Monday, August 20, 2018

P.GURUPASAD.
ആരോഗ്യം കാക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ
സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാണ് കേരളം. യൂറോപ്യന്മാരെ കേരളത്തിലേക്കാകർഷിച്ച പ്രധാന ഘടകം സുഗന്ധവ്യഞ്ജനങ്ങളായിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളും നമ്മുടെ ആരോഗ്യവുമായുള്ള ബന്ധത്തെക്കുറിച്ച് നാം ചിന്തിക്കാറേയില്ല. ചില സുഗന്ധ ദ്രവ്യങ്ങളുടെ നന്മകളെ അടുത്തറിയാം.
ചുക്ക്
ചുക്ക് ചേരാത്ത കഷായമില്ലെന്ന പഴഞ്ചൊല്ലുതന്നെ ഔഷധക്കൂട്ടുകളിൽ ചുക്കിന്റെ പ്രാധാന്യം വെളിവാക്കുന്നു. ചുക്ക് മാത്രമായോ മറ്റുവസ്തുക്കൾക്കൊപ്പം ചേർത്തോ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഉദരവേദന, ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് ചുക്ക് ഔഷധമാണ്. മുലപ്പാലിൽ അരച്ച് നെറ്റിയിലിട്ടാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും. ചുക്കുപൊടിയും കർപ്പൂരവും ചേർത്ത് പല്ലുതേക്കുന്നത് പുഴുപ്പല്ലിനെ അകറ്റും. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് നെയ്യിൽ ചേർത്ത് കഴിച്ചാൽ കാസരോഗം ശമിക്കും. തേനിൽ ചുക്ക് അരച്ചുചേർത്ത് കഴിച്ചാൽ ഇക്കിൾ മാറും.
ചുക്കിന്റെ ഗുണങ്ങള്‍
1. ചുക്ക് ,കുരുമുളക് ,വെളുത്തുള്ളി ,ആര്യവേപ്പ് ഇല ചേര്‍ത്തു കഷായം ഉണ്ടാക്കി ദിവസം മൂന്നു നേരം വീതം രണ്ടു ദിവസം കുടിച്ചാല്‍ വൈറല്‍ പനി കുറയും .
2. ചുക്കും ഇരട്ടി മധുരവും പൊടിച്ചു തേനില്‍ കലര്‍ത്തി കഴിച്ചാല്‍ കുത്തി കുത്തി ഉള്ള ചുമ ശമിക്കും
3. ചുക്കും കൊത്തമല്ലിയും ചേര്‍ത്തു കഷായം വെച്ച് കുടിച്ചാല്‍ മൂല വ്യാധി കുറയും (പൈല്‍സ്)
4. ചുക്കും തുളസിയിലയും ചേര്‍ത്തു ചവച്ചു തിന്നാല്‍ ഓക്കാനം,ചര്ദ്ധി ഇവ നില്‍ക്കും
5. ചുക്കും അല്പം ഉലുവയും ചേര്‍ത്തു പൊടിച്ചു തേനില്‍ കലര്‍ത്തി കഴിച്ചാല്‍ അലെര്‍ജി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയും .
6. ചുക്ക് ,കരിപ്പെട്ടി ,കുരുമുളക് ചേര്‍ത്തു തിളപ്പിച്ച്‌ ചുക്കുവെള്ളം ഉണ്ടാക്കി കുടിച്ചു വന്നാല്‍ ശരീര ക്ഷീണം , മാറി പുത്തുണര്‍വു ഉണ്ടാകും
7. മഴക്കാലത്ത് ചുക്കുവെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്.
8. ചുക്ക് അല്പം വെള്ളം ചേര്‍ത്തു കുഴമ്പു പരുവത്തില്‍ അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തല വേദന വന്നത് പോലെ pokum
ജാതിക്ക
ജാതിക്കയുടെ എല്ലാഭാഗവും ഔഷധ പ്രധാനമാണ്.ചുവന്ന ജാതിപത്രി ഛർദ്ദി, ശ്വാസംമുട്ട്, ചുമ, കഫം, എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ്. ഇളംകായ്കൾ അച്ചാറിട്ടുകഴിക്കുന്നത് വായുകോപമൊഴിവാക്കാൻ സഹായിക്കും. ഉരമരുന്നിലെ പ്രധാന ഘടകമാണ് ജാതിക്ക. ഒരു ജാതിക്ക ഉരച്ചുതീരും വരെ ആഴ്ചയിൽ ഒരിയ്ക്കൽ ഉരമരുന്ന് നൽകുന്നത് കുട്ടികൾക്ക് ഉദരസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഉപകരിക്കും. വെറ്റില മുറുക്കുന്നതിനൊപ്പം ജാതിക്ക ചേർത്താൽ വായിലെ ദുർഗന്ധമൊഴിവാക്കാം. ഇത് കാമോദ്ദീപകവുപമാണത്രേ. ജാതിക്കാപ്പൊടി തേനിൽ കുഴച്ച് കഴിച്ചാൽ വായുകോപം മാറും. പാദം ചൂടുവെള്ളത്തിൽ കഴുകിയശേഷം ജാതിക്കാ അരച്ചിട്ടാൽ വിണ്ടുകീറൽ മാറിക്കിട്ടും.
