Thursday, September 27, 2018

രാസലീല 16*
കൃഷ്ണൻ എങ്ങനെ രാസോത്സവം ചെയ്തു. കൃഷ്ണാവതാരത്തിൽ കൃഷ്ണൻ അവതരിക്കുന്നതിന് മുമ്പ് തന്നെ യോഗമായ അവതരിച്ച് ഭൂമിയില് മുഴുവൻ പരന്നു നിന്നു കഴിഞ്ഞു. ഭഗവാന്റെ അവതാരകാര്യത്തിന് എല്ലാം ചെയ്യാനായിട്ട്. അവതാരത്തിന് മുമ്പൊക്കെ മായ വരണം. അദ്ധ്യാത്മരാമായണത്തിലും സീതാദേവി ഹനുമാനോട് പറയുന്നു രാമായണം രാമൻ ജനിച്ചത് മുതൽ വനവാസാദികാര്യങ്ങൾ കഴിഞ്ഞ് പട്ടാഭിഷേകം വരെയുള്ള കഥയൊക്കെ ചുരുക്കി പറഞ്ഞിട്ട് സീതാദേവി ആജ്ഞനേയസ്വാമിയോട് പറയണു. ഇതൊക്കെ ചെയ്തത് ഞാനാണ്. നിർവികല്പനും നിത്യശുദ്ധനുമായ രാമനിൽ വെറുതെ അറിവില്ലാത്തവർ ആരോപിക്കുന്നതാണെന്നാണ്. എന്നെ രാമന്റെ ശക്തി ആയി അറിഞ്ഞുകൊള്ളുക. യോഗമായ ആയി അറിഞ്ഞുകൊളളുക എന്ന് പറയും. ആ യോഗമായ ഇല്ലെങ്കിൽ നിത്യവസ്തുവായ ബ്രഹ്മം ഒന്നും ചെയ്യില്ല്യ. യോഗമായ അവിടെ ആവിർഭവിച്ചു. ആ യോഗമായ തന്നെ ആണ് രാധ. യോഗമായ തന്നെ ആണ് ചിത്ശക്തി.
ശരത്കാലചന്ദ്രൻ ആകാശത്തിലുദിച്ചു. ചന്ദ്രനെ ഒക്കെ കാണണം റ്റിവി മാത്രം കണ്ടാൽ പോരാ. മനസ്സ് വികലമായി പോവും വീട്ടിനകത്തുതന്നെ ഇരുന്നു ജഡവസ്തുക്കളെ കണ്ടു കൊണ്ടിരുന്നാൽ മനസ്സ് വികലായിട്ട് പോവും. സൂര്യൻ ഉദിക്കുന്നത് കാണണം. ഋഷികൾ അതൊക്കെയാണ് വർണ്ണിച്ചിട്ടുള്ളത്. ഉദിച്ച് വരുന്ന ആദിത്യൻ സ്വർണ്ണവർണത്തിൽ പ്രകാശിക്കുന്നു. പ്രകൃതി മുഴുവൻ കോരിത്തരിച്ചു നില്കുന്നത് നമുക്ക് പ്രഭാതത്തിലേ കാണാൻ പറ്റുള്ളൂ. അല്പനേരം വെളിച്ചായി ഒരു ഏഴുമണി എട്ട് മണി ഒക്കെ ആയിട്ടാണ് ഉറങ്ങി എഴുന്നേല്കുന്നതെങ്കിൽ ജീവിതം മുഴുവൻ ബോറടിച്ചു പോകും. പ്രഭാതത്തിൽ എഴുന്നേറ്റു പക്ഷികളുടെ സാമ്രാജ്യത്തെ ഒന്ന് കാണണം. അവരുടെ ഒരു ഉത്സാഹം അവരുടെ ഒരു ആനന്ദം സൂര്യൻ ഉദിക്കുന്നതു കാണുമ്പോൾ ഉണ്ടാവുന്ന ഒരു ലഹരി. ഇതൊക്കെ രസിച്ചാലേ നമുക്ക് ഭഗവദ് രസത്തിന്റെ അല്പാല്പം സൂചന കിട്ടുള്ളൂ. സൂര്യൻ ഉദിക്കുന്നതു കാണണം. തെളിഞ്ഞൊഴുകുന്ന നദിയെ കാണണം. അലയടിക്കുന്ന സമുദ്രത്തെ കാണണം. ഇതൊക്കെ ആണ് ഋഷികൾ നമ്മളുടെ മനസ്സിൽ തന്ന സ്വപ്നം. പക്ഷേ ഇന്ന് നമുക്ക് കിട്ടുന്നത് കംപ്യൂട്ടറും റ്റീവി സീരിയലുകളും ഒക്കെ സ്വപ്നമായതുകൊണ്ട് നമുക്ക് നദിയും സമുദ്രവും മലയും ആകാശവും ഒന്നും പ്രശ്നമല്ലാതായി തീർന്നിരിക്ക്യാ.
