Saturday, September 29, 2018

രാസലീല 23* 
ജീവന് ഉപാധി ദോഷങ്ങളിൽ നിന്നുള്ള വിമുക്തിയെ കൊടുക്കും. പക്ഷേ സ്വരൂപ രതി ഉണ്ടാവണമെന്നില്ല്യ. സ്വരൂപത്തിനെ അറിയുന്ന പ്രത്യഭിജ്ഞ ബുദ്ധിയിൽ അതിന്റെ കാല്പാടുകൾ വിട്ടിട്ട് മറഞ്ഞുപോയാലും ജ്ഞാനികൾക്ക് ബുദ്ധിയിലും മറ്റുംകണ്ടതിന്റെ ഓർമ്മ ഉണ്ടാവും. ഉപാധികൾ പഴയപോലെ പ്രാരബ്ധം തീർക്കാനായിട്ട് ലോകത്തിൽ വ്യവഹരിക്കും. അങ്ങനെ ഉള്ള തത്വജ്ഞാനികൾ നമുക്ക് പലരേയും കാണാം. അങ്ങനെ അല്ലാതെ കണ്ടിട്ടുള്ള വസ്തുവിൽ രമിക്കുക. ആ രമണത്തിനാണ് ഭക്തി എന്നു പേര് മുക്തി കൊടുക്കപ്പെടുന്നതല്ല. മുക്തി കിട്ടിയിട്ടുള്ളതതാണ്. മുക്തി എന്ന്വാച്ചാൽ വൈകുണ്ഠത്തിലേക്കോ കൈലാസത്തിലേക്കോ പോകുന്നതല്ല. അത് മുക്തി ആകുകയും ഇല്ല്യ. ഭാഗവതത്തിൽ ഒരിടത്തും അതൊന്നും മിണ്ടീട്ടേയില്ല്യ. ത്യക്ത്വാ അന്യഥാ ഭാവം സ്വരൂപേണ അവസ്ഥിതി : എന്നാണ് ഭാഗവതം തന്നെ മുക്തിക്ക് ലക്ഷണം പറഞ്ഞിരിക്കണത്. താനല്ലാത്തതിനെ ഒക്കെ വിട്ട് താനായിരിക്കലാണ് മുക്തി. തനെന്തൊക്കെ അല്ലയോ ശരീരം താനല്ല മനസ്സ് താനല്ല ബുദ്ധി താനല്ല അഹങ്കാരം താനല്ല ഇങ്ങനെ താനല്ല എന്ന് തള്ളിക്കളഞ്ഞാൽ ബാക്കി നില്കുന്നതെന്തോ ആ അവബോധം. ആ അവബോധത്തിലാണ് ശരീരവും ഇന്ദ്രിയങ്ങളും ഒക്കെ വ്യവഹരിക്കുന്നതും പ്രപഞ്ചത്തിനെ അനുഭവിക്കുന്നതും എല്ലാ വ്യവഹാരാനുഭവങ്ങളും നമ്മള് ചെയ്യുന്നതും ആ അവബോധത്തിലാണ്. പക്ഷേ അറിയുന്നില്ല്യ അത്രേ ഉള്ളൂ. അവബോധമാണ് ഇവിടെ പറയണത്. അവബോധമാണ് കേൾക്കണതും. അവബോധം കേന്ദ്രത്തിൽ ഇരുന്നു കൊണ്ടാണ് ശ്രവണം ചെയ്യുന്നത്. പക്ഷേ ശ്രദ്ധിക്കുന്നില്ല്യ. പറയുന്ന ആൾക്ക് പറയുന്നതിൽ ശ്രദ്ധയും കേൾക്കുന്ന കേൾക്കുന്നതിൽ ശ്രദ്ധയും ഉള്ളിടത്തോളം കാലം പറയുന്നവൻ പറയുന്നവനെ ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവൻ കേൾക്കുന്നവനേയും ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവർ കേൾക്കുന്നവനെ ശ്രദ്ധിച്ചാൽ സമാധി ഉണ്ടാവും. പറയുന്നവൻ പറയുന്നവനെ ശ്രദ്ധിച്ചാലും സമാധി ഉണ്ടാവും. അതുകൊണ്ട് ജ്ഞാനത്തിന് സാധന അല്ല മുഖ്യം. ശ്രദ്ധ ആണ്. ശ്രദ്ധാവാൻ ലഭതേ ജ്ഞാനം എന്നാണ് ഭഗവാൻ (ഗീതയിൽ) . ശ്രദ്ധയെ ഉണർത്താനാണ് തപസ്സ്,. സാധന. തപസാ ശ്രദ്ധാ എന്നാണ്. തപസ്സു കൊണ്ട് ശ്രദ്ധ ഉണരുന്നു. തപസ്സു കൊണ്ട് ഉണരുന്ന ശ്രദ്ധ ക്രമേണ അവനവന്റെ സ്വരൂപത്തിനെ തന്നെ ശ്രദ്ധിക്കും. തന്നെ തന്നെ ശ്രദ്ധിക്കും. താൻ ആരാണ് എന്ന് ശ്രദ്ധിക്കും. എന്താന്ന് ജീവിതത്തിന്റെ കേന്ദ്രസ്ഥാനം എന്ന് ശ്രദ്ധിക്കും. എന്തിനുവേണ്ടി ഞാനിങ്ങനെ പണിയെടുക്കുണു എന്തിനുവേണ്ടി ഓടി നടക്കണു പലേ വസ്തുക്കളോടും എനിക്ക് പ്രിയമുണ്ടാവണുണ്ടല്ലോ. ഇതിനു പുറകിലുള്ള രഹസ്യം എന്താണ്. പ്രിയം കിട്ടുമ്പോൾ ഞാൻ സുഖിക്കുണുവല്ലോ. ഈ സുഖിക്കണ ആളാര്. സുഖം എവിടെ നിന്ന് വരണു. ജീവിതത്തിന് എന്താണർത്ഥം. ഒക്കെ തന്നിൽ തന്നെ ചിന്തിച്ചു തുടങ്ങും. തന്നിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്താനായി ശ്രമിക്കും. ഇതൊക്കെ ശ്രദ്ധയുടെ ഫലമാണ്. ഈ ശ്രദ്ധ ഉണരാനാണ് തപസ്സ്. സത്സംഗത്തിനൊക്കെ അത്ര മാത്രമേ പ്രയോജനമുള്ളൂ. ഒരു സത്സംഗത്തിനോ ഒരു ഗുരുവിനോ നമ്മളെ കൈ പിടിച്ചു ലക്ഷ്യത്തിലേക്ക് കൊണ്ട് പോവാൻ സാധ്യമല്ല. ഈ ശ്രദ്ധയെ ഉണർത്താനാണ് പുറമേ നിന്ന് ഗുരുവോ ഭഗവാനോ ശാസ്ത്രമോ ഒക്കെ പ്രവർത്തിക്കണത്. ശ്രദ്ധ ഉണർന്നു കഴിഞ്ഞാൽ ആ ജീവൻ തന്നിൽ തന്നെ വസ്തുവിനെ കാണും. തഥാ പശ്യതി വസ്തുസൂക്ഷ്മം ചക്ഷുർ യഥാ അജ്ഞനസംപ്രയുക്തം എന്ന് ഭാഗവതം തന്നെ പറയണുണ്ട്. എപ്പോ ഭഗവാന്റെ കൃപ ജീവനിൽ വീഴുന്നുവോ എപ്പോ ഗുരുകൃപ വീഴുന്നുവോ അപ്പോ അജ്ഞനസംപ്രയുക്തം യഥാ ചക്ഷു: കഥയൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. മണ്ണിന്റെ ഉള്ളിൽ നിധി കുഴിച്ചിട്ടിരിക്കുന്നു. കാണാൻ വയ്യ. പഴയ ചില കഥകളിലൊക്കെ ഉണ്ടാവും. ഒരു പ്രത്യേക മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ മണ്ണിന്റെ ഉള്ളിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കാണും. അതിനവര് ആ മഷിയെ കണ്ടു പിടിക്കാനായി പല മലകളും കയറി ഇറങ്ങും .അവസാനം ആ മഷി കിട്ടി. ആ മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ ഭൂമിയിലെവിടെയോ കിടക്കുന്ന നിധി കാണുംന്ന്. അതുപോലെ തഥാ പശ്യതി വസ്തുസൂക്ഷ്മം. സൂക്ഷ്മമായി തന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കാണുന്നു. മഷി എഴുതിയ കണ്ണ് ഒളിഞ്ഞിരിക്കുന്ന നിധി കാണുന്നപോലെ ശ്രദ്ധ ഉണർന്നിട്ടുള്ള ജീവന്റെ ബുദ്ധി തന്നിൽ തന്നെ ഒളിഞ്ഞിരിക്കുന്ന ബോധത്തിനെ ഭഗവാന്റെ യഥാർത്ഥ സ്വരൂപത്തിനെ നിത്യസത്യത്തിനെ തന്നിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങുന്നു. ശ്രദ്ധ അതിൽ വീണ് ഒരു ക്ഷണനേരമെങ്കിലും അതിനെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് തത്വജ്ഞാനം വന്നു പോകും. പക്ഷേ അതുകൊണ്ട് രതി ഉണ്ടാവില്ല്യ. ഭഗവാൻ തന്നെ പറയണു. യസ്തു ആത്മരതി രേവസ്യാത് ആത്മതൃപ്തശ്ചമാനവാ: ആത്മന്യേവ: സന്തുഷ്ട: തസ്യ കാര്യം ന വിദ്യതേ. അവിടെയേ രാസാനുഭവം പൂർണമാവുള്ളൂ. അവിടെ തന്നിൽ തന്നെ രതി തന്നിൽ തന്നെ രമണം തന്നിൽ തന്നെ ആനന്ദം. വേറെ ഒന്നിനേയും കാംക്ഷിക്കിണില്ല്യ. വേറെ ഒരു കാമനയും അവിടെ ഉണ്ടാവില്ല്യ. അങ്ങനെ ഒരു രതി ആത്മാവിൽ ഉണ്ടാവുന്നതാണ് യഥാർത്ഥത്തിൽ ഉള്ള രസം. അവിടെ രസം പൂർണമായി. ആ രസം അനുഭവിച്ച ജീവൻ പിന്നെ മറ്റുള്ള രസങ്ങളൊന്നും ആ ജീവന് രുചിക്കില്ല്യ. ബാക്കി ഉള്ളതൊക്കെ അവർക്ക് തുച്ഛമായിപ്പോവും .
ശ്രീനൊച്ചൂർജി 

No comments:

Post a Comment