ഗ്രാമ്പു
പൂവ് വിടരുന്ന സമയത്ത്പ്രദേശമാകെ ഹൃദ്യമായ സുഗന്ധത്തിൽ മുക്കുന്ന ഗ്രാമ്പുവിന്റെ ഇലയും പൂവും കായും തൊലിയും വേരും ഔഷധ ഗുണമുള്ളതാണ്. എരിവുകലർന്ന രുചിയുള്ള ഗ്രാമ്പു ചവയ്ക്കുന്നത് വായ് നാറ്റം അകറ്റാനും ദന്തരോഗങ്ങൾ തടയാനും നല്ലതാണ്.
ഗ്രാമ്പുവിലടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന എസൻഷ്യൽ ഓയിൽ പല്ലുവേദനയ്‌ക്കെതിരെ ഫലപ്രദമാണ്. ശ്വാസം മുട്ടൽ, ഇക്കിൾ, ദഹനക്കേട്, നെഞ്ചെരിച്ചിൽ, അർശസ്, ബ്ളഡ് പ്രഷർ, എന്നിവയ്ക്കുള്ള ഔഷധമായി മറ്റുചില വസ്തുക്കളുടെ കൂടെ ഗ്രാമ്പു ഉപയോഗിക്കും. ഇറച്ചിക്കറിയ്ക്ക് മണവും ഗുണവുമേറാൻ ഗ്രാമ്പു ഇല ചേർക്കാറുണ്ട്.
ഏലയ്ക്ക
മലയാളികളുടെ മധുരവിഭവങ്ങളിലെ സ്ഥിരം ഘടകമാണ് ഏലയ്ക്ക. ഇതിൽ കാർബോ ഹൈഡ്രേറ്റ്, മാംസ്യം, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നേർത്ത എരിവുരസമാണ് ഏലക്കയ്ക്ക്. ഇത് രണ്ടിനമുണ്ട്.ചെറിയ ഏലത്തിന് വലിയ ഇനത്തേക്കാൾ ഔഷധവീര്യം കൂടുതലാണ്. ആഹാരശേഷം ഏലയ്ക്ക ചവച്ചിറക്കുന്നത് വായ്നാറ്റം ഒഴിവാക്കാനും ദഹനത്തിനും നല്ലതാണ്. ആമവാതം, വായുകോപം, വയറുവേദന, കഫം, ഗർഭാശയരോഗങ്ങൾ എല്ലാറ്റിനും ഔഷധമാണ്. ഏലാദിതൈലം, ഏലാദിചൂർണം, ഏലാദിഗുളിക, എന്നിവയിലും ഏലം ഒരു പ്രധാന ഘടകമാണ്.
കുരുമുളക്
കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. ചരിത്രാതീതകാലം മുതൽക്കേ കേരളത്തിൽ കുരുമുളക് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കുരുമുളക് ഔഷധമായും ഭക്ഷണ സാധനങ്ങളിൽ രുചിയ്ക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നു. ഇല, തണ്ട്, കായ് തുടങ്ങിയ ഭാഗങ്ങൾക്കെല്ലാം ഔഷധഗുണമുണ്ട്. കുരുമുളകിലയിൽഎണ്ണ പുരട്ടി ചൂടാക്കി വേദനയും നീരുമുള്ള ഭാഗങ്ങളിൽ ചേർത്തുവച്ചാൽ ആശ്വാസമുണ്ടാകും. കുരുമുളകിൻ തണ്ട് കനലിൽ ചുട്ട് ഇടിച്ചു പിഴിഞ്ഞ് വെള്ളം ചേർത്തുണ്ടാക്കുന്ന താളി ജലദോഷം കുറയ്ക്കും. കുരുമുളകുവെള്ളം ശീലമാക്കിയാൽ രക്തം കട്ടപിടിക്കുന്നതു മൂലമുള്ള ഹൃദയാഘാതം തടയാം. കുരുമുളകുപൊടിയും ഉപ്പും ചേർന്ന മിശ്രിതം ഓംലറ്റിനു രുചി കൂട്ടാൻ മാത്രമല്ല, ഉമിക്കരിയോടൊപ്പം ചേർത്തുപയോഗിച്ചാൽ മോണയിൽ നിന്ന് രക്തം വരുന്നതും വായ്നാറ്റവും തടയാനും ഉപകരിക്കും. കുരുമുളക്, പഴകിയാലും ഔഷധവീര്യം കുറയുന്നില്ല. പ്രമേഹം, മലേറിയ, അസ്ഥിസ്രാവം, തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ പഴകിയ കുരുമുളകാണ് ചേർക്കാറുള്ളത്. പാവയ്ക്കാ പാകം ചെയ്യുമ്പോൾ കയ്പുകുറയ്ക്കുന്നതിനും, പാക്ക് ചൊരുക്കിയാൽ അത് കുറയ്ക്കുന്നതിനും , കറുപ്പ്, കഞ്ചാവ് എന്നിവ ഉപയോഗിച്ചതിന്റെ വിഷാംശം കുറയ്ക്കാനും കുരുമുളക് നല്ലതാണ്.
