Thursday, August 16, 2018

തീര്‍ത്ഥബിന്ദുക്കള്‍/ സ്വാമി ഭൂമാനന്ദതീര്‍ഥര്‍
Wednesday 15 August 2018 1:08 am IST
ലോകത്തിലുള്ള ഒന്നിലും, അതാതുസമയങ്ങളില്‍ നടക്കുന്ന സംഭവങ്ങളിലും പ്രവൃത്തി കളിലും, കുറ്റം കാണരുത്. കുറ്റം ആരോപിക്കുന്നവന്റെ മനസ്സിന് അനുയോജ്യമല്ലാത്തത് എന്നുമാത്രമാണ് കുറ്റത്തിന്റെ അര്‍ഥം. എല്ലാം മംഗളകരമാണെങ്കില്‍ ഇത്തരം പിണക്കം വരാനിടയില്ല. അതിനാല്‍ പിണക്കത്തെ തന്നില്‍ത്തന്നെ ചികിത്സിച്ചു തീര്‍ക്കുക. ആരുടെ ദോഷവും തീര്‍ക്കാനുള്ള ചുമതല ഈശ്വരനില്‍ത്തന്നെ സദാ അര്‍പ്പിക്കുക. പലപ്പോഴും ഈ അര്‍പ്പണഭാവം വഴുതിപ്പോകും. അപ്പോഴെല്ലാം അതിനെ പുനഃസ്ഥാപിക്കണം. 
അന്യരില്‍ കാണുന്ന ദോഷം തന്നില്‍ വരാതെ നോക്കുക. അവരിലുള്ള ഗുണത്തെ തന്നില്‍ പകര്‍ത്തുകയും ചെയ്യുക. മനസ്സിന്റെ സ്ഥൈര്യമാണ് ശാന്തി തരുന്നത്. അസ്ഥിരത വരുമ്പോഴാണ് അശാന്തി അനുഭവപ്പെടുക. അതിനാല്‍ അസ്ഥിരത വരുമ്പോഴെല്ലാം, അതിനെ ഇല്ലാതാക്കണം. തന്നെക്കുറിച്ചോ, മറ്റുള്ളവരെക്കുറിച്ചോ, ലോകത്തെക്കുറിച്ചുതന്നെയോ ഇത് ഈശ്വരനല്ല എന്നുള്ള സംശയ ലാഞ്ഛനയാണ് അസ്ഥിരത വരുത്തുന്നത്. ഈ ലാഞ്ഛന സഹജമായി വന്നുകയറിക്കൊണ്ടേ ഇരിക്കും. അതിനെ സദാ തുടച്ച് അകറ്റണം. 
തിരുത്താനും, തെറ്റിക്കാനും, പിഴപ്പിക്കാനും, പിഴവില്ലാതാക്കാനും, എല്ലാത്തിനും ഈശ്വരനാണ് ചുമതലക്കാരനെന്ന് ഉറയ്ക്കുക തന്നെ വേണം. 
തന്റെ പക്കല്‍ വരുന്ന ഭക്തജനങ്ങള്‍ എത്രതന്നെ തെറ്റുചെയ്താലും അവരുടെ മേല്‍ തനിക്കു മാതൃഭാവമേ ഉണ്ടാകാവൂ. സദാ അവരെ തിരുത്താന്‍ ശ്രമിക്കുക, മാപ്പുകൊടുക്കുക. തെറ്റുചെയ്തവരെ കൈവെടിയുന്നതു തന്റെ തെറ്റാണെന്നു മനസ്സിലാക്കുക. തെറ്റുകാരെ തന്റെ പക്കല്‍ അയയ്ക്കുന്നത് ഈശ്വരന്‍ തന്നെയല്ലേ? അതിനാല്‍ ഈശ്വരന്‍ ഭക്തനെ പരിശോധിക്കുക മാത്രമാണ്. ദയവ് എത്രത്തോളമുണ്ടെന്നും, വൈരഭാവം വരുന്നുണ്ടോ എന്നുമുള്ളതാണ് ഒടുവിലത്തെ പരിശോധന.
ശുഭാശുഭങ്ങളായ പല വൃത്തികളും അന്തഃകരണത്തില്‍ വന്നേക്കും. ആകര്‍ഷകമായ പല വസ്തുക്കളുടേയും മുമ്പില്‍ ചെന്നുനില്‍ക്കുന്ന നാം, തിരസ്‌കരിക്കത്തക്കതായ പലതിന്റേയും മധ്യേ ചെന്നുവീഴുന്ന നാം, ഇവ രണ്ടിനും വിധേയമാകാതെ നോക്കയാണ് വേണ്ടത്. 
വൈരാഗ്യം മുഴുത്ത ഒരുവന്റെ മനസ്സിനെ പരിശോധിക്കാന്‍ അതില്‍ പല വികാരങ്ങളേ യും പുറപ്പെടുവിക്കും. ആ വികാരങ്ങളുണ്ടാകുമ്പോഴും ശാന്തമായിരുന്ന് ഈശ്വര വിചാര ബലത്താല്‍ അവയ്ക്കനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കണം. നമ്മെക്കൊണ്ട് ഈശ്വരന്‍ പ്രവര്‍ത്തിപ്പിക്കുന്നത് അന്തഃകരണത്തില്‍ അതിനുവേണ്ട വൃത്തികള്‍ രചിച്ചാണ്. അതിനാല്‍ ചില ദുഷ്‌പ്രേരണകള്‍ മനസ്സില്‍ ഉദിച്ചാലും ഒട്ടും ദുഃഖിക്കേണ്ട.

No comments:

Post a Comment