Monday, August 27, 2018

എന്താണ് വിവാഹം

തീര്‍ത്ഥബിന്ദുക്കള്‍
Tuesday 28 August 2018 2:47 am IST
മനുഷ്യനില്‍ രണ്ടു ഭാഗങ്ങളുണ്ട്. പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന ബാഹ്യദേഹവും, അതിനെ പ്രവര്‍ത്തിപ്പിക്കുന്ന അപ്രത്യക്ഷമായ അന്തരംഗവും. ഇവ ഒരുപോലെ പ്രബലമായും പരസ്പരം ഇണങ്ങിയും പ്രവര്‍ത്തിക്കേണ്ടതാണ്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജീവിതം സുഖകരവും ഫലപ്രദവുമാകൂ. എന്നാല്‍, അന്തരംഗവും ദേഹവും തുല്യപ്രാധാന്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വളരെ കുറവാണ്. മിക്കവരിലും അന്തരംഗത്തെ അവഗണിച്ചുകൊണ്ടാണ് ദേഹവും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കാറുള്ളത്. 
ഇന്ദ്രിയങ്ങളുടെ ഉപദ്രവകരത്വം
ഇന്ദ്രിയങ്ങള്‍ക്കുള്ള ഇരിപ്പിടമാണ് ദേഹം. കാണുക, കേള്‍ക്കുക, രുചിക്കുക, തൊടുക, മണക്കുക എന്നീ അഞ്ചു വ്യാപാരങ്ങള്‍ക്കു നിദാനമായ അഞ്ച് ഇന്ദ്രിയങ്ങള്‍ ദേഹത്തിലാണ് സ്ഥിതിചെയ്യുന്നത്. നമുക്ക് അറിവുണ്ടാക്കിത്തരുന്നത് ഇവയാണ്. എന്നുവെച്ചാല്‍ അറിവിന്റെയും അനുഭവത്തിന്റേയും അടിസ്ഥാനം ഇന്ദ്രിയങ്ങള്‍ തന്നെ. ഇന്ദ്രിയങ്ങളില്ലെങ്കില്‍ നമുക്ക് ഒരറിവും കൈവരാന്‍ സാധ്യതയില്ല. അറിവുണ്ടാക്കിത്തരുന്നതോടൊപ്പം ഇന്ദ്രിയങ്ങള്‍ നമ്മില്‍ ചില ആകര്‍ഷണവികര്‍ഷണങ്ങളേയും രചിക്കുന്നുണ്ട്. അവയത്രേ മനുഷ്യനെ പലപ്പോഴും അപകടത്തില്‍ കൊണ്ടു ചാടിക്കുന്നത്. ഇന്ദ്രിയങ്ങള്‍ പല പ്രകാരത്തില്‍ രചിക്കുന്ന ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രബലവും അപകടകരവുമായ ഒന്നാണ് വിപരീതലിംഗത്തോടു തോന്നുന്നതെന്നു പറയാം. ഇതു ക്രമംവിട്ടു പ്രവര്‍ത്തിച്ചെന്നു വരാം. അതിനു വിധേയരാകാം പലരും. 
വാര്‍ധക്യം പിടിപെടുമ്പോള്‍ ശരീരത്തിനുള്ള ഭോഗസാമര്‍ഥ്യം കുറഞ്ഞില്ലാതാകുമെങ്കിലും, ഭോഗവാഞ്ഛ മനസ്സില്‍ നിന്ന് അകന്നു പോകണമെന്നില്ല. ദേഹത്തിലും, ദേഹത്തിനു ശേഷിയില്ലാതായാല്‍ മനസ്സിലും, വല്ലാതെ വിഷമിപ്പിക്കുന്ന ലൈംഗികപ്രേരണകളെ വിവേകപൂര്‍വം അടക്കി നിര്‍ത്തുന്നതിലാണ് മനുഷ്യന്റെ അധ്യാത്മോന്നതി നിക്ഷിപ്തമായിരിക്കുന്നത്. പ്രകൃതിസിദ്ധമാണ് ലൈംഗികപ്രേരണ. പ്രകൃതി ഉദ്ദേശിക്കുന്ന തരത്തില്‍ത്തന്നെ അതിനെ വിനിയോഗിക്കയാണ് വേണ്ടത്. അതില്‍ക്കവിയുമ്പോള്‍ അശ്ലീലങ്ങളും അപകടങ്ങളും പിണയുന്നു. വംശവൃദ്ധിയ്ക്കായി സന്താനം ഉത്പാദിപ്പിക്കുന്നതിനത്രേ ലൈംഗികപ്രേരണകള്‍. ദാമ്പത്യം ഇതിനുവേണ്ടിയുള്ള വ്യവസ്ഥയും.