കറുവപ്പട്ട
കറുവപ്പട്ട രണ്ടിനമുണ്ട്, സിലോൺ കറുവപ്പട്ടയും കാഷ്യ കറുവപ്പട്ടയും. ഇതിൽ ആദ്യത്തേതിന് ഗുണം കൂടുതലാണ്. കറുവപ്പട്ടയിൽ കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, സോഡിയം, പൊട്ടാസ്യം, വിറ്റമിൻ എ, ബി 6,ബി 12, മഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയിരിക്കുന്നു. ആയിരത്തിലധികം വർഷങ്ങളായി മനുഷ്യർ കറുവപ്പട്ട ഉപയോഗിക്കുന്നു. അതിന്റെ സവിശേഷമായ ഗന്ധത്തിനും ഗുണത്തിനും കാരണം അതിലടങ്ങിയിരിക്കുന്ന സിന്നമാൾഡിഹൈഡാണ്. ഇതിന് ലിസ്റ്റമ്പ്രിയ, സാൽമോണെല്ല, എന്നീ ബാക്ടീരിയകൾക്കെതിരെയും ഫംഗസുകൾക്കെതിരെയും പ്രവർത്തിയ്ക്കാനാവുമെന്നതിനാൽ ഇവകൊണ്ടുള്ള രോഗബാധയെ തടയാൻ കഴിയും. ദന്തക്ഷയം തടയാനും വായ്നാറ്റം ഇല്ലാതാക്കാനും കറുവപ്പട്ടയ്ക്ക് കഴിയും.
ഹൃദ്രോഗത്തിന് വഴിതെളിക്കുന്ന പല ഘടകങ്ങളെയും ഇല്ലാതാക്കി ഹൃദയത്തെ കാക്കുന്നു. രക്തത്തിലെ ആകെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചീത്ത കൊളസ്‌ട്രോൾ ലെവൽ താഴ്ത്തുകയും ചെയ്യുന്ന കറുവപ്പട്ട വറഹ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കുകയും പ്രമേഹ രോഗത്തിന് ആശ്വവാസമേകുകയും ചെയ്യും. കറുവപ്പട്ട രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉപയോഗം കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതായി എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇത് മനുഷ്യരിൽ ഇതുവരെ പ്രാവർത്തികമായിട്ടില്ല.
കരിഞ്ചീരകം
നേർത്ത എരിവുരസമുള്ള ഈ സുഗന്ധ വ്യഞ്ജനം വാതം, കഫം, രക്തപിത്തം, എന്നിവയ്ക്ക് ഔഷധമാണ്. സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കാനും സഹായിക്കുമത്രേ. കരിഞ്ചീരകം കാടിയിലരച്ച് കുടിച്ചാൽ വയറ്റിലെ കൃമികൾ നശിക്കും. പ്രസവത്തെതുടർന്ന് അയഞ്ഞ ഗർഭപാത്രം ചുരുങ്ങാനും പ്രസവ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കാം. കരിഞ്ചീരകം ഇട്ടുപുകച്ചാൽ വായുരോഗങ്ങൾ നശിക്കും. കരിഞ്ചീരകംഅരച്ച് പുരട്ടിയാൽ തേൾ വിഷത്തിന് വീര്യം കുറയും. ഉറക്കക്കുറവിനും ദഹനക്കേടിനും ഇത് മറുമരുന്നാണ്.
അയമോദകം
ദഹനക്കേടിനും ഗ്യാസ്ട്രബിളിനും പുളിച്ചുതികട്ടലിനും അതിസാരത്തിനും വായുകോപത്തിനും മലബന്ധത്തിനും മരുന്നായി ഉപയോഗിക്കുന്നു.
കേരളീയരുടെ ഗൃഹവൈദ്യത്തിലുൾപ്പെട്ട അഷ്ട ചൂർണത്തിന്റെ ഒരു ഘടകമാണ്. പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാകുന്ന ഉദര രോഗങ്ങൾക്ക് ശർക്കര ചേർത്ത അയമോദകപ്പൊടി ഔഷധമായി നൽകാറുണ്ട്.

No comments:

Post a Comment