എല്ലാറ്റിനേം കേടു വരുത്തിക്കൊണ്ടിരിക്ക്യാണ്. ശരത്കാല ചന്ദ്രിക ചന്ദ്രനെ കണ്ടാൽ മനസ്സ് തെളിയും. കാരണം മനസ്സും ചന്ദ്രനും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ചന്ദ്രബലം ഇല്ലാതാവുന്ന സമയത്തും അമാവാസി ഒക്കെ അടുക്കുമ്പോൾ ചില ആളുകൾക്ക് ഇളകും. സാധാരണ ആളുകൾക്ക് തന്നെ വ്യത്യാസം കാണാം അമാവാസിയോട് അടുക്കുമ്പോൾ ചില മനസ്സിന്റെ ചില വൈകല്യങ്ങൾ ഒക്കെ കാണും. പൗർണമി യോട് അടുക്കുമ്പോൾ ചില തെളിച്ചം ഒക്കെ കാണും. മനസ്സും ചന്ദ്രനും വളരെ അടുത്തിരിക്കുന്നു. ചന്ദ്രനിൽ നിന്നാണ് മനസ്സ് ഉണ്ടായത്. മനസ്സിൽ നിന്നാണ് ചന്ദ്രനുണ്ടായത്. ഇതൊന്നും പറഞ്ഞാൽ പിടി കിട്ടില്ല്യ. ചന്ദ്രനും മനസ്സും ഒന്നാണ്. അതുകൊണ്ടാണ് lunacy ലൂണാർ ന്നുള്ള വാക്കിൽ നിന്നാണ് ഭ്രാന്ത് എന്ന വാക്ക് വന്നത്. അപ്പോ ചന്ദ്രൻ വിരിഞ്ഞു നില്കുമ്പോഴാണ് നല്ല വികാരങ്ങളൊക്കെ നമ്മുടെ ഉള്ളിലുണ്ടാവുക. പൂർണ ചന്ദ്രനെ കാണുമ്പോഴാണ് മനസ്സ് തെളിഞ്ഞു വരിക. പ്രസന്നമാവുക. അതും വെള്ളി നിറത്തിൽ. ചന്ദ്രരശ്മി ഭൂമിയില് ചെന്ന് ഘനീഭവിച്ചിട്ടാണത്രേ വെള്ളി ഉണ്ടാവണത്. സൂര്യരശ്മി ഭൂമിയിൽ പ്രവേശിച്ച് ഘനീഭവിച്ചിട്ടാണത്രേ സ്വർണം ഉണ്ടാവണത്. ഇത് ഋഷികളുടെ ദർശനമാണ്. പക്ഷേ അതൊന്നും solidify ചെയ്യാൻ നമ്മളെക്കൊണ്ട് പറ്റില്ല്യ. ചന്ദ്രൻ വെള്ളിനിറത്തിൽ പരവതാനി വിരിച്ചു. യമുനാ പുളിനത്തിൽ.
തതോഡു രാജ: കകുഭ: കരൈർമുഖം
പ്രാച്യാ വിലിംപന്നരുണേന ശന്തമൈ:
സ ചർഷണീനാമുദഗാച്ഛുചോ മൃജൻ
പ്രിയ: പ്രിയായാ ഇവ ദീർഘദർശന:
ദൃഷ്ട്വാ കുമുദ്വന്തമഖണ്ഡമണ്ഡലം
രമാനനാഭം നവകുങ്കുമാരുണം
വനം ച തത്കോമളഗോഭിരഞ്ജിതം
ജഗൗ കളം വാമദൃശാം മനോഹരം
ചന്ദ്രന്റെ കോമളമായിട്ടുള്ള ചന്ദ്രപ്രകാശം യമുനാ പുളിനത്തിലുള്ള കാടുകളിലൊക്കെ അങ്ങനെ അങ്ങട് പടർന്നു. പൗർണമി ചന്ദ്രൻ വിരിഞ്ഞിരിക്കുമ്പോൾ വനരാജികളെ ഒക്കെ കാണണം. രാത്രിയിൽ വിരിഞ്ഞു നില്കുന്ന പുഷ്പങ്ങളുടെ സുഗന്ധം അനുഭവിക്കണം. അല്പം മഴ പെയ്തിട്ട് വെള്ളം ഊറ്റിക്കുടിച്ചിട്ട് തന്റെ ഗന്ധത്തിനെ പുറത്തേക്ക് വിടുന്ന ഭൂമിയുടെ ഗന്ധത്തിനെ അല്പം ഒന്ന് മണക്കണം. തെളിഞ്ഞ സ്ഥലത്ത് നിന്ന് കാറ്റ് അല്പം കൊള്ളണം. ചന്ദ്രൻ ഉദിച്ച് കിരണങ്ങൾ വിട്ടിരിക്കുമ്പോൾ നദിയിലിറങ്ങി അല്പം മുങ്ങാനും ഒക്കെ ഭാഗ്യം കിട്ടണം. അങ്ങനെ ഒക്കെ ആവുമ്പോ ഹൃദയം ഒന്ന് വിരിയും. പൂർണചന്ദ്രൻ ഉള്ളപ്പോ നദീതടങ്ങളിലും തീരങ്ങളിലും സാധിക്കുമെങ്കിൽ എവിടെയെങ്കിലും കുളക്കരയിലെങ്കിലും ഒക്കെ ഇരുന്ന് ഭഗവാനെ ധ്യാനിക്കണം. ഹൃദയത്തില് ഭഗവദ് ധ്യാനം ചെയ്യണം. അങ്ങനെ പൂർണിമ ഉദിച്ച് നില്കുമ്പോൾ ആ പൂർണചന്ദ്രന്റെ ബലത്തോടുകൂടെ ഹൃദയത്തില് കൃഷ്ണധ്യാനം ചെയ്യാമെങ്കിൽ കൃഷ്ണൻ ആ പൗർണമി ദിവസം ഹൃദയത്തില് വന്ന് നമുക്കും രാസോത്സവം ഉണ്ടാക്കും. രാസാനുഭവം ഉണ്ടാവും.
ശ്രീനൊച്ചൂർജി 

No comments:

Post a Comment