴക്കിന് ഈശാനനുമാണ് ദിക്പാലകന്മാര്‍. ഈവിധമായ സ്ഥൂല ലോകത്തിനാധാരം സൂക്ഷ്മലോകങ്ങളാകുന്നു. അവയെയാണ് വിവിധങ്ങളായ അനുഭവതലങ്ങളായി നേരത്തെ സൂചിപ്പിച്ചത്. സകലതിനും ആധാരമായി ഒരൊറ്റ തത്ത്വമേയുള്ളൂ (ഏകമേവലാ ദ്വിതീയം) അതാണ് ബ്രഹ്മം അഥവാ ശ്രീരാമന്‍. അതാണു പരമലക്ഷ്യം. സ്ഥൂലജഗത്തിനും പരമാത്മാവിനുമിടയ്ക്കുള്ള സകലതലങ്ങളിലുള്ള ദേവതാഭാവങ്ങളെയും എഴുത്തച്ഛന്‍ ഇവിടെ സ്തുതിക്കുന്നുണ്ട്. എല്ലാ അനുഭവതലങ്ങളുമായും ഒന്നായിത്തീരാനുള്ള മാനസിക സാധനയാണത്. സമസ്ത ഭൂതങ്ങളുടെയും അധിനായകനായ ഗണപതി, ദേവസേനാധിപനായ സുബ്രഹ്മണ്യന്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെ എഴുത്തച്ഛന്‍ അവരെ പരിചയപ്പെടുത്തിത്തന്നിരിക്കുന്നു. അവരുമായെല്ലാം ഹൃദയം കൊണ്ട് ഒന്നായിത്തീരുമ്പോള്‍ ദുഃഖ ദൗര്‍ബല്യാദികളെല്ലാം അസ്തമിക്കുന്നു. സമസ്ത ചരാചരങ്ങളായി സ്പന്ദിക്കുന്നത് താന്‍ തന്നെയാണെന്ന പ്രത്യക്ഷാനുഭവമുണ്ടാകുമ്പോല്‍ ജീവിതം ആനന്ദമയമായ ലീലയായി പരിണമിക്കുന്നു. ക്രമേണ സാധകന്‍ അവിദ്യാ ബന്ധങ്ങള്‍ തീര്‍ന്ന് ശ്രീരാമനുമായി ഐക്യം പ്രാപിക്കുന്നു. അതാണ് അദ്വൈതിയുടെ ജീവിതതത്ത്വ ശാസ്ത്രം.
(തുടരും)
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
No comments:
Post a Comment