Thursday, August 23, 2018

'മാം വിശതേ''- എന്നാല്‍ എന്താണ് അര്‍ഥം

ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Friday 24 August 2018 1:05 am IST
(അദ്ധ്യായം-8 ശ്ലോകം 55)
എന്നില്‍ പ്രവേശിക്കുന്നു എന്നല്ലേ? ജ്ഞാനം നേടിയ ആ ഭക്തന്മാര്‍, പുഴകള്‍ സമുദ്രത്തില്‍ ചെന്നുചേര്‍ന്ന് ലയിക്കുന്നതുപോലെ ഭഗവാനില്‍ പ്രവേശിച്ച് സ്വയം വ്യക്തിത്വം നശിപ്പിക്കുന്നു എന്നല്ലേ അര്‍ഥം.
പരമപുരുഷന്റെ വിഭിന്നമായ അംശങ്ങളാണ് എല്ലാ ജീവാത്മാക്കളും. ഓരോ ജീവാത്മാവിന്റെയും യഥാര്‍ഥമായ അവസ്ഥ ഭഗവാനെ സേവിക്കുക എന്നതുതന്നെയാണ്. അല്ലാതെ, ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ഉള്‍പ്പൂകുക എന്നതല്ല. മാത്രമല്ല, ജ്ഞാനിയോ യോഗിയോ ആയ ജീവാത്മാക്കള്‍ക്കു പോലും ബ്രഹ്മഭാവത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ചെന്ന് ലയിക്കാന്‍ കഴിയില്ല.
മത്സ്യം മുതലായ ജലജീവികള്‍, നദിയിലോ കുളത്തിലോ നീന്തിക്കുളിച്ച് ആനന്ദിക്കുന്നു. അതുപോലെ ഭക്തന്മാര്‍ വൈകുണ്ഠം, ഗോലോകം മുതലായ ഭഗവാന്റെ ലോകത്തില്‍, ഭഗവാനാല്‍ ആനയിക്കപ്പെടുന്നു; ഭഗവാന്റെ സച്ചിദാനന്ദവിഗ്രഹത്തെ കണ്ടും ഭഗവാന്റെ ലീലകള്‍ പാടിയും ഭഗവാനെയും ഭക്തന്മാരെയും സേവിച്ചും ആനന്ദിക്കുന്നു.
ഒരു കാര്യം കൂടി ഓര്‍ക്കണം, ഭഗവാന്റെ അവതാരമൂര്‍ത്തികളും ലീലകളും നാമങ്ങളും ഭൂഷണങ്ങളും ആയുധങ്ങളും പാര്‍ഷദന്മാരും വൈകുണ്ഠാദിലോകങ്ങളും ഭഗവാനില്‍നിന്ന് വേറിട്ട പദാര്‍ഥങ്ങളേ അല്ല. ഭഗവാന്‍ തന്നെയാണ്. ഭഗവാന്‍ സ്വന്തം ഇച്ഛ (മായാ)കൊണ്ട് വിവിധ തരത്തിലും വിവിധ തലത്തിലും ശോഭിക്കുന്നുണ്ട്. വൈകുണ്ഠത്തില്‍ പ്രവേശിക്കുന്നു എന്ന് പറഞ്ഞാല്‍ ഭഗവാനില്‍ പ്രവേശിക്കുന്നു എന്നുതന്നെയാണ് അര്‍ഥം.
''യഥൈകാത്മ്യാനുഭാവാനം
വികല്‍പരഹിതഃ സ്വയം
ഭൂഷണയായുധലിംഗഖ്യാഃ
ധത്തേശക്തീഃ സ്വമായയാ (ഭാഗവതം 6-8-32)
(എല്ലാ പദാര്‍ത്ഥങ്ങളുടെയും ആത്മാവസ്ഥ ഒന്നുതന്നെയാണ്. ഭഗവാന് യഥാര്‍ഥത്തില്‍ ഭേദങ്ങള്‍ ഇല്ല. സ്വമായയാ- തന്റെ മായം കൊണ്ട്- ഇച്ഛാശക്തികൊണ്ട് ഭൂഷണങ്ങളായും ആയുധങ്ങളായും വ്യത്യസ്ത സ്വരൂപങ്ങളായും ആഖ്യാഃ- തിരുനാമങ്ങളായും ശോഭിക്കുന്നു.)
ഈ ശ്ലോകത്തിലെ- തദനന്തരം- എന്ന പദത്തില്‍ തന്നെ വൈകുണ്ഠാദിലോകങ്ങള്‍ ഭഗവാനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ''തരംഃ മാം ജ്ഞാത്വാ- എന്റെ തത്ത്വത്തെ അറിഞ്ഞതിനുശേഷം എന്ന്  പറയേണ്ട കാര്യമില്ലല്ലോ. 'അനന്തരം'- എന്ന പദത്തിന്- അന്തരം (ഭേദം-താരതമ്യം) ഇല്ലാത്തത് തദ് (=ഭഗവത് പദം) പ്രാപിക്കുന്നു തന്നെയാണര്‍ഥം എന്ന് ആചാര്യന്മാര്‍ പറയുന്നു.

No comments:

Post a Comment