ദാമ്പത്യജീവിതത്തിന്റെ മുഖ്യഭാഗമാണ് സന്താനപ്രാപ്തിയെങ്കിലും സന്താനോത്പാദനത്തിനുള്ള വ്യാപാരം മാത്രമാണ് ദാമ്പത്യ ജീവിതമെന്നു കരുതരുത്. അങ്ങനെ കരുതുന്ന പക്ഷം, പ്രസവ സാധ്യതകളും യൗവനവും തീരുന്നതോടെ, വിവാഹബന്ധംതന്നെ ഭാര്യാഭര്‍ത്താക്കന്മാരുടെ ഒരുമിച്ചുള്ള ജീവിതംതന്നെ, നിര്‍ത്തണമല്ലോ. അതു നടക്കുന്നില്ല, നടന്നുകൂടാ. പുരുഷസ്ത്രീമിശ്രമായ മനുഷ്യസമുദായത്തില്‍ ഇരുഭാഗക്കാര്‍ക്കും കൂടിച്ചേര്‍ന്നു വാഴാനുള്ള വ്യവസ്ഥയാണ് വിവാഹജീവിതം. ആ വാഴ്ചയില്‍ വംശവര്‍ധനയ്ക്കു വേണ്ടിയുള്ള ഉത്പാദനപ്രക്രിയയും ഉള്‍പ്പെടുന്നുവെന്നു മാത്രം. ബാക്കി പലതും പോലെ ഒന്നാണിത് എന്നതൊഴികെ, ദാമ്പത്യജീവിതം മൈഥുനത്തിനോ ലൈംഗികവ്യാപാരങ്ങള്‍ക്കോ ഉള്ള രംഗമായി കരുതുന്നതോ ചിത്രീകരിക്കുന്നതോ ശരിയല്ല. ഈ അടിസ്ഥാനസിദ്ധാന്തം സമ്മതിക്കുന്നപക്ഷം, അതനുസരിച്ചു വേണ്ടതെന്താണെന്നു ചിന്തിക്കാം. 
വിവാഹത്തിനു ശേഷമേ ലൈംഗികജീവിതവും വ്യാപാരങ്ങളും ആകാവൂവെന്ന് ഉറപ്പിച്ച്, അതനുസരിച്ചുള്ള അടക്കവും പവിത്രതയും പാലിക്കുക. കാമോദ്ദീപകമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക. അത്തരം പുസ്തകങ്ങളോ ചിത്രങ്ങളോ സംഭാഷണങ്ങളോ ഒഴിവാക്കണം. ഭക്ഷണത്തിലുമുണ്ട് തക്ക നിയന്ത്രണം. ഭക്ഷണത്താലുണ്ടാകുന്നതാണ് ശരീരം. ഭക്ഷണത്തിനും ശരീരത്തിനും തമ്മില്‍ കനത്ത ബന്ധമുണ്ട്. അതിനാല്‍ ലൈംഗികോദ്ദീപകമായ ഭക്ഷണയിനങ്ങള്‍ വേണ്ടെന്നുവെയ്ക്കുക. സാത്വികപദാര്‍ഥങ്ങള്‍ കഴിക്കുക. ഭഗവദ്ഗീത 17-ാം അധ്യായത്തില്‍ ഇതെന്തെന്നു വിവരിക്കുന്നു. വിവാഹക്കാലമാകുമ്പോള്‍ ഓരോ സമുദായത്തിലുമുള്ള വ്യവസ്ഥകളനുസരിച്ചു വേണ്ടപ്പെട്ടവര്‍ അതിനു വേണ്ട നടപടി എടുക്കട്ടെ. സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ് വിവാഹം എന്നേ കരുതാവൂ, രതിക്രീഡാരംഗമല്ലെന്നുള്ള ധാരണ മാത്രം മതി കാമവികാരത്തെ മെരുക്കിയെടുക്കാന്‍.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments:

Post a Comment