Saturday, September 01, 2018

ഉപനിഷത്തിലൂടെ -249
Sunday 2 September 2018 2:48 am IST
ബൃഹദാരണ്യകോപനിഷത്ത്- 48
യാജ്ഞവല്‍ക്യേതി ഹോവാച, യദിദം 
സര്‍വം പൂര്‍വ പക്ഷാപരപക്ഷാഭ്യാമാപ്തം...
അശ്വലന്‍ യാജ്ഞവല്‍ക്യനോട് ചോദിച്ചു  ഈയുള്ളതെല്ലാം ശുക്ല കൃഷ്ണപക്ഷങ്ങളാല്‍ വ്യാപ്തവും വശീകരിക്കപ്പെട്ടതുമാണെങ്കില്‍ ഏത് ദര്‍ശനം കൊണ്ടാണ് യജമാനന്‍ ഈ പക്ഷങ്ങളുടെ പ്രാപ്തിയെ അതിക്രമിച്ച് മുക്തനാകുന്നത്?
ഉദ്ഗാതാവെന്ന ഋത്വിക്കും വായുവുമായ പ്രാണനെക്കൊണ്ട് അതിക്രമിക്കാമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. യജമാനന്റെ പ്രാണന്‍ തന്നെയാണ് അധിദൈവതമായ വായു. ആ വായു ഉദ്ഗാതാവാണ്. വായു രൂപത്തില്‍ കാണപ്പെടുന്ന ഉദ്ഗാതാവ് മുക്തിക്ക് സാധനമാണ്. ആ മുക്തി, അതിമുക്തിക്ക് സാധനമാണ്.
തിഥി മുതലായവയുടെ രൂപത്തിലുള്ള കാലത്തില്‍ നിന്നുള്ള അതിമുക്തിയെയാണ് ഇവിടെ പറയുന്നത്. വൃദ്ധിക്ഷയങ്ങളുള്ള പ്രതിപദം മുതലായ തിഥികളുടെ കര്‍ത്താവ് ചന്ദ്രനാണ്. ചന്ദ്രാത്മദര്‍ശനം കൊണ്ട് ചന്ദ്രനായിത്തീര്‍ന്ന് പൂര്‍വാപരപക്ഷങ്ങളില്‍ നിന്ന് മുക്തനായിത്തീരുന്നു.
പ്രാണനും വായുവും ചന്ദ്രനും ഒന്നായത് കൊണ്ട് അധിദൈവത രൂപവും അപരിച്ഛിന്നവുമായ വായുവായി ഉപസംഹരിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് കാരണം വായുവാണ്. പ്രാണനേയും ഉദ്ഗാതാവിനേയും അവയുടെ പരിമിതികളെ വിട്ട് കാരണ രൂപമായ വായുവായി ദര്‍ശിക്കുന്നത് മുക്തിക്കും അതി മുക്തിക്കും കാരണമാകും.
 യാജ്ഞവല്‍ക്യേതി ഹോവാച, യദിദമന്തരീക്ഷമനാലംബനമിവ...
അശ്വലന്‍ ചോദിച്ചു യാജ്ഞവല്‍ക്യ, ഈ അന്തരീക്ഷം ഒരു ആലംബനം ഇല്ലാത്തതുപോ
ലെ ഇരിക്കുന്നു. ഏതൊരു ആശ്രയം കൊണ്ടാണ് യജമാനന്‍ സ്വര്‍ഗലോകത്തെ പ്രാപിക്കുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു ബ്രഹ്മനെന്ന ഋത്വിക്കും മനസ്സുമായ ചന്ദ്രനെ കൊണ്ട് സ്വര്‍ഗലോകത്തെ പ്രാപിക്കും. യജമാനന്റെ മനസ്സ് തന്നെയാണ് ബ്രഹ്മനെന്ന ഋത്വിക്. മനസ്സ് എന്ന് പറയുന്നതു തന്നെയാണ് അധിദൈവതമായ ചന്ദ്രന്‍. ആ ചന്ദ്രന്‍ ബ്രഹ്മനെന്ന ഋത്വിക്കുമാണ്.
ചന്ദ്രരൂപനാകുന്ന ബ്രഹ്മന്‍ മുക്തിക്ക് സാധനമാണ്. മുക്തി അതിമുക്തിയിലെത്തിക്കും.
അന്തരീക്ഷത്തിന് ഒരു ആലംബനമുണ്ടെങ്കില്‍ അതെന്താണെന്ന് അറിയില്ല എന്ന് സൂചിപ്പിച്ചു. ആലംബനമില്ലെങ്കില്‍ എങ്ങനെ ഫലപ്രാപ്തിയുണ്ടാകും? അങ്ങനെയെങ്കില്‍ ഏത് ആലംബനം കൊണ്ടാണ് കര്‍മഫലത്തെ നേടുന്നത് എന്നതാണ് അശ്വലന്റെ ചോദ്യം.
യജ്ഞത്തിന്റെ മേല്‍നോട്ടം വഹിക്കുകയും എല്ലാ കര്‍മങ്ങളേയും വേണ്ട വിധം ചെയ്ത് രക്ഷിക്കുകയും ചെയ്യുന്ന ഋത്വിക്കിനെയാണ് ബ്രഹ്മന്‍ എന്ന് പറഞ്ഞത്. യജമാനന്റെ മനസ്സ് തന്നെ അധിയജ്ഞമായ ബ്രഹ്മ നായിത്തീരുന്നു. അധിദൈവതമായ ചന്ദ്രനാകുന്ന മനസ്സിന്റെ ആലംബനം കൊണ്ടാണ് കര്‍മഫലമായ സ്വര്‍ഗത്തെ അഥവാ മുക്തിയെ പ്രാപിക്കുന്നതെന്ന് യാജ്ഞവല്‍ക്യന്‍ വ്യക്തമാക്കി.
 അതിമോക്ഷത്തെപ്പറ്റിയുള്ള ദര്‍ശനങ്ങളാണ് ഇത് വരെ വിവരിച്ചത്.
ഇനി സമ്പത്തുകളെപ്പറ്റി പറയുന്നു. അഗ്നിഹോത്രം മുതലായവ ചെയ്യുമ്പോള്‍ അശ്വമേധം തുടങ്ങിയവയാണ് താന്‍ ചെയ്യുന്നത് എന്ന സങ്കല്‍പ്പത്തോടെ അനുഷ്ഠിക്കുന്നതാണ് ഇവിടെ സമ്പത്ത് എന്ന് പറഞ്ഞത്.
അവയെക്കുറിച്ച് തുടര്‍ന്നള്ള ചോദ്യോത്തരങ്ങളിലായി വിവരിക്കാം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment