Thursday, September 27, 2018

ഉപനിഷത്തിലൂടെ -271
Thursday 27 September 2018 2:52 am IST
ബൃഹദാരണ്യകോപനിഷത്ത്- 70
അഥ ഹോവാച, ബ്രാഹ്മണാ ഭഗവന്തോ യോ വഃ കാമയതേ...
പൂജ്യരായ ബ്രാഹ്മണരേ നിങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും ചോദിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നോട് ചോദിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും ചോദിക്കുക. ഞാന്‍ ആരോടെങ്കിലും ചോദിക്കണമെങ്കിലോ എല്ലാവരോടും ചോദിക്കണമെങ്കിലോ ആകാം. ബ്രാഹ്മണരില്‍ ആരും അതിന് ഉത്തരം പറയാന്‍ ധൈര്യപ്പെട്ടില്ല. അപ്പോള്‍ യാജ്ഞവല്‍ക്യന്‍ അവരോട് ചോദിക്കാന്‍ തുടങ്ങി.
യഥാ വൃക്ഷോ വനസ്പതി സ്തഥൈവ 
പുരുഷോളച്ച ഷാ...
ഒരു വന്‍മരം ഏതുപോലെയാണോ അതു പോലെയാണ് പുരുഷന്‍ എന്നത് സത്യമാണ്. രോമങ്ങള്‍ മരത്തിന്റെ ഇലകള്‍ പോലെയാണ്. പുറംതൊലി മരത്തൊലി പോലെയുമാണ്.
ത്വച ഏവാസ്യ രുധിരം പ്രസ്യന്ദി ത്വച ഉത്പടഃ ...
മനുഷ്യന്റെ തൊലിയില്‍ നിന്ന് രക്തം ഒഴുകുന്നു. വൃക്ഷത്തിന്റെ തൊലിയില്‍ നിന്ന് കറയും ഒഴുകുന്നു.  മുറിഞ്ഞ മരത്തില്‍ നിന്ന് കറ വരും പോലെയാണ് മുറിവേറ്റയാളില്‍ നിന്ന് ചോര വരുന്നത്.
മാംസാന്യസ്യ ശകരാണി...
പുരുഷന്റെ  മാംസങ്ങള്‍ മരത്തിന്റെ ശകലങ്ങളാണ്. മാംസപേശി മരത്തിന്റെ കാതലിനോട്  ചേര്‍ന്നിരിക്കുന്ന തൊലിപോലെയുള്ള വസ്തുവാണ്. അത് ഉറപ്പുളളതാണല്ലോ. എല്ലുകള്‍ ഉള്ളിലുള്ള കാതല്‍ പോലെയാണ് മജ്ജ മരത്തിനുള്ളിലെ മജ്ജ പോലെയാണ്.
യദ് വൃക്ഷോ വൃക്‌ണോ രോഹതി...
മരം മുറിച്ചാല്‍ അതിന്റെ വേരില്‍ നിന്ന് പുതിയതായി മുളച്ചു വരും. എന്നാല്‍ മൃത്യുവിനാല്‍ മുറിഞ്ഞ മനുഷ്യന്‍ ഏത് മൂലത്തില്‍ നിന്നാണ് വീണ്ടും ഉണ്ടാകുന്നത്? മനുഷ്യനും മരവും ഒട്ടുമിക്ക കാര്യങ്ങളിലും ഒരുപോലെയാണ്. എന്നാല്‍, മരണം വന്നാല്‍ പിന്നെ എങ്ങനെയാണ് വീണ്ടും ജനിക്കുന്നത് എന്നാണ് യാജ്ഞവല്‍ക്യന്റെ ചോദ്യം. മരം വെട്ടിയിട്ടാലും വേരില്‍ നിന്ന് കിളിര്‍ത്തു വരും. മനുഷ്യന്റെ കാര്യത്തില്‍ ഇത് കാണുന്നില്ല. 'ധ്രുവം ജന്മ മൃതസ്യ ച' എന്ന സ്മൃതിയനുസരിച്ച് വീണ്ടും ജനിക്കേണ്ടതാണ്.
രേതസ ഇതി മാ വോചത...
രേതസ്സില്‍ നിന്നാണ് എന്ന് പറയരുത്. കാരണം ജീവിച്ചിരിക്കുന്നവരില്‍ നിന്നാണ് രേതസ്സ് ഉണ്ടാകുന്നത്. മരം നശിച്ചതിനു ശേഷം വിത്തില്‍ നിന്ന് മുളയ്ക്കുന്നതായും കാണുന്നു. അതിനാല്‍ മരണശേഷം ജനിക്കുക എന്നത് പ്രത്യക്ഷമാണ്. 
യത് സമൂലമാവൃഹേയുര്‍വൃക്ഷം ന പുനരാഭവേത്...
വൃക്ഷത്തെ അതിന്റെ വേരോടും വിത്തിനോടും കൂടി നശിപ്പിച്ചാല്‍ പിന്നെ ഉണ്ടാകുകയില്ല. മൃത്യുവിനാല്‍ മുറിഞ്ഞ മനുഷ്യന്‍ ഏത് വേരില്‍ നിന്നാണ് മുളയ്ക്കുക? അല്ലെങ്കില്‍ ജനിക്കുന്നത്?
ജാത ഏവ ന ജായതേ കോ ന്വേനം ജനയേത് പുനഃ...
ഇവന്‍ ജനിച്ചു കഴിഞ്ഞവന്‍ തന്നെയാണല്ലോ എന്ന് പറയുകയാണെങ്കില്‍ അങ്ങനെയല്ല. അവന്‍ വീണ്ടും ജനിക്കുന്നുണ്ട്. ആരാണ് അവനെ വീണ്ടും ജനിപ്പിക്കുന്നത്?
വിജ്ഞാനമാനന്ദം ബ്രഹ്മരാതിര്‍ദാതുഃപരായണം. തിഷ്ഠമാനസ്യ തദ്വിദ ഇതി
വിജ്ഞാനവും ആനന്ദവുമായ ബ്രഹ്മമാണ് ധനം ദാനം ചെയ്യുന്നവനും അതില്‍ സ്ഥിതി ചെയ്യുന്ന അതിനെ അറിയുന്നവനും പരമമായ ഗതി. മരിച്ചയാള്‍ വീണ്ടും ജനിച്ചില്ല എങ്കില്‍ ചെയ്തതിന്റെ ഫലം അനുഭവിക്കാതെയാകും. ചെയ്യാത്തതിന്റെ ഫലം കിട്ടിയതുപോലെയും. അതി
നാല്‍ മരിച്ചയാള്‍ വീണ്ടും ജനിക്കുമെന്ന് തീര്‍ച്ചയാണ്. അങ്ങനെ മരിച്ചയാളെ വീണ്ടും ജനിപ്പിക്കുന്നതെന്താണ് എന്ന യാജ്ഞവല്‍ക്യന്റെ ചോദ്യത്തിന് ബ്രാഹ്മണര്‍ക്ക് ഉത്തരം നല്‍കാനായില്ല. യാജ്ഞവല്‍ക്യന്‍ വിജയിച്ചു. ബ്രഹ്മിഷ്ഠനാണെന്ന് തെളിയിച്ചതോടെ അദ്ദേഹം പശുക്കളെ സ്വന്തമാക്കി. ഇതോടെ അവര്‍ തമ്മിലെ സംവാദവും തീര്‍ന്നു. യാജ്ഞവല്‍ക്യന്റെ ചോദ്യത്തിനുള്ള ഉത്തരം ശ്രുതി തന്നെ പറയുന്നതാണ് അവസാനത്തെ മന്ത്രഭാഗം. വിജ്ഞാനവും ആനന്ദവുമായ ബ്രഹ്മം തന്നെയാണ് ധനം ദാനം ചെയ്യുന്നതുള്‍പ്പടെയുള്ള കര്‍മങ്ങളില്‍ മുഴുകിയ യജമാനന് പരമമായ ഗതിയായിട്ടുള്ളത്. കര്‍മഫലത്തിനനുസരിച്ച് അയാളെ വീണ്ടും ജനിപ്പിക്കും. ഏഷണകളെ മറികടന്ന ബ്രഹ്മജ്ഞാനിക്കും അത് തന്നെയാണ് പരമഗതി. തിരിച്ചുവരവില്ലാത്ത ആ പരമപദം തന്നെയാണ് ജഗത്തിന് മൂലമായിരിക്കുന്നത